ഡോവർ കടൽക്കര

ഡോവർ ബീച്ച് /മാത്യു അർണോൾഡ്
ഈ രാത്രി സമുദ്രം ശാന്തമാണ്‌
വീചികൾ സമൃദ്ധം, ചന്ദ്രോജ്ജ്വലം
അവിടെ, ആ തുരുത്തുകളിൽ, ഫ്രഞ്ച്‌ തീരങ്ങളിൽ
മിന്നിമറയുന്ന  തിങ്കൾ
ഇവിടെ,  ഈ പ്രശാന്തതീരത്തിനപ്പുറം
നിലാപ്രഭയിൽ മുങ്ങി,
ഇംഗ്ലണ്ടിന്റെ വിശാലമായ മലഞ്ചെരിവുകൾ.
സഖീ, ജാലകത്തിന്നരികിലേക്കു വരിക നീ
രാത്രിതൻ പൂങ്കാറ്റോ ഇന്നതി മധുരതരം
ശുഭ്രഗാത്രർ തിരയും തീരവും
പരസ്പരാലിംഗന പുളകിതർ
ഒരു നിമിഷം! ആത്മാവിനെ ഞെരുക്കുന്ന
ആ കടലിരമ്പങ്ങൾ – നീ കേൾക്കുന്നുവോ?
വെമ്പുന്ന വെള്ളാരങ്കല്ലുകൾ –
ഓളങ്ങളിലൂടെ ആഴിയിലേക്കും തീരത്തിലേക്കു
മിന്നവ.
തുടർന്നും, നിലച്ചും, വീണ്ടും തുടർന്നും
മെല്ലെ ഒഴുകുന്ന, പതറുന്ന താളം
മനസ്സിൽ, അനന്തത്തയുടെ വിഷാദനാദം.
സോഫോക്ലീസ്‌, നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌
എയ്ഗൻ തീരത്തുനിന്നും കേട്ട അതേ നാദം,
മനുഷ്യദൈന്യത-കാലുഷ്യങ്ങൾ, ഏറ്റിറക്കങ്ങൾ
അദ്ദേഹമറിഞ്ഞ ആ നിതാന്ത ദു:ഖഗാനം
ഇന്ന്‌, ഈ അതിവിദൂരമായ വടക്കൻ കടൽതീരം
ഇവിടെ നമുക്കത്‌ സ്മരണതൻ ശ്രുതിയിലൂടെ ശ്രവിക്കാം.
വിശ്വാസത്തിന്റെ, നിഷ്ഠയുടെ സാഗരം-
ഒരിക്കൽ അത്‌ പൂരിതമായിരുന്നു;
ഭുമിയുടെ തീരങ്ങളെ അരപ്പട്ടയണിയിച്ചിരുന്നു.
പക്ഷെ, വ്യഥിതവും ദീർഘവുമായ
ആ പിൻവിളികൾ മാത്രം ഇന്നെന്റെ കാതുകളിൽ
ദു:ഖമൂകമായ തീരം.
രാക്കാറ്റിന്റെ നിശ്വസത്തിലലിഞ്ഞ്‌
നേർത്ത ചരൽക്കല്ലുകളായ്‌ അവ
പലായനം ചെയ്യുന്നു.
പ്രിയേ, വരു, നമുക്ക്‌ പരസ്പരം
ആത്മാർത്ഥതയുള്ളവരാകാം
ഈ ലോകം  നമുക്കുമുന്നിൽ
സ്വപ്ന ഭുമിയെന്ന പോൽ  വിശാലം
അതിനവീനം , വിഭിന്നം, മനോഹരം
മോഹനജനകമായ മിഥ്യാലോകം.
ഇവിടെ,വർഷവും പ്രണയവും ദ്യുതിയുമില്ല.
ദൃഡതയും, ശാന്തിയും, ദുരിതശമനവുമില്ല.
മൂഢയോദ്ധാക്കൾ പരസ്പരം ഏറ്റുമുട്ടുന്ന,
ഇരുട്ടുപടരുന്ന ഒരു സമതലം
സംഘർഷങ്ങൾക്കും, പലായനങ്ങൾക്കും
ആർത്തനാദങ്ങൾക്കും മധ്യേ
ചകിതരായി നാം ഇവിടെ
മാത്യു അർണോൾഡ്

You can share this post!