ഗാന്ധാരത്തിലെ പാഴ്ജന്മങ്ങൾ!/ആർ.കെ.തഴക്കര, ദില്ലി


നാളുകളെണ്ണിയും ഗാന്ധാരദേശത്തു
കേഴുന്ന കൂട്ടരിന്നേറെയുണ്ട്!
കൊല്ലുവാനുള്ള ചീട്ട,ല്ലധികാരവും
നല്കേണ്ടതുണ്മയാം ശാന്തിഗീതം!
നല്ലതിനായ്മണ്ണു യാചിക്കും നേരത്തോ-
യെല്ലാം മറന്നവർ കൂത്താടുന്നൂ!
പാഴ്ജന്മമെൻ മക,നെന്നും വിതുമ്പുന്ന–
യമ്മമാർ ലോകത്തി,ന്നേറെയല്ലോ!

ദുഷ്ടമൃഗങ്ങളെ,പ്പോലെ ചിലരവ–
രുറ്റ ബന്ധുക്കളായ് വന്നുചേരാം.
വെട്ടിമുറിക്കുവാൻ തക്കവും നോക്കിയാ-
ണിത്തരക്കാരുടെ വ്യാപൃതങ്ങൾ!
വിക്രാന്തവാസനയേറിയ വ്യാഘ്രമായ്
ശുഷ്കാന്തിയോടെ,യനുഗമിക്കൂ..
വിക്തസമൂഹത്തിനൊത്ത നടുവിലൂ-
ടെത്രനാൾ മൗനമായും നടക്കും?

ജീവനായ്ക്കേഴുന്ന നേരത്തും കാമത്തിൻ
ദാഹങ്ങൾ തീർക്കുന്ന ഭ്രാന്തുകാരും!
ആരുമില്ലേ?യിതു കാണുവാൻലോകമേ!
ഇവ്വിധം മാറിയാലെന്തുചെയ്യും?

വീണുവെണ്ണീറാകും നാൾവരേയ്ക്കുംനമ്മ-
ളോരോ കിനാക്കളും കണ്ടിരിക്കും.
താണുവീണാരോടും കേണപേക്ഷിക്കാതെ-
യാത്മാഭിമാനവും കാത്തുവയ്ക്കും.
കാലംചിലർക്കായ്,ക്കുറിച്ചുവെച്ചിട്ടുള്ള-
യോലകളിൽ ഭാഗ്യ,മായിരിക്കും?
താലം നിറച്ചുണ്ടുറങ്ങുവാ,നാവാത്ത
ലോലമനസ്സിനും ദുർഭാഗ്യമോ?

You can share this post!