aകൂത്താട്ടുകുളത്തേക്കുള്ള പാതകൾ
ആട്ടിൻപറ്റത്തെ പോലെ
കടന്നുവരുന്നു;
ഒത്തുകൂടുന്നു
പിരിയുന്നു
വീണ്ടും ചേരുന്നു.
കുറവിലങ്ങാട് -മോനിപ്പള്ളി
പിറവം -അഞ്ചൽപ്പെട്ടി
തിരുമാറാടി -വടകര
മൂവാറ്റുപുഴ -മാറാടി
മീങ്കുന്നം -ഉപ്പുകണ്ടം
രാമപുരം -രാമപുരം കവല
വെളിയന്നൂർ -പുതുവേലി
പാതകൾ പാതകളോടു ചേരുന്നു
പഥേർ പാഞ്ചാലി*
പാതകളുടെ പാട്ട്.
കൂത്താട്ടുകുളം പക്ഷികൾ
ചിറകടിച്ചു പറക്കുകയാണ്.
ചുവപ്പിൽ പച്ച
കറുപ്പിൽ പച്ച
പച്ചക്കുഞ്ഞന്മാർ
മലകൾ ,മലകളിൽ കൂത്താടിയവൾ ,
തൃക്കൂത്താട്ടുകുളത്തിൻ കുന്നുകൾ തേൻവരിക്കപ്ളാവുകൾ, റബ്ബറുകൾ
രാജമല്ലികൾ, ചെമ്പകം, ചെമ്പരത്തി, രാവണൻപച്ചകൾ
കൊന്നകൾ ,ആത്തകൾ ,തേക്കുകൾ, പ്ളാവുകൾ ,മാവുകൾ ,
ആഞ്ഞിലികൾ ,തെങ്ങുകൾ…
രാവുണരാൻ
കാറിക്കരഞ്ഞ പക്ഷികൾ
ആകാശത്തിൽ നിലാച്ചില്ലകളിൽ
ചേക്കേറുന്നു.
അർജുനൻമലയിലെ
ശംഖനാദം
ഓണംകുന്നിലെ പ്രശാന്തരാഗങ്ങൾ.
മുട്ടനോലി മലയിൽ നിന്നൊരു
പുള്ള് വിളിക്കുന്നു,പാതിരാവിൽ .
ചമ്പമലയിലുള്ള ഇണ
വിളി കേൾക്കുന്നു.
രാവിൽ അവരുടെ സല്ലാപം
നീണ്ടു നീണ്ടു പോകുന്നു.
മയിലാത്തോട്ടത്തിലെ
റബർമരക്കാടുകളിൽനിന്നു
ചകോരങ്ങൾ പറന്നു വന്നു
പാറയിടുക്കിലെ കൊക്കോകളിൽ
കൊക്കുരുമ്മുന്നു –
സമയമായില്ല, സമയമായില്ല.
അതിരാവിലെ ഓളപ്പാത്തികളിലേറി
കൊച്ചു കൂട്ടുകാർ
കളിക്കുന്ന
അമ്പലംകുളത്തിൽ
കാക്കകൾ താഴ്ന്നു പറക്കുന്നു,
പുതിയൊരു സംവേദനതലം
തേടുന്നു.
സന്ദേഹികൾ പറന്നുകൊണ്ടേയിരിക്കും.
കടുവാക്കുഴിയുടെ ഓർമ്മകളിൽ
അള്ളുംകുഴിക്കരയിൽ
സന്ധ്യയ്ക്ക് ഒരു വോളിബോൾ
ചാക്കോയും ജേക്കപ്പും രഘുവും പോളും കുര്യനും ഏറ്റുമുട്ടി.
പുറ്റാനിമലയിലും പൂമലയിലും കൊയ്ത്തു കഴിഞ്ഞെത്തുന്ന
ജീവിതത്തുടിപ്പിൻ്റെ പെണ്ണുങ്ങൾ.
കൂത്താട്ടുകുളം പക്ഷികൾ
പകൽ തണുക്കുമ്പോൾ
ചിറകൊതുക്കി
ഇഞ്ചക്കാക്കുഴി തോട്ടിറമ്പുകളിൽ അരിമണികൾ തേടിവരും.
കൂത്താട്ടുകുളം കൊച്ചരുവിയിൽ* ബുധനാഴ്ചകളുടെ ആവർത്തനം.
മൃഗമാംസത്തിന്റെ ചുവപ്പ് നിറം
പടർന്ന സായാഹ്നപ്പാടങ്ങൾ .
മംഗലത്തുതാഴത്തു നിന്ന്
ആശാൻകുട്ടൻ പൂച്ച
അവന്റെ
യജമാനനെ തേടി വരുന്നു.
വെളിയന്നൂരിലെ ഗ്രാമീണ
റോഡുകളിൽ
ഓണത്തിൻ്റെ സമാരംഭസൂചനകൾ.
ഇലപർവ്വങ്ങളും ഹരിതച്ചാർത്തും
ആടിത്തിമിർക്കുന്ന
ഊരമന, പാമ്പാക്കുട, അരീക്കൽ….
പെരുവംമൂഴിയിലെ തനിക്കേരളം
വഴിയന്വേഷിക്കുന്നത്
അഞ്ചൽപ്പെട്ടിയിലൂടെ
കൂത്താട്ടുകുളത്തേക്ക്.
മാറാടിയിലെയും മീൻകുന്നത്തെയും
തെക്കോട്ടു പോകും പാതകൾ ,
ഹൃദയദ്യുതി പോലെ
ഇലപ്രകൃതികൾ,
അടയ്ക്കാമരക്കോമരങ്ങൾ
പനത്തെയ്യങ്ങൾ
കദളിവാഴ തീച്ചാമുണ്ടികൾ…
കൂത്താട്ടുകുളം പക്ഷികൾ
എങ്ങോട്ടും പോകില്ല.
രാവിലെ കോഴിപ്പിള്ളിക്കാവിലെ
അരയാലിലുണർന്നാൽ
വൈകുന്നേരം അരീക്കരപ്പള്ളിയിൽ സാന്ധ്യകോശങ്ങളുടെ വിസ്മൃതിയിൽ
നീന്തിത്തുടിക്കുന്നു
മണ്ണത്തൂരിലെ നാദസ്വരക്കാർ
കുറിച്ചിത്താനത്തെ തൂക്കക്കാർ
ഓണക്കൂറിലെ കൊത്തുപണിക്കാർ
രാമമംഗലത്തെ പാട്ടുകാർ
കാരമലയിലെ സാരിക്കാരികൾ
വഴിത്തലയിലെ സന്ധ്യയ്ക്ക് വിളക്കുവയ്ക്കും കുടുംബിനികൾ
വടകരയിൽ ഞായറാഴ്ച കുർബാന കഴിഞ്ഞുവരുന്ന വെണ്ണിലാവുകൾ
മുത്തോലപുരത്തെ മുറുക്കിച്ചുവപ്പിച്ച കാരണവന്മാർ
ചട്ടയണിഞ്ഞ അമ്മച്ചിമാർ
വടക്കൻ പാലക്കുഴയിലെയും
പണ്ടപ്പിള്ളിയിലെയും
ജീപ്പ് ഡ്രൈവർമാർ
നേരത്തോടു നേരം
നിന്നനിൽപ്പിൽ ഉറങ്ങുന്ന,
ബുധനാഴ്ച ചന്തയ്ക്കുള്ള
നിസ്സഹായപ്പോത്തുകൾ,
ഭാരംവച്ച മൗനങ്ങൾ.
കൂത്താട്ടുകുളം പക്ഷികൾ
ആർദ്രമായി
ആടുകളോട്
മന്ത്രിച്ചു.
ഭാഷയിൽ അപ്രത്യക്ഷമായ ഭാഷയിൽ.
വേദനയ്ക്കുള്ളിലും വേദനിക്കുന്ന വാക്കുകൾ.
ജേക്കബ് ഫിലിപ്പിൻ്റെ എൻസൈക്ലോപീഡിയകൾ
സിജെ തോമസിൻ്റെ പത്രക്കെട്ടുകൾ
സിജെയെ തേടി വരും
പൊൻകുന്നം വർക്കിയുടെ
കാൽനടകൾ
ഫാ. എബ്രഹാം വടക്കേലിൻ്റെ പ്രാർത്ഥനകൾ
ലളിതാംബികയുടെ രാമമന്ത്രങ്ങൾ
റോസി തോമസിൻ്റെ
എം.പി.പോൾ വർത്തമാനങ്ങൾ ,
മേരി ജോണിൻ്റെ ഒളിച്ചോട്ടങ്ങൾ , ഡോക്ടർ പൽപ്പുവിന്റെ വീട്ടിലേക്ക് നീളും പാതകൾ ,
മേരി ബനീഞ്ഞയുടെ
വിശുദ്ധ പുസ്തകങ്ങൾ, ജപമാലകൾ
കെഎസ് നമ്പൂതിരിയുടെ നാടകക്യാമ്പുകൾ .
കൂത്താട്ടുകുളം പക്ഷികൾ
ചിലച്ചും ചിലയ്ക്കാതെയും പറക്കും,
ചരിത്രത്തിൻ്റെ ഇടവരമ്പിനു മുകളിലൂടെ.
* സത്യജിത് റായിയുടെ സിനിമ ,പഥേർ പാഞ്ചാലി (പാതയുടെ പാട്ട്)
* കൊച്ചരുവി :കൂത്താട്ടുകുളം നഗരമധ്യത്തിലൂടെ ഒഴുകുന്ന അരുവി