വരിനെല്ലുകൊത്താൻ കൊതിക്കുന്ന
തത്തമ്മ ച്ചുണ്ടെൻ്റെയുള്ളിലെയന്തരാളങ്ങളെ
മുട്ടിയുരുമ്മുന്നു, പാത്തും പതുങ്ങിയും
തത്തി നടക്കുന്നിതാമാശയത്തിൻ്റെ
ഓലവായിക്കുന്ന സന്ദേശമെന്നിൽ
അതിജീവനത്തിൻ്റെ പാഠം പറയുന്നു.
പച്ച നിറമാർന്ന കൊച്ചുടൽ കണ്ണുനീർ
ത്തുള്ളിയാൽ നക്കി നനച്ചവൾ ചോദിപ്പൂ-
യെന്നീ പാടങ്ങൾപൊൻകതിരാഭയാൽ
നെല്ലിൻ കതിർക്കുല തണ്ടുലഞ്ഞാടിടും
പാടവരമ്പിലെ തോട് നീരാടുമോ,
മാനത്തുകണ്ണിയും ഞണ്ടും പുളവനും
നെല്ലിൻ കടയ്ക്കൽ പുനർജ്ജനിച്ചിടുമോ?
ശാസ്ത്രങ്ങൾ മാറി മറിഞ്ഞതറിയുമോ
പാടത്തെ പാടാത്ത പൈങ്കിളിയേ!
വിതയ്ക്കാതെ ചുറ്റും വളർന്നു വലം വെച്ച വേലികൾ മൂടോടെ വെട്ടിയരിഞ്ഞിട്ട്
നൂതന പ്രത്യയശാശ്ത്ര ക്കുറിതൊട്ട –
ഴകോടെ പാറിച്ചു പുത്തൻ കൊടിക്കൂറ
ആരോ വിതച്ചിട്ട വയലുകളെല്ലാം
കൊയ്തുമെതിച്ചങ്ങു സ്വായത്തമാക്കി
നമ്മളു കൊയ്ത വയലുകളൊക്കെവെ
നമ്മുടേതായില്ലേ പൈങ്കിളിയേ?
ഇനിയാരു കണ്ടമുഴുത് ചേറാടും
ഇനിയാര് ചേറ് കലക്കിത്തുടിക്കും
ഇനിയാര് ചേറിൻ കിതപ്പാറ്റി ഞാറ്റിൻ
ഞൊറിവുകൾ നീർത്തീട്ട് പച്ചകുത്തും
കൂട്ടായി പാടിയ ഞാറ്റു പാട്ടൊക്കെയു-
മാരോർത്തു വച്ചിനി പാടും കിളിയേ?
വിണ്ണിൽ പറക്കുന്ന നിങ്ങളറിയുന്നു
മണ്ണാണ്ജന്മഗൃഹമെന്ന സത്യവും, അംബരദേശത്തിലാവാസ ഗോപുരം കെട്ടിക്കയറുന്ന മാനവ വർഗ്ഗമോ,
മണ്ണിൻ്റെ പൊക്കിൾക്കൊടി മുറിച്ചീടുന്നു,
വിണ്ണിൻ്റെ ശുന്യതാ ബോധം വിഴുങ്ങുന്നു
കണ്ണും കരളും തുരന്നെടുക്കുന്നവർ
വിണ്ണിൽ പ റ ക്കും ഖ ഗ ങ്ങളോടെന്തിന്
മണ്ണിൻ്റെ പങ്ക് പകുത്തു നൽകീടുന്നു.
മണ്ണിനും പെണ്ണിനും പൊന്നിൻ വിലയല്ലെ
കാശ് വിതച്ചു ദുരന്തങ്ങൾ മൊത്തമായ്
കൊയ്യുന്ന മേടിൻ കഥകൾ നീ പാടുമോ?