ക്രൂരതയുടെ അധിനിവേശങ്ങൾ

കാവാലം അനിൽ

”അറ്റാഹു   വാല്പ   പിസാറോയുടെ  തടവുകാരനായതോടെ  പെറുവിയൻ   സാമ്രാജ്യ സൗധത്തിന്റെ  ആണിക്കല്ലിലാണ് പറങ്കികൾക്ക്  പിടികിട്ടിയത്.  അവർ  ആ  രാജതിലകനെ  കജ മാർക്കയിലെ  ഒരു മുറിയിൽ   ഏകാന്തതടവിൽ പാർപ്പിച്ചു. തന്റെ  രാജ്യത്ത് താൻ പണികഴിപ്പിച്ച ഒരു കൊട്ടാരത്തിന്റെ  മുറിയിൽ, താൻ അതിഥികളായി പൂജിച്ച ആളുകളുടെ  അടിമയാവാനാണ്  അറ്റാഹു  വാല് പയ്ക്ക്  യോഗമുണ്ടായത്.  വിധിയുടെ ലീലകൾ  സങ്കല്പലോകത്തിൽപ്പോലും  സാധ്യമെന്നു തോന്നാത്ത വിധം   നിഷ്ഠൂരങ്ങളാണ്. ”

മായ, ഇങ്കാ, ആസ്റ്റക് സംസ്കാരങ്ങളെ കുഴിച്ചുമൂടിയതിൽ പശ്ചാത്തപിച്ച് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആ നാടുകളിൽച്ചെന്ന്, ആ ജനങ്ങളോട് കുറച്ചു വർഷങ്ങൾക്കു മുമ്പ്  മാപ്പിരന്നതു  ലോകം  മറന്നിട്ടില്ല.

ഇസബെല്ലാ റാണിയുടെ സഹായത്തോടെ അന്നത്തെ മാർപ്പാപ്പയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി.അതിക്രൂരനും കൊള്ളക്കാരനുമായ പിസാറോ തന്റെ സംഘത്തിൽ ചേർത്ത വെൽവ്രഡി എന്ന ക്രിസ്തീയ പുരോഹിതനോടൊപ്പം ചെയ്ത ക്രൂരതകൾ ഒരാൾക്കും പൊറുക്കുവാനാവില്ല.

പിസാറോ ,തന്റെ മൂന്നു സഹോദരന്മാരെയും ഒരു അനന്തരവനെയും സന്ദേശവാഹകരാക്കി അറ്റാഹു വാല് പ  ചക്രവർത്തിയെ മുഖം കാണിക്കാൻ അയച്ചു.പെറുവിയൻമാർക്ക് കുതിരകളെ വലിയ ഭയമാണെന്ന് മനസ്സിലാക്കിയ അവർ കുതിരപ്പുറത്താണ് പോയത്. പിസാറോയുടെ മൂത്ത സഹോദരൻ രാജസമക്ഷം എത്തിയപ്പോൾ കുതിരയെക്കൊണ്ട് ഇങ്കായുടെ നേർക്ക് അതിന്റെ നുരയും പതയും പറത്തി. അറ്റാഹു വാല് പ അക്ഷോഭ്യനായി രാജകീയ പ്രൗഢിയോടെ അവരെ സ്വീകരിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെ സംഭാഷണം ആരംഭിച്ചു. തങ്ങൾ സ്പെയിനിലെ രാജാവിന്റെ പ്രതിനിധികൾ ആണെന്നും, തങ്ങളുടെ തലവൻ പാളയത്തിലാണെന്നും, തന്റെ രാജാവിന്റെ പേരിൽ ഇക്കായെ മുഖം കാണിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും  അദ്ദേഹത്തിനെ ദ്യൂതസംഘം അറിയിച്ചു.അങ്ങോട്ടു വന്ന് സംഘത്തലവനെ കാണാമെന്നും, ഒരു സ്നേഹിതനായി, നിരായുധനായി,വരുവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അറ്റാഹു വാല് പമറുപടി നല്കി. ഇങ്കായുടെ ഈ എഴുന്നള്ളത്ത് പിസാറോയുടെ കൂടെയുണ്ടായിരുന്ന ഒരു ചരിത്രകാരൻ വർണ്ണിച്ചിട്ടുണ്ട്.

സ്പെയിനിന്റെ നാമത്തെ ലോകാവസാനം വരെ കളങ്കപ്പെടുത്തുന്ന ഒരു കൊടുംചതിയാണ് പിസാറോ തയ്യാറാക്കിയിരുന്നത്. ഭയാനകത്വം വർദ്ധിപ്പിക്കാനായി കുതിരകൾക്ക് മണികെട്ടുകയും തിരനിറച്ച തോക്കുകൾ കരുതുകയും ചെയ്തു. ഒരു സായാഹ്നത്തിലാണ് അറ്റാഹു വാല്   പ എഴുന്നള്ളിയത്. നിരായുധരായ അകമ്പടിക്കാരോടുകൂടി, ഉദ്യോഗസ്ഥ പ്രമുഖന്മാർ വഹിച്ചിരുന്ന ഒരു സ്വർണ്ണപ്പല്ലക്കിൽ പറങ്കിപ്പാളയത്തിലേയ്ക്ക് അദ്ദേഹം വന്ന വരവു കണ്ടപ്പോൾ പറങ്കികളുടെ രക്തപങ്കിലമായ കൈകൾ പോലും മുകുളീകൃതങ്ങളായി. വഴിയെല്ലാം അടിച്ചുവാരിക്കൊണ്ട് ഒരു വലിയ സംഘം പരിചാരകന്മാർ മുന്നിൽ നടന്നു.അവർക്കു പിന്നിലായി പലതരം വാദ്യമേളങ്ങളോടുകൂടിയ മറ്റൊരു കൂട്ടർ, പിന്നെ പാട്ടുകാർ. പൗര പ്രമാണിമാർ.ഇങ്ങനെയുള്ള ആ ഘോഷയാത്ര പോർച്ചുഗീസുകാരുടെ താമസത്തിനായി വിട്ടുകൊടുത്തിരുന്ന മനോഹര സൗധത്തിന്റെ മുന്നിലെത്തി.

കറുത്ത കുപ്പായമണിഞ്ഞ വെൽവ്രഡി എന്ന പോർച്ചുഗീസ് പാതിരിയാണ് ആദ്യം ഇങ്കായെ അഭിമുഖീകരിച്ചത്. ദ്വിഭാഷിയുടെ സഹായത്തോടെ അദ്ദേഹം ഒരു പ്രസംഗം ആരംഭിച്ചു. മാർപ്പാപ്പയുടെ നിയോഗാനുസ്സരണം അന്യരാജ്യക്കാരെ ക്രിസ്തുമതത്തിലേയ്ക്ക് മാർഗ്ഗം കൂട്ടാനും മറ്റ് രാജാക്കന്മാരെ സാമന്ത ന്മാരാക്കാനുമായി സ്പെയിൻ രാജാവ് തങ്ങളെ അയച്ചിരിക്കുകയാണെന്നും അറ്റാഹു വാല് പ അതനുസരിച്ച് ക്രിസ്തുമതം സ്വീകരിക്കുകയും സ്പെയിനിന്റെ സാമന്തനായി കപ്പം കൊടുക്കുകയും ചെയ്യണമെന്നുമായിരുന്നു  ആ പ്രസംഗത്തിന്റെ രത്നചുരുക്കം. ഭക്തിപൂർവമായ സ്വരത്തിൽ കുരിശിൽ മരിച്ച തന്റെ ദൈവത്തിന്റെ മഹിമകളെ പാതിരി വാഴ്ത്തി വെൽവ്രഡിയുടെ പ്രസംഗം അറ്റാഹു വാല് പയെ രോഷാകുലനാക്കി.

സൂര്യ വംശജനായ  താൻ ഈ ലോകത്തിൽ മറ്റാരുടെയും സാമന്തൻ ആവുകയില്ലെന്നും ആ സംഘത്തെ അയച്ച സ്പെയിൻ രാജാവിനെ ഉത്തമനായ ഒരു സഹോദരനായി  കരുതുവാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.താൻ സൃഷ്ടിച്ച മനുഷ്യരാൽത്തന്നെ കുരിശിൽത്തറയ്ക്കപ്പെട്ട അവരുടെ ദൈവത്തെപ്പറ്റി പ്രസംഗിക്കേണ്ടെന്നും, തന്റെയും പ്രജകളുടെയും ഈശ്വരൻ ജഗത് പിതാവായ സൂര്യനാണെന്നും, ആ ദിവ്യശക്തി തന്റെ മക്കളെ കാത്തുരക്ഷിക്കുമെന്നും അവരുടെ അഭംഗുര ഭക്തിയെ ആവാഹിച്ചു കൊണ്ട് ആകാശത്തിന്റെ അനന്തനീലിമയിൽ സഞ്ചരിക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം അസ്തോന്മുഖനായി, സ്വർണ്ണവർണ്ണമായി പരമശിഖരീപീഠത്തിൽ നില്ക്കുന്ന ദിവാസ്പതിയെ ചൂണ്ടിക്കാണിച്ചു. ” ആരും വിളിക്കാതെ തന്റെ നാട്ടിൽ കയറിവന്ന്, ആതിഥ്യവും സ്വീകരിച്ച് ധിക്കാരം പുലമ്പാനുള്ള ധൈര്യം നിങ്ങൾക്കെങ്ങനെയുണ്ടായി ” എന്ന് അദ്ദേഹം പാതിരിയോട് ചോദിച്ചു.

               അപ്പോൾ വെൽവ്രഡി വിശുദ്ധ വേദപുസ്തകത്തെ ഉയർത്തിക്കാണിച്ചു. അറ്റാഹു വാല് പ അതുവാങ്ങിച്ചു നോക്കി. എഴുത്തില്ലാത്ത ഒരു സംസ്കാരത്തിന്റെ സന്താനമായ അദ്ദേഹത്തിന് അതെന്തെന്ന് മനസ്സിലായില്ല .അദ്ദേഹമത് താഴെയിട്ടു പാതിരിക്ക് കലികൊണ്ടു. അയാൾ പടയാളികളെ വിളിച്ചു.അശ്വാരൂഢരായി ഒളിച്ചുനിന്ന പിസാറോയും കൂട്ടരും ഒരു നിമിഷത്തിനുള്ളിൽ പുറത്തുവന്നു.അവർ കടിഞ്ഞാൺവ ലിച്ചു മുറുക്കി. കുതിരകൾ വാപിളർന്ന് നാസാരന്ധ്രങ്ങൾ വികസിപ്പിച്ചു, പിൻ കാലുകളിൽ നിന്ന് അടവുകൾ ചവിട്ടി .ആകാശത്തിലേയ്ക്ക് തോക്കുകൾ ഗർജ്ജിച്ചു. പറങ്കികളുടെ ചതി ഇങ്കായ്ക്ക് മനസ്സിലായി. അദ്ദേഹം അതിവേഗം പല്ലക്കിൽ കയറി പരിചാരകന്മാരോടു കൂടി യാത്രതിരിച്ചു.

വർഷം  1533 ആഗസ്റ്റ്  29.  സമയം സന്ധ്യ കഴിഞ്ഞിരുന്നു. സുര്യബിംബം   ചരമാദ്രിശൃംഗങ്ങൾക്കു പിന്നിൽ  അന്തർധാനം ചെയ്തു.  കജമാർക്കയിലെ  വിശാലമൈതാനം   പെറുവിയൻ ജനതയാൽ  നിറയപ്പെട്ടിരുന്നു.  കൊളുത്തിപ്പിടിച്ച  തീപ്പെട്ടികളുടെ  വെളിച്ചത്തിൽ പെറു ചക്രവർത്തി  അറ്റാഹു വാല് പ യുടെ  പ്രാണങ്ങൾ  ഗിരിമാരുതനിൽ  ലയിച്ചു. അത്യന്തം ദു:ഖകരവും  അവിസ്മരണീയവുമായ   ആ മുഹൂത്തത്തിൽ  അവിടെ കൂടിയിരുന്ന ജനങ്ങൾ  ഒന്നൊഴിയാതെ  സാഷ്ടാംഗ പ്രണാമം  ചെയ്തതായി  ചരിത്രം രേഖപ്പെടുത്തുന്നു.

       ക്രിസ്തുവിന് ഏറ്റ പീഡനത്തെക്കാൾ  കൊടിയ പീഡനങ്ങളായിരുന്നു  ക്രിസ്തുവിന്റെ പേരിൽ, ക്രിസ്തുവിന്റെ അനുയായികളെന്ന് അവകാശപ്പെട്ടവർ, സഭ പിൽക്കാലം  കാട്ടിക്കൂട്ടിയത് എന്നുപറഞ്ഞാൽ   ആർക്കും   നിഷേധിക്കാനാവില്ല.

പറങ്കികൾ  അറ്റാഹു  വാല് പ സഞ്ചരിച്ചിരുന്ന  രാജകീയ വാഹനത്തെ പിൻതുടർന്നു.  നിരായുധരായ അകമ്പടിക്കാരെ  അരിഞ്ഞുവീഴ്ത്തി. ആന്ദോളവാഹകരെ  അവർ ആഞ്ഞു വെട്ടി. ഒരാൾ വീഴുമ്പോൾ  മറ്റൊരാൾ ആ  സ്ഥാനത്തുകടന്ന്  പല്ലക്ക്  താഴെവീഴാതെ കുറച്ചു ദൂരം കൊണ്ടുപോയി.  ഇങ്കായെ മുറിപ്പെടുത്താതെ ബന്ധനസ്ഥനാക്കണമെന്നായിരുന്നു  പിസാറോയുടെ കല്പന.  ഒടുവിൽ  നാലഞ്ചുപേർ ചേർന്ന്  ആ സുവർണ്ണവാഹനത്തെ മറിച്ചിട്ടു.  ഇങ്കായുടെ സുന്ദരദേഹം  കനത്ത ഇരുമ്പു ചങ്ങലകളാൽ വരിയപ്പെട്ടു.  തങ്ങളുടെ  നാഥനായ  സൂര്യവംശജന്  സ്വപ്നത്തിൽ പോലും  വരുമെന്നു  സങ്കൽപ്പിക്കാത്ത  ഈ ആപത്തു കണ്ട്  അദ്ദേഹത്തിന്റെ ജനങ്ങൾ  അമ്പരന്നു.  അവരിൽ നിരവധിയാളുകൾ മരിച്ചുവീണു.  ശേഷിച്ചവർ  ഭയചകിതരായി   നാലുവഴിക്കും പാഞ്ഞു.

അറ്റാഹു   വാല്പ   പിസാറോയുടെ  തടവുകാരനായതോടെ  പെറുവിയൻ   സാമ്രാജ്യ സൗധത്തിന്റെ  ആണിക്കല്ലിലാണ് പറങ്കികൾക്ക്  പിടികിട്ടിയത്.  അവർ  ആ  രാജതിലകനെ  കജ മാർക്കയിലെ  ഒരു മുറിയിൽ   ഏകാന്തതടവിൽ പാർപ്പിച്ചു. തന്റെ  രാജ്യത്ത് താൻ പണികഴിപ്പിച്ച ഒരു കൊട്ടാരത്തിന്റെ  മുറിയിൽ, താൻ അതിഥികളായി പൂജിച്ച ആളുകളുടെ  അടിമയാവാനാണ്  അറ്റാഹു  വാല് പയ്ക്ക്  യോഗമുണ്ടായത്.  വിധിയുടെ ലീലകൾ  സങ്കല്പലോകത്തിൽപ്പോലും  സാധ്യമെന്നു തോന്നാത്ത വിധം   നിഷ്ഠൂരങ്ങളാണ്.   സകല  അധികാരങ്ങളുടെയും  ആകാരവും  സർവനിയോഗങ്ങളുടെയും  നിർഗളസ്ഥാനവുമായ ചക്രവർത്തിയുടെ  ബന്ധനം  പെറുവിയൻ  സാമ്രാജ്യത്തെ  സ്തംഭിപ്പിച്ചു. ചക്രവർത്തിയെ  തടവുപുള്ളിയാക്കിവച്ചു  രാജ്യം കൊള്ളയിടണമെന്നായിരുന്നു   സ്പെയിൽ നിന്നുമുള്ള  നിർദ്ദേശം.  സ്വർണ്ണവും  വെള്ളിയും സമ്പാദിക്കാനുള്ള  സൗകര്യങ്ങൾ  കൊടുത്താൽ സ്വാതന്ത്ര്യം നൽകാമെന്ന്  അവർ ഇങ്കായോട് പറഞ്ഞു.   അറ്റാഹു വാല്പ അത് വിശ്വസിച്ചു.

ഇതുപ്രകാരം, പറങ്കികളുടെ  കൊള്ളയ്ക്കു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ  തന്റെ ഉദ്യോഗസ്ഥപ്രമുഖർക്ക്  കല്പനയയച്ചു  ചക്രവർത്തി.   എങ്കിലും  അവരദേഹത്തെ  മോചിപ്പിച്ചില്ല. ഒടുവിൽ, ഇരുപത് അടി നീളവും  പതിനേഴടി  വീതിയുമുള്ള  താൻ പാർക്കുന്ന മുറിയിൽ  തന്റെ കയ്യെത്തുന്ന പൊക്കത്തിൽ  സ്വർണ്ണം നിറച്ചു കൊടുക്കാമെന്ന് അറ്റാഹു വാല്പ  ഏറ്റു.  ചാക്രവർത്തി  ഈ വാഗ്ദാനം നിറവേറ്റുകയും ചെയ്തു.

പക്ഷേ, അതുകൊണ്ടും  പ്രയോജനമുണ്ടായില്ല. ബന്ധനസ്ഥനായ  ഈ   ചക്രവർത്തിയോട് പിസാറോ  ചെയ്ത മഹാദ്രോഹംപോലെ  മർമ്മഭേദകമായ സംഭവങ്ങൾ  ചരിത്രത്തിൽ അധികമുണ്ടെന്ന് തോന്നുന്നില്ല.  തന്റെ ഇരുനൂറു ലക്ഷം പ്രജകളെ   ഐശ്വര്യത്തോടെ പുലർത്തി എന്നും ദൈവത്തെ മറ്റൊരു പേരിൽ   ആരാധിച്ചു എന്നുള്ളതു മാത്രമായിരുന്നു അദേഹം ചെയ്ത അപരാധം.  അറ്റാഹു  വാല്പയുടെ വിശിഷ്ടമായ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞാൽ  സ്പെയിനിലെ എന്നല്ലാ, മനുഷ്യത്വമുള്ള ആളുകൾ  ഇന്നും ലജ്ജിച്ച്  തല താഴ്ത്തിപ്പോകും.

              അദ്ദേഹത്തെ  ഒരു  ആയുധമാക്കി വച്ചുകൊണ്ട് അന്നാട്ടുകാരെ നിർബാധം കൊള്ളയടിക്കുക എന്നതായിരുന്നു  പിസാറോ അനുവർത്തിച്ച നയം. സൗമ്യശീലരായ  ആ ജനങ്ങളെ വഞ്ചിക്കുവാൻ വല്ല പഴുതുംകിട്ടിയാൽ  അത്   പിസാറോ വിട്ടുകളയാറില്ലായിരുന്നു.  1532 മുതൽ  1542  വരെ  കേവലം  പത്ത് കൊല്ലം കൊണ്ടു  150 ലക്ഷം നാട്ടുകാർ  വധിക്കപ്പെട്ടതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.  അതായത്, ആ  രാജ്യത്തെ  ജനസംഖ്യയുടെ എഴുപത് ശതമാനം!  1803 ന്  മുമ്പായി  പതിനാലായിരം  ലക്ഷം പവൻ വിലയ്ക്കുള്ള സ്വർണ്ണവും  പെറുവിൽ നിന്ന്  സ്പെയിനിലേക്കു കടത്തപ്പെട്ടു.  ഈ കണക്കുകൾ വെറുതെ വായിച്ചുപോകാതെ നല്ലതുപോലെ ആലോചിച്ചുനോക്കി  അവയുടെ വലിപ്പം  മനസ്സിലാക്കേണ്ടതാണ്.

സ്ത്രീസമുദായത്തോടു  ചെയ്ത  ദ്രോഹങ്ങളെ വർണ്ണിക്കുവാൻ  ഒരു ഭാഷയ്ക്കും ശക്തിയില്ല.  അന്നത്തെ  യൂറോപ്പിലെ   ഏതു രാജവംശത്തെയും   നാണിപ്പിക്കത്തക്ക  ആഭിജാത്യമുള്ള  ഇങ്കാകുടുംബത്തിലെ  രാജകുമാരികളെ  പറങ്കികൾ  നീചമായി ദ്രോഹിച്ചു.  സൂര്യകന്യകമാരെയെല്ലാം  പട്ടാളക്കാർ  വാരനാരികളായി മാറ്റി.  അവരുടെ പവിത്രത   ആ രാജ്യത്തെങ്ങും  ആദരിക്കപ്പെട്ടതായിരുന്നു. പക്ഷേ, ഈ ആചാരങ്ങളെല്ലാം  പറങ്കിപ്പരിഷയ്ക്കു തൃണമായിരുന്നു.  വാസ്തവത്തിൽ, പെറുവിയന്മാരോട്  പോർച്ചുഗീസുകാർ  ക്രിസ്തുമതത്തിന്റെ  പേരു പറഞ്ഞ്  കാണിച്ച ക്രൂരതകളോടു  താരതമ്യെപ്പെടുത്തുമ്പോൾ ജാലിൻവാലാബാഗും മറ്റും  എത്രയോ  ക്ഷന്തവ്യങ്ങളാണെന്നു  തോന്നിപ്പോകും.

അറ്റാഹു  വാല്പ  പത്തുമാസത്തോളം തടവിൽ കിടന്നു.  അതിനിടയിലാണ്  ഏറ്റവും കൂടുതൽ  വഞ്ചനയും  അക്രമങ്ങളും നടന്നത്.  അദ്ദേഹം സ്വരാജ്യത്തിനുവേണ്ടി  സർവവും നൽകിയിട്ടും  ഒടുവിൽ  പറങ്കികൾ  ചക്രവർത്തിയെ  വധശിക്ഷയ്ക്ക് വിധിക്കുകയാണ് ചെയ്തത്.  രഹസ്യമായ ഒരു പ്രക്ഷോഭത്തിന്  അദ്ദേഹം ആജ്ഞകൾ അയച്ചുവെന്നും തടവുകാരനാക്കി വച്ചിരുന്ന  ഹുവാസ്തർ  എന്ന സഹോദരനെ വധിച്ചു എന്നൊക്കെയുള്ള ഓരോ  കുറ്റങ്ങൾ  പുറത്ത് പറഞ്ഞുണ്ടാക്കി.

അറ്റാഹു വാല്പ  ആദരീണമായ സത്യസന്ധതയോടും  രാജകീയമായ  പ്രൗഢതയോടും കൂടിയാണ് ബന്ധന കാലം  കഴിച്ചതെന്ന്  അന്ന്  ചക്രവർത്തിയോടിടപഴകുവാൻ കഴിഞ്ഞ ചില  പോർച്ചുഗീസുകാർ  എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിന്റെ  പ്രൗഢതയും വദനകാന്തിയും  അവരെ വളരെ  ആകർഷിച്ചു. ഒരു ചക്രവർത്തിക്കുവേണ്ട  സകലഗുണങ്ങളും തികഞ്ഞ  അദ്ദേഹത്തെ ജനങ്ങൾ  ആരാധിച്ചതിൽ  അത്ഭുതമില്ലെന്ന്  അവരെഴുതി.  പെറുവിയൻ സാമ്രാജ്യത്തിലെ  പക്ഷികൾപോലും  തന്റെ ഇച്ഛയ്ക്കു വിപരീതമായി  ശബ്ദിക്കാറില്ലെന്ന്  പിസാറോയോട്  ഒരിക്കലദ്ദേഹം പറയുകയുണ്ടായി.

കജമാർക്കയിലെ   വധപീഠത്തിലേക്ക് നയിച്ചുകൊണ്ടുപോകുമ്പോൾ   പാതിരിയായ  വെൽവെർഡി   ക്രിസ്തുമതം സ്വീകരിക്കുവാൻ  അദ്ദേഹത്തോട്  വീണ്ടും അപേക്ഷിച്ചു. അങ്ങനെ ചെയ്താൽ   തീവച്ചു കൊല്ലാതിരിക്കാമോ  എന്നദ്ദേഹം  വെൽവെർഡിയോട് ചോദിച്ചു.  ഇല്ലെന്നും തൂക്കിക്കൊല്ലാമെന്നും  പാതിരി സമ്മതിച്ചു.  അഗ്നിക്കിരയായി  മരിക്കാതിരുന്നാൽ സൂര്യൻ  തന്നെ പുനർജീവിപ്പിക്കുമെന്നുള്ള  പെറുവിയൻ  വിശ്വാസത്തെ അനുസ്മരിച്ച്  ഇങ്കാ  ക്രിസ്തുമതം  സ്വീകരിക്കാൻ സമ്മതിച്ചു.  അങ്ങനെ തൂങ്ങിമരിക്കുന്നതിനു മുമ്പ്  അറ്റാഹു വാല്പ കത്തോലിക്കാമതത്തിലേക്ക്  ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.  അനന്തരം തുടക്കത്തിൽ പറഞ്ഞതുപോലെ അദേഹം തൂക്കിലേറ്റപ്പെട്ടു.

ക്രിസ്തുവിനും ക്രിസ്തുമതത്തിനും വേണ്ടി എന്തും  ചെയ്യുന്നതിൽ  പാപമില്ലെന്ന വിശ്വാസത്തിന് വളരെ പഴക്കമുണ്ട്.  മത പീഡനവും നിർബന്ധിത മതം മാറ്റവും  ഭയന്നുള്ള ഗോമേദകത്തിലെ (ഇന്നത്തെ ഗോവ ) ബ്രാഹ്മണരുടെ കൂട്ട പലായനം,  ഭൂമി ഉരുണ്ടതാണെന്നു പ്രഖ്യാപിച്ച  ശാസ്ത്രജ്ഞനെ അരുംകൊല ചെയ്യൽ തുടങ്ങിയ പല വിഷയങ്ങളും ഇക്കാര്യത്തിന്മേൽ ഉണ്ട് .

ka

You can share this post!