ചില സമയങ്ങളിൽ സഹനങ്ങൾ ആശ്വാസമാകും. കേരളമാകെ ദുരന്തമുഖത്ത് ആയിരിക്കുമ്പോൾ നാം സുരക്ഷിതരായി കഴിയുന്നത് മനസിന് ഒരു നീറ്റലായിരുന്നു. തലശ്ശേരിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ വന്ന ഫോൺ സന്ദേശങ്ങൾ ഉറ്റവർ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി എന്നതായിരുന്നു. ആർക്കു വേണ്ടിയും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. കുടുംബം ദൂരെ. അവരും മാനസീകമായി അസ്വസ്ഥർ .
ട്രൈൻ സർവ്വീസുകൾ തലശ്ശേരിയിൽ വച്ചു തന്നെ റദ്ദായിരുന്നു. തലശേരിയിൽ നിന്നു കോഴിക്കോട്ടേക്ക് ട്രാൻസ്പോർട്ട് ബസ്സിൽ. അവിടെ മണിക്കുറുകൾ ഒരു നിശ്ചയവും ഇല്ലാതെ . ഒടുവിൽ തൃശ്ശൂർക്ക് ഒരു ബസ്സ്.
തൃശൂരിൽ വന്നിറങ്ങുമ്പോൾ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. തൃശ്ശൂരിൽ ബസ്സുകളെല്ലാം സർവീസ് നിറുത്തിയിരുന്നു. പ്രദേശത്തെ ലോഡ്ജുകളിൽ ജനം നിറഞ്ഞു. അപ്പോഴാണ് ബസ്സ് സ്റ്റേഷനിൽ നിന്ന് അറിയിപ്പ്: കേരളാ പോലീസ് കേരള വർമ്മ കോളേജുമായി ചേർന്ന് ക്യാമ്പ് തുടങ്ങിയിരിക്കുന്നു. സ്റ്റാന്റിൽ നിന്ന് അവിടേക്ക് ബസ്സുണ്ട്. അതിൽ കയറുക.
ഒടുവിൽ ക്യാമ്പിലെത്തി. വീട് വിട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ അസ്വസ്ഥതകളും വേദനയും അനുഭവിക്കാനായി. ഒപ്പം മത ജാതി വർണ്ണ ഭാഷാ വർഗ്ഗ ഭേദങ്ങൾ മറന്ന് ഒരു ക്ലാസ് മുറിയിൽ കിടക്കാനും പരിമിത സാഹചര്യങ്ങങ്ങൽ കഴിയും എന്നത് അനുഭവിച്ചു. കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളുടെ അശ്രാന്ത പരിശ്രമവും ശുശ്രൂഷാ മനോഭാവവും കണ്ടു. അവരിൽ ബഹുദൂരിപക്ഷ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകരായിരുന്നു. കലാലയ രാഷ്ട്രീയത്തെ പരിഹസിക്കുന്നവർക്കുള്ള മറുപടിയായിരുന്നു അവരുടെ പ്രവർത്തി. നവീൻ അഖിൽ അനൂപ് ഹേമന്ത് അമൽ തുടങ്ങിയ SFI പ്രവർത്തകർ സജീവമായി ക്യാമ്പിൽ ഭക്ഷണവും താമസവുമൊരുക്കി. വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ വേദനകൾ തൊട്ടറിയുന്നവരും സ്വയം മറന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. മറ്റ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും രംഗത്തുണ്ടാകാം. സംസാരിച്ച സുഹൃത്ത് ഒരു സംഘടനയായി എന്നതുകൊണ്ട് മറ്റുള്ളവരുടെ സാന്നിധ്യം വിസ്മരിക്കേണ്ടതില്ല.
കഴിഞ്ഞ 10 മണിക്കൂറോളമായി കേരളത്തിലെ വേദനിക്കുന്നവരോടൊപ്പമായി. പ്രത്യാശ കൈവിടേണ്ടതില്ല. അസ്വസ്ഥരാകേണ്ടതില്ല. ഒന്നും അവസാനമല്ല. ഒരു പ്രളയവും അവസാനമല്ല. സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും പ്രളയം അതു കരുതി വയ്ക്കുന്നുണ്ട്. ഈ കൂട്ടായ്മയും ഒരുമയും സ്നേഹവും ജാതി മത വർണ്ണ ഭാഷാ ദേശഭേദങ്ങൾക്ക് അതീതമായി നിലനിൽക്കട്ടെ.