ഇരുട്ടിൽ നിന്നും പ്രകാശത്തിന്റെ തീകടഞ്ഞ്,
ബോധിവൃക്ഷത്തിന്റെ തണലു തേടി
ഗീതോപദേശത്തിന്റെ സുദർശന ചക്രം ചുഴറ്റി, സഹനത്തിന്റെമരക്കുരിശ്ശേറി ,
പ്രവാചകരായി
ഒരു ജനതയെ നയിച്ച് ,
മണ്ണിൽകുരുത്തദൈവങ്ങൾ
സദ്ചിന്തകളുടെ വിത്തുകൾ പാകി.
ഇഴപിരിച്ചു വ്യാഖ്യാനിച്ചു ഇന്നിന്റെ ചിന്തകരതിൽ,
കാളകൂടത്തിന്റെ സമസ്ഥ സാധ്യതകളും തിരുകി.
ബുദ്ധപ്രതിമയുടെ കഴുത്തിൽ തോക്ക് ചൂണ്ടി.
പ്രണരക്ഷാർത്ഥം പാഞ്ഞ ജന്മങ്ങളുടെ നെറുകയിൽ തുളകളിട്ട്,
ഉന്മത്തതയുടെ,ഉത്തുംഗശൃംഗങ്ങൾതാണ്ടി.
എഴുതിവച്ച തത്വ ശാസ്ത്രങ്ങൾ
കാറ്റിൽ പറത്തി അട്ടഹസിച്ചു.
ഭീകരത കണ്ണുകളിലാവാഹിച്ചു
ഗർഭപാത്രങ്ങളിൽ
ഉരുക്കിയൊഴിച്ചുനാളെയുടെ ചാവേറുകളെ സൃഷ്ടിച്ചു.
പൂക്കാത്തചെടികളെഞെരിച്ചമർത്തി.
തുടർ പരമ്പരകളെ ശപിച്ചു പെറ്റ
മാതൃത്വം
സഹനത്തിന്റെപര്യായമായി.
പ്രത്യാശയുടെതിരിവെട്ടമേൽക്കാത്തഇരുട്ടറകളിൽ,
രക്ഷയ്ക്കായുയരുന്ന കൈകളിൽ,
മിന്നുന്നവാൾത്തലകൾതാണ്ഡവമാടി,
ചുടലത്തീയെറിഞ്ഞുപകിടയുരുട്ടി.
ബോധി വൃക്ഷത്തിന്റെ തണലിൽ
ഇനിയൊരു ബുദ്ധനില്ല .
പീഡന പർവങ്ങളിൽ താങ്ങാവാൻ
ഇനിയൊരു ഈശോയില്ല,
ഇരുപത്തി ഏഴാം രാവിന്റെ പുണ്യം പേറിയ, മസ്ജിദുകൾ ശൂന്യമായി. അഗ്നിവർഷിച്ചു കാത്തിരിക്കുന്ന
ആയുധപ്പുരകളിലേക്ക്,
തീ തുപ്പുന്ന തലച്ചോറുകളിൽ, സാന്ത്വന വാഹകരായി
സ്വാർത്ഥതയില്ലാത്ത, അഗതികൾക്ക് ആശ്രയമായ
ഇനിയേത് ഗുരുവുണരും.