ബലാല്‍സംഗം.
ഒന്നും സംഭവിച്ചില്ല;
സിനിമകളില്‍ എപ്പോഴും സംഭവിക്കുന്ന പോലെ!
മഴയോ, കാറ്റോ, കാടിന്റെ ഒരു രംഗമോ
ഒന്നുമില്ല.
ഉന്മത്തമായ ഭാവനകളെ ജ്വലിപ്പിക്കാന്‍
വാനത്ത് ചന്ദ്രനില്ല,
അരുവിയുടെ നിർഝരിയില്ല,
പുഴയുടെ മര്‍മ്മര ശബ്ദത്തിന്റെ നെടുവീര്‍പ്പില്ല,
വികാരങ്ങളുടെ കൊടുങ്കാറ്റിളക്കാന്
പശ്ചാത്തലത്തില്‍ സംഗീതമില്ല.
മഴയില്‍ കുതിര്‍ന്ന ഒരു ദേവതയുമായിരുന്നില്ല, അവള്.
വെറും ഒരു സ്ത്രീ, ദുര്‍ബല, അബല.
നാലുപേര്‍,
അവര്‍ പുരുഷന്മാരായിരുന്നത് കൊണ്ടു മാത്രം,
അവളെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി
ബലാല്‍സംഗം ചെയ്തു.
കവിത
എന്റെ ഹൃദയത്തില്‍
അകപ്പെട്ടിരിക്കുന്നു, ഒരു കവിത.
എന്റെ അധരങ്ങളില്‍ ഒട്ടി നില്ക്കുന്നു
അതിന്റെ വരികള്‍.
കടലാസില്‍ ഇരിക്കാന്‍ വിസമ്മതിക്കുന്നു,
വാക്കുകള്‍.
അവ ചുറ്റും പറക്കുന്നു,
ചിത്രശലഭങ്ങളെപ്പോലെ.
ഒരു വെള്ള കടലാസില്‍ നിന്റെ പേരെഴുതാന്‍,
എന്റെ പ്രിയേ,
ഞാനീ കാത്തിരിപ്പ് തുടങ്ങിയിട്ട്
ഏറെ നേരമായി.
നിന്റെ പേര് മാത്രം മതി, പൂര്‍ത്തിയാകാന്‍.
എവിടെയുണ്ടാകാനാണ്
ഇതിലും നല്ല കവിത.
