*കർക്കിടകം*

ഒരു മഴക്കാലമുണ്ടെന്റെയോ ർമ്മയില്‍
പ്രണയമിറയത്തു പെയ്തൊരാ നാളുകൾ
അരികിലന്നു നീ ചേർന്നിരുന്നിട്ടെന്റെ
മനസ്സു പങ്കിട്ടെടുത്തൊരാ മാത്രകള്‍

ചിരികളന്നു  ചിത്രത്തൂണുകള്‍ക്കുള്ളില്‍
ഒളിപരത്തിയ സായന്തനങ്ങളില്‍
ചിതറി വീണൊരു മുത്തുപോലന്നു നീ
ചിറകതില്ലാതുയർന്നു പറന്ന നാള്‍

നിറ നിലാവിനെ കാണാതെയന്നു നീ
പരിഭവം പറഞ്ഞേറെ പിണങ്ങിയീ
മതിവരാതുള്ള പെയ്ത്തു മാത്രം പ്രകൃതി
കളയണം മാസമൊടുവിലീ കർക്കിടം.

ഇരുളു വേഗം വരുന്നു , മഴക്കോളു
ചുമടുതാങ്ങിയാ കരിമേഘജാലങ്ങള്‍
കയറി വന്നിട്ടു വാതിലടക്കുന്നു
വരവില്‍ മുന്പനായ് കാറ്റിന്റെ കെെകളും.

വിരലുകൾ തിരയുന്നുണ്ടു താളുകൾ
പതിയെ ചൊല്ലിക്കയറുന്ന കാണ്ഢങ്ങള്‍
ഇരുളകറ്റണം മനസ്സിന്‍ കറുപ്പിലെ
തെളിമയാകണം രാമായണം എന്നും.

ദുരിതകാലമെന്നാകിലും നമ്മളില്‍
അരിയൊരാശ്വാസമേകും വരികളും
പകരുമാദ്ധ്യാത്മ തേജസ്സു സത്യമായ്
നിറയണം വീട്ടിലെന്നും തെളിച്ചമായ് .

ഇങ്ങനെ കേട്ടിരുന്ന നാള്‍ ഓർമ്മയായ്
നീ കിടന്നിട്ടുണരാത്ത പുലരിയില്‍
എത്ര നേരം വിളിച്ചു സഖീയെന്നെ-
യിത്രവേഗം
തനിച്ചാക്കിയെങ്ങുപോയ്

കണ്ടു തീർന്നില്ല നിന്‍ മുഖം മാനസം
കൊണ്ടു തീർന്നില്ല പ്രേമം പരസ്പരം
കൊണ്ടുപോയതല്ലേ മഴനാരുകള്‍
നിന്നെ മാത്രമീ  കർക്കിടകകുളിർ.

ഇന്നിവിടെ തനിച്ചിരുന്നോർമ്മ തന്‍
താളുകൾക്കുള്ളില്‍ നിന്നെ തിരയുമ്പോള്‍
ഉള്ളു പൊള്ളുന്നു പ്രകൃതീ കളയണം
ഒടുവിലെത്തിടും  മാസമീ കർക്കിടം.

You can share this post!