ഗീത മുന്നൂർക്കോടിൻ്റെ കവിതകൾ

സാക്ഷ്യങ്ങളുടെ മൊഴിമാറ്റം

മുറിവേറ്റ കാതലേ
നിന്റെ കുത്തൊഴുക്ക്
ഉപ്പിൽച്ചുവന്നതോ…

കരൾ പൊട്ടിയ
തെന്നലേ
തെരുവോരം ചേർന്ന്
വിയർക്കാനും വേണ്ടിയോ
നിന്റെയീ കാത്തിരിപ്പ്…

അനുകമ്പയിടം കൊള്ളും
മനസ്സുകളേ
തെളിവുശിഷ്ടങ്ങളിൽ
കണ്ടേക്കും സെൽഫികൾ
പ്രതിക്കൂട്ടിലകപ്പെടുത്തും

എല്ലാം ശരിയാകുമെന്ന
ഒരു വ്യഗ്രത
വ്യഥകളിൽ
ചുറ്റിപ്പറ്റി മന്ത്രിക്കുമ്പോഴും

ഒന്നിലും
ഒന്നിനു വേണ്ടിയും
ഒതുങ്ങാത്ത
കാലത്തിലേക്ക്
സത്യത്തിന്റെ മുഖം
ഞണുങ്ങിക്കോടി
പാളിപ്പൊളിഞ്ഞേക്കും

പിന്നീട്
ഒന്നും ഗ്രഹിക്കാനായില്ലെന്ന
ശിശുവായൊരു
തൊണ്ണുചിരിയിൽ
അർത്ഥങ്ങൾ
നിലവഴുതി
നിലച്ചേ പോകും…

മടുത്തുപോകുന്നെന്നെ

തോന്ന്യാശയങ്ങൾ വന്നു തോണ്ടി
തോന്ന്യാക്ഷരികളായി
കിറുക്കുമൂക്കുമ്പോൾ

കാഴ്ചകളെയലിയിക്കാനുള്ള
കൺതിളക്കം
ശൂന്യാകാശത്തിന്റെ മേൽക്കൂരയിൽ
തട്ടിയുടയുമ്പോൾ

ഉപ്പും പുളിയും
എരിമധുരങ്ങളും
രുചിയില്ലാസങ്കേതങ്ങളാക്കി
ഉമിനീരുറവയടയുമ്പോൾ

തലയും ത്വരകളും
നാരും നഖങ്ങളും
പൊട്ടിപ്പൊടിഞ്ഞ്
കത്താതെയാളിപ്പടരുമ്പോൾ

നേരമ്പോക്കുകൾക്ക്
നിൽക്കാൻ
നേരമില്ലാത്ത നാട്യങ്ങൾ
ഇടവിടാതെ
നിറങ്ങൾ മാറ്റി
ത്വചയുടുക്കുമ്പോൾ

അലസതയിലേക്ക്
മലക്കംമറിഞ്ഞ്
ഉണർവ്വുകളൊന്നോടെ
മോഹാലസ്യപ്പെടുമ്പോൾ

ഉവ്വ്
സത്യമായും
എനിക്കെന്നെ മടുക്കുന്നു…

പ്രതിസന്ധി
കടലിരമ്പി വരുന്നെന്നുള്ളിലേയ്ക്ക്
ഓടിയകലണോ
കൂടെയൊഴുകണോ
ഒന്നോർക്കും മുമ്പേ
ഒഴുക്കിലേക്കു
തെന്നിവഴുതി…

കാറ്റീണം പാടി വീശുന്നെന്നുള്ളില്‍
കാതോര്ക്കണോ
ഒത്തു മൂളണോ
തീർപ്പാക്കും മുമ്പ്
കാതോല തുളക്കുന്നു
കൊടും ഗർജ്ജനം

മര്‍ദ്ദിക്കുേമ്പോൾ ശിരസ്സില്‍ മഴക്കോളുകള്‍
തണല്‍ തേടണോ
അകം പുറമൊന്നായ്
നനയണോ
ഒരുങ്ങിയതില്ല ഞാനതിൻ മുന്നേ
പ്രളയദു:ഖത്തിൻ
പെരും കോളിലുലയുന്നു.

കദനമുരുള്‍പൊട്ടി
പിന്‍തുരത്തുന്നുണ്ടെന്നെ
വഴിമാറി മറുവശം തീണ്ടണോ
ഉരുണ്ടതിന്‍ കൂടെ നിലം പൊത്തും വേപഥു…
ശ്വാസം പൊട്ടിച്ചുടഞ്ഞുപോ-
കുന്നെന്നസ്തിത്വം…

കാട്ടുതീപോല്‍ വിപത്തുകള്‍ പടരുന്നു
ചെറുനാളമായകന്ന് ജ്വലിക്കുവതെങ്ങനെ ?
പൊരിഞ്ഞെരിഞ്ഞു
കരിന്തിരികണ്ണും നീട്ടി
വലഞ്ഞുതീരുന്നു ഞാൻ…

ഞാനെത്തിയപ്പോൾ

പൊട്ടിച്ചിരികളൊന്നിച്ച്
വായും പൊത്തി
എങ്ങോ ഓടിമറഞ്ഞു…

കുശുകുശുപ്പുകൾ ചിലത്
എന്നെയൊന്ന് മുട്ടിയുരുമ്മി
പുറം ചൊറിയാനെന്ന പോലൊന്നു മടിച്ച്
ഇഴഞ്ഞിഴഞ്ഞകന്നു…

ഓ…ന്ന് തട്ടി മാറ്റിയ
എന്നെയൊന്നാഞ്ഞുവീശാൻ
ഒരു തേനീച്ചക്കൂട്ടം
ഒന്നിച്ചൊന്നു മുരണ്ടു…

അടക്കിപ്പിടിച്ച്
അപവാദക്കരടുകൾ
ചിലരെയൊക്കെ
ഇക്കിളിപ്പെടുത്തിക്കൊണ്ട്
പറന്നു നടന്നിരുന്നു…

സഡ്ഡൻബ്രേക്കിട്ട് നിർത്തിയ
ചില്ലറക്കഥകൾക്ക്
ശ്വാസവായു കിട്ടാഞ്ഞ്
വിമ്മിട്ടം…

ഒരു മന്ദസ്മിതത്തിന്റെ താങ്ങിൽ
പിടിക്കപ്പെടും പോലെ
വെളുത്തുമഞ്ഞളിച്ച്
ചില ചിരികൾ
അവിടവിടെ
ഒട്ടി നിന്നിരുന്നു…

ഹോ !
എന്റെ വരവിൽ ഇത്രമാത്രം
എന്താണുള്ളത്…?

വാക്കെയ്ത്ത്, വിപ്ലവപ്പെയ്ത്ത്
വാക്കെടുക്കുക
നാക്കിലേറ്റുക
തുക്കിവേണമേറ്
ലാക്കുനോക്കിയേറ്.

വാക്കുകൾക്കു നിർലോഭം
തടവിയിടാം മിനുക്കുകൾ
ലക്ഷ്യബോധമൂതിനീറ്റി
കർമ്മാഗ്നിയാളണം

നോക്കിനറ്റം തീപ്പൂക്കൾ
പൂത്തുലഞ്ഞ വാക്കെയ്ത്തിൽ

കറുത്തുവിങ്ങി വിക്കിനൊന്ത്
നിറഞ്ഞുനീറി ഘനമുറഞ്ഞ്
ഇഴമുറിയാതിടവിടാത്ത
ക്ഷുഭ്ധവാക്കിൻ ശരമഴയിൽ

രക്തമാംസദാഹങ്ങൾ
രതികൊള്ളും വീശലിനെ
കാൽച്ചവിട്ടിലിടിച്ചിടാൻ
പ്രൗഢമെന്നാഢ്യമെന്ന
നീണ്ടുവരും ചാട്ടകളെ
തട്ടിയെറിയണം,
വാക്കാൽ മുട്ടൊടിക്കണം

തീയുണ്ട തീതുപ്പി
ചീറ്റിവരും കോളിൻ്റെ
വഴി തടയാനൂക്കിൻ്റെ
പരിചയാകണം.

പ്രളയമൊഴുകട്ടെയിനി
വാങ് വിപ്ലവങ്ങൾ
കൊടിപറത്തട്ടെ.

You can share this post!