
:29 വർഷമായി തുടരുന്ന ‘അക്ഷരജാലകം’ എന്ന കോളമെഴുതിക്കൊണ്ടിരിക്കുന്ന എം.കെ.ഹരികുമാർ നടത്തിയ ചില തുറന്നു പറച്ചിലുകൾ കേൾക്കേണ്ടവർ കേൾക്കുമെങ്കിൽ അത് മലയാളത്തിന്റെ ഭാഗ്യമായിരിക്കും എന്ന് തോന്നുന്നു.
ബാംഗ്ലൂർ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ‘ബുക്ക് ബ്രഹ്മ’ നാല് ഭാഷകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ഭാഗമായ ‘കോളമെഴുത്തിന്റെ വർത്തമാനം’ എന്ന സെഷനിൽ എം.കെ.ഹരികുമാർ നടത്തിയ പ്രസംഗം എൻ. പ്രേം റിപ്പോർട്ട് ചെയ്തത് വായിച്ചപ്പോൾ എന്റെ ചില സന്ദേഹങ്ങൾക്ക് മറുപടി കൂടി ആ പ്രസംഗത്തിൽ നിന്ന് ലഭിച്ചു.
എന്തു കൊണ്ട് പരമ്പരാഗത സാഹിത്യ പ്രസിദ്ധീകരണങ്ങൾ നിലവാരത്തകർച്ചയിൽ എത്തി എന്നതിന്റെ കാരണം പലപ്പോഴും തേടേണ്ടി വന്നിട്ടുണ്ട്.” താങ്കളുടെ സെൻസിബിലിറ്റി കാലാനുസൃതം മാറി വരാത്തതിന് പ്രസിദ്ധീകരണങ്ങളെ പഴിച്ചിട്ട് കാര്യമില്ല” എന്ന രൂക്ഷമായ മറുപടി ഒരു സബ് എഡിറ്റർ നൽകിയതും ഓർക്കുന്നു. എന്നാൽ എ.കെ.ഹരികുമാർ കൃത്യമായ ഒരു നിരീക്ഷണം നടത്തിയത് വസ്തുതാപരവും സത്യസന്ധവുമാണെന്ന് എനിക്ക് തോന്നി. മാധ്യമ ഉടമകൾ സാഹിത്യ പ്രസിദ്ധീകരണങ്ങൾക്കായി നിശ്ചിത തുക നീക്കിവച്ചിരിക്കുന്നതിനാൽ ശംബളം കൃത്യമായി കിട്ടുന്നു. അതുകൊണ്ട് പ്രസിദ്ധീകരണം വായനക്കാർക്ക് സ്വീകാര്യമായ വിഭവങ്ങൾ കൊണ്ട് സമ്പന്നമാകണമെന്നോ സാഹിത്യപരമായ മേന്മ ഉള്ളതാകണമെന്നോ മാധ്യമപ്രവർത്തകർക്ക് ഇന്ന് ചിന്തിക്കേണ്ടതില്ല എന്ന നിലവന്നിട്ടുണ്ട് എന്നാണ് ഹരികുമാർ നിരീക്ഷിക്കുന്നത്. കെ.പി. അപ്പനോടും ബാലചന്ദ്രൻ വടക്കേടത്തിനോടും മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണിച്ച നൃശംസത ഇതിനെല്ലാം തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുക കൂടി ചെയ്തിരിക്കുന്നു.
അതുപോലെ സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണ്ണയത്തിൽ സംഭവിച്ചിട്ടുള്ള ജീർണ്ണ രാഷ്ട്രീയ സംസ്കാരവും മലയാള സാഹിത്യ രംഗത്തെ വലിയ അപചയമാണെന്ന നിരീക്ഷണവും കാമ്പുറ്റതാണ്.

ന്യൂയോർക്ക് ടൈംസിൽ ‘പബ്ളിക് ആന്റ് പ്രൈവറ്റ് ‘ എന്ന കോളമെഴുതിയ അന്ന ക്വിന്റലന് അവിടുത്തുകാർ പുലിറ്റ്സർ സമ്മാനം നൽകി ആദരിച്ചപ്പോൾ മലയാളത്തിൽ അതിനേക്കാൾ ഗൗരവമുള്ള വിഷയങ്ങൾ എഴുതി ക്കൊണ്ട് 29 വർഷമായി ഒരു കോളം തുടർന്നു പോരുന്ന എം.കെ.ഹരികുമാറിനെ ഇവിടുത്തെ സാഹിത്യ പ്രമാണികളും മാധ്യമ പ്രവർത്തകരും സാഹിത്യ സ്ഥാപനങ്ങളും അവഗണിക്കുന്നതിലെ നന്ദികേടിനെക്കുറിച്ചും പ്രേം എഴുതിയത് ഉചിതമായി.
ഗൗരവമുള്ള വായന കാത്തുസൂക്ഷിക്കുന്നവർ ഹരികുമാറിന്റെ രചനകൾ തേടിപ്പിടിച്ച് വായിക്കുകയും അവ കാത്തുസൂക്ഷിച്ച് വീണ്ടും വായിക്കുകയും ചെയ്യുന്നുണ്ട് എന്ന യാഥാർത്ഥ്യം പക്ഷേ, ഹരികുമാറിന്റെ രചനാപരിശ്രമങ്ങൾ അതിജീവന ശേഷിയുള്ളവ തന്നെയാണ് എന്ന ബോധ്യം നൽകുന്നു. ഒരു എഴുത്തു കാരന് ലഭിക്കേണ്ട വലിയ അംഗീകാരവും അതു തന്നെയാണ്.

” അഥ കേന പ്രയുക്തോfയം പാപം ചരതി പൂരുഷ:
അനിച്ഛന്നപി വാർഷ്ണേയാ ബലാദിവ നിയോജിത: “
എന്ന് വ്യാസൻ ഗീതയിൽ അർജ്ജുനനെക്കൊണ്ട് കൃഷ്ണനോട് ചോദിപ്പിച്ച ആ ചോദ്യം എല്ലാക്കാലത്തും / എല്ലാ ദേശത്തും പ്രസക്തമാണെന്ന് തോന്നുന്നു. മനുഷ്യൻ ചെയ്തു കൂട്ടുന്ന കർമ്മങ്ങളുടെ നന്മതിന്മകളേക്കുറിച്ചുള്ള സന്ദേഹം ബൗദ്ധികജീവിതം നയിക്കുന്ന ഏത് മനുഷ്യനെ സംബന്ധിച്ചും പ്രധാനം തന്നെയാണ്.
അടിസ്ഥാനപരമായി നന്മ കാംക്ഷിക്കുന്ന മനുഷ്യനിൽ നിന്ന് തിന്മയുടെ അഗ്നിനാളങ്ങൾ ജ്വലിച്ചുയരുന്നതിന്റെ ഹേതുവെന്ത് എന്നത് പലവിധ ഉത്തരങ്ങളിലേയ്ക്ക് ചിന്തകരേയും എഴുത്തുകാരേയും നരവർഗ്ഗശാസ്ത്രജ്ഞരേയും കൊണ്ടെത്തിച്ചിട്ടുണ്ട്. ഫ്രോയിഡിന്റേയും എറിക് ഫ്രോമിന്റെയും ഡെസ്മണ്ട് മോറിസിന്റെയും ഏലിയാസ് കാനേറ്റിയുടേയുമൊക്കെ ഉത്തരങ്ങളിൽ സാമാന്യമായി കാണുന്ന അംശം മനുഷ്യനിൽ ഉറങ്ങുന്ന പ്രാകൃത മൃഗിമയെ ഊന്നി നിൽക്കുന്ന ഒന്നാണ്.
എന്നാൽ ജറമി ഗ്രിഫിത്ത് മറിച്ചൊരു ഉത്തരം തേടുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു തരം സവിശേഷ മനുഷ്യാവസ്ഥയാണത്രെ ഗ്രിഫിത്തിന്റെ അഭിപ്രായത്തിൽ മാനുഷികവൃത്തികളുടെ നിദാനം. ‘മനുഷ്യന്റെ പെരുമാറ്റത്തിന്റെ ഉറവിടം മൃഗീയവാസനകളല്ല, ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് ഈ മനുഷ്യാവസ്ഥയുടെ കാതൽ’ എന്നും അദ്ദേഹം പറയുന്നുവത്രെ! ‘ഹ്യൂമൻ കണ്ടീഷൻ’ എന്ന ഗ്രിഫിത്തിന്റെ പുസ്തകത്തെ മുൻനിറുത്തി , ഇക്കാര്യങ്ങൾ ക്രോഡീകരിച്ച്, എം.കെ.ഹരികുമാർ ദീപികയിലെ ‘പദായനം ‘എന്ന പക്തിയിൽ എഴുതിയത് ഉചിതമായി.
ഹരികുമാറിന് എന്റെ അഭിനന്ദനങ്ങൾ!

‘പദായനങ്ങൾ’ ഈ ലക്കംവായിച്ചു.
എഴുത്തും വായനയും തമ്മിലുള്ള പാരസ്പരികത (Receprocality ) പോലെ പ്രധാനമാണ് എഴുത്തുകാർ തമ്മിലുള്ള സത്യദർശനപരമായ പാരസ്പരികത എന്ന ഹരികുമാറിന്റെ നിരീക്ഷണം കാലിക പ്രസക്തിയുള്ളതാണ്. അസ്ഥിരമായ രാഷ്ട്രീയ നിലപാടുകളിൽ കൂപ്പുകുത്തി തന്റെ വംശത്തെത്തന്നെ പരിഹാസ്യതയുടെ അഴുക്കുചാലിലേയ്ക്ക് തള്ളിയിടുന്ന ചില എഴുത്തുകാരെ പേരു പറയാതെ ഹരികുമാർ വിമർശിക്കുമ്പോൾ ശ്രദ്ധാലുവായ വായനക്കാരന് അതിലെ സൂചനകൾ വ്യക്തമാകും. കവിതയ്ക്ക് മാത്രമല്ല ചില കടുത്ത വിമർശന പാഠങ്ങൾക്കും ഭാഷയുടെ ധ്വനി സിദ്ധികൾ പ്രയോജനപ്പെടുത്താൻ കഴിയുന്നത് ഭാഷയ്ക്കു മേൽ ഭാവനാത്മകമായ ശേഷി ആർജ്ജിച്ച എഴുത്തുകാരന്റെ പ്രഗത്ഭ്യം കൊണ്ടാണ്.
എന്റെ പഴയ വായനയിൽ റിൽക്കേ വന്നിട്ടുണ്ട്. പക്ഷേ, ജോൺ ലന്നൻ വന്നിട്ടില്ല. ജീവിത പ്രചോദനത്തിന്റെ രണ്ട് സ്റോതസ്സുകളെപ്പറ്റിയുള്ള (ഭയം, സ്നേഹം ) ലന്നന്റെ നിരീക്ഷണം അർത്ഥവത്താണ്. അത് പരിചയപ്പെടുത്തിയ എം. കെ. ഹരികുമാറിനും അദ്ദേഹത്തിന്റെ ‘പദായനങ്ങൾ‘ എന്ന ദീപിക പംക്തിയ്ക്കും എന്റെ അഭിവാദനങ്ങൾ!🙏
പ്രൊഫ. വി .എസ് . റെജി,
നാഗപ്പുഴ,