
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വരാന്തയില്‍ ഭൂപടാകൃതിയില്‍ സിമിന്റും കുമ്മായവും അടര്‍ന്ന ഭിത്തിയില്‍ ചാരി മുത്തപ്പായി ഇരിപ്പുതുടങ്ങിയശേഷം ക്ലോക്കിന്റെ കുള്ളന്‍ സൂചി ഒരാവര്‍ത്തി കറങ്ങിവന്നു. റോഡിന് എതിര്‍വശത്ത് മീന്‍ കച്ചവടം നടത്തുന്ന കുഞ്ഞിക്കേളുവിന്റെ തട്ടിന്മേല്‍ തൂക്കിയിട്ട മത്സ്യത്തിലാണ് ഇപ്പോള്‍ അയാളുടെ കണ്ണ്. വലിയ ചികളയിലൂടെ കോര്‍ത്ത മുപ്പിരിയന്‍ കയറില്‍ തൂങ്ങിക്കിടന്ന് പ്രാണന്‍ വെടിയാനുള്ള പിടച്ചിലിലാണത്. പിടഞ്ഞൊടുങ്ങും മുമ്പ് ആവശ്യക്കാരാരെങ്കിലും വന്നാല്‍ നല്ല വില കിട്ടും. ചത്താല്‍ പിന്നെ ശവം. ജീവനില്ലാത്തതിന് വില കുറയും.
അണ്ടതപ്പലാണ് മുത്തപ്പായിയുടെ തൊഴില്‍. അണ്ടതപ്പലെന്ന തൊഴിലില്‍ മുത്തപ്പായി ചെന്നുപെട്ടത് നാലാം ക്ലാസിലെ ഓണപ്പരീക്ഷക്കാലത്താണ്. നാലക്ഷരം പഠിക്കുന്നതിനേക്കാള്‍ പള്ളിവക എല്‍.പി.സ്‌കൂളിലെ ഉപ്പുമാവായിരുന്നു പ്രലോഭനം. പാടബണ്ടിലൂടെയും കൃഷിയുള്ളപ്പോള്‍ പാടവരമ്പിലൂടെയുമാണ് പഠിപ്പുകേന്ദ്രത്തിലേക്ക് മുത്തപ്പായിയുടെ ഒറ്റയാന്‍ യാത്ര.
അമ്പതിന്റെ കുതിരശക്തിയുള്ള മോട്ടോര്‍ തറയാണ് പാടത്തിന്റെ പടിഞ്ഞാറെ ബണ്ടിലേത്. മറ്റ് മോട്ടോര്‍ തറകളില്‍ ഇരുപതിന്റെയും മുപ്പതിന്റെയും മോട്ടോറാണ്. അമ്പതിന്റെ പറയും പെട്ടിയും നാലിരട്ടി ശക്തിയില്‍ വെള്ളം പുറത്തേയ്ക്ക് തള്ളും.
പമ്പിംഗ് തുടങ്ങി ഒരാഴ്ചകൊണ്ട് വെള്ളംവറ്റി വരമ്പ് തെളിഞ്ഞു. വീതിയും ആഴവും കൂടിയ മോട്ടോര്‍ചാല്‍ പാതിവറ്റിയെങ്കിലും കലക്കവെള്ളമായതിനാല്‍ അടിത്തട്ട് കാണാന്‍മേല. കുട്ടനാടിനെ ആഴ്ചകള്‍ മുക്കിയിട്ട വെള്ളപ്പൊക്കം കഴിഞ്ഞതേയുള്ളു. വെള്ളമിറങ്ങിയ ഉടനെ പാടം വറ്റിക്കല്‍ തുടങ്ങിയതിനാല്‍ ഇത്തവണ മീനിന്റെ പേട്ടയാണെന്നും മടവല പിടിച്ചവര്‍ക്ക് കോളാണെന്നും മുടി വെട്ടാന്‍ വന്നപ്പോള്‍ അമ്പട്ടന്‍ കിട്ടന്‍ മൂപ്പര് പറേന്നകേട്ടു. പള്ളത്തിയും പരലും ചെമ്പല്ലിയും മൊരശുമൊക്കെ ആവശ്യക്കാര്‍ക്ക് വാരികൊടുക്കുവാത്രേ.
ചാലിലെ ഒഴുക്കില്‍ കാരിയും വരാലും കരിമീനും കുറുവയും വാലിട്ടടിച്ച് ജലനിരപ്പിലെത്തി ആകാശം നോക്കി അര്‍മാദിക്കുന്നു. മോട്ടോറുമായി പറയ്ക്കുള്ളില്‍ ബന്ധിപ്പിച്ചിരിക്കുന്ന പങ്ക അതിവേഗത്തില്‍ കറങ്ങി വെള്ളത്തോടൊപ്പം മീനെയും വലിച്ചെടുത്ത് പെട്ടിയിലൂടെ തോട്ടിലേക്ക് തള്ളും. പെട്ടിയോട് ചേര്‍ത്ത് തോട്ടിലേക്ക് തള്ളി കെട്ടിയിരിക്കുന്ന മടമുഖത്തെ വലയില്‍ മീനെല്ലാം ചെന്ന് വീഴും.
കറിയാമാപ്ലേടെ വേലിയില്‍നിന്നൊടിച്ച കൊന്നപ്പത്തല്‍കൊണ്ട് വരമ്പരുകിലിരുന്ന പച്ച നിറമുള്ള വലിയ മാക്കാച്ചിയെ ഉന്നം നോക്കി മുത്തപ്പായി ഒന്നു ചാര്‍ത്തി. പാതിജീവനുംകൊണ്ട് അത് കലക്ക വെള്ളത്തിലേക്കത് കവച്ചു. പരുക്കേറ്റ മാക്കാച്ചി മുങ്ങാംകുഴിയിടുന്നത് നോക്കി രസിക്കുമ്പോഴാണ് ഒഴുക്കില്‍നിന്നൊഴിഞ്ഞ് വരമ്പിന്റെ ഓരത്തോടുചേര്‍ന്ന് ഒരു തള്ളവരാലിനെയും വാര്‍പ്പുകളെയും കണ്ടത്. സംരക്ഷകനായി തന്തവരാലുമുണ്ട്.
പുസ്തകക്കെട്ട് വരമ്പില്‍വച്ച് മുത്തപ്പായി ചാലിലേക്ക് ചാടി. പ്രകോപിപ്പിച്ചപ്പോള്‍ വെള്ളം അതിന്റെ സ്വാഭാവിക ശാന്തത വെടിഞ്ഞ് ആക്രോശിച്ചു. വരാല്‍ കുടുംബം പേടിച്ച് ഓടിയൊളിച്ചു. കുടുംബം ഒന്നിച്ചായതിനാല്‍ ദൂരേയ്‌ക്കൊന്നും പോവില്ലെന്ന് അവനറിയാം. ഒന്നു തീരുമാനിച്ചാല്‍ പിന്നോട്ടുമാറുന്ന പ്രകൃതമല്ല അവന്റേതെന്ന് അമ്പട്ടന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. നീറാണത്രേ, നീറ്. മുടിവെട്ടുമ്പോള്‍ ശകാരിച്ചതിന് പാതിവെട്ടുംമുമ്പ് കാല്‍മുട്ടുകള്‍ക്കിടയില്‍ ഉറപ്പിച്ച തല വലിച്ച് ഓടിയവനാ.
ബുദ്ധിയുള്ള വരാല് വരമ്പരുകിലേ നില്‍ക്കൂവെന്ന് പഴമക്കാര്. ഇപ്പോളത് കൂടുതല്‍ സുരക്ഷയ്ക്കാ യി അളയിലൊളിച്ചു. അളയില്‍ പുളകന്‍ വളഞ്ഞു കിടക്കും. പുളകന്‍ കടിച്ചാല്‍ ചാകത്തില്ല. പക്ഷേ, വിഷവൈദ്യന്‍ കേശവക്കണിയാര് അത്താഴം മുടക്കിക്കും. കടിയേറ്റയിടം കരിയാതെ പുണ്ണായി ജീവിതകാലം കൂടെ പാര്‍ക്കുമെന്നാ പറച്ചില്.
മടവല ലേലത്തിന് പിടിച്ചിരിക്കുന്ന പാടത്തോ ചാലിലോ മീന്‍ പിടിച്ചാല്‍ കളി മാറും. കണ്ടാല്‍ തല്ല് ഉറപ്പാ. എന്നാലും മുത്തപ്പായിക്ക് അപ്പോള്‍ അതൊന്നും ഒരു തടസ്സമായില്ല. അമ്പട്ടന്‍ പറഞ്ഞപ്പോഴേ ഇങ്ങനെയൊരു ദിവസം അവന്‍ മനസ്സില്‍ കുറിച്ചിട്ടതാ.
അണ്ടയില്‍ കൈയിട്ട് വരാലിനെ പിടിക്കുമ്പോള്‍ അവന്‍ അടിമുടി കുലുങ്ങി. കായല്‍ മീനുകളില്‍ വരാലിനും ചേറുമീനുമാണ് ശക്തി കൂടുതല്‍. അളയ്ക്കുള്ളില്‍ ചിലപ്പോള്‍ ഒന്നിലേറെ വരാലുകള്‍ കാണും. ഒന്നിനെ മാത്രമേ പിടിക്കാനൊക്കു. ബാക്കിയുള്ളതെല്ലാം പ്രകമ്പനമുണ്ടാക്കി തോക്കിലെ തിരപോലെ പായും. ആദ്യം കൈയില്‍ കിട്ടിയത് മുഴുത്തൊരെണ്ണമായിരുന്നു. ഒരുവിധം കൈപ്പിടിയിലാക്കി പുറത്തെടുത്ത് നീണ്ടുകൂര്‍ത്ത തല പുറകോട്ട് ഒടിച്ചതോടെ പാതിജീവന്‍പോയ വരാല്‍ സുല്ലിട്ടു. ആദ്യ അങ്കം ജയിച്ചതോടെ മുത്തപ്പായി അന്നത്തെ സ്‌കൂളില്‍ പോക്കിന് നാലുമണിയടിച്ചു.
സ്‌കൂളില്‍ ഉപ്പുമാവ് വിളമ്പുന്ന സമയമായപ്പോള്‍ കിട്ടിയ വരാലുകളുടെ എണ്ണം അമ്പതിലേറെയായി. അതും വെളഞ്ഞുമുറ്റിയത്. പിഞ്ചിക്കീറിത്തുടങ്ങിയ കളസമൂരി വരാലിനെ പൊതിഞ്ഞു കെട്ടി. നല്ല ഭാരമുണ്ടായിരുന്നു. മടവലക്കാരന്റെ കണ്ണുവെട്ടിച്ച് ചുമടുമായി മുത്തപ്പായി വീട്ടിലെത്തി.ഏതാനും വീടുകള്‍ കയറിയിറങ്ങിയപ്പോള്‍ വരാല്‍ നോട്ടിലേക്ക് രൂപംമാറി.
അതായിരുന്നു തുടക്കം. ചാലിറമ്പില്‍ ഉപേക്ഷിച്ച പുസ്തകക്കെട്ട് പിന്നീടവന്‍ അന്വേഷിച്ചില്ല. പുസ്തകക്കെട്ടിന്റെ ഉടമ ചാലില്‍ മുങ്ങിച്ചത്തെന്നു കരുതി ആരൊക്കോയോ ചാലരിച്ചു പെറുക്കിയെന്ന് കേട്ടു.
ഭര്‍ത്താവ് ഉപേക്ഷിച്ച രോഗിയായ അമ്മയ്ക്കും ഇളയത്തുങ്ങള്‍ക്കും അതനുഗ്രഹമായി. വല്ലപ്പോഴും പുകഞ്ഞിരുന്ന അടുപ്പ് എന്നും എരിഞ്ഞുതുടങ്ങി. വെള്ളം വറ്റിക്കുന്ന പാടങ്ങള്‍ തേടി രാവിലെ തിരിക്കുന്ന അവന്‍ അന്തിക്കുള്ള വകയുമായി തിരിച്ചെത്തും.
അണ്ടതപ്പല്‍ തൊഴിലാക്കിയവര്‍ പലരുണ്ടെങ്കിലും മുത്തപ്പായിയെപ്പോലെ വിദഗ്ധനായ ഒരാളില്ലെന്നാണ് ഊരുക്കരിക്കാര് പറയുന്നത്. അണ്ടതപ്പല്‍ തന്റെ ജീവിതമാര്‍ഗമാണെന്ന് മീശ മളയ്ക്കും മുമ്പ് അവന്‍ ഉറപ്പിച്ചു.
ചങ്ങനാശ്ശേരി മീന്‍ മാര്‍ക്കറ്റില്‍വച്ചാണ് താച്ചിക്കുട്ടിയെ കാണുന്നത്. ഉടക്കുവലക്കാരനായിരുന്നു അവളുടെ അപ്പന്‍. മൂന്നാറ്റുംമുഖത്തെ ആറ്റില്‍ ഉടക്കുവലയിട്ട് പെരുമീന്‍ ഉദിച്ചപ്പോള്‍ വീട്ടിലേക്ക് തിരിച്ച് അധികം പോകുംമുമ്പ് വള്ളം മുങ്ങി. രാവിലെ പള്ളാത്തുരുത്തി പാലത്തിന്റെ കാലില്‍ ശവം ഉടക്കി കിടന്നു. നീര്‍മറുത അടിച്ചതാണെന്നാണ് പറച്ചില്‍. തീയുടെയും മഞ്ഞിന്റെയും നിറമുള്ള സ്ഥിരമായ രൂപമില്ലാത്ത നീര്‍മറുതയെ കണ്ട് പേടിച്ച് പനിച്ച് കിടപ്പിലായിപ്പോയ പഴയ കാലത്തെ ഉടക്കുവലക്കാരായ ചങ്കരച്ചോകനും കിട്ടുണ്ണിമൂപ്പിലും ഇന്നും മൂന്നാറ്റുംമുഖത്ത് ചുക്കിച്ചുളിഞ്ഞ് ചൊമച്ചുകൊരച്ച് ജീവിച്ചിരുപ്പുണ്ട്. അക്കാലത്ത് പാതിരാവ് കഴിഞ്ഞാല്‍ മറുതയെ പേടിച്ച് ആരും ആ വഴി വള്ളം വെക്കില്ലായിരുന്നു.
അപ്പനെ സെമിത്തേരിയില്‍ അടക്കി തിരിച്ചെത്തിയ താച്ചിക്കുട്ടി സകലരെയും അത്ഭുതപ്പെടുത്തി ഉടക്കുവല കൈയിലെടുത്തു. അമ്മ പാടത്ത് കൂലിപ്പണിക്ക് പോകുന്നുണ്ടെങ്കിലും ഇളേത്തുങ്ങളെ പോറ്റാന്‍ അതുപോരെന്നാണ് അവടെ പറച്ചില്‍. പ്രായമായ പെണ്‍കുട്ടികള്‍ക്ക് പറ്റിയ പണിയല്ല അതെന്ന് എത്ര പറഞ്ഞിട്ടും അവളുണ്ടോ കേള്‍ക്കുന്നു. ചില പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെക്കാള്‍ കരുത്തും എല്ലുറപ്പുമുണ്ടെന്നായി അവള്‍. അപ്പന്റെ ഏഴ് കഴിയട്ടെയെന്ന് പറഞ്ഞിട്ടും കേട്ടില്ല. എട്ടാം നാള്‍ ഉടക്കുവലയിലേക്ക് തലനീട്ടാന്‍ മീനുകളൊന്നും കാത്തുനില്‍ക്കില്ലത്രേ. ‘അഹങ്കാരി, അനുഭവക്കട്ടെ’യെന്നാണ് ഒരു കാരണവര്‍ പറഞ്ഞത്.
കൂടുതല്‍ മീനുള്ളപ്പോഴാണ് താച്ചിക്കുട്ടി ചങ്ങനാശ്ശേരി മീന്‍മാര്‍ക്കറ്റില്‍ ചെല്ലുന്നത്. വില പേശി വില്‍ക്കും. താച്ചിയെ കബളിപ്പിക്കാന്‍ മത്സ്യമുതലാളി ശ്രമിച്ചാല്‍ മുത്തപ്പായി ഇടപെടും. അത് വിവാഹത്തിലേക്കുള്ള ഒറ്റയടിപ്പാതയായിരുന്നു.
കല്യാണം കഴിഞ്ഞ് കലണ്ടര്‍ പലതും മാറി ഭിത്തിയെ അലങ്കരിച്ചു. താച്ചിക്കുട്ടിയില്‍ വിശേഷമൊന്നും കണ്ടില്ല. നിരാശ ഇരുവരെയും കടന്നാക്രമിച്ചപ്പോള്‍ പള്ളികളും ധ്യാനകേന്ദ്രങ്ങളും കയറിയിറങ്ങി. നേര്‍ച്ച കാഴ്ചകള്‍ ചെയ്തു. ഒന്നും സംഭവിച്ചില്ല.
താച്ചിക്കുട്ടിക്ക് മച്ചിയെന്ന വിളിപ്പേരുണ്ടായി.
മുത്തപ്പായില്‍ ആവേശമെല്ലാം കെട്ടടങ്ങി. അണ്ടതപ്പല്‍ പേരിന് മാത്രമായി. നിരാശയെന്ന ദുര്‍ ഭൂതം അവര്‍ക്കിടയില്‍ മതില്‍ തീര്‍ത്തു.
ഒരുനാള്‍ അത്ഭുതം താച്ചിയില്‍ ഓക്കാനരൂപത്തില്‍ കയറിവന്നു. ഒന്നല്ല, അനേക തവണ. അതോടെ ഗര്‍ഭിണിയാണെന്ന കാര്യം അവരങ്ങ് ഉറപ്പിച്ചു. ആവേശംകേറി ജനിക്കാന്‍ പോകുന്ന കുഞ്ഞിന് അവര്‍ പേരുമിട്ടു. പൊന്നായി.
ഇലകള്‍ പൊഴിഞ്ഞ മരം വീണ്ടും തളിര്‍ത്തു. പുതിയ വസന്തത്തിലേക്ക് അത് പച്ചപ്പിന്റെ കുട നിവര്‍ത്തി.
ഗര്‍ഭിണിയായതു മുതല്‍ വലിയ മാറ്റങ്ങള്‍ താച്ചിയില്‍ സംഭവിച്ചു. ദൈവവിശ്വാസം പേരിനുമാത്രമുണ്ടായിരുന്ന അവള്‍ വലിയ വിശ്വാസിയായി മാറിയെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.
ഇടവക പള്ളിയില്‍ പുതിയതായി വന്ന ഫാദര്‍ ചെറിയാന്‍ കടുങ്ങാമറ്റമാണ് അതിന് കാരണക്കാരന്‍. ചെകുത്താന്‍ പിടുത്തം, ബാധയൊഴിപ്പിക്കല്‍, മച്ചികളെ പ്രസവിപ്പിക്കല്‍, ശത്രുസംഹാരം തുടങ്ങിയ അസാധ്യകാര്യങ്ങള്‍ വെഞ്ചരിച്ച കടുക്, ഉപ്പ്, എണ്ണ, കാശുരൂപങ്ങള്‍ വഴി സാധിച്ചെടുക്കു ന്ന ആളാണ് പുതിയതായി വരുന്നതെന്ന് കേട്ടപ്പോഴേ താച്ചി തീരുമാനിച്ചതാ പോയി കാണണമെന്ന്.
പൊന്നായി വയറ്റിലുള്ളതിന്റെ തെളിവായി താച്ചി ആദ്യമായി ഛര്‍ദ്ദിച്ചതിന്റെ തൊട്ടടുത്ത ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം പുതിയ വികാരിയെ പരിചയപ്പെടാനും ‘പ്രശ്‌നങ്ങള്‍’ക്ക് പരിഹാരം കാണാനും നീണ്ട ക്യൂരൂപംകൊണ്ടു. പള്ളിക്ക് കൈയയച്ച് സംഭാവന ചെയ്യുന്ന സമ്പന്നര്‍ക്ക് ക്യൂ വേണ്ട. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അത്ര ധൈര്യം പോരാ. പൊടിപൊടിച്ച് പെരുന്നാളുകള്‍ നടത്തുന്നതു കൂടാതെ ലക്ഷങ്ങള്‍ മുടക്കുള്ള കൊടിമരം, മണിമാളിക, കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്ക് പണം വാരിക്കോരി ചെലവാക്കുന്നവര്‍ക്ക് വെണ്ടയ്ക്കാ വലുപ്പത്തില്‍ അതിന്മേലെല്ലാം പേരെഴുതി വച്ചാല്‍മാത്രം മതിയോ?
ഗര്‍ഭത്തിന്റെ അസ്‌കിതകളുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ താച്ചി ക്യൂവില്‍നിന്നു. മനം പുരട്ടി കയറിയപ്പോള്‍ പള്ളിയുടെ തെക്കുവശത്തുള്ള വാഴത്തോപ്പിലേക്ക് ഓടി. താച്ചി വായ്‌പൊത്തി ഓടുമ്പോഴും ഓക്കാനിക്കുമ്പോഴും വര്‍ഗശത്രുക്കള്‍ കുശുകുശുത്തു, അടക്കിച്ചിരിച്ചു.
താച്ചിയുടെ തലയില്‍ കൈവച്ച് പ്രാര്‍ഥിച്ച അച്ചന്‍ ചോദിച്ചു-
”ഗര്‍ഭിണിയാണല്ലേ?”
ഇയ്യോ. ഇതെന്നാ അതിശയമാ ഈശോ തമ്പിരാനേ, ഇതെങ്ങനച്ചനറിഞ്ഞു…? താച്ചിക്കുട്ടി അമ്പരന്നുപോയി.
താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇന്നലെ വന്ന അച്ചനറിയണമെങ്കില്‍ ദിവ്യദൃഷ്ടി വേണം. അപ്പോള്‍ കേട്ടത് സത്യംതന്നെ. അച്ചന്‍ സാധാരണക്കാരനല്ല.
കുട്ടി വളരുമ്പോള്‍ വലിയ സമ്പത്തിന്റെ ഉടമയാകുമെന്നും ഇനി നല്ല കാലം തുടങ്ങുകയാണെന്നും അച്ചന്‍ പ്രവചിച്ചു. പ്രാരാബ്ധങ്ങള്‍ക്ക് അക്കമിട്ടപ്പോള്‍ ഉടനെ പരിഹാരമുണ്ടാകുമെന്നും നിധി കിട്ടുമെന്നും പറഞ്ഞു. പള്ളിയില്‍പോക്കും പ്രാര്‍ഥനയും മുടക്കരുതെന്നും നേര്‍ച്ചക്കടങ്ങള്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ ഉടനെ കൊടുക്കണമെന്നും ഉപദേശിച്ച് തലയില്‍ കൈവച്ച് പ്രാര്‍ഥിച്ചു. വെഞ്ചരിച്ച ഉപ്പുപൊതി കൊടുത്ത് ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കണമെന്ന് നിര്‍ദേശിച്ചു. നൂറിന്റെ നോട്ട് നീട്ടിയപ്പോള്‍ ‘ഇതൊന്നും വേണ്ടാരുന്നല്ലോ’ എന്നു പറഞ്ഞ് വാങ്ങി ളോഹയുടെ പോക്കറ്റിലിട്ടു.
പൊന്നായി ഒരു മഹാസംഭവമായി അവരുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞു. ആറടി പൊക്കം, അതിനൊത്ത തൂക്കം, പേരിന് യോജിക്കുന്ന ഗോതമ്പിന്റെ നിറം, കഴുത്തിലും കൈകളിലും തടിച്ച സ്വര്‍ണാഭരണങ്ങള്‍, വലിയ ബംഗ്ലാവ്, പോര്‍ച്ചില്‍ വിലകൂടിയ വാഹനങ്ങള്‍, അനേകം ജോലിക്കാര്‍. അവരുടെ സങ്കല്‍പം അങ്ങനെ നീണ്ടു.
മുത്തപ്പായി വെളുപ്പിന് കട്ടന്‍ കുടിച്ച് പോയത് വെള്ളം വറ്റിത്തുടങ്ങുന്ന ചക്കംകരി പാടത്തേയ്ക്ക്.ഗോളത്തീ പടിഞ്ഞാറേയക്ക് ചെരിഞ്ഞു വീണപ്പോള്‍ ചേറില്‍ കുഴഞ്ഞ്, ഏന്തി വലിഞ്ഞ് അയാള്‍ വന്നു. മീന്‍ കൂടയ്ക്ക് പതിവിലും ഇരട്ടി ഭാരമുണ്ടായിരുന്നു. വന്നപാടെ അത് താഴേയ്ക്കിട്ടു. തോളില്‍ തൂങ്ങിക്കിടക്കുന്ന ഭീമന്‍ ചേറുമീനെ കണ്ട് താച്ചിക്കുട്ടിയുടെ കണ്ണ് തള്ളിപ്പോയി. അത് തോളില്‍നിന്ന് ഇറക്കാന്‍ അവള്‍ക്കും നന്നേ ക്ലേശിക്കേണ്ടിവന്നു. പത്തുമുപ്പത് കിലോയെങ്കിലും കാണും. വലിയ ചെകിള അപ്പോഴും പതുക്കെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുണ്ട്.
ചേറുമീനുമായുള്ള മല്‍പ്പിടുത്തമാണ് മുത്തപ്പായിയെ അവശനാക്കിയത്. അതിന്റെ വാലടിയേറ്റ് ഇടത്തെ കണ്‍പോള നീരുവന്ന് വീര്‍ത്തിരുന്നു. കണ്ണ് കലങ്ങി ചുവന്ന് ചോര കട്ടകെട്ടി.
”കണ്ണേ കൊള്ളാനൊള്ളദ്് പൊരികത്തുകൊണ്ടുപോയ്.” താച്ചി ആശ്വസിച്ചു.
തളര്‍ന്ന മുത്തപ്പായിയെ തെങ്ങിന്‍ ചുവട്ടില്‍ ചാരിയിരുത്തി അവള്‍ ചക്കരകാപ്പി കൊടുത്തു. കാപ്പി ഊതി കുടിക്കുന്നതിനിടയില്‍ അയാള്‍ ചൂടുള്ള ഗ്ലാസ് കണ്‍പോളയ്ക്കു താഴെ വീര്‍ത്ത ഭാഗത്ത് ചേര്‍ത്ത് ചൂടുപകര്‍ന്നു.
”നമ്മട കടുങ്ങാമറ്റത്തച്ചന്‍ ചില്ലറക്കാരനല്ല കേട്ടാ. നല്ല കാലം തൊടങ്ങീന്നു പറഞ്ഞത് ശെരിയായി. വയറ്റിലൊള്ള നമ്മടെ പൊന്നായീന ഒന്നു പെറ്റോട്ടെ. നമ്മള കൊച്ചാക്കിയോര്‍ക്കെല്ലാം ഒരു പണി കൊട്ക്കണെന്റെ മുത്താച്ചേട്ടാ…”
അവള്‍ അച്ചന്റെ മഹത്വം വാതോരാതെ വിളമ്പിക്കൊണ്ടിരുന്നു. മുത്തപ്പായിക്ക് അത് രസിച്ചില്ല.
”നെനക്കിത് എന്തോന്തിന്റെ കേടാനെന്റെ താച്ചിയെ. നെനക്ക് വേറെ പണീല്ലേ… അവടൊരു നിതി…”
”ദൈവദോഷം പറേല്ലെന്റെ മുത്താച്ചേട്ടാ. എത്ര കാലായി നിങ്ങ അണ്ടതപ്പാന്‍ തൊടങ്ങീട്ട്…
ഇന്നൂരെ കിട്ടീട്ടൊണ്ടോ ങ്ങക്ക് ഇത്രേം വല്യ മീനെ…”
”നീയ് കഴിക്കാനക്കൊണ്ട് എന്തേലും എടക്ക്. കുഞ്ഞംപണിക്കന്റെ വള്ളം ചോതിച്ചിട്ടൊണ്ട്. മീഞ്ചന്തേ പോണം. ഹോട്ടലുകാര് ഇത് കൊത്തിയെടുക്കും. ചേറുമീന് നല്ല വെലയാ.”
”ഇദ് ചന്തേ കൊടുക്കാനോ… എന്റെ ഈശോ തമ്പിരാന്‍ കര്‍ത്താവേ… ഈ ചേറുമീന്റെ വയറ്റി നിതി കാണും മനിഷേനേ നിതി. ഇതോലെ ചന്തേ കൊടുത്താല് മീങ്കച്ചവടക്കാര്‍ക്ക് കിട്ടും. നമ്മട പാഗ്യം അവമ്മാരിക്കുപോകും.”
”നീയെന്തു പോക്കണം കേടാ പോത്തേ ഈപ്പറേന്നേ… ആ ജാലവിദ്യക്കാരനച്ചന്റെ വട്ട് കേട്ടിട്ട്… ഇനി നിതിയാണെങ്കി അപ്പറഞ്ഞ നിതി തന്ന്യാ ഈ കെടക്കണ നിതി.”
”വയറ്റിലുള്ള നമ്മ പൊന്നായിയെയോര്‍ത്ത് നിങ്ങ മീന്‍ ചന്തേ കൊടുക്കല്ലേ. നിങ്ങ മീനറക്ക്. നമ്മട പൊന്നായി വല്യ ആളാകൂന്ന് അച്ചന്റെ പറച്ചില് പലിക്കുവോന്നും അറിയാലോ… വേണേങ്കി
നിതിയെടുത്തിട്ട് മാവുസം തൂക്കി കൊടക്കാലോ.”
അത് ശരിയാണെന്ന് അയാള്‍ക്ക് തോന്നി. താച്ചിയെ പെണക്കുകേം വേണ്ട. കെര്‍ഭിണയെ വെഷമിപ്പിക്കരുതെന്നാ.
താച്ചി മീനറക്കുന്ന കത്തി അമ്മിക്കല്ലില്‍ തേച്ച് മൂര്‍ച്ചകൂട്ടി. കത്തിയുമായി വന്നപ്പോള്‍ മുത്തപ്പായി തളര്‍ന്ന് തെങ്ങിന്‍ കുറ്റിയില്‍ ചാരി കിടക്കുയാണ്. അവള്‍ അയാളെ ശകാരിച്ചുകൊണ്ട് വലിച്ചെഴുന്നേല്‍പ്പിച്ചിരുത്തി. കത്തി നിര്‍ബന്ധിച്ച് കൈയില്‍ പിടിപ്പിച്ചു. അയാള്‍ കത്തിയുമായി എഴുന്നേറ്റു. അവളുടെ നെഞ്ച് വല്ലാതെ ഉയര്‍ന്നുപൊങ്ങി.
വയറ്റില്‍ കത്തി കേറിയപ്പോള്‍ ചോര ചീറ്റി. നല്ല കൊഴുത്ത ചൂടുചോര. അത് ഒഴുകി മണ്ണിനെ ചുവപ്പിച്ചു. ചോരയുടെ കടുത്ത നിറം കണ്ടിട്ട് മുത്തപ്പായി പറഞ്ഞു.
”എടിയേ, ഇവനൊരു കമ്മീണിറ്റ്തന്നെ… ശക്കതിയുടെ കാരണം ഇപ്പഴല്ലേ പിടികിട്ടീത്…”
തമാശ കേള്‍ക്കാനുള്ള പരുവത്തിലായിരുന്നില്ല അവള്‍. കത്തിപ്പാടിലൂടെ വയറ്റിലേക്ക് കൈകടത്തി നിധി തപ്പി. കുറെ നേരം തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. നടുവ് കഴച്ചപ്പോള്‍ അടുത്തുകിടന്ന കവളന്‍ മടല്‍ നീക്കിയിട്ട് അതിന്റെ പുറത്ത് താടിക്ക് കൈകൊടുത്ത് ഇരുന്നു. ആ ഇരിപ്പു കണ്ട് മുത്തപ്പായിക്ക് ചിരിവന്നു.
”എന്തോന്നാടി താച്ചിയേ നീയ് അണ്ടിപോയ അണ്ണാനെക്കൂട്ട് ഇരിക്കന്നെ…”
”എന്നാലും നിതി… അങ്ങേര് പറഞ്ഞതെല്ലാം നൊണയാരന്നല്ലേ… അല്ലേലും ഇപ്പഴത്തെ
അച്ചമ്മാരെ വിശസിക്കാന്‍ കൊള്ളത്തില്ല. നൂറു രൂപാ പോയത് മിച്ചം. മുടിയാനക്കൊണ്ട് അങ്ങേര് ഇനി പറേന്നൊന്നും പലിക്കാതെ പോണേന്റെ കര്‍ത്താവേ…” ചോര പുരണ്ട കൈകള്‍ തലയില്‍വെച്ച് അവള്‍ പിരാകി.
”നീയൊന്നടങ്ങടി താച്ചിയെ. നിതി പണ്ടത്തിമ്മേലാരിക്കും. തിന്നുന്നൊക്കെ പണ്ടത്തിമ്മേല്ലേ ചെല്ലുന്നെ… നീയൊരു മണ്ടിക്കെണാപ്പി.”
”എന്നാ പെട്ടന്നൊന്ന് പൊളക്കെന്റെ മനുഷേനേ…”
മുത്തപ്പായി കുടലും പണ്ടവും അറുത്ത് പുറത്തിട്ടു. പണ്ടം പുളന്നു.
”ഹോ… എന്തരു നാറ്റം…”താച്ചി മൂക്കുപൊത്തി. ശക്തിയായി ഓക്കാനിച്ചു. ഛര്‍ദ്ദിച്ചു. പിത്തവെള്ളം പുറത്തുപോയപ്പോള്‍ വീണ്ടും തെരച്ചില്‍ തുടങ്ങി.
ഒരു കൈകൊണ്ട് മൂക്കുപൊത്തി, മറുകൈകൊണ്ട് ദഹിച്ചതും പാതിദഹിച്ചതുമായ ആഹാരബാക്കിയില്‍ കോഴി ചികയുംപോലെ ചികഞ്ഞു. ഒരു മോതിരവുമായി അവള്‍ ചാടിയെഴുന്നേല്‍ക്കുന്നത് വല്ലാത്തൊരു അമ്പരപ്പോടെ മുത്തപ്പായി നോക്കിയിരുന്നു.
”കാര്യം ശരിയാണല്ലാ. അപ്പോ അച്ചന്‍ ചില്ലറക്കാരനല്ല.” അയാള്‍ മനസ്സില്‍ പറഞ്ഞു.
നാറ്റം വകവെക്കാതെ താച്ചി മോതിരത്തില്‍ തുടരെത്തുടരെ ഉമ്മവച്ചു. മുത്തപ്പായി മോതിരം വാങ്ങി നോക്കി കഴുകി നോക്കി. സ്വര്‍ണംതന്നെ. നല്ല ഭാരമുണ്ട്. ഒരു പവനോളം വരും.
താച്ചി ചോരയില്‍ കുതിര്‍ന്ന കൈകള്‍ കൂപ്പി, ‘യേശുവേ സ്‌തോത്ര’മെന്ന് ശ്വാസമടക്കിപ്പിടിച്ചുനിന്ന് ഉച്ചത്തില്‍ വിലപിച്ചു. മുത്തപ്പായി എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി.
”ഇപ്പോ നിങ്ങക്ക് വിശാസായോ മനുഷേനെ…” മുത്തപ്പായിയുടെ പള്ളയ്ക്ക് വിരല്‍ കുത്തി താച്ചി മുഖം വക്രിച്ചു. മുത്തപ്പായി പരാജയം സമ്മതിച്ച് തലയാട്ടി.
”നമ്മക്കിദ് പാത്തുവെക്കാം. നമ്മടെ പൊന്നായി മുത്തിന് പൊന്നരഞ്ഞാണം പണിയാന്‍.”
മുത്തപ്പായി അനുസരണയോടെ മൂളി.
അച്ചന് വറക്കാനും കറിവെക്കാനും നടുത്തുണ്ടം കഷണങ്ങളാക്കി, കഴുകി വൃത്തിയാക്കി മുളകു അരച്ചുതേച്ച് മുത്തപ്പായി മേടയില്‍ ചെന്നു. വലിയ ഭയഭക്തിയോടെ തൊഴുതു. ഉളുമ്പുനാറ്റമുള്ള കൈകൊണ്ട് അച്ചന്റെ സുഗന്ധമുള്ള കൈ പിടിച്ച് ഉമ്മ വയ്ക്കുമ്പോള്‍ അച്ചന്‍ അമ്പരന്നു. ആണ്ടിലൊരിക്കല്‍പോലും പള്ളിയില്‍ വരാത്ത, കുമ്പസാരിക്കാത്ത ഇയാള്‍ക്കെന്തുപറ്റിയെന്ന് ചിന്തിക്കുമ്പോള്‍ മുത്തപ്പായി അച്ചന്റെ സിദ്ധിയെ വാഴ്ത്തി.
എന്നിട്ടും ങേ…ഹേ…അച്ചനൊരു കൂസലുമില്ല. ‘ഇതൊക്കെയെന്ത്’ എന്ന മട്ടില്‍ നിസംഗതയോടെ ഒറ്റ നില്‍പ്. കണ്ണുകളും അടച്ചിട്ടുണ്ട്. പ്രാര്‍ഥനയാ.
കാലുകഴച്ചപ്പോള്‍ മുത്തപ്പായി അരപ്ലേശില്‍ ചന്തിയൊന്നു കുത്താനൊരുങ്ങിയതേയുള്ളു. കണ്ണടച്ചുകൊണ്ടുതന്നെ അച്ചന്‍ പറഞ്ഞു-
”എന്നാല് മുത്തപ്പായിച്ചേട്ടന്‍ ചെല്ല്. വീട്ടില്‍ ചേട്ടത്തി ഒറ്റയ്ക്കല്ലേയുള്ളു.”
”അദ് ശെരിയാണല്ല്. ഞാനതങ്ങ മറന്ന്.”
അപ്പോള്‍ മുത്തപ്പായി ഒറ്റക്കാര്യമേ ചോദിച്ചുള്ളു.
”അച്ചന്‍ പറഞ്ഞപോലെ നിതി കിട്ടി. അവടെ വയറ്റിലൊള്ള കുഞ്ഞും നിതിയായിക്കുവോ അച്ചോ…”
”അതെല്ലാം പറഞ്ഞപോലെ നടക്കും ചേട്ടാ.”
അച്ചന്‍ അകത്തേക്കും മുത്തപ്പായി പുറത്തേക്കും കാല്‍വെച്ചു.
പിന്നെ മുത്തപ്പായിയും താച്ചിക്കുട്ടിയും മുടങ്ങാതെ പള്ളിയില്‍ പോയി. അച്ചന്റെ പ്രസംഗം ക്ഷമയോടെ കേട്ടു. പിരിവുകള്‍ ഒരു മടിയും കൂടാതെ കൊടുത്തു. മലയാറ്റൂരിന് തീര്‍ഥാടനം നടത്തി. പോട്ടയില്‍ പോയി ധ്യാനം കൂടി. സന്ധ്യാ പ്രാര്‍ഥനകള്‍ അണുവിട വ്യത്യാസമില്ലാതെ നടത്തി.
എട്ടുമാസം തികയുംമുമ്പ് താച്ചിക്കുട്ടിക്ക് വേദന തുടങ്ങി. ഉടനെ വള്ളം പിടിച്ച് ആശുപത്രയില്‍ കൊണ്ടുപോയി.
”കുഞ്ഞ് തല തിരിഞ്ഞാ കിടക്കുന്നത്. ഉടന്‍ ഓപ്പറേഷന്‍ നടത്തണം.” പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
മുത്തപ്പായുയുടെ നെഞ്ചിലൂടെ ഒരാന്തല്‍ കേറി. കൈയിലുള്ള പണം കെട്ടിവയ്ക്കാന്‍ തെകയ ത്തില്ല. ആരോട് കടം ചോദിക്കുമെന്ന് ആലോചിച്ചു. ചെലരുടെയും മുഖങ്ങള്‍ കണ്‍മുമ്പില്‍ തെളിഞ്ഞു. എല്ലാം കൈവിട്ട് കളിക്കാത്തവര്‍.
പെട്ടെന്ന് നിധിയുടെ കാര്യം ഓര്‍മവന്നു. അത് വിറ്റാല്‍ പണം തികയും.
പക്ഷേ, പൊന്നായിക്ക് അരഞ്ഞാണം… സാരമില്ല, ആദ്യം അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുകയാ പ്രധാനമെന്ന് മനസ്സ് പറഞ്ഞു.
മുത്തപ്പായി മോതിരവുമായി സ്വര്‍ണക്കടയിലേക്കോടി.
മോതിരം ഉരച്ചുനോക്കിയ കടക്കാരന്‍ അയാളെ തുറിച്ചുനോക്കി.
”എന്താടോ… മനുഷ്യരെ പറ്റിക്കാനിറങ്ങിയിരിക്കുകയാണോ…?”
മുത്തപ്പായി പൊട്ടനെപ്പോലെ നിന്നു. എങ്കിലും ചോദിച്ചു.
”എത്ര കിട്ടും സാറേ?”
”കിട്ടും. ഗോതമ്പുണ്ട… എത്രയെന്നറിയത്തില്ല.”
”ങേ… ഗോതമ്പുണ്ടയോ… അതെന്താ സാറേ കാശ് കിട്ടത്തില്ലേ…?”
”എടോ, പൊട്ടന്‍ കളിക്കല്ലേ…”
”എന്താ സാറേ വെഷയം…?”
”തനിക്കിത് എവിടെനിന്ന് കിട്ടി?”
നിധിയാണെന്നും ചേറുമീന്റെ വയറ്റില്‍നിന്ന് കിട്ടിയതാണെന്നും കേട്ടപ്പോള്‍ അയാള്‍ ഒന്നയഞ്ഞു.
”എടോ ഇത് പൂശിയതാ…”
”………….”
വാക്കും വെട്ടവും നിലച്ച വാരാന്തയില്‍ ആളനക്കം. മുത്തപ്പായി വേവലാതിയോടെ എഴുന്നേറ്റു.
നേഴ്‌സ് അനുകമ്പയോടെ നോക്കി. അവര്‍ കൈയിലേക്ക് കൊടുത്ത തുണിയില്‍ പൊതിഞ്ഞ നിര്‍ജീവമായ കറുത്ത മാംസപിണ്ഡത്തിലേക്ക് അയാള്‍ ഒന്നേ നോക്കിയുള്ളു.
മാസങ്ങള്‍ക്കുമുമ്പ് കീറിമുറിച്ച ചേറുമീന്റെ വയറ്റില്‍നിന്ന് പുറത്തെടുത്ത പണ്ടംപോലെ…
മുഖമില്ല, അവയവങ്ങളില്ല.
തന്റെ പൊന്നായി…
അംഗഛേദം വന്ന സ്വപ്‌നങ്ങളുടെ തിരുശേഷിപ്പ് നെഞ്ചത്തടുക്കി അയാള്‍ നിന്നു.
ആകാശത്തുനിന്ന് സ്വര്‍ണസര്‍പ്പത്തിന്റെ വിടര്‍ത്തിയ തല താഴേയ്ക്ക്, അയാളെ ദംശിക്കാനായി നീണ്ടു. മേഘസ്‌ഫോടനത്തില്‍ ആശുപത്ര കെട്ടിടം വിറകൊണ്ടു. ആ ഘര്‍ണത്തില്‍ ഭയന്ന് ഇരുട്ടിനെ ക്ഷണത്തില്‍ കീറിമുറിച്ച് സ്വര്‍ണസര്‍പ്പം മേഘമാളത്തിലേക്ക് പിന്‍മടങ്ങി. മേഘതുരുത്തുകള്‍ കുടഞ്ഞിട്ട മഴത്തുള്ളികള്‍ മുത്തപ്പായിയുടെ മാറത്തടുക്കിയ തുണിപ്പൊതിയില്‍ പതിച്ചു.
ഒരനക്കം… ആ പിതൃനെഞ്ചിലേക്ക് മറ്റൊരു സ്വര്‍ണസര്‍പ്പമിഴഞ്ഞു.