കോശപർവ്വം/ഡോ.പി.എൻ. രാജേഷ്കുമാർ

ജീവതാളങ്ങൾ
‘തത്വകലശം’ നിറച്ചാടുന്നു,
ഗർഭഗൃഹത്തിലൊരു
ചെറുനനവ് പടർന്നിറങ്ങുന്നു!
പ്രാണതത്വമേ നീ
ഒന്നിനോടൊന്നുചേർക്കുന്നു,
രണ്ട് നാലാകുന്നു, നാലെട്ടുമാകുന്നു!
പെരുകിപ്പെരുകിയനന്തത ഉള്ളിലുരുവംകൊള്ളുന്നു!
താമരപ്പൊൻനൂലൊന്ന്
ചുറ്റിപ്പുണരുന്നു
പഞ്ചഭൂതങ്ങളതിൽ നിറയുന്നു.
അന്നമയം,പ്രാണമയം…
എത്രയെത്ര നാമധേയങ്ങൾ?
വിശ്വപ്രകൃതിയതിൽലയിച്ചൊരു
മുഗ്ധമോഹനരൂപമാകുന്നു!
സൂര്യവെട്ടം തേടിയൊരുനാൾ
നേത്രോന്മീലനം,
മായികവർണ്ണപ്രപഞ്ചം! ഇന്ദ്രിയങ്ങൾ
പകർന്നാടുമിന്ദ്രജാലം!
പിന്നെയും പിന്നെയും
പെരുകീടുന്നു,
അകവുംപുറവും നിറയുന്നു!
ഒടുങ്ങുന്നൂ ചിലതവയിതിൽത്തന്നെ,
അവറ്റിൽനിന്നനുസ്യൂത- മുയിർക്കൊള്ളുന്നു
പുത്തൻജീവകലകൾ!
കോടികോടിയനന്തകോടി- യുണ്ടെങ്കിലുമവ
കൊണ്ടുംകൊടുത്തും
ആത്മകവചങ്ങളാകുന്നു!
ക്ഷീരപഥങ്ങളിലീ, സൗരമണ്ഡലത്തിൽ,
ചുറ്റിക്കറങ്ങുമീ ഗോളാന്തരംഗങ്ങളിൽ
ക്ഷണികനേരത്തേയ്ക്കൊരു
നേർത്തകണികയായ്-
ത്തീരാനാണീപ്പെരുക്കം!

എങ്കിലുമെന്തേയീത്തിടുക്കം?
മുന്നിൽ,
ഞാ,നേറ്റംമുന്നിൽ ഞാൻ,
മുറ്റിമുറ്റിവളരുന്നനുനിമിഷ-
മെന്നിൽ ഞാൻ!
നില്പതില്ലൊട്ടും
തെല്ലുമില്ലിടവേള, ഇല്ലാ വിശ്രമം,
തിക്കിത്തിരക്കിപ്പരക്കം പാഞ്ഞോടീടുന്നു!
ഒരുവേള പെരുകിപ്പെരുകിയെണ്ണം പിശകുന്നു,
അക്ക,ക്കണക്കുതെറ്റുന്നു,
പദചലനങ്ങൾ പിഴയ്ക്കുന്നു,
ഇടറും തൊണ്ടയിൽ
വേദന കൂടുകൂട്ടുന്നു!
വേദന, വേദന,
വേദനയൊന്നുമാത്രം!
കിരണസഹസ്രങ്ങ-
ളൊരുമിച്ചാഴ്ന്നിറങ്ങുന്നു,
സംഹാരമൂർത്തികൾ
വാടിയ ഞരമ്പുകളിൽ
താണ്ഡവമാടിത്തിമിർക്കുന്നു!
പാദാദികേശം, കേശാദിപാദം
ശ്യാമകളേബരം!
മേലെമേലെ മേഘജാലങ്ങൾ
തണുത്തുറഞ്ഞുകൂടുന്നു,
ഏതോ അജ്ഞാതലോകത്തുനിന്നൊരു
‘ബ്രഹ്മകലശം’ ചൊരിഞ്ഞീടുന്നമൃതവർഷം!
നിർത്താതെ പെരുകുമീ
വേദനകലകളിനി
അയുത,മയുതമായ്പ്പെരുകി ‘അർബ്ബുദ’മാകാതിരിട്ടെ,
ഈ കോശപർവ്വത്തിൻ
കൊടിയിറങ്ങീടട്ടെ!

You can share this post!