കേരളമെന്നൊരു നാടാണ് കേരവൃക്ഷം നിറഞ്ഞൊരു നാടാണ്.
കേരളമക്കൾ മൊഴിയുന്നു ഇത് ഭാരതനാടിന്നഭിമാനം.
വള്ളം കളിയുടെ നാടാണ്, പുഞ്ചവിളയുന്ന നാടാണ്
പച്ചവിരിച്ചൊരു മാമലകൾ ദൂരെ നൃത്തം ചവിട്ടുന്ന നാടാണ്.
മേടപ്പുലരി വന്നെത്തുമ്പോൾ ചിരിതൂകി വിരിയും കണിക്കൊന്ന
ആളെ വിളിച്ചുവരുത്തുന്ന മണമേലും ഫലമാ വരിക്കച്ചക്ക.
നീരിനായ് കേഴുന്ന വേഴാമ്പൽ, തല ചേലിലുയർത്തും ഗജവീരൻ..
മേളം കലർന്നൊരു ഉത്സവങ്ങൾ അതിൽ താള പ്പകിട്ടാർന്ന തെയ്യംതിറ.
ഭാവം പകരും കഥകളിയും കളനാദത്തിലെത്തും തടിനികളും..
മാനും മയിലും വിരുന്നിനെത്തും വനം പന്തലൊരുക്കിയ നാടാണ്.
കോടിയുടുക്കുന്നൊരോണ നാള്, നോമ്പ് നോറ്റിടും തിരുവാതിര
മറ്റേറെ കൂട്ടാനായ് നാരിമാർ നെറ്റിയിൽ ചന്ദനം ചാർത്തുന്ന നാടാണ്.
പുൽക്കൂട്ടിൽ ജാതനായുണ്ണീശോ ഓർത്തുകൊണ്ടാടും ക്രിസ്മസ് സുദിനം,
മൈലാഞ്ചി മൊഞ്ചിന്റെ ചേലതിൽ ഒപ്പനത്താളത്തിലാടും പെരുന്നാൾ ദിനം.
മാധുര്യമേറും മലയാളം മാമലനാട്ടിലെ മാതൃഭാഷ
പോറ്റിവളർത്തുന്ന നാടാണേ, നമ്മൾ അമ്മയെപ്പോലെന്നും കാത്തിടണേ.
ഏറെ പറയുവാനുണ്ടെന്നേ കേരളനാട്ടിലെ ഘോഷങ്ങൾ
അറ്റമില്ലാത്ത വിശേഷണത്താൽ ആരും സ്നേഹിച്ചിടുന്നൊരു നാടാണ്.