കൊറോണനാമ കീർത്തനം

 

ഒന്നായ നിന്നെയിഹ പലതായി കണ്ടുലകം
പലവേലകൾ ചെയ്തു ദിനങ്ങൾ കഴിച്ചിരിക്കെ
പലതല്ല, ഒന്നാണു പരാമാണു തത്വമെന്നോതി-
പഠിപ്പിച്ച ശ്രീ കൊറോണായ നമ:

അണുവാണു ലോകം അതുതന്നെ തത്വം
അണുവിന്ന് മീതെ അണുപോലുമില്ല
ഓരോ അണുവിലും ഇനിയെങ്കിലും കാൺക
പരമാണുതൻ്റെ നിഴൽ ശ്രീ കൊറോണായ നമ:

ആദ്യജനെന്നും അന്ത്യജനെന്നും കല്പിച്ചു കാലം കളഞ്ഞിടേണ്ട
ആദ്യവും അന്ത്യവും ഒന്നെന്നെ പൊരുളറിക
നിത്യം വണങ്ങാം ശ്രീ കൊറോണായ നമ:

ഇക്കണ്ടലോകത്തിലുള്ളോരുവസ്തുക്ക
ളെല്ലാം തനിക്കെന്ന് തെറ്റിദ്ധരിക്കായ്ക
ഇന്നോ നാളെയോ,യെല്ലാം കളഞ്ഞിട്ടുപോകാം നമുക്കും ശ്രീ കൊറോണായ നമ:

ഈജന്മമെത്ര പവിത്രം, ധന്യ,മിതാർക്കു –
മൊരുചേതം വരുത്താതെ കഴിയാം
ഈലോകവുമതിലുള്ള പ്രാണികളുമീ-
യണുതന്നെയെന്നോർക്ക ശ്രീ കൊറോണായ നമ:

ഉൺമകൾ കൊണ്ടു നിറയ്ക്കാൻ കഴിയട്ടെ
ഉള്ളിലെ ക്രൂരതകളെല്ലാം തുലയട്ടെ
പൊട്ടിച്ചിതറാതിരിക്കട്ടണുക്ക-
ളൊരുമിച്ചുകൂട്ടാം ശ്രീ കൊറോണായ നമ:

ഊർജ്ജത്തിനായി വിഘടിച്ചിടേണം
ഉലകംമുടിപ്പാനാതു വേണ്ടപോലും
ആദ്യകണികയെ കണ്ടെത്തുവാ,നായി ന്നും പൊരുതുന്നു
ശാസ്ത്രം ശ്രീ കൊറോണായ നമ:

എന്നുതുടങ്ങി മനുജർക്കുമാത്രമീ
വിശ്വത്തിലുള്ളോരു വസ്തുക്കളെന്നളവ്
അന്നു തുടങ്ങിയോരതിചിന്ത,യിനിയെന്ന് തീരും
ശ്രീ കൊറോണായ നമ:

ഏറ്റമടുത്തുള്ള ദേശത്തു നിന്നും
ഏറ്റവുമാദ്യം പൊട്ടിപ്പുറപ്പെട്ടു
ഈ വിശ്വമാകെ,നീയാളിപ്പടരുന്നു,
എന്നൊന്നടങ്ങും ശ്രീ കൊറോണായ നമ:

ഐഹീക വസ്തുക്കളൊന്നും തികയാതെ
അയ്യോ, മാലോകരെല്ലാമുഴലുന്നു
നിന്നെത്തടയുവാനുരുണ്ടു പാരിൽ
നിത്യം തൊഴാം ശ്രീ കൊറോണായ നമ:

ഒരുപാടു ജീവൻ ഇതിനോടെ പോയി
ഒരുപാടു പേരോ പരിഭ്രാന്തരായി
ഒരുപാoമിതുകൊണ്ടു പഠിയ്ക്കവേണ
മെന്നുംതൊഴാം ശ്രീ കൊറോണായ നമ:

ഓരോ ദിനവും പുലരുന്ന നേരം
ഓരോ ദുസ്സൂചനകളയ്യോ ലഭിക്കുന്നു
കലിയായ കാലത്തിലിതുപോലെയിനിയും
ദുരിതങ്ങളുണ്ടോ ശ്രീ കൊറോണായ നമ:

ഔത്സുക്യമാരും കളഞ്ഞിടേണ്ട
വീര്യംകെടാതിതിനെ നേരിട്ടു നോക്കാം
ഔഷധമല്ല, അവബോധമാണിതിന് പരിഹാരമെന്നറിവൂ ശ്രീ കൊറോണായ നമ:

അംബുവിൽ നിന്നോ പവനനിൽ നിന്നോ
പകരില്ല അണുബാധയെന്നുമേ കേൾക്കുന്നു
അന്യോനമുള്ളോരു ഹസ്തദാനത്താലമ്പോ പകരുന്ന ശ്രീ കൊറോണായ നമ:

അജ്ഞാനമൊക്കെയ കലെക്കളഞ്ഞിനി
ശരിയായ വിജ്ഞാനമിന്നുഗ്രഹിക്കവേണം
ഈയണുവിലും പിന്നെ പരമാണു തന്നിലുമൊന്നെന്ന പൊരുൾ ചൊല്ലാം ശ്രീ കൊറോണായ നമഃ

 

You can share this post!