ഡസ്റ്റ്ബിൻ

മൂന്നുവർഷത്തെ ‘ലിവിങ്ങ് റ്റുഗെദർ’ റിലേഷൻ പ്രശ്നരഹിതമായി ബ്രേക്കപ്പ് ചെയ്തതിന്റെ സന്തോഷം,നഗരത്തിലെ മുന്തിയ ഹോട്ടലിൽ,അത്താഴവിരുന്നൊരുക്കി സുഹൃത്തുക്കൾക്ക് വീതിച്ചുനല്കുന്നതിനിടയിലാണ്‌, പെട്ടെന്നോർത്തിട്ടെന്നപൊലെ ഉപേന്ദ്രൻ ശിഖയോട് ചോദിച്ചത്:“നമ്മുടെ മകളെ എന്തുചെയ്യും?!തിരക്കിൽ അവളെ നോക്കാൻ എനിക്കാവില്ല..”
മൾട്ടിനാഷണൽ കമ്പനിയുടെ ഇന്റർനാഷണൽ എക്സിക്യുട്ടീവ് ആയി,ആകാശപാതകളിൽ ജീവിതംകൊളുത്തിയിട്ട അയാൾ തന്റെ നിസ്സഹായത പ്രകടിപ്പിച്ചു.“എനിക്കൊട്ടും പറ്റില്ല..ഞാനെന്റെ കരിയർ തുടങ്ങിയതെയുള്ളു..ഒരുപാട് നേടാനുണ്ട്..മകൾ നമ്മുടെ എഗ്രിമെന്റിലില്ലാത്തതുമാണ്‌..!
എന്നത്തേയും പോലെ ശിഖ തന്റെ അവകാശസ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഹൈലൈറ്റുചെയ്ത്, അയാളുടെ വായടപ്പിച്ചു..
സെലിബ്രേഷൻ കഴിഞ്ഞ് സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങുംവഴി,ചർച്ച് റോഡിനുസമീപത്തുള്ള അമ്മത്തൊട്ടിലിൽ,തങ്ങളുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കിടത്തി,മഴത്തണുപ്പിൽ വിറങ്ങലിച്ചുകിടന്ന രാത്രിയുടെ ഇരുൾശീലകൾ വകഞ്ഞുമാറ്റി,തിരിഞ്ഞുനടക്കുമ്പോൾ,
ബാധ്യതകളവശേഷിപ്പിക്കാതിരുന്ന മിടുക്ക് ഒരു അഹങ്കാരമായി അവരുടെ ഓരോ രോമത്തുമ്പിലും ത്രസിച്ചുനിന്നിരുന്നു…
*************************************************

You can share this post!