കൂട്ട്

കൂട്ട്

നിന്റെ വരികളിൽ 

ഞാൻ ഹൃദയം കൊണ്ട്

തൊട്ടിരിക്കുന്നു. 

വർഷങ്ങളായ് 

ഞാനടയിരുന്നു വിരിയിച്ച

സ്വപ്നകുഞ്ഞുങ്ങളെ 

നിനക്ക് കടം തന്നിരിക്കുന്നു.

ഇനി വരുന്ന പുലരികളിൽ 

നിന്റെ ഇതളുകളിൽ വിരിയുന്ന

ആദ്യ മഞ്ഞുതുള്ളികൾ 

എനിക്കു തരിക. 

ഞാനവയെ ചേർത്ത്

നിനക്കായൊരു

കാണാക്കൊലുസ് പണിയാം. 

നീ മടങ്ങുമ്പോൾ 

വഴികളിൽ 

ആത്മസംഗീതമാകാം.

പാഥേയം

യാത്രക്കിടയിലെ

ആത്മധ്യാനങ്ങളിലൊന്നിലാണ് 

മിഠായിപ്പൊതിയുടെ പ്രലോഭനത്തിൽ

നാടുകടത്തപ്പെട്ട ഉറുമ്പുകളെ

നൂലുപൊട്ടിച്ചിതറിയ മുത്തുകളെപ്പോലെ

തോൾസഞ്ചിയിൽ കണ്ടെത്തിയത്. 

ആറു കാലിലൊളിപ്പിച്ച 

അങ്കലാപ്പുകളുടെ നെഞ്ചിടിപ്പ്

ഉലയുന്ന വാഹനത്തിൽനിന്ന്

പെറുക്കിയെടുത്തു. 

മെഡിറ്ററേനിയൻ കടൽച്ചൊരുക്കിൽ 

ആടിയുലഞ്ഞ ജീവിതനൗകകൾ

വിളക്കുമരം തേടി കാഴ്ചപ്പുറമണഞ്ഞു. കുഞ്ഞുങ്ങളിൽ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന

സമുദ്രപ്രവാഹങ്ങളുടെ പേര് വിളിച്ചുകൊണ്ട് 

മനസ്സിൽ നിന്നൊരില കൊത്തിയിട്ടു.

ഉള്ളിത്തെയ്യം

———————

കൺപോളകളിൽ
കാർമേഘമുരുണ്ടു
തുടങ്ങുമ്പോളെല്ലാം
അവൾ അടുക്കളയിലേക്കോടും

അടുപ്പിനുതാഴെ
വിരിച്ചിട്ടിരിക്കുന്ന
ചാക്കിൽനിന്നും
മുഴുത്തൊരുള്ളി
തിരഞ്ഞെടുക്കും

പലവട്ടം കൂർപ്പിച്ച
കത്തിത്തുമ്പ് വീണ്ടും
അമ്മിവക്കിലുരച്ച്
തീ പിടിപ്പിക്കും

വരണ്ട തൊലികളെ
ഭ്രാന്തമായി
ഉരിഞ്ഞുമാറ്റും

വെള്ളം നിറച്ച
പാത്രത്തിൽ
പലവുരുമുക്കി
കുടഞ്ഞെടുക്കും

വരവീണുതേഞ്ഞ
മരപ്പലകയിൽ
അങ്ങിനെ കിടത്തും

നീളത്തിൽ
കുറുകെ
തെരുതെരെ
കത്തിത്തല
കേറ്റിയിറക്കും

കൺപീലിയുടെ
തടയണ നിറയുമ്പോൾ
ഒഴുകിയെത്തുന്ന
ജലധാരകാണാൻ
എത്തിനോക്കുന്നവരോട്
ഉറക്കെപ്പറയും
‘ഉള്ളി അരിഞ്ഞു തീർന്നില്ല

ഊഞ്ഞാൽ

———————

ജീവിതപ്പലകയിൽ

ആഞ്ഞുകുതിക്കുമ്പോൾ

 രാവിലെ കേട്ട പ്രാക്കിനെ

ഒരപ്പൂപ്പൻ താടി പോലെ

പറത്തിക്കളയണം.

പിന്നോട്ട് വലിച്ച വഷളൻ കാറ്റിനെ

ഒറ്റച്ചാട്ടത്തിനു പിന്നിലാക്കണം.

നിലം തൊടുന്നമാത്രയിൽ പറക്കാൻ

ഞാനെന്റെ കാലുകളെ

പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.

ഒറ്റക്കുതിപ്പിന്

മാവിന്റെ രണ്ടില പറിച്ചത് വെറുതെയല്ല.

മോണപഴുത്ത ചിലർക്ക് നൽകാനുണ്ട്.

അയലത്തെ കുശുമ്പും

അടുപ്പിലെ കാറലും തീർക്കാൻ

വീണ്ടും ചവിട്ടിക്കുതിച്ചേ തീരൂ.

ചാഞ്ഞും ചെരിഞ്ഞും നോക്കി

നേരം കളയേണ്ട കാക്കയമ്മേ

ഈ ഊഞ്ഞാലാട്ടം  ഇവിടെ തീരില്ല.

സീന ശ്രീവത്സൻ

You can share this post!