എനിക്കറിയാം
എന്റെ ഗ്ലാസ്സിൽ മദ്യവും
നിന്റെ ഗ്ലാസ്സിൽ വിഷവുമാണ്.
വിഷമമാണ്
നമുക്കിടയിൽ.
വേണ്ടിടത്ത് ഒട്ടാത്ത പശ
ഒട്ടിച്ച അസ്വാസ്ഥ്യങ്ങൾ
ഇരുട്ട്
ഇടകലർന്ന നീലയും മഞ്ഞയും
നീ കൊളുത്തുന്ന പാട്ടുകൾ
ചിതറിയ ചിരികൾ
കെട്ടു പുകയുന്ന ആധികൾ
പല വേഗത്തിൽ വെളിച്ചങ്ങൾ
തിരക്കു കൂട്ടുന്ന തെരുവു പോലെ
ചലനമുള്ള മേശകൾ.
പലതരം മുഖങ്ങൾ
ചുണ്ടുരുമ്മുന്ന ചില്ലിന്റെ
പശ്ചാത്തലസംഗീതം
കഥാപാത്രങ്ങളെല്ലാം ചേർന്ന
അശിക്ഷിതരമ്യമാം സിംഫണി.
ഒന്നും പങ്കു വയ്ക്കുന്നില്ല.
നീ കുടിക്കുന്നതും നോക്കി ഞാനിരിക്കുന്നു.
ഞാൻ കുടിക്കുന്നതും നോക്കി നീയിരിക്കുന്നു.
വെറുതെ ചിരിക്കുന്നു.