വലിയ ഇടവകയാണ്. പുതിയ വികാരി വന്നു. ചെറുപ്പക്കാ രനാണ്. ആദ്യം കൈ മുത്തുന്ന ശിങ്കിടികളെ പരിചയപ്പെട്ടു. പണവും സൗകര്യവുമുള്ളവരുടെ മൊബൈൽ നമ്പർ വാങ്ങി വിളിച്ച് കൂടിക്കാഴ്ച തരപ്പെടുത്തി. എല്ലാ വരുടേയും സഹകരണം വേണമെന്ന് പറഞ്ഞു.
യോഗശാലയിൽ ആദ്യത്തെ പള്ളിക്കമ്മിറ്റികൂടി. ധനവാന്മാർക്കും രാഷ്ടീയക്കാർക്കുമായി മുൻനിര ഒരു അനുഷ്ഠാ നംപോലെ മറ്റുള്ളവർ ഒഴിഞ്ഞിട്ടു. അച്ചൻ ആമുഖമായി പറഞ്ഞു.
‘നമുക്ക് ഈ പള്ളി അടിമുടി മാറ്റിപ്പണിയണം.’
അച്ചൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന്
അംഗങ്ങൾ മുഖത്തോടു മുഖം നോക്കി.
‘അച്ചൻ പറയുന്നത്… പുതിയ പള്ളി…’
കൈക്കാരനായ പണത്താക്കോലുകാ
രൻ സംശയം പ്രകടിപ്പിച്ചു.
‘അതേ. നമ്മുടേത് ഒരു വലിയ ഇടവകയാ. പള്ളി പഴയതും ഇടുങ്ങിയതും. ആധുനിക സൗകര്യങ്ങൾ നന്നേ കുറവ്. വിശേഷദിവസങ്ങളിൽ എല്ലാവരേയും ഉൾക്കൊള്ളാൻ പള്ളിക്കാവുന്നില്ല.’
അത് ശരിയാണെന്ന് പലരും തലകുലുക്കി സമ്മതിച്ചു. ചുരുക്കം ചിലർ മുറു
മുറുപ്പോടെ മിണ്ടാതിരുന്നു. അവർ ലാസറിന്റെ വർഗമായിരുന്നു.
‘ആധുനികരീതിയിൽ, കത്തീഡ്രൽ പളളിക്ക് സമാനമായ ഒരു പള്ളി നമുക്ക് പണിയണം.’
‘അതിനൊക്കെ കോടികൾ വേണ്ടേ അച്ചോ?’
തൂമ്പാപ്പണിയിൽനിന്ന് കിട്ടുന്നതുകൊണ്ട് റേഷനരി വാങ്ങി പകുതി പട്ടിണിയിലും ദാരിദ്യത്തിലും കുടുംബം പോറ്റുന്ന ക്രിസ്തുദാസ് എന്ന ദാസപ്പൻ ചേട്ടൻ അവസാന ബഞ്ചിലിരുന്ന് ചോദിച്ചു. ആൾ ലേശം വിഘടനവാദിയാണെന്നാണ് തത്പരകക്ഷികൾ പറയുന്നത്.
‘വേണം വേണം. പള്ളിയാണ് എടവക്കാരുടെ അഭിമാനം. ഈ നാട്ടിലെ ഏത് അമ്പലത്തെക്കാളും മോസ്കിനെക്കാളും അതങ്ങ് ആകാശംമുട്ടി നിൽക്കണം. അതിനെത്ര ചെലവായാലും തരക്കേടില്ല.’
പലിശക്കാരനും കള്ളുകച്ചവടക്കാരനും കോൺട്രാക്ടറുമായ ചാണ്ടി മുതലാളി തന്റെ വടി പോലത്തെ വൈറ്റ് കോളർ പിറകിലേക്ക് വലിച്ചിട്ടു. ആ തക്കംനോക്കി തടിച്ച സ്വർണച്ചെയിനും അതിൽ തൂങ്ങപ്പെട്ട തച്ചന്റെ മകനും കൽദായവാദികളുടെ അടയാ ളമായ മാർത്തോമ്മാ കുരിശും പുറത്തു ചാടി.
ആ തടിച്ച മാലയിലെ സ്വർണ ക്രിസ്തുവും കുരിശും ഇയാൾ എങ്ങനെ താങ്ങുമെന്ന അസൂയയിൽ യോഗശാലയിൽശബ്ദമില്ലായ്മയുടെ സൂചി നിലത്ത് വീണ് ആരവം മുഴക്കി.
‘എത്ര വേണ്ടി വരും?’
വീണ്ടും ദാസപ്പൻചേട്ടൻ.
‘ഒരു പത്തുപന്ത്രണ്ടുകോടിയുടെ ബഡ്ജറ്റിടാം.’
അച്ചൻ നിസ്സാരമട്ടിൽ വിനീതനായി.
‘പന്ത്രണ്ടുകോടിയോ?’
ദാസപ്പൻ ചേട്ടൻ തലയിൽ കൈവെച്ചു പോയി.
‘അച്ചോ, പന്ത്രണ്ടു കോടികൊണ്ടു ണ്ടാക്കുന്ന പഞ്ചനക്ഷത്രപ്പള്ളിയിൽ ക്രിസ്തു ഇരിക്കുമോ?’
‘എന്താ പേര് ?’
അച്ചൻ ചോദിച്ചു.
‘ക്രിസ്തുവെന്നാണ്’.
ദാസപ്പൻ ചേട്ടൻ പരിഹാസത്തോടെ പറഞ്ഞു.
‘അല്ലാ, നിങ്ങളുടെ പേരാ ചോദിച്ചേ.’
‘ദാസപ്പെനെന്നാ.’
‘ദാസപ്പൻ ചേട്ടാ. ചേട്ടൻ ഏത് കാലത്താ ജീവിക്കുന്നെ ങേ?ഒരു കാര്യം മനസ്സിലാക്ക്. ക്രിസ്തു ജനിച്ചത് രണ്ടായിരം വർഷം മുമ്പാ. കാലം ഒത്തിരിമാറി. ക്രിസ്തു കാലിത്തൊഴുത്തിലാ ജനിച്ചെ.
എന്നാ ഇപ്പോ ദാസപ്പൻ ചേട്ടന്റെ വീട് കാലിത്തൊഴു ത്തോ ചെറ്റക്കുടിലോ മറ്റോ ആന്നോ?’
‘അച്ചോ അപ്പോ ഒരു കാര്യം ചോദിച്ചോട്ടെ.’
അച്ചൻ അനുവദിച്ചു. ഇടവക ഭരണക്കാർ കലിപ്പോടെ അയാളെ നോക്കി.
‘ബൈബിൾ എഴുതിയിട്ട് എത്ര കാലമായി?’
വീണ്ടും സൂചി വീണു. കനത്ത നിശബ്ദതയ്ക്കുമേൽ സൂചി ഗർജിച്ചു.
‘ബൈബിളും മാറ്റിയെഴുതേണ്ട സമയം കഴിഞ്ഞില്ലേ?’
ദാസപ്പൻ ചേട്ടനിൽനിന്ന് വിഘടനവാദി
മുഴുവനായി പുറത്തുചാടി.
‘അയാളെ പുറത്താക്ക്.’
അച്ചൻ കുരിശിലെ ക്ഷമയുടെ മറുപുറമായി.
മനസ്സിലെ കാൽക്കുലേറ്ററിൽ സീറോ മുതൽ ഒമ്പത് വരെയുള്ള കട്ടകളിലൂടെ
ചാണ്ടി മുതലാളിയുടെ വേഗവിരൽ പാഞ്ഞു.
‘നമുക്ക് ബഡ്ജറ്റ് പതിനഞ്ചു കോടിയാക്കാം. അതിൽ ഒരു കോടി എന്റെ വീതം.’
ചാണ്ടി മുതലാളി പ്രഖ്യാപിച്ചു.
അവിടെ സൂചിക്കുഴ, വിസ്താരമുള്ള ഒരു ടണൽപോലെ വികസിക്കുന്നത് ദാസപ്പൻ ചേട്ടൻ കണ്ടു.
എല്ലാവരും കൈടിച്ചു.
ദാസപ്പൻ ചേട്ടൻ തലകുനിച്ച് സ്വയം പുറത്തു കടക്കുമ്പോൾ അൾത്താരയിലെ ക്രൂശിതൻ കുരിശിൽനിന്നിറങ്ങി അയാൾക്ക് കുടപിടിച്ച് കൂടെ നടന്നു.