ഘർഷണാമന്ത്രണം/പുച്ഛൻ ജോസഫ്

അബോധിമരത്തിൽ
ആറ് എന്നടയാളമിട്ട
അന്തരാളവിടവിൽനിന്നുണർന്ന്
പെരുംപുച്ഛൻ, ഗുരുത്വഭൂമികയുടെ
പ്രദോഷാസ്തിത്വത്തിലേക്ക്
മൃദുപാദമൂന്നിയിറങ്ങി..

പ്രപഞ്ചഭൂതത്തിനു നേർക്കോങ്ങിയ
പുച്ഛാക്ഷിക്കുഴൽ നിവർത്തി, അവൻ
അമ്ലാകാശത്തിൻ്റെ ഗതിവിഗതികൾ
ആവാഹിച്ചാഹരിച്ചുതുടങ്ങി.

ഭൂഗ്രഹത്തിലെ തൻ്റ ഉല്പത്തിസ്ഥലിയിൽ
ചുറ്റും, ഇരുളിലലിഞ്ഞ് ചിതറിയ
സുഷുപ്തരൂപങ്ങൾക്കിടയിൽ
ഇഴഞ്ഞൂർന്നു നിവർന്ന്, പുച്ഛൻ
അക്ഷിക്കുഴൽ സുഷിരത്തിലൂടെ
അഗ്നിധൂളികളടരാടുന്ന
അർദ്ധനിശാകാശത്തെ, അന്തരാളത്തിൽ
ആലേഖനം ചെയ്താനന്ദിച്ചു..

ഉന്നതത്തിൽ മിന്നിത്തിരിയുന്ന
പൊൻപ്രാണികൾ മണ്ണിലേക്കെയ്ത
പുച്ഛാവേഗങ്ങളവൻ, അരുമയോടെ
തൻ്റെ ജന്മഗർഭത്തിലാവാഹിച്ചുറക്കി.

അന്ധകാരപ്പെരുംകുളത്തിനു മേൽ
അഗ്നിപ്പൊരുളലയടിപ്പിക്കുന്ന
സർഗ്ഗാത്മകത്തിൻ ചിരന്തനാന്ദോളനം.

പുച്ഛൻ്റെയുള്ളറകളിൽ
പുഷ്കലമരീചികയുടെ മിന്നലാട്ടം..
ഉറങ്ങുന്ന ഭൂഗോളം, ഉണർവ്വാമാകാശം
ഇടയിലെ പൊയ്ഞാണിലാടിയാടി
പുഷ്പിതന്നർദ്ധവിരാമം.

You can share this post!