ക്ഷേത്രോത്സവം/ഡോ. പി. പി. രാധാകൃഷ്ണൻ


ക്ഷേത്രോത്സവ രാത്രിയിൽ നിന്നെ കണ്ടു,
ജനക്കൂട്ടം ആയിരുന്നിട്ടും എൻറെ കണ്ണുകൾ
നിൻ കൺകളിൽ രമിച്ചു അനായാസം.
ശേഷം നിൻ നെറ്റിയും, ദീർഘ നാസികയും,
പതിച്ചിട്ട കൂന്തലും, നിൻ അധരചലനവും കണ്ടു;
പിന്നെ നമ്മൾ നമ്മുടെ നയനങ്ങളിൽ ലയിച്ചു.
കേട്ടതും ഇല്ല, കണ്ടതുമില്ല വാദ്യവും മേളവും,
നാം നമ്മളിൽ വഴുതിവീണിരുന്നു അപ്പോൾ .

പതിയെ നടന്നു നീങ്ങി കുളക്കടവിന്റെ
വിജന പാർശ്വത്തേക്ക്.
നാം ശ്രവിച്ചത് നമ്മുടെഹൃദയമിടിപ്പ് മാത്രം.
പിന്നെ അധരങ്ങളും, ഊഷ്മ ഹസ്തങ്ങളും
ചലിച്ചു ആലിംഗന ബദ്ധരായി.
ആരാഞ്ഞില്ല പേരും പ്രാന്തവും ഒന്നും
അതിനകം നാം നമ്മളെ അറിഞ്ഞുവല്ലോ.
മാനത്തെ പാതി ചന്ദ്രനും, ചിറയിലെ
ശീതള ജലവും സാക്ഷ്യം വഹിച്ചു
രാസലീലകൾക്ക്.

പടക്കം കൊളുത്തുവാൻ
വരുന്നവരുടെ കാലൊച്ച,
ഉഷസ്സ് ഉണരാൻ അൽപ്പസമയം മാത്രം,
നമ്മൾ ദ്രുതഗതിയിൽ നടന്നു മറഞ്ഞു.
പിന്നെ കണ്ടില്ലല്ലോ നാം ഒരൊറ്റ ഉത്സവരാത്രിയിലും. ആരായുന്നു ഞാൻ, നീ ആരായിരുന്നെനിക്ക് !
*

You can share this post!