ജീവിതഗാനം

 

കവിതയെനിക്കന്നം തന്നു
കവിതയെനിക്കുന്നം തന്നു
കവിതയെനിക്കെന്നെന്നേക്കും
ജീവന്റെ വെളിച്ചം തന്നു

ഏകാന്തത്ത ചത്തൊരു കുതിര-
പ്പുറമേറി മയങ്ങിയ കാലം
നെറികെട്ട കിനാവുകളെല്ലാം
ഗതികെട്ട്‌ നടന്നൊരു കാലം
കവിതേ, നീ വന്നു വിളിച്ചു
കനലിന്റെ വിത്തു വിതച്ചു

വാക്കായ വാക്കുകളെല്ലാം
വീറോടെ ഉഴുതുമറിക്കാൻ
ഹിമമുടികളിലെല്ലാം കയറി
അരുണാഭകൾ കണ്ടുരസിക്കാൻ
ആകാശം, അലയാഴികളും
ഹൃദയത്തോടൊത്തു വിളക്കാൻ
നീയെന്നെ ഏറ്റി നടന്നു
മരണത്തിൽ നിന്നുമകറ്റാൻ

മധുരാർദ്ര വസന്തത്തടങ്ങൾ
അഴകോടെ കണ്ട കിനാക്കൾ
ഋതുമേഘവിലാസരഥങ്ങൾ
കുളിരോടെ പെയ്ത ധനങ്ങൾ
കവിതേ, നീ ചായം ചേർത്തെൻ
തൂലികയിൽ അക്ഷരമാക്കി
നശ്വരമാം ജീവിതഗാനം
എന്നേക്കുമനശ്വരമാക്കി

You can share this post!