
നാനാ ഭംഗികളൊ ന്നു ചേർന്നുപവന
ച്ചേലാർന്ന വിദ്യാലയം
മീനം മേടമതൊ ക്കെ നീക്കിയവധി
ക്കാലം കഴിഞ്ഞെത്തവേ…
ലോലാലംകൃത സൗഹൃദത്തിരകളാം
ബാലാവലീ നിർഭരം
മൂന്നാം ക്ലാസ്സതി ലേക്കു പേരുവിവരം
പേറുന്ന ബുക്കേന്തിയോൾ
സീതാദേവിയതാണു നാമമിവിടെ
ക്ലാസ്സ് ടീച്ചറാണായവൾ
മോദാധിക്യസമേതയായ് വരികയായ്
മൂന്നാം ദിനം രാവിലെ…
തൂവർണ്ണക്കുട ചോപ്പു നീല ഹരിതം
തൂമഞ്ഞയും വെള്ളയും
റാണിപ്പിങ്കു കലർന്ന ചേല റിബണിൽ
കാണും മഴക്കാർമ്മുകം
ബാലന്മാർക്കു വിഭിന്ന വർണമെഴുമാ
ബാഗുണ്ടു ടോമാന്റ് ജെറീ
ഛായാചിത്രണമുള്ള ബോട്ടില തിലായ്
വാട്ടർ കുടിച്ചീടുവാൻ…
കേമത്തം കുറവായ കാരണമതാൽ
തോൽക്കുന്ന തൽപ്പുത്രരേ-
യോർമ്മിക്കാനരുതാതെ
താതജനനീവൃന്ദം വിയർത്തീടവേ…
നീളെത്തൂമകളൊത്തു ക്ലാസ്സുസമതാ
ബോധാഭിമാനത്തിനാൽ
താരത്താരുകളാലലംകൃത മഹാ
വ്യോമസ്സമം മിന്നവേ…
സീതട്ടീച്ചറിരുന്നു സ്വേദകണികാ ജാലത്തിലാമഗ്നയായ്…!
നാളിന്നാണുകൊടുത്തിടേണ്ടതിവരിൽ പിന്നാക്ക ജാതിക്കു സർ-
ക്കാരേക്കുന്ന സഹായമായതുകപേർ
ലംപ്സം സഹായം ധനം…
ഓർമ്മത്തെറ്റകമേ ചുവന്ന കനലായ്
നീറുന്നുവൊന്നിപ്പൊഴും
മൂന്നാംക്ലാസ്സിലിരുന്ന കാലമിതു പോൽ
ഗ്രാന്റിന്നു പേർ ചൊല്ലവേ…!
നാനാദിക്കിലുയർന്നു വന്നു പൊതിയും,
നിന്ദിച്ച നോട്ടങ്ങളാൽ
താനേ ചൂളിയിരുന്നുതൻ നെറുകയേച്ചുംബി ച്ചറോസ് പൂവതും…
ജാതിപ്പേരു പതിച്ചു താണ തലയും
താഴ്ത്തീട്ടു താൻ നിന്നൊരാ
ജാള്യം ജീവിതമുള്ള കാലമഖിലം
മായില്ലതേ നിർണയം…
കാറിൻ വർണ്ണമിയന്നവർക്കു പെരുതാം
തീണ്ടൽ ഭയന്നിട്ടുടൻ
കാറിത്തുപ്പിയകന്നിരുന്നു സഹജർ
ഉച്ചയ്ക്കു മുമ്പാദിനം…!
കാറിൽക്കൊണ്ടലതിന്നു തുല്യമഴിവാ യന്നെന്നകത്താദ്യമായ്
കേറിക്കൂടിയ സൗഹൃദങ്ങളവയേ
യോർത്തന്നു തീ തിന്നതും…
കൂടെപ്പേരു വിളിച്ചകൂട്ടരപമാ
നത്തിന്റെ യാഴങ്ങളിൽ
മൂടിപ്പോയതു കണ്ടു കാതര മഹോ
ബാല്യം പകച്ചാപ്പകൽ…!
‘പാഠം രണ്ടു’പറഞ്ഞു ശിഷ്യരതിനാൽ,ജാഗ്രത്തിലേക്കെ
ത്തിയാൾ/
പാരം പാടെവലഞ്ഞു രയ്ക്കുവതിനായ്,
വാക്കില്ല വാധ്യാർക്കുമേ…!
തീക്ഷ്ണംചിന്തയുതിർത്തനോവുകടലിൽ, മുങ്ങീട്ടവൾ സീതയോ…
ഗ്രീഷ്മത്തിൻ മരുവേറി മാർഗമതിനാ-
യാശാനെയോർമ്മിച്ചു പോയ്…!
ബാലാർക്കൻ വിടരുന്നകൺകളവതൻ, ദീപത്തിലേക്കായഴൽ പൂരത്തിൻകറ ചേർപ്പതിന്നു കഴിവി-
ല്ലത്രയ്ക്കുഷാറാണവർ…
നാളിന്നേറ്റമൊടുക്കമാണു പറവാൻ
ഗ്രാന്റിന്റെ കാര്യം നിജം…!
പാളിപ്പോകരുതെന്തുചെയ്യുമതുമ ട്ടാകെപ്പുകഞ്ഞാധിയാൽ…
ജാതിക്കൊട്ടു കുറഞ്ഞവർക്കു ലഭിതം, ഗ്രാന്റെന്നു വേണ്ടാ, ധനാല്‍
ക്ഷീണിച്ചുള്ളവരാരവർക്കു, പറകിൽ തെറ്റാണതും നിർണയം…!
ജാതിപ്പേരു മുഴുത്തനിർദ്ധനരുമു-
ണ്ടേറെസ്സമർഹർ,സ്വയം
കാണാതേതു മുപായമൊന്നുമതിനാൽ വാധ്യായനീ ഖിന്നയായ്…
നേരം പോകുക യാണടുത്ത ഗുരുവിൻ
നേരം വരാറായിതേ…!
ചാരെപ്പൂമുഖമാണ്ടതൂക്കു മണിയൊന്നുച്ചേന ഗർജിക്കവേ…
നൂനം പാടെവലഞ്ഞു ടീച്ചറുടനേയേറ്റൂ
രജിസ്റ്റർ കരേ…
വാതിൽപ്പാടു നടന്നു നിന്നു തിരികെ
ച്ചൊന്നാളിതേ മട്ടിലായ്…
“ഏറെക്കാലമടിച്ചമർത്തി വിഭവം വിദ്യാദികൾ ക്കൊക്കെയും
ചാരത്തെത്തുവതിന്നു ദീന ജനതാ
വർഗ്ഗത്തിനൊക്കാത്ത പോൽ…
ദൂരത്താക്കിനിറുത്തി സകലാധീശത്വ
മാർന്നാണ്ടതിൻ
തീരാ ശാപ മുറഞ്ഞചേറിൽ വിടരും
ചെന്താമരത്താരു പോൽ
ആ നാളൊക്കെ വലഞ്ഞവർക്കുടയതാം പിൻഗാമി കൾക്കാശയേ
പോഷിപ്പിപ്പതിനുണ്ടുകാര്യമൊരുപാടിക്കാലമി ഗ്രാന്റു പോൽ…!
ദാനം കിട്ടുവതല്ല യൊന്നു മവകാശങ്ങൾക്കു താഴിട്ടതിൻ
പ്രായശ്ചിത്തമതാണതേറെയഭിമാ
നത്തോടെ കൈപ്പറ്റണം…
ഞാനിപ്പേരു വിളിക്കു
വോരു വരണം
ഓഫീസിലേക്കിന്ററിൻ
നേര,ത്തീ ദിനമാണു ഗ്രാന്റുതരുവാൻ/
സർക്കാരു വിജ്ഞാപനം…! “