
അതൊരു വലിയ പൂമരം ആയിരുന്നു.
ഇളം കാറ്റില്‍ ഹൈവേയിലേക്ക് കടും ചുവപ്പ് പുഷ്പങ്ങള്‍ പാറി വീണുകൊണ്ടിരുന്നു.
ഓ.. അപ്പോള്‍ ഇതാണ് സുന്ദര്‍ രാജന്‍ പറഞ്ഞ സവിശേഷ വൃക്ഷം.
സിങ്കപ്പൂരിലെ ലാ മരീനാ ഹോട്ടലില്‍ ലോണില്‍ ഇരിക്കുമ്പോളാണ് അയാള്‍ ആദ്യമായി
ഇത്തരം ഒരു മരം കാണുന്നത്. ഇതിനു പല മുഖങ്ങള്‍ ഉണ്ടത്രേ. ഇളം പച്ച തളിരിലക്കാലം.
കരിമ്പച്ച മുതിര്‍ന്നിലകളുടെ കാലം. ശിശിര നഗ്നതയുടെ കാലം. പിന്നെ ഇലകളേതുമില്ലാതെ
ചുവന്ന പുഷ്പങ്ങള്‍ മാത്രം പേറുന്ന നിറവസന്തം..
തെരുവിലൂടെ പ്രഭാത സവാരിക്ക് പോകുന്ന പുരുഷന്മാരെല്ലാം പൂവും തളിരുമില്ലാതെ നഗ്നത പുതച്ചു നില്‍ക്കുന്ന
ആ വൃക്ഷത്തെ പ്രണയപൂര്‍വ്വം നോക്കി നില്‍ക്കുന്നത് അയാള്‍ പലകുറി ശ്രദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി പരിചയപ്പെട്ട ഫിലിപ്പൈന്‍കാരി റിസപ്ഷനിസ്റ്റ് കരീറ്റക്കും ഈ മരത്തിനും ഒരേ നിറമാണെന്നും
അയാള്‍ കൌതുക പൂര്‍വ്വം നിരീക്ഷിച്ചു. ഇത്തരം ഒരു മരത്തിന്റെ മാര്‍ക്കറ്റബിലിറ്റി അയാള്‍ പെട്ടെന്ന്
തിരിച്ചറിഞ്ഞു. അന്ന് തന്നെ അതിന്റെ കുറച്ചു തൈകളും വിത്തുകളും സംഘടിപ്പിച്ചാണ് അയാള്‍ ഇന്ത്യയിലേക്ക്
മടങ്ങിയത്.
ഇത് സുന്ദര്‍ രാജന്‍ പത്തു കൊല്ലം മുന്‍പ് പറഞ്ഞത്…
കുട നിവര്‍ത്തി ഗോവിന്ദൻനമ്പ്യാര്‍ ‘ ഗുരുദേവ് മാള്‍’ എന്ന് തലക്കെട്ടുള്ള ആ വലിയ കോംപ്ലക്സിലേക്ക് പ്രവേശിച്ചു.
സുന്ദര്‍ രാജന്‍ ഇനിയും വന്നില്ലല്ലോ.ഒപ്പം ജോലി ചെയ്തിരുന്ന കാലത്തേ അയാള്‍ അതിവിനയനും വാചാലനും ആയിരുന്നു.
മധ്യ തിരുവിതാംകൂറില്‍ ഒരു ഹോട്ടലും കുറച്ചു കടകളും ഒപ്പിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇത്രയൊന്നും സങ്കല്‌പിക്കാന്‍
കഴിഞ്ഞില്ല. വലിയൊരു ഷോപ്പിംഗ് മാളും തൊട്ടുരുമ്മി നില്‍ക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലും.
ഗോവിന്ദന്‍ നമ്പ്യാര്‍ തെല്ലു കുനിഞ്ഞ് സ്വന്തം വസ്ത്രങ്ങളിലേക്ക് ഒന്ന് പാളി നോക്കി.
അപ്പോള്‍ അയാളുടെ രൂപം മതില്കെട്ടിലെ മാര്‍ബിള്‍ പാളിയില്‍ നന്നേ തെളിയുന്നുണ്ടായിരുന്നു.
ഒറ്റ മുണ്ടും ഇളം നീല മുറിക്കയ്യന്‍ ഷര്‍ട്ടും കയ്യില്‍ ഒറ്റച്ചെവിയുള്ള ഒരു കൊച്ചു തുകല്‍ ബാഗും.
ഗേറ്റ് കടന്നതും തെല്ലും ശബ്ദമില്ലാതെ ആകാശ നിറമുള്ള ഒരു വലിയ കാര്‍ നമ്പ്യാരുടെ മുന്നില്‍ നിരങ്ങി നിന്നു.
കറുത്ത സണ്‍ ഗ്ലാസ്സും അലക്കി നിവര്‍ത്തിയ വെളുത്ത ഖാദിയും ധരിച്ച സുന്ദര്‍ രാജന്‍ തൊഴുകൈയ്യോടെ
ഇറങ്ങി വന്നു. നമ്പ്യാരുടെ പഴയ ‘കറുത്ത പട്ടര്‍’ ഇപ്പോള്‍ ചുവന്നു തുടുത്തു കൂടുതല്‍ ചെറുപ്പമായിരിക്കുന്നു.
അയാള്‍ കാറില്‍ നിന്നിറങ്ങിയതും, ബ്രൌണ്‍ കൊട്ടും സ്കര്‍ട്ടും സുതാര്യമായ സ്റ്റൊക്കിംഗ്സും ധരിച്ച
ഒരു പെണ്‍കുട്ടി വന്നു ‘നമസ്തേ ‘ എന്ന് തല കുനിച്ചു.
അയാള്‍ പറഞ്ഞു ” ഇത് നമ്പ്യാര്‍ സര്‍ … ഹീ ഈസ് എ ഫാദെര്‍ലി ഫിഗര്‍ ഫോര്‍ മീ”
പൊടുന്നനെ അവളുടെ കണ്ണിൽ കരുതി വച്ചിരുന്ന പ്രണയത്തിന്റെ നീല വെളിച്ചം അണഞ്ഞു.
പകരം അവള്‍ അവിടെ ആര്‍ദ്രതയുടെ തിരി കൊളുത്തി.
“സര്‍…” പെണ്‍കുട്ടി അയാളെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് നയിച്ചു.
പൂര്‍ണ്ണമായും കണ്ണാടിച്ചുവരുകളുള്ള ഒരു വലിയ ഹാള്‍.
പ്രവേശന കവാടത്തില്‍ കൈകൂപ്പി നില്‍ക്കുന്ന ലൈവ് സൈസ് മഹാത്മജി..
“ആർനോൾഡ് മക്കെന്‍ലിയുടെ നിര്‍മ്മിതി ആണ്.. മിലേനിയം കലക്ഷന്സില്‍ നിന്നും ഇരുപത് ലക്ഷം കൊടുത്ത് വാങ്ങിയത് “
ഇപ്പോള്‍ ഈ ശില്പത്തിന് എഴുപതു ലക്ഷമാണ് മോഹ വില..” സുന്ദര്‍ രാജന്‍ ഗാന്ധിജിയുടെ തോളില്‍ മെല്ലെ തലോടി.
വിഭജന കാലത്ത് ഗാന്ധിജിയുടെ കയ്യില്‍ ഈ തുകയുണ്ടായിരുന്നെങ്കിൽ ഇന്ത്യാ ചരിത്രം തന്നെ എന്താകുമായിരുന്നു എന്നോര്‍ക്കുകയായിരുന്നു ഗോവിന്ദന്‍ നമ്പ്യാര്‍..
“ഇനിയും ചില ഗാന്ധിച്ചിത്രങ്ങള്‍ കൂടി ഞാന്‍ ഓർഡര്‍ ചെയ്തിട്ടുണ്ട്..”
“ജീവസ്സുറ്റ ചിത്രം” നമ്പ്യാര്‍ അറിയാതെ കൈ കൂപ്പി നിന്നു പോയി.
“സര്‍… ഈ ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്ക് ഒരു വലിയ കുഴപ്പമുണ്ട്..ഗാന്ധിജിയെയും അംബേദ് കറെയും ഗുരുവിനെയുമൊക്കെ
അവര്‍ വല്ലാതെ വെളുപ്പിച്ചു സുന്ദരന്മാരാക്കിക്കളയും “.
മുകളില്‍ കണ്ണ് ചിമ്മുന്ന ഇലക്ട്രോണിക് തലവാചകം.
“ഗാന്ധി ചിക്കന്‍സ്”
സുന്ദര്‍ രാജന്‍ തുടരുന്നു ” ഗാന്ധിജിയുടെ അര്‍ദ്ധനഗ്നത തന്നെയാണ് അദ്ദേഹത്തെ എന്നും നമ്മളില്‍ ഒരാള്‍ എന്ന നിലയില്‍
ജനകീയനാക്കി നിര്‍ത്തുന്നത്. വസ്ത്ര നിരാസവും ഒരു പ്രതിക്രിയ ആണെന്ന് അദ്ദേഹം തന്നെയല്ലേ നമ്മെ പഠിപ്പിച്ചത്?”
സുന്ദര്‍ രാജന്റെ പുത്തന്‍ ചരിത്ര വീക്ഷണങ്ങള്‍ നമ്പ്യാര്‍ക്ക് തീരെ പിടി കിട്ടിയില്ല.
ഉള്ളിലേക്ക് കടന്നതും നമ്പ്യാര്‍ക്ക് തല ചുറ്റുന്ന പോലെ തോന്നി.
ചുറ്റും ചുവരില്‍ പതിച്ച ഒരു നൂറു മുഖക്കണ്ണാടികളില്‍ സ്വന്തം രൂപങ്ങള്‍. ഓരോന്നിനും തമ്മില്‍ ഉയരത്തിലും വണ്ണത്തിലും
നേരിയ വ്യത്യാസം ഉണ്ട്. അവയില്‍ ഒരു നിഴല്‍ താന്‍ ആഗ്രഹിക്കും വിധം സുന്ദരവും ചെറുപ്പവും ആണെന്ന് നമ്പ്യാര്‍ കണ്ടെത്തി.
“കം ദിസ് വേ സര്‍..” പെണ്‍കുട്ടി നമ്പ്യാരുടെ കൈ പിടിച്ചു. അടുത്ത മുറിയില്‍
ശീതീകരിച്ച കണ്ണാടി ക്കൂടുകളില്‍ തുല്യ അകലം പാലിച്ചു നിരത്തിയിരിക്കുന്ന
തൊലി ഉരിച്ച കോഴികള്‍.. നന്നേ ശുദ്ധീകരിച്ചു നിരത്തിവെച്ച മനുഷ്യ ഹൃദയങ്ങള്‍ പോലെ…
ഏതോ പാഠപുസ്തകങ്ങളില്‍ കണ്ട ലക്ഷണമൊത്ത മനുഷ്യഭ്രൂണം പോലെയും നമ്പ്യാര്‍ക്ക് അനുഭവപ്പെട്ടു.
കടുത്ത സസ്യഭുക്കായിരുന്നിട്ടും നമ്പ്യാര്‍ക്ക് അറപ്പ് തോന്നിയില്ല.
അത്രയ്ക്ക് സുഖശീതളം ആയിരുന്നു ആ മുറിയിലെ പനിനീര്‍ ഗന്ധം.
“ഇതെന്താ…കോഴികള്‍ക്കും പേരുകളോ..?” കീശയില്‍ നിന്നും കണ്ണട ഊരിക്കൊണ്ട് നമ്പ്യാര്‍ ചോദിച്ചു.
” അല്ല സര്‍..അവയൊക്കെ നമ്പര്‍ ടാഗുകള്‍ ആണ്. ഒരാള്‍ ഇതില്‍ നിന്നും ഒരു കോഴിയെ തെരഞ്ഞെടുക്കുന്നതില്‍ പോലും
അയാളുടെ ലൈംഗികമായ ആഭിമുഖ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.” തോലിയുരിച്ച കോഴിയും ലൈംഗികതയുള്ള
പാരസ്പര്യം നമ്പ്യാര്‍ക്ക് തീരെ മനസ്സിലായില്ല. അടുത്ത മുറിയില്‍ നിറയെ അക്വേറിയങ്ങള്‍. ഇത്ര വിശാലമായ
കണ്ണാടിപ്പാത്രങ്ങളും അതില്‍ ഇത്ര വലിയ മത്സ്യങ്ങളും നമ്പ്യാര്‍ എവിടെയും കണ്ടിട്ടില്ല. ഉയരം കൂടിയ
മറ്റൊരു കണ്ണാടി തൂണിനുള്ളില്‍ കൃത്രിമ ജലധാരക്ക് താഴെ ഞണ്ടുകള്‍ ഇഴഞ്ഞു കളിക്കുന്നു. എല്ലാ ജലജീവികളുടെയും
മുതുകില്‍ അക്കങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്.
പെണ്‍കുട്ടി നമ്പ്യാരുടെ കൈവിരലുകളിലൂടെ കാമം കടത്തി വിട്ടുകൊണ്ടിരുന്നു. സുന്ദര്‍ രാജന്‍ തെല്ലൊന്നു മാറിയപ്പോള്‍
അവള്‍ നമ്പ്യാരുടെ തൂവെള്ള മുടിയിഴകളെ ഒന്ന് തലോടുക പോലും ചെയ്തു. “ബ്യൂട്ടിഫുള്‍ ഹെയര്‍..” ഇക്കുറി നമ്പ്യാര്‍
ശരിക്കും ഞെട്ടി. മുപ്പത്തി ആറാം വയസ്സിലേ തല ഇങ്ങനെ തൂവെണ്ണ പോലെ വെളുത്തതാണ്. ഇന്നോളം കറുപ്പു പുരട്ടിയിട്ടില്ല.
അവളുടെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ നെഞ്ചിലേക്ക് തല ചായ്ച്ച് ക്ഷീണിച്ച ശബ്ദത്തില്‍
സുമതി പറഞ്ഞതോര്‍ത്തു. ” എന്റെ കുട്ടി നല്ല നെലേലായി..ഇനി എനിക്ക് ഒരു മോഹേ ള്ളൂ ഈ ചപ്രത്തലയും ചെറിയമീശേം
ഒന്ന് കറപ്പിച്ചു കാണണം… ഈ നര പോയാല്‍ ഇന്നും മുപ്പതേ പറയൂ “. അവളുടെ വിളറിയ ചിരിയില്‍ തിളങ്ങിയ മോഹം
നടത്താന്‍ ഉറച്ചതാണ്. പക്ഷെ അന്ന് രാത്രി തന്നെ മങ്ങിയ കണ്ണുകളില്‍ കണ്ണീരും കറുപ്പും നിറച്ച് അവള്‍ യാത്രയായല്ലോ.
അന്ന് രാത്രിയില്‍ ഡയറിയില്‍ കോറിയിട്ടു. മരണാനന്തര ചടങ്ങുകള്‍ ഒന്നും വേണ്ടാ.പക്ഷെ സുമതിയുടെ വലം ചിതയിലേക്ക്
പോകും മുമ്പ് ഈ മീശയും മുടിയും കറപ്പിക്കണം
” സര്‍.. ഇതാണ് പ്രിന്‍സ് ചാള്‍സും ഡയാനയും ആദ്യ രാത്രിയില്‍ രുചിച്ച മദ്യം…” നിരവധി ലോകോത്തര മദ്യങ്ങളുടെ ശേഖരം.
അവയ്ക്കിടയില്‍ ശ്രീകോവില്‍ പോലെയുള്ള സ്ഥലത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന കമ്പ്യൂട്ടറിന് മുന്നില്‍ അവള്‍ അയാളെ പിടിച്ചിരുത്തി.
അയാളുടെ മുതുകില്‍ ഉരസി നിന്നുകൊണ്ട് തോളിന്‍ മുകളിലൂടെ കൈയ്യിട്ടു അവള്‍ മൌസ് ചലിപ്പിച്ചു. സ്ക്രീനില്‍ തെളിഞ്ഞ ആദ്യ
ചിത്രത്തില്‍ തന്നെ അവിടെയുള്ള ജലജീവികള്‍ മുഴുവനും ഒരു കുടുംബ ചിത്രത്തില്‍ എന്ന പോലെ തെളിഞ്ഞു. അക്കങ്ങളുടെ ക്രമത്തില്‍.
അടുത്തതില്‍ നമ്പര്‍ ടൈ തൂക്കിയ തൂവലില്ലാത്ത കോഴികള്‍… വിവിധ മദ്യക്കുപ്പികള്‍… കായിക താരങ്ങളെ പോലെയുള്ള യുവാക്കള്‍…
ഒടുവിലത്തെ ചിത്രത്തില്‍ അക്കങ്ങള്‍ മാത്രം ധരിച്ച നിരവധി മാദക സുന്ദരിമാര്‍….
“വാട്ട്..?” നമ്പ്യാര്‍ അതിശയിച്ചു.
“ഇങ്ങനെയും ചില സംവിധാനങ്ങള്‍ ഇവിടെ ഉണ്ട്… സ്ക്രീനില്‍ ഒരു വിരല്‍ സ്പര്‍ശമേ വേണ്ടൂ ഇരയുടെ മുഴുവന്‍ വിവരങ്ങളും
താങ്കള്‍ക്കു ലഭിക്കും. ..വര്‍ഗ്ഗം…നിറം…തൂക്കം.. സ്പെഷ്യാലിറ്റി.. ഉപഭോക്താക്കളുടെ താത്പര്യം ഏറ്റുവാങ്ങി അവർ…”
സുന്ദര്‍ രാജന്‍ കടന്നു വന്നു.”എനിക്കല്പം സംസാരിക്കാനുണ്ട് അങ്ങയോട്..”
“സാർ ഇന്ന് എന്റെ അതിഥി ആകണം”
നമ്പ്യാര്‍ പ്രതിരോധിച്ചു. “സുമതിക്ക് വിളക്ക് വയ്ക്കാന്‍ മറ്റാരും ഇല്ല”
“തടസ്സം പറയരുത് സര്‍..” നമ്പ്യാരുടെ ഒതുങ്ങിയ ചിരി സമ്മതമായി സ്വീകരിച്ചു അയാള്‍ രംഗമൊഴിഞ്ഞു.
പെണ്‍കുട്ടി ക്ഷണിക്കുന്നു മുകള്‍ മുറിയിലേക്ക്. എലിവേറ്ററില്‍ രണ്ടുപേരും മാത്രമായപ്പോള്‍ അവള്‍ അയാളെ
കടന്നു പിടിച്ചു ഗാഢമായി ചുംബിച്ചു . അപ്പോള്‍ വാര്‍ധക്യം തന്നില്‍ നിന്നും എത്രയോ ദൂരെയാണെന്നു നമ്പ്യാർ തിരിച്ചറിഞ്ഞു.
ഡെവിൾ സോണ്‍ പതിമൂന്നാം നമ്പര്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ അവളോടൊപ്പം നിവര്‍ന്നു കിടക്കുമ്പോള്‍ അയാള്‍ പഴയ ഗോവിന്ദൻ നമ്പ്യാരെ ഏറെക്കുറേ
മറന്നു കഴിഞ്ഞിരുന്നു.
വെളുത്ത കരീബിയന്‍ ടവല്‍ ചുറ്റി പുറത്തു വന്നപ്പോള്‍ അയാള്‍ക്കൊരു കുസൃതി തോന്നി. സ്ക്രീനില്‍ തെളിഞ്ഞു കത്തുന്ന നിരവധി
പെണ്ണുടലുകളില്‍ ഒന്നിലേക്ക് അയാളുടെ വിരല്‍ നീണ്ടു. നിമിഷങ്ങള്‍ക്കകം അവള്‍ പതിമൂന്നാം നമ്പറിന്റെ പടി വാതില്‍ക്കല്‍….!
“ഞാന്‍ എപ്പോള്‍ വരണം സര്‍?”
“രാത്രി” വിറയല്‍ ഒതുക്കി അയാള്‍ മന്ത്രിച്ചു.
നമ്പ്യാര്‍ക്കുള്ള വില കൂടിയ വസ്ത്രങ്ങളുമായി ബയറര്‍ കടന്നു വന്നു. പിന്നാലെ സുന്ദര്‍ രാജനും.
” സര്‍ ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം..ഉത്തരം എന്തായാലും അങ്ങയോടുള്ള സമീപനത്തിന് തെല്ലും
മാറ്റമുണ്ടാകില്ല.” ആശങ്കയോടെ നമ്പ്യാര്‍ കാതു കൂര്‍പ്പിച്ചു.
“സര്‍ അങ്ങ് എക്കാലത്തും എന്റെ റോള്‍മോഡല്‍ ആയിരുന്നു.അങ്ങയെ പോലെ സത്യസന്ധനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ .,..
നന്മ നിറഞ്ഞ മനുഷ്യനെ ഇനിയും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ജോലി പോയത് താങ്കള്‍ മൂലം ആണെങ്കിലും…”
അപ്പോള്‍ ഇയ്യാള്‍ ഇതൊന്നും മറന്നിട്ടില്ല.
പണ്ട് മലപ്പുറത്ത് താസില്‍ദാര്‍ ആയിരുന്ന കാലം. കോളിളക്കമുണ്ടാക്കിയ
ഭൂമി തട്ടിപ്പ് കേസ്സില്‍ യു.ഡി ക്ലാര്‍ക്ക് സുന്ദര്‍ രാജന്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍. ഡിപ്പാര്‍ട്ട്മെന്റല്‍ അന്വേഷണം ഉറപ്പായപ്പോള്‍
അയാള്‍ കേണപേക്ഷിച്ച്ചു ” സഹപാഠിയായ വകുപ്പ് മന്ത്രിയോട് സര്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി.. ഞാന്‍ രക്ഷപ്പെടും..
അതിനായി താങ്കളുടെ അടിമയാകാനും തയ്യാര്‍” ഒന്നും ആലോചിച്ചില്ല. ഒരു സൌജന്യം എന്ന നിലയില്‍ രാജി വയ്ക്കുവാന്‍ നിര്‍ദേശിച്ചു.
അയാള്‍ അത് തന്നെ ചെയ്തു. ഇത്ര നല്ല മനുഷ്യനാണ് എന്നറിഞ്ഞെങ്കില്‍ ആദര്‍ശത്തില്‍ അല്പം മായം കലർത്താമായിരുന്നു.
സ്വന്തം നേട്ടത്തിനല്ലല്ലോ….
“പക്ഷേ താങ്കളെ ഞാന്‍ ഇപ്പോള്‍ ക്ഷണിച്ചത് ഈ ആദരവു കൊണ്ട് മാത്രമല്ല. താങ്കള്‍ക്കു അത്ഭുതകരമായ ഒരു മാര്‍ക്കറ്റബിലിറ്റി ഉണ്ട്.
ഒരിക്കലും കറുപ്പിക്കാത്ത മുടി.. നുണ പറയാത്ത മാംസം രുചിക്കാത്ത ബ്രഹ്മചാരിയായ നാവ്.. മുറുക്കാന്‍ ചുവപ്പും പുകയിലക്കറുപ്പും
മദ്യച്ചവര്‍പ്പും സ്പര്‍ശിക്കാത്ത ചുണ്ടുകള്‍.. കൈക്കൂലി വാങ്ങാത്ത വിരലുകള്‍.
ഒരു പെണ്ണിനെ മാത്രം പ്രണയിച്ച കണ്ണുകള്‍.. മഹാത്മജിക്ക് ശേഷം ഇതുപോലോരാള്‍ പിറന്നിട്ടുണ്ടോ..സര്‍..?
ഇനിയുള്ള കാലം എങ്കിലും അങ്ങ് ജീവിതം ആഘോഷിഷമാക്കി കഴിയണം….”
“പക്ഷെ എന്താണീ മാര്‍ക്കറ്റബിലിറ്റി ..?” അതായിരുന്നു നമ്പ്യാരുടെ സംശയം.
” പറയാം സര്‍… നാളെ അങ്ങയുടെ മുറിയില്‍ ഒരു ഇറ്റാലിയന്‍ ഹെയര്‍ ഡ്രെസ്സര്‍ എത്തും. അയാള്‍ അങ്ങയുടെ രൂപം
ആകെ മാറ്റി മറിക്കും. ഗാന്ധിയെ ഗോഡ്സെ ആക്കാന്‍ കഴിവുള്ളവന്‍. അങ്ങയെ പതിനേഴു രൂപത്തില്‍ പ്രസന്റ് ചെയ്യാം എന്നാണ്
ചിത്രം നോക്കി അയാള്‍ പറയുന്നത്. അപ്പോള്‍ താങ്കള്‍ ഇന്ന് തന്നെ ഗുരുദേവ് ഹെറിറ്റേജിന്റെ കോൺട്രാക്ടില്‍ ഒപ്പ് വെക്കുകയല്ലേ..? “
“ഈ വൃദ്ധനോ…? “
“ബച്ചനും യേശുദാസും പല സൂപ്പര്‍ താരങ്ങളും അങ്ങയുടെ ഏജ് ഗ്രൂപ്പില്‍ പെടുന്നവരാണ്. എലിസബത്ത് ടൈലര്‍
ജീവിതാന്ത്യം വരെ പ്രണയക്കുരുക്കില്‍ ആയിരുന്നില്ലേ ..?”
“പക്ഷെ അവരൊക്കെ സെലിബ്രിറ്റീസ് അല്ലേ..?”
“ഫെവിക്കൊൾ പരസ്യത്തിൽ, ചൂണ്ടയിടുന്ന ഒരു വൃദ്ധനെ കണ്ടിട്ടില്ലേ? അയാള്‍ എത്ര വേഗമാണ് സൂപ്പര്‍ മോഡല്‍ ആയത് !!”
നമ്പ്യാരുടെ ചുണ്ടുകളിലേക്ക് ഒരു നേര്‍ത്ത പുഞ്ചിരി പടര്‍ന്നു കയറി…
“കൂട്ടത്തില്‍ മറ്റൊന്ന് കൂടി..അങ്ങയുടെ ആ പഴയ നാലുകെട്ടും ആറേക്കറും അമ്മ പോയതോടെ അനാധമായില്ലേ..? പെറ്റമ്മ പോയിട്ടും
ടെക്സാസിലെ നൈറ്റ് ക്ലബ്ബുകളില്‍ പാറി നടക്കുന്ന ശരത് ഒരു സന്ദേശം പോലും അയച്ചില്ല.. പോരെങ്കില്‍ അയാള്‍ക്ക് ഗ്രീന്‍ കാര്‍ഡും കിട്ടി…”
തന്റെ സ്വകാര്യ ദുഃഖങ്ങള്‍ പോലും ഇയ്യാള്‍ അറിയുന്നല്ലോ എന്ന് നമ്പ്യാര്‍ അതിശയിച്ചു..
“സര്‍..ഇനി സ്വയം തിരക്കുള്ള സുഖ ജീവിതം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.. ശരത്തിനെ പൂര്‍ണമായും മറക്കുക…അങ്ങ് പതിമൂന്നാം നമ്പരില്‍
എന്റെ അതിഥിയായി തുടരുക ” . സുന്ദര്‍ രാജന് നമ്പറുകളോടുള്ള ആഭിമുഖ്യം നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചു.
“നമുക്ക് അങ്ങയുടെ സ്ഥലത്ത് ഒന്നാം തരം ഒരു സ്റ്റാര്‍ ഹോട്ടല്‍ പണിയിക്കാം. പാര്‍ട്ട്ണര്‍ഷിപ്പില്‍ …50 – 50 …..” എന്നാലും അങ്ങു തന്നെയാകും സർവ്വാധിപതി “
പെട്ടെന്ന് സുന്ദര്‍ രാജന്‍ നിശബ്ദനായി.നീർക ണ്ണുകളോടെ അയാള്‍ തുടര്‍ന്നു…” പക്ഷെ ഒന്നുണ്ട്. തികഞ്ഞ ഗാന്ധിയനും സസ്യഭുക്കുമാണ് ഞാനും.
എന്നിട്ടും മൂന്നു ഡിവോഴ്സ് കഴിഞ്ഞു. നാലാമാത്തെവളെയും അത്രയ്ക്ക് വിശ്വാസം പോരാ.. അതുകൊണ്ട് ഹൃദ്രോഗിയായ എനിക്ക്
എന്തെങ്കിലും സംഭവിച്ചാല്‍ അങ്ങ് തന്നെ ഇതെല്ലാം നോക്കി നടത്തണം. ഇനി മറിച്ചാണെങ്കില്‍ അങ്ങയുടെ ഒരു വലിയ സ്മാരകമായി
ഞാന്‍ അതിനെ പരിപാലിക്കും”
നമ്പ്യാരും വികാരം കോണ്ടു. ഇവന്റെ സ്നേഹത്തിനു ഇത്രയ്ക്കു വ്യാപ്തിയോ…?
നമ്പ്യാർ അവനെ ശക്തമായി ആലിംഗനം ചെയ്തു.
തൊട്ടടുത്ത ദിവസം നമ്പ്യാര്‍ രണ്ടു കരാറിലും തുരു തുരാ ഒപ്പ് വച്ചു.
കടല്‍ക്കരയില്‍ ഗാന്ധിജിയെക്കാള്‍ കുറച്ചു വസ്ത്രമണിഞ്ഞ സുന്ദരിമാര്‍ നൃത്തം വച്ചു. അവര്‍ക്ക് മദ്ധ്യേ ബുള്‍ഗാന്‍ താടി വെച്ച നമ്പ്യാര്‍
തൊട്ടുരുമ്മി പരസ്യ വാചകം ചൊല്ലി. പത്തു ദിവസം നീണ്ടു നിന്ന ഷൂട്ടിൻ്റെ ഇടവേളകളില്‍ ‘മദ്യത്തിന്റെ ഒട്ടു മിക്ക വിദേശ
ബ്രാൻഡുകളിലും നമ്പ്യാര്‍ മാറി മാറി ക്ലിക്ക് ചെയ്തു. അവസാനത്തെ ചിത്രങ്ങളുടെയെല്ലാം നമ്പരുകള്‍ നമ്പ്യാര്‍ക്ക് മന:പാഠമായി.
പകലും രാത്രിയും അയാള്‍ ഗന്ധര്‍വനെ പോലെ മേലാകാശങ്ങളില്‍ ഏകനല്ലാതെ പറന്നു നടന്നു. നമ്പ്യാര്‍ മോഡല്‍ രംഗത്ത് രോമാഞ്ചം വിതച്ചു
മുന്നണിയിലേക്ക് ….
പതിമൂന്നാം നമ്പറിന്റെ പുകപടലങ്ങളില്‍ നിന്നും പുറത്തു കടന്ന് മിസ്സ് ഇന്ത്യാ റണ്ണര്‍ അപ്പിന്റെ തോളില്‍ കയ്യിട്ടു ഹാങ്ങിംഗ് ഗാര്‍ഡനിലേക്ക്
പ്രവേശിക്കയായിരുന്നു നമ്പ്യാര്‍. പൊടുന്നനെ ഒന്നാം നിലയില്‍ നിന്നും എങ്ങനെയോ അയാള്‍ കാല്‍ വഴുതി വീണത് പ്രവേശന കവാടത്തിലുള്ള ഗ്രീക്ക് ദേവതയുടെ
നഗ്ന ശില്പത്തിലേക്ക് …
ഒന്ന് ഞരങ്ങാനോ പിടക്കാനോ പോലും ആകാതെ “ഗോനാ” എന്ന പ്രശസ്ത മോഡല്‍ അഥവാ ഗോവിന്ദന്‍ നമ്പ്യാര്‍ ചരിത്രമായി.
മിസ്സ് ഇന്ത്യാ റണ്ണ ര്‍ അപ്പിന്റെ ചുണ്ടുകളില്‍ അപ്പോള്‍ സുന്ദര്‍ രാജന്റെ മന്ദഹാസം..
ആംബുലന്സിന്റെ അരികില്‍ നിന്ന പെണ്‍കുട്ടി സുന്ദര്‍ രാജനോട് മന്ത്രിച്ചു. ” മരിച്ചു കഴിഞ്ഞാല്‍ മുടി കറുപ്പിക്കണം എന്ന് വൃദ്ധന്‍
എപ്പോഴും പറയുമായിരുന്നു…”
സുന്ദര്‍ രാജന്‍ നിന്ന് വിറച്ചു…
“ത് ഥൂ .. മുടിക്ക് മാത്രമല്ല അവന്റെ മോഖത്തും കുറെ കറുപ്പ് വാരി തേയ്ക്ക് …”
അയാള്‍ മാര്‍ബിള്‍ തറയിലേക്കു ഒരിക്കല്‍ കൂടി നീട്ടി തുപ്പി,