”ഏതോ ഒരു ഉൾവിളിയിൽ നേരവും കാലവും നോക്കാതെ ഖസാക്കിൻറെ ആരാധകൻ ഇപ്പോഴും തസ്രാക്കിൽ എത്തുന്നു. മൂവായിരത്തിലധികം ചിത്രങ്ങൾ ഇതിഹാസ ഭൂമിയിൽ നിന്നും ഇതിനകം പകർത്തി കഴിഞ്ഞു. ഈ മുതൽക്കൂട്ടിൽ നിന്നും തിരഞ്ഞെടുത്ത കുറെ നല്ല ഫോട്ടോകൾ ‘കർമപരമ്പരയിലെ കണ്ണികൾ’ എന്നപേരിൽ കേരളത്തിലും ഡൽഹിയിലും മാത്രമല്ല, വിദേശങ്ങളിലും ഇതിഹാസ ത്തിൻറെ ആരാധകരുടെ മനം തൊട്ട് നിരവധി പ്രദർശന വേദികൾ പങ്കിട്ടു കൊണ്ടിരിക്കുകയാണ്. ”
ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഭൂമികയിലുടെ നടന്ന ചിത്രങ്ങളെടുത്ത് സാഹിത്യ ഫോട്ടോഗ്രാഫി രംഗത്ത് പുതിയ ചുവടുകൾ വച്ച ഡി മനോജിന്റെ ചിത്രങ്ങളെക്കുറിച്ച്.
ശില്പിയും ഛായാഗ്രാഹകനുമായ ഡി മനോജ് ഖസാക്കിൽ നിന്നും പകർത്തിയ ഫോട്ടോ പ്രദർശനം ആദ്യമായി കണ്ടത് ഒ വി വിജയൻ സ്മാരകത്തിൽ വെച്ചായിരുന്നു.
ഒരു ഛായാഗ്രാഹകനുമപ്പുറമുള്ള പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഖസാക്കിൻറെ ഛായാചിത്രങ്ങൾ ആരെയും വിസ്മയിപ്പിക്കും.
വായനയുടെ ലഹരി വിട്ടൊഴിയാതെ നിന്ന നിമിഷം മനസ്സിൽ തെളിഞ്ഞ രൂപങ്ങൾ പിന്നീട് ക്യാമറയിലൂടെ ആവാഹിച്ചെടുത്തിരിക്കുന്നത് പോലെ തോന്നിപ്പിക്കുന്നതാണ് ഇതിലെ ഓരോ ചിത്രങ്ങളും എന്നു പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. തസ്രാക്കിലെത്തി ക്യാമറക്കണ്ണുകൾ കൊണ്ട് ഈ കാഴ്ചകൾ പകർത്തി വെക്കാനുള്ള പ്രചോദനം എന്തായിരിക്കും?
ഖസാക്കിൻറെ ഇതിഹാസം വായിച്ച നാളുകളിൽ അനുഭവിച്ച നിഗൂഢമായ ആനന്ദാനുഭൂതി അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കാനാവാത്തതാണെന്നറിഞ് ഞു ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുകയാണ് എന്നാണ് ഛായാഗ്രാഹകൻറെ ഭാഷ്യം. പ്രസിദ്ധ ആസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ഡെസ്റ്റിൻ സ്പാർക്കിൻറെ “photography is the story I fail to put into words ” എന്ന വചനം നൂറുശതമാനവും ശരിയാണെന്ന് ആസ്വാദകരെ ബോധ്യപ്പെടുത്തുന്നതാണ് ഇതിഹാസത്തിൻറെ ഭൂമികയായ തസ്രാക്കിൽ നിന്നും പകർത്തിയ നോവലിലെ പ്രകൃതി ബിംബങ്ങളുടെ ചിത്രങ്ങൾ.
വാക്കുകൾകൊണ്ട് പറയാനാവാത്ത അനുഭവങ്ങൾ ഫോട്ടോഗ്രാഫിയിലൂടെ അനുഭവിപ്പിച്ച നിരവധി സർഗ്ഗ പ്രതിഭകൾ ഉണ്ട്. അവർക്കിടയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ മനോജ് ഖസാക്കിൽ നിന്നും യാന്ത്രികമായി കുറെ ഫോട്ടോകൾ പകർത്തി വെച്ചിരിക്കുകയല്ല ചെയ്തിരിക്കുന്നത്.
പതറ്റിക് ഫാലസിയുടെ നിർവചനങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരുപാട് മനുഷ്യ പ്രകൃതി ബിംബങ്ങൾ ഇണക്കിച്ചേർത്ത ഇതിഹാസത്തിലെ മനോഹരമായ വരികൾ ആത്മാവിൽ ലയിപ്പിച്ച് സർഗ്ഗ ദാഹത്തിൻറെ ഉൾത്തുടിപ്പുമായി പകർത്തിയ ദൃശ്യങ്ങളിൽ ഒരുനിമിഷമെങ്കിലും നമ്മുടെ കണ്ണുകൾ കോർത്തു നിൽക്കാതിരിക്കില്ല.
രവിയും മൊല്ലാക്കയും മൈമുനയും ഒക്കെ അനുഭവിച്ച തീവ്രമായ വിഷാദവും ആനന്ദവും പ്രകൃതി സത്വങ്ങളെ കൂട്ടുപിടിച്ച് നോവലിസ്റ്റ് പകർന്നു തന്നപ്പോൾ അതത്രയും ഫോട്ടോഗ്രാഫർ ദൃശ്യ ഭാഷയിലൂടെ കാണിച്ച് ഖസാക്കിൻറെ വായനക്കാരെ വിസ്മയിപ്പിക്കുന്നു.
വീണ്ടും വീണ്ടും ഈ ചിത്രങ്ങളെ പിന്തുടരാനുള്ള പ്രേരണ എന്നിൽ ഉണ്ടാക്കിയത് ഖസാക്കിൻറെ വായനയുടെ ഐക്യ ഭാവവും തസ്രാക്കിൽ നിന്നും പകർത്തിയ ചിത്രങ്ങളുടെ വല്ലാത്തൊരു വിലോഭനവുമാണ്.
ഏതോ ഒരു ഉൾവിളിയിൽ നേരവും കാലവും നോക്കാതെ ഖസാക്കിൻറെ ആരാധകൻ ഇപ്പോഴും തസ്രാക്കിൽ എത്തുന്നു.
മൂവായിരത്തിലധികം ചിത്രങ്ങൾ ഇതിഹാസ ഭൂമിയിൽ നിന്നും ഇതിനകം പകർത്തി കഴിഞ്ഞു. ഈ മുതൽക്കൂട്ടിൽ നിന്നും തിരഞ്ഞെടുത്ത കുറെ നല്ല ഫോട്ടോകൾ ‘കർമപരമ്പരയിലെ കണ്ണികൾ’ എന്നപേരിൽ കേരളത്തിലും ഡൽഹിയിലും മാത്രമല്ല, വിദേശങ്ങളിലും ഇതിഹാസ ത്തിൻറെ ആരാധകരുടെ മനം തൊട്ട് നിരവധി പ്രദർശന വേദികൾ പങ്കിട്ടു കൊണ്ടിരിക്കുകയാണ്.
ഈ ചിത്രങ്ങൾ ഇതിഹാസത്തിൻറെ പുതിയ വായനയിലേക്ക് നയിക്കുക മാത്രമല്ല ഖസാക്കിൻറെ ഭൂമികയെ അടുത്തറിയാനുള്ള ആഗ്രഹം വായനക്കാരിൽ ജനിപ്പിക്കുകയും ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇത്രമാത്രം സ്വാധീനിക്കാൻ ഖസാക്കിൻറെ ചിത്രങ്ങൾക്കുള്ള പ്രത്യേകത എന്താണ്? ഒരു മാന്ത്രികൻറെ കരവിരുതോടെയാണ് ഇതിലെ ഓരോ ബിംബങ്ങളും ഛായാഗ്രഹണത്തിലൂടെ മനോഹരമായി പുനർജനിപ്പിച്ചിരിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് കരിമ്പനകളിൽ കാറ്റ് പിടിക്കുന്ന നേരത്ത് അള്ളാപ്പിച്ച മൊല്ലാക്കയും രവിയും മൈമുനയും ഒക്കെ നടന്ന ചവിട്ടടിപാതയിലൂടെ നടക്കുമ്പോൾ മനോജ് ക്യാമറ കണ്ണുകളിലൂടെ കാണാൻ ശ്രമിക്കുന്നത് ഖസാക്കിലെ ചേതനവും അചേതനവുമായ കഥാപാത്രങ്ങളെയാണെന്ന് ചിത്രങ്ങളെല്ലാം ആസ്വാദകനോട് വിളിച്ചുപറയുന്നുണ്ട്.
ഒരുപാടു കഥകൾ കാത്തുസൂക്ഷിക്കുന്ന ഞാറ്റുപുര, ചക്രവാളങ്ങൾക്കപ്പുറം വിഷാദിച്ചു നിൽക്കുന്ന ചെതലിയുടെ താഴ്വരയിലെ കറുത്ത സന്ധ്യ, ഇളംവെയിലിൽ പറന്ന് അലയുന്ന പളുങ്ക് കണ്ണുകളുള്ള തുമ്പികൾ, കരിമ്പനക്കു മുകളിൽ മേഘങ്ങളെ മുട്ടിനിൽക്കുന്ന പൂർണചന്ദ്രൻ, അസ്തമയത്തിലൂടെ പറന്നകലുന്ന പനന്തത്തകളുടെ ധനുസ്സുകൾ, കൂട്ടം ചേർന്നു പോകുന്ന പച്ചക്കിളികൾ, മനുഷ്യർ ഭൂതലത്തിൽ വരുന്നതിനുമുമ്പ് ഖസാക്കിൽ വാണിരുന്ന ഓന്തുകൾ, പൂക്കൾ കൊഴിഞ്ഞുകിടക്കുന്ന പറമ്പിൽ മേയുന്ന കാട്ടു മയിലുകൾ, ഇരുട്ടിൽ നിന്നുള്ള മിന്നാമിനുങ്ങുകൾ… ഇതിൻറെയൊക്കെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പകർത്തിയെടുക്കാൻ ചാറ്റൽ മഴയിലൂടെ, കരിമ്പനക്കാട്ടിലൂടെ, അശാന്തരായ ഇഫിരീത്തുകളുടെ സഞ്ചാരപഥത്തിലൂടെ, വഴിയമ്പലത്തിലും ഖസാക്കിലെ പാടത്തും പറമ്പിലുമെല്ലാം കൈതപ്പൊന്തയിൽ തുമ്പികളെ നായാടാൻ ഇറങ്ങിയ അപ്പുക്കിളിയെ പോലെ ക്യാമറയുമായി അലഞ്ഞുതിരിയുന്ന സൗമ്യനായ ചെറുപ്പക്കാരൻ ഗ്രാമവാസികൾക്ക് ഇന്ന് അപരിചിതനല്ല.
വർഷങ്ങളായുള്ള ഈ അലച്ചിൽ എന്തിനുവേണ്ടി? നൈജാമലിയുടെ വാക്കുകളിൽ പറഞ്ഞാൽ അതൊരു ‘നിശോകം’.
നിയതിയുടെ നിയോഗങ്ങൾ പിന്തുടരാതിരിക്കാൻ ആവില്ലല്ലോ.
തൻറെ യൗവനാരംഭത്തിൽ ഖസാക്കിലെ വെളുത്ത മഴ ഇടിയും മിന്നലും ഇല്ലാതെ ആർദ്രമായി മനസ്സിൽ പെയ്തു നിന്ന നാളുകളിൽ, ആ അനുഭൂതി ഉള്ളിൽ കിടന്ന് വീർപ്പുമുട്ടിയപ്പോൾ ആദ്യമായി വൈക്കത്തുനിന്നും കൂമൻകാവിൽ എത്തിയ നാൾ കൃത്യമായി മനോജ് ഓർമിച്ചെടുക്കുന്നുണ്ട്. അന്ന് ഖസാക്കിൽ എത്തിയപ്പോൾ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞാൽ മനോജ് വാചാലനാകും.
ഇന്നും വല്ലാത്തൊരു സങ്കടത്തോടെ ഓർക്കുന്ന ഒരു അനുഭവമുണ്ട് മനോജിന്. ഞാറ്റുപുരയുടെ എതിർവശത്ത് ഇലകളുടെ നിറവിൽ വാനോളം ഉയർന്ന് മഴയിൽ കുതിർന്ന് നിന്നിരുന്ന ഒരു പുളിമരം മനസ്സിൽ പതിഞ്ഞിരുന്നു.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും എത്തിയപ്പോൾ ആ മരത്തിൻറെ ഒരടയാളം പോലും ബാക്കിയുണ്ടായിരുന്നില്ല.
അന്ന് പകർത്തിയ പോതി പാർത്തിരുന്ന പുളിമരത്തിൻറെ ചിത്രം ശേഖരത്തിൽ ഇല്ലാതെ പോയത് വല്ലാത്ത ഒരു നഷ്ടബോധത്തോടെയാണ് ഇന്നും മനോജ് ഓർക്കുന്നത്. ഖസാക്കിലെ ചാരിത്രവതികൾ പരദേവതയായി ആരാധിക്കുന്ന പോതിയുടെ ഒരു മിന്നലാട്ടം നട്ടുച്ചവെയിലിൽ തിളങ്ങുന്ന ഇലകൾക്കിടയിലൂടെ കണ്ടത് ക്യാമറയിൽ പകർത്താൻ ആയില്ലല്ലോ എന്ന് മറ്റൊരു ഖേദവും ഉണ്ട്.
ഖസാക്കിലെ പ്രകൃതി ബിംബങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരാളുടെ നഷ്ടം എന്താണെന്നുള്ള തിരിച്ചറിവിൽ നിന്നാണ് ഇനിയും ഇതൊക്കെ നഷ്ടപ്പെടുന്നതിനു മുൻപ് വരും തലമുറയിലെ നല്ല വായനക്കാർക്കുവേണ്ടി തസ്രാക്കിനെ പകർത്തിവെക്കാൻ ശ്രമിക്കുന്നത്.
കാലം മൂലഗ്രാമത്തിൽ വരുത്തിയിരിക്കുന്ന ഓരോ മാറ്റവും കൃത്യമായി ഈ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവും. നിരന്തരമായി വൈക്കത്തുനിന്നും ഖസാക്കിൽ എത്തി ഒരുപാട് കാലം കൊണ്ട് പകർത്തിവെച്ച കാഴ്ചകൾ കാണുമ്പോൾ ഖസാക്കിൻറെ ഇതിഹാസം ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരാൾ മനസ്സുകൊണ്ടെങ്കിലും ചിത്രകാരനെ അഭിനന്ദിച്ച് പോകും. ഇതിഹാസകാരൻ വാക്കുകളിലൂടെ പകർന്നുതന്ന സൗന്ദര്യം ക്യാമറക്കണ്ണിലൂടെ അത്രമാത്രം അനുഭവിപ്പിക്കുന്നുണ്ട് ഈ ചിത്രങ്ങൾ.
ഗഹനമായ അക്കാദമിക് പാണ്ഡിത്യത്തിൻറെ ഭാരം പേറിയല്ല മനോജ് ഖസാക്ക് വായിച്ചിട്ടുള്ളത്. ജോയ്സി ൻറെയും ഇബ്സൻറെയും പുസ്തകങ്ങൾ വായിച്ചു ഇതിഹാസത്തെ താരതമ്യം ചെയ്ത് ആധി കൊള്ളാതെയും , ബങ്കർവാടിയിലെയോ ലോറൻസ് ഡ്യൂറലിൻറെ അലക്സാൻഡ്രിയ ക്വാർട്ടെറ്റിലെയോ ആണോ എന്ന് ശങ്കിക്കാതെയുമാണ് തൻറെതായ ദർശനത്തിൽ ഒരു വിധേയത്വവുമില്ലാതെ ഇതിഹാസത്തെ ചിത്രങ്ങളിലൂടെ മനോജ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത് .
ഖസാക്ക് തനിക്ക് തന്ന നിർവചിക്കാനാവാത്ത അനുഭൂതികൾ ക്യാമറയിൽ പകർത്തി സമാന ഹൃദയർക്ക് പങ്കുവെക്കുന്നതിനോടൊപ്പം തന്നെ ഇതിഹാസ കർത്താവിന് നൽകുന്ന ശ്രാദ്ധാഞ്ജലി അല്ലെങ്കിൽ പരിപൂർണമായ ഒരു സമർപ്പണമാണ് ഈ ചിത്രങ്ങൾ.
നോവലും ഫോട്ടോഗ്രാഫിയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ച് ദൃശ്യാനുനുഭവത്തിൻറെ മായാജാലകങ്ങൾ തുറക്കുകയാണ് ‘കർമ്മ പരമ്പരയിലെ കണ്ണികൾ’. ഇതിനെ ഖസാക്കിൻറെ ഇതിഹാസത്തോടൊപ്പം ചേർത്തുവെച്ച് വായിക്കുന്നത് വേറിട്ട ഒരു അനുഭവം തന്നെയാണ്.