ചിരി ചിരിയിൽ തീരാതങ്ങനെ/എൻ.കെ.ഷീല

ഒരു ചിരി
ഭാഷയോ ആംഗ്യസഹായമോയില്ലാതെ
” കയറി വരൂ” വെന്ന്
കേൾപ്പിക്കും
മറ്റൊരിക്കൽ
കണ്ണിലൂടുള്ളിലേക്കിറങ്ങി
അപരനെ അന്ത:രംഗത്തിൽ
കുടിവെയ്ക്കും.
പരിചയത്തിന്റെ കെടുവുതീർത്ത്
ഒരാളെ നമ്മുടെ ആരൊക്കൊയോ
ആക്കിത്തീർക്കും.
ഒരവസരം
ചിരി പെട്ടെന്നു നിന്നാൽ
പറഞ്ഞുകൊണ്ടേയിരുന്ന ഉത്സാഹം
ആശങ്കയോടെ പതുങ്ങും.
നേരത്തിന് നിരക്കാത്ത ചിരി
പരിഹാസത്തിന്റെ
കമ്പിളി പുതപ്പിച്ച്
മുഖം കാണാതെ കിടത്തും.
കൂട്ടച്ചിരിയിൽ
കൂടിയില്ലെങ്കിൽ
കൂട്ടുതെറ്റിയവനെന്ന്
കിഴിഞ്ഞുപ്പോകും.
അപ്പോൾ ചിരിക്ക്
ഭാഷയോ ആംഗ്യമോ വേണ്ട
അതിനപ്പുറം
അകം തൊടുന്ന
ഒരു നേരുണ്ടാവണം.

You can share this post!