രാത്രിയുടെ ശേഷിപ്പുകളായി നിലത്ത് കൊഴിഞ്ഞുവീണ നിശാഗന്ധിയുടെ ഇതളുകൾ. അവയുടെ ഭ്രമിപ്പിക്കുന്ന സുഗന്ധം. എത്രയോ പ്രാവശ്യം അയാൾ ഗുരുപ്രീതി നോടൊപ്പം, അവന്റെ കുഞ്ഞുവിരലുകളിൽ പിടിച്ചുകൊണ്ട് ഖാണ്ഡവത്തിലേക്ക് വന്നിരിക്കുന്നു. അന്നൊക്കെ ഭയമില്ല. അയാൾ ചെറുപ്പമായിരുന്നു. ഖാണ്ഡവം മുഴുവൻ ചുറ്റി കാണാൻ ടിക്കറ്റെടുക്കുവാനുള്ള പണം കീശയിൽ തന്നെയുണ്ടാകും. ഇന്ന് അതാണോ സ്ഥിതി! ഗുരുപ്രീതി സെക്യൂരിറ്റികളെയും, സി. സി. ക്യാമറകളെയും, ഇലക്ട്രിക് വേലികളെയും മുഴുവൻ കബളിപ്പിച്ച് ഖാണ്ഡവത്തിലേക്ക് കടന്നിരിക്കുകയാണ്. ഖാണ്ഡവം ഒന്നുകൂടി കാണാൻ കൊതിയാകുന്നെന്ന് പറഞ്ഞുപോയി. പക്ഷെ ഇങ്ങനെയൊരു സാഹസം കാട്ടുമെന്ന് കരുത്തിയതേയില്ല.
നഗരത്തിൽ നിന്നും അധികം ദൂരത്തല്ലാതെ ഒരു വനം ഒരുക്കാൻ കഴിഞ്ഞതും, അത് കാഴ്ചയ്ക്ക് വിറ്റ് പണം സമ്പാദിക്കാൻ കഴിയുന്നതും ശിവരാജ്മിത്രയുടെ മിടുക്ക്. പണം ഉള്ളവൻ കാട് കണ്ടാൽ മതി; മറ്റ് പലതിനെപ്പോലെയും. ശിവരാജ്മിത്രയുടെ ജോലിക്കാർ പിഴയിടുമെന്നത് തീർച്ചയാണ്. പിഴയൊടുക്കാൻ സാധ്യതയില്ലാത്തതിനാൽ ജയിൽ തന്നെ ശരണം!
പക്ഷെ ഗുരുപ്രീത് തീർച്ചപ്പെടുത്തിയ മട്ടായിരുന്നു. കർപ്പൂരമാവിന്റെ ഇളം ചില്ലയിലിരുന്ന് ഒരു പച്ചിലപ്പാമ്പ് അതിക്രമിച്ച് കയറിയവരെ രൂക്ഷമായൊന്നു നോക്കി. ഗുരിപ്രീത് കുസൃതിയോടെ ഒരു ചൂളംവിളിച്ച് ഒരു ചെറിയ കല്ലെടുത്ത് ഇളം ചില്ല ലക്ഷ്യമാക്കി എറിഞ്ഞു. പച്ചിലപ്പാമ്പ് തല പിൻവലിച്ചു.
പെട്ടെന്നായിരുന്നു ഗുരുപ്രീത് അയാളുടെ കണ്ണുകൾ ഒരു തൂവാലകൊണ്ട് മൂടിക്കെട്ടിയത്.
?നമുക്കൊരു കളി കളിക്കാം മുത്തച്ഛാ?
?കളിയോ?!
അനുവാദമില്ലാതെ ഖാണ്ഡവത്തിലേക്ക് കടന്നതിന്റെ നടുക്കം അയാളിൽ നിന്നും വിട്ടുമാറിയിരുന്നില്ല.
?നമുക്ക് പോകാം ഗുരു??അയാൾ അപേക്ഷിച്ചു.
ഗുരുപ്രീത് മുത്തച്ഛൻ പഠിപ്പിച്ച പഴയ കളിയുടെ രസച്ചരടിൽ മുറുകെപ്പിടിച്ച് കഴിഞ്ഞിരുന്നു. അവന്റെ തീരുമാനങ്ങൾ പാറപോലെ ഉറച്ചതും, ചലനങ്ങൾ അശ്വത്തിന്റെ കുതിപ്പുപോലെ ഝടുലവുമായിരുന്നു.
ഗുരുപ്രീത് പൂവാംകുറുന്തലിന്റെ ഒരു ഇല പൊട്ടിച്ച് അയാളുടെ വലത്തെ ഉള്ളംകൈയിൽ വച്ചുകൊടുത്തു. ഗന്ധത്തെ തള്ളവിരലിൽ കശക്കിയെടുത്ത് അയാളുടെ മൂക്കിൻതുമ്പിൽ
്യുപ്രതിഷ്ഠിച്ചു.
?പറയൂ മുത്തച്ഛാ, ഇതെന്തിന്റെ ഇലയെന്ന്??
ഗന്ധവും, രൂപഘടനയും ഒരേ സമയം ഇന്ദ്രിയങ്ങളിലൂടെ അതിവേഗത്തിൽ ചലിച്ച് സംവേദനത്തിന്റെ ഗിരിശൃംഗത്തിലേക്ക് കുതിച്ചുകയറി.
?പൂവാംകുറുന്തൽ? ശേഷം കറുകയും, ദർഭയും, മുത്തങ്ങയും, ശീലാന്തിയും, കാശിത്തുമ്പയും, മാങ്കോസ്റ്റിനും, കരിവീട്ടിയും, അടയ്ക്കാ കുരുവിയും, പച്ചക്കുതിരയും, കുഴിയാനയും അയാളുടെ സ്മരണകളെ പിടിച്ചുകുലുക്കി. തിരിച്ചറിവിന്റെയും, വർഗ്ഗീകരത്തിന്റെയും കൗതുകം ചുരത്തുന്ന വനപാതകളിലൂടെ അയാൾ ഒരു ഏകാന്തപഥികനെപ്പോലെ ഏറെനേരം സഞ്ചരിച്ചു. സർവ്വകലകളെയും നാഡീഞ്ഞരമ്പുകളെയും വെന്തുനീറ്റുന്ന അത്യുഷ്ണം വമിപ്പിക്കുന്ന ആ തരിപ്പ് വിരൽത്തുമ്പിലൂടെ പാഞ്ഞുവരുന്നതുവരെ.
അയാൾ അലറി വിളിച്ചു. ?മോനേ ഗുരു … ഓടി വാ എന്റെ കുഞ്ഞേ?.
അയാൾ അന്ന് പതിവിലും നേരത്തെ ഉണർന്നു. തനിക്കനുവദിച്ച ഓക്സിജൻ സിലിണ്ടറിൽ നിന്നും അന്നത്തേനാവശ്യമായത് മാത്രം നാസാരന്ധ്രങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ട്യബിലേക്ക് ശേഖരിച്ച് ബാത്ത്‌ർറൂമിലേക്ക് പോയി. അവിടെനിന്ന് പത്ത് ലിറ്റർ വെള്ളം അളന്നെടുത്ത് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഒന്നു കുളിച്ചെന്നു വരുത്തി ഷേവും ചെയ്ത് ഒരു പുതിയ മനുഷ്യനായി അയാൾ വരാന്തയിലെ ചാരുകസേരയിൽ വന്നിരുന്നു.
ഏറെ നാളിനുശേഷമായിരുന്നു അയാൾ പ്രഭാതസൂര്യനെ കാണുന്നത്. കറുത്ത പുകപടലങ്ങൾ നിറഞ്ഞ ആകാശത്ത് ആകസ്മികമായുണ്ടായ വെളിച്ചം അയാളിൽ കൂടുതൽ ഊർജ്ജം നിറച്ചു. ആ സന്തോഷം മറച്ചുപിടിക്കുവാൻ അയാൾക്കാകുമായിരുന്നില്ല. സൂര്യവെളിച്ചത്തേക്കാൾ പ്രഭയുള്ള ചിരിയോടെ അപ്പോൾ വരാന്തയിൽ പല കോണുകളിലായി ചിതറി നിന്നിരുന്ന സഹവാസികളെ കൈകാട്ടി വിളിച്ചു.
?ഓടി വാ, സൂര്യനെ കാണമമെങ്കിൽ.. അതും പ്രഭാത സൂര്യനെ? എന്തോ, അവരാരും വലിയ താൽപര്യം കാണിച്ചില്ല.
ഉദാസീനതയുടെ പടുകുഴിയിലിരുന്നുകൊണ്ട് നിർവികാരമായ ഒരു നോട്ടം മാത്രം അവർ അയാൾക്ക് പകരം നൽകി.
അയാളുടെ കൊച്ചുമകന് ജോലികിട്ടിയ ദിവസമായിരുന്നു അത്. അതും അയാൾ താമസിക്കുന്നിടത്തു തന്നെ. അങ്ങനെയൊരു സൗഭാഗ്യം ലഭിക്കുമെന്ന് അയാളോ , കൊച്ചുമകൻ ഗുരുപ്രീതോ പ്രതീക്ഷിച്ചിരുന്നില്ല.
അയാൾ താമസിക്കുന്ന വൃദ്ധസദനത്തിൽ ഒരു പുതിയ ബ്ലോക്കുകൂടി തുടങ്ങുന്നു. ഈ വർഷത്തെ വൃദ്ധ ദിനത്തിൽ വൃദ്ധസദന വാശികൾക്ക് ലഭിക്കുന്ന സ്പേഷ്യൽ ഉപഹാരം.
അതിന്റെ ഉദ്ഘാടനം നാടമുറിച്ച് വൃദ്ധസദനത്തിന്റെ അധികാരി രാവിലെ പത്ത് മണിക്ക് നിർവഹിക്കും. അവിടെയാണ് ഗുരുപ്രീത് ഉൾപ്പെടെയുള്ള പത്തു ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കുന്നത്.
വായുവും, വെള്ളവും, ഭക്ഷണവും, തീ വില കൊടുത്തു വാങ്ങേണ്ട ഈ കാലത്ത് ഒരു തൊഴിൽ ഗുരുപ്രീതിന് കിട്ടിയതുതന്നെ മഹാഭാഗ്യം. ക്രിയാത്മകമായ നൂതന സമീപനങ്ങൾകൊണ്ട് ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കുകയും തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യുമെന്ന് അയാൾ പത്രത്തിൽ വായിച്ചിരുന്നു.
പുതിയ ചിന്തകൾ, പുതിയ സമീപനങ്ങൾ വരട്ടെ…. എന്നാലെ നാട് നന്നാകൂ.
ആദ്യത്തെ ശമ്പളം കൈയിൽ കിട്ടുമ്പോൾ വലിയ വില കൊടുത്ത് ചെന്തെങ്ങിന്റെ ഒരു കരിക്ക് വാങ്ങി നൽകുമെന്ന് ഗുരുപ്രീത് ഉറപ്പുനൽകിയിട്ടുണ്ട്. പ്രഭാതത്തിൽ കാൽതൊട്ട് അനുഗ്രഹം വാങ്ങിച്ചപ്പോൾ കൂടി അവൻ തന്റെ വാക്ക് മുത്തച്ഛനോട് ആവർത്തിക്കുകയുണ്ടായി.
പാവം പയ്യൻ വാങ്ങിതന്നില്ലെങ്കിലും പോട്ടെ, പറയാനുള്ള ഒരു മനസ്സു കാണിച്ചല്ലോ. മക്കളെയും മറ്റ് ചെറുമക്കളെയും ഓർത്ത് അയാൾ ഒന്ന് കാർക്കിച്ചുതുപ്പി. ?നാണംകെട്ട പരിഷകള്?മഞ്ഞിച്ച കഫക്കട്ടയിൽ ചോരനിറമുള്ള ഒരു തേങ്ങാപ്പൂള് ഒട്ടിപ്പിടിച്ചിരുന്നു.
?ഇത് എന്നെയും കൊണ്ടേ പോകൂ, വയസ്സ് പത്തെഴുപതായില്ലേ?.
സൗത്ത് ബ്ലോക്കിൽ അനൗൺസ്‌മന്റ് മുഴങ്ങി. സൗത്ത്ബ്ലോക്കിൽ പ്രവേശനം ലഭിച്ച അന്തേവാസിയുടെ പേര് ഒരു ജീവനക്കാരൻ മൈക്രോഫോണിലൂടെ വിളിച്ചു.
ജെ. ദേവപ്രകാശ്.
അയാൾ അതുവരെ തന്നെ സഹിച്ച കുടസ്സുമുറിയോട് യാത്ര പറഞ്ഞ് സന്ദേഹങ്ങളുടെ ഭാണ്ഡവും പേറി സൗത്ത് ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു.
ആരോ പറയുന്നുണ്ടായിരുന്നു
?സീനിയോറിറ്റി അനുസരിച്ചാ വിളി??
?വൃദ്ധസദനത്തിലേയാണോ??
?അല്ല! ഭൂമിയിലെ!?
പ്രവേശനകവാടത്തിൽ വന്നപ്പോൾ അയാളുടെ കണ്ണുകൾ വിടർന്നു. മുഖം സന്തോഷത്താൽ ഒരു പനിനീർപുഷ്പം പോലെചുവന്നു. ഗുരുപ്രീത് യൂണിഫോമിൽ റോസ് ഷർട്ടും, നീല പാന്റ്സും, തൂവലുള്ള തൊപ്പിയും അവന് നന്നായി ചേരുന്നുണ്ടായിരുന്നു.
?മോനേ ഗുരു?
അങ്ങനെ വിളിച്ചാലോ എന്നാലോചിച്ചു. ഓ അതു ശരിയല്ലല്ലോ. അവനിപ്പോൾ ഉദ്യോഗസ്ഥനല്ലേ!
അയാൾ തന്റെ ആവേശത്തെ ശാസിച്ചു.
ഗുരുപ്രീത് ഒരു കറുത്ത തുണിയുമായി അയാളുടെ അടുത്തെത്തി. ?മുത്തച്ഛാ തല നിവർത്തി വയ്ക്കൂ? അവൻ കറുത്ത തുണിയുടെ ചുളിവുകൾ വിടർത്തി ഒരു കൂടപോലെയാക്കുന്നതിനിടയിൽ പറഞ്ഞു.
?നീ പിന്നേയും എന്നെ ഖാണ്ഡവത്തിലേക്ക് കൊണ്ടുപോകുകയാണോ;? ഇപ്പോഴെങ്കിലും ടിക്കറ്റ് എടുക്കണേ?!
കഴിഞ്ഞ രാത്രിയിലെ സ്വപ്നത്തെ ഓർത്ത് അയാൾ ഒരു തമാശ പൊട്ടിച്ചു. ഗുരുപ്രീത്
ചിരിച്ചില്ല, അവന്റെ വലംകണ്ണിൽ അടർന്നുവീഴാൻ വെമ്പുന്ന ഒരു ജലതുള്ളിയുണ്ടായിരുന്നു. ചിതയിലേക്ക് ഉടഞ്ഞുവീഴാൻ കാത്തുനിൽക്കുന്ന നീർക്കുടംപോലെ.
ഗുരുപ്രീത് അയാളുടെ ശിരസ്സിലേക്ക് കറുത്ത തുണി വലിച്ചിട്ടു. അതോടെ അയാൾക്ക് കാഴ്ച നഷ്ടമായി. പിന്നെ മുഖവും. അവൻ അയാളുടെ ദുർബലമായ കൈയിൽ പിടിച്ചുകൊണ്ട് സൗത്ത് ബ്ലോക്കിന്റെ ഉള്ളിലേക്ക് ആനയിച്ചു.
പിന്നെയും നിശാഗന്ധിയുടെ മനം മയക്കുന്ന മണം. കാക്കപ്പൂവുകളുടെ ഇളകിയാട്ടം. വിദൂരത്തെവിടെയോ ജലപാതത്തിന്റെ ആവരോഹണഗീതം.
മോനെ ഗുരു ഖാണ്ഡവം…. അതെ അതുതന്നെ. ജരിതപ്പക്ഷിയുടെ തേങ്ങലല്ലേ
കേൾക്കുന്നത്. അതോ മന്ഥബാലന്റെ പ്രാർത്ഥനയോ!
അവൻ അയാളുടെ കൈ ബലമായി വിടുവിച്ചുകൊണ്ട് പുറത്തേക്ക് ഓടി.
സൗത്ത് ബ്ലോക്കിനെ നിയന്ത്രിക്കുന്ന സ്വിച്ചുകളുള്ള മുറിയിൽ ഓഫീസറുണ്ടായിരുന്നു.
ഓഫീസർ അയാളുടെ മെഡിക്കൽ റിപ്പോർട്ട് പുച്ഛത്തോടെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.
?ഒരു ഓർഗൻപോലും നേരാംവണ്ണം സൂക്ഷിക്കാത്ത ശവി….. പേരിനെങ്കിലും ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കിൽ ലക്ഷങ്ങൾ എത്ര മറിഞ്ഞേനെ?.
ഗുരുപ്രീത് മുത്തച്ഛനെ മനസ്സിൽ നമസ്കരിച്ച് ഓഫീസറുടെ കാലിൽ തൊട്ടു.
?ഫോർമാലിറ്റിസൊക്കെ മതി, വേഗം ഡ്യൂട്ടി തുടങ്ങ്?.
ഗുരുപ്രീത് നട്ടെല്ല് നിവർത്തി ഓഫീസർക്ക് ഒരു സല്യൂട്ട് നൽകി. പിന്നെ വളരെ സൂക്ഷ്മതയോടെ ചുവന്ന ബട്ടണിൽ ഞെക്കി.
പെരുവിരലിലൂടെ ഒരു ചെറു പെരുക്കം അസ്ത്രവേഗത്തിൽ ഇഴഞ്ഞ് കയറി
ശരീരത്തിനെയാകെ വിരിഞ്ഞു മുറുക്കുന്നു. വായിൽ അഗ്നിയുടെ കുംഭങ്ങളേന്തിയ ഏഴു തലകളായി പരിണാമപ്പെട്ട് അത് സർവ്വാംഗങ്ങളിലേക്കും തീ തുപ്പുകയാണ്. എരകപ്പുല്ലു കരിഞ്ഞുണങ്ങി ധൂളിയാകുന്നതുപോലെ സൂക്ഷ്മതന്മാത്രകൾ ശിഥിലമാകുന്നു. ഖാണ്ഡവം ദഹിക്കുകയാണ്. സർവ്വ ചരാചരങ്ങളും ജീവനോടെ അഗ്നിയിൽ വെന്തുനീറുന്നു.
കുഞ്ഞേ ഗുരു നീ എവിടെയാണ്. മുത്തച്ഛന് ദാഹിക്കുന്നു. നീ വാങ്ങിയ ചെന്തെങ്ങിന്റെ കരിക്ക് മോടം വെട്ടി എന്റെ വായിലേക്ക് ഒഴിക്കൂ. എന്റെ തൊണ്ട ഒന്നു നനയട്ടെ!.
ആ വിലാപം ആരും കേൾക്കാതെ, ചരിത്രത്തിൽ രേഖപ്പെടുത്താതെ ലിപി നഷ്ടപ്പെട്ട ഭാഷയെപ്പോലെ ബലിഷ്ഠമായ ഭിത്തികളിൽ തട്ടി ശൂന്യതയിലേക്ക് കുഴഞ്ഞുവീണു.
*ജരിതപ്പക്ഷി:ഖാണ്ഡവദഹനത്തിൽ നിന്നും രക്ഷപ്പെട്ട പക്ഷി (മഹാഭാരതം.
*മന്ഥബാലൻ:ജരിതപ്പക്ഷിയുടെ ഭർത്താവായ മുനി.