റിപ്പോർട്ട് എൻ.രവി
മാല്യങ്കര(വടക്കൻ പറവൂർ): പ്രാപഞ്ചികമായ സംവേദനത്തിൻ്റെ ശ്രംഖലയിൽ സ്നേഹം എന്ന വികാരവുമായി താദാത്മ്യം പ്രാപിച്ച കവിയാണ് കുമാരനാശാനെന്നു വിമർശകനും സാഹിത്യകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി. എൻജിനീയറിങ് കോളേജിൽ കുമാരനാശാൻ്റെ നൂറ്റിയൻപതാം ജന്മദിനാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹം ഒരു പ്രാപഞ്ചികമായ കണക്ടിവിറ്റിയാണ് .സ്നേഹം ദൈവമാണെന്നു വലിയ മുനിമാർ പറഞ്ഞത് അതുകൊണ്ടാണ്. സ്നേഹത്തിലൂടെ ദൈവത്തിന്റെ സംവേദനലോകത്തേക്ക് നമുക്ക് പ്രവേശനം കിട്ടുന്നു. ഏതൊരു സസ്യത്തിനും ജീവിക്കും ഈ സ്നേഹം മനസ്സിലാകും. അത് ജീവൻ്റെ ഉദാത്തമായ ഒരു അനുഭവതലമാണ്. സ്നേഹത്തിൽ വിഭിന്നത ഇല്ലാതാവുകയാണ്. അത് നമ്മെ ഒന്നിപ്പിക്കുകയാണ്. വളരാൻ വിസമ്മതിക്കുന്ന ഒരു സസ്യത്തെ ഏതാനും ദിവസം നിങ്ങൾ അടുത്ത് ചെന്ന് ഒരു കുട്ടിയോട് എന്നപോലെ ലാളിച്ചു പെരുമാറി നോക്കൂ. അത്ഭുതകരമായ മാറ്റം ഉണ്ടാകും .ആ ചെടി വളരാൻ തുടങ്ങും. ഒരു പക്ഷിക്ക് വെള്ളം കൊടുത്താൽ അത് നമ്മെ തേടിവരും .ഇത് പ്രാപഞ്ചികമായ ബന്ധമാണ്. സ്നേഹമെന്ന അഭൗമമായ തലമാണത്. കുമാരനാശാൻ സ്നേഹം എന്ന വികാരത്തിലൂടെ പ്രപഞ്ചത്തിന്റെ ഉന്നതമായ സംവേദനതലങ്ങളുമായി ബന്ധപ്പെട്ടു .സ്നേഹത്തെ മനുഷ്യൻ്റെ ഏറ്റവും വലിയ മഹത്വമായി ആശാൻ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ് -ഹരികുമാർ പറഞ്ഞു.
ആശാൻ്റെ ‘നളിനി’ സ്നേഹത്തിന്റെ ,പ്രേമത്തിന്റെ വിശുദ്ധി തേടുകയാണ് .അവൾ തന്റെ പ്രിയനെ കാണാനായി കഷ്ടപ്പെടുന്നു. ഒടുവിൽ ഹിമാലയ താഴ്വരയിൽ വച്ച് കാണുമ്പോഴും ആ യോഗിയോട് അവൾ തൻ്റെ പ്രേമത്തെക്കുറിച്ചാണ് പറയുന്നത് .അവൾക്ക് അത് മറയ്ക്കാനാവില്ല. അവൾക്ക് പ്രേമം ജീവിക്കാനുള്ളതാണ്.’ലീല’യാകട്ടെ എല്ലാ സ്നേഹങ്ങളുടെയും അപ്പുറത്തുള്ള ശുദ്ധമായ സ്നേഹത്തെ തേടുകയാണ്.മാംസനിബദ്ധമായ പ്രേമത്തെയും അവൾ ജയിക്കുകയാണ് .ഈ സ്നേഹം ആശാൻ്റെ അദ്വൈതമായ ഒരു ഭാവനാത്മക മേഖലയാണ് .ശ്രീനാരായണഗുരു അദ്വൈതത്തെ മാനുഷികമായ ഐക്യത്തിൻ്റെയും ഉപകാരത്തിൻ്റെയും അനുഭവങ്ങളിലൂടെ സംവേദനക്ഷമമാക്കി. ഭിന്നതയില്ലാതെ ഗുരു സമൂഹത്തിൽ പ്രവർത്തിച്ചത് അതുകൊണ്ടാണ്. ഗുരുവിനു ജാതിവ്യത്യാസമില്ല. ഗുരുവിൻ്റെ ആശ്രമങ്ങളിൽ പറയക്കുട്ടികളും പുലയക്കുട്ടികളും ഭക്ഷണം പാചകം ചെയ്യാറുണ്ടായിരുന്നു. പ്രായോഗികമായ ,ജനക്ഷേമകരമായ അദ്വൈതമാണത്. സ്നേഹമാണ് അതിൻ്റെ അടിത്തട്ട് .ആശാൻ ആ അദ്വൈതത്തിൽ നിന്നാണ് പ്രചോദനം നേടിയത്.ആശാനിൽ സ്നേഹം മാനുഷികമായ അറിവുകളാൽ ഏറ്റവും ശുദ്ധമാക്കപ്പെട്ടതാണ്. അത് വിനിമയോപാധിയാണ്. ഈ പ്രപഞ്ചവുമായി നിങ്ങൾക്ക് താദാത്മ്യം പ്രാപിക്കാനുള്ള ഉപാധിയാണ് സ്നേഹം. അദ്വൈതത്തെ അനുഭവിക്കണമെങ്കിൽ ഈ താദാത്മ്യഭാവം അനിവാര്യമാണ്. തടിച്ച പുസ്തകങ്ങൾ വായിച്ചതുകൊണ്ട് അദ്വൈതാനുഭൂതി കിട്ടില്ല. കോടിക്കണക്കിനു പക്ഷികൾ പറന്ന ആകാശത്തിലേക്ക് നോക്കിയാൽ നിങ്ങൾക്ക് പ്രകൃതിയുടെ വിസ്മൃതി എന്ന പ്രതിഭാസം കാണാം .പ്രകൃതി ആരെയും ഓർക്കുന്നില്ല. അത് എല്ലാത്തിനെയും വിസ്മൃതി എന്ന നിലയിൽ പിന്നിൽ ഉപേക്ഷിക്കുന്നു. കോടിക്കണക്കിനു പക്ഷികൾ പറന്ന ആകാശത്ത് ശൂന്യതയാണ് കാണാനാവുന്നത് .എന്നാൽ വല്ലപ്പോഴും ഒരു കൂട്ടം പക്ഷികൾ ആകാശത്തിൽ വന്ന് ലീലയിൽ ഏർപ്പെടുമ്പോൾ ,പല ആകൃതിയിൽ പറക്കുമ്പോൾ നിങ്ങൾക്ക് ഏതോ ഒരു താദാത്മ്യബോധം ഉണ്ടാവുകയാണെങ്കിൽ അത് അദ്വൈത്തിൻ്റെ ആംശിക അനുഭൂതിയാണ്. നിങ്ങളുടേതായ എന്തോ ഒന്ന് അതിൽ ദർശിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് നിങ്ങളെ വികാരഭരിതരാക്കും. അതിൽ അദ്വൈതമുണ്ട് .ഈ വികാരം ഈ ലോകത്തിൻ്റെ ഓരോ നിമിഷത്തിലും നിറഞ്ഞു നിൽക്കുകയാണ്. ആശാൻ കവിതയിലെ കലഹങ്ങളും പ്രതിഷേധങ്ങളും ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ളതാണ് -ഹരികുമാർ പറഞ്ഞു.
സ്വാതന്ത്ര്യമാണ് സാഹിത്യത്തെ നിലനിർത്തുന്നത്. എഴുതാനുള്ള കേവലസ്വാതന്ത്ര്യമല്ല അത്. എന്തെഴുതണമെന്നും സാംസ്കാരികമായി ഉയരണമെന്നും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണത്. ആശാൻ അത് ശരിക്കും ഉൾക്കൊണ്ടു. അർത്ഥശൂന്യമായി പൂക്കളെക്കുറിച്ച് പാടുന്ന കവികളെയാണ് നാം കണ്ടിട്ടുള്ളത്. വിടർന്നു നിൽക്കുന്ന പൂക്കൾ കണ്ടിട്ട് സുന്ദരമാണെന്ന് അവർ പറയും. എന്നാൽ സൗന്ദര്യത്തിന്റെ മറുവശം വൃത്തികെട്ടതാണെന്ന് ഫ്രഞ്ച് നാടകകൃത്ത് ഷെനെ പറഞ്ഞു. പലപ്പോഴും പൂക്കൾ വിടർന്ന് നിൽക്കുന്ന തണ്ടുകൾ വേരുറപ്പിച്ചിരിക്കുന്നത് ചെളിയിലായിരിക്കും. പൂക്കൾ കൊണ്ട് വൃത്തിഹീനത മറയ്ക്കാനാവും. ആശാൻ പൂവ് കണ്ടു മതിമറന്നവനല്ല. പൂവിൻ്റെ വാഴ്വിൽ അതിൻ്റെ ആത്യന്തികമായ പതനത്തെയും കണ്ടു. അതുകൊണ്ട് ആശാനെ വീണു കിടക്കുന്ന പൂവ് അസ്വസ്ഥനാക്കി. വീണപൂവ് ഒരു വലിയ വേദനയായി. ‘ഉൽപ്പന്നമായത് നശിക്കും’ എന്ന ആശാൻ്റെ വീക്ഷണമാണ് നിലം പതിഞ്ഞ പൂവിൻ്റെ മുന്നിലും ആശാനെ മഥിക്കുന്നത്. അത് മനുഷ്യത്വത്തിൻ്റെ പതനമാണ്. എന്താണ് മനുഷ്യത്വം? നാരായണഗുരു മനുഷ്യത്വത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അനുകമ്പയുള്ളവനിലാണ് ഗുരു മനുഷ്യത്വം കാണുന്നത്. അനുകമ്പയില്ലാത്തവൻ നാറുന്ന ഉടൽ മാത്രമാണെന്ന് ഗുരു വളരെ പ്രക്ഷുബ്ധമായി പറഞ്ഞിട്ടുണ്ട്. ‘വീണപൂവി’ലൂടെ ആശാൻ പറയാൻ ശ്രമിക്കുന്നത് നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ തന്നെ പതനത്തെക്കുറിച്ചാണ്. ആശാൻ്റെ മറ്റു പ്രധാന കവിതകളിലും പൂവിൻ്റെ വീഴ്ച വേറെ രൂപത്തിൽ കാണാവുന്നതാണ്. ജാതിയുടെ അന്ധതയിൽപ്പെട്ട സമൂഹം ഒരു പതനമല്ലേ ?’ചണ്ഡാലഭിക്ഷുകി’യിൽ ഒരു ബുദ്ധസന്യാസിക്ക് വെള്ളം കൊടുക്കാനാവാതെ കുഴയുന്ന ചണ്ഡാലിക പറയുന്നത് തന്നെ പോലുള്ളവരിൽ നിന്ന് വെള്ളം വാങ്ങി കുടിക്കരുതെന്നാണ്. അവൾ ജാതി വ്യവസ്ഥയെ പേടിക്കുന്നു.വെള്ളത്തിനും ജാതി പിടിപെടുന്ന കാലമായിരുന്നു അത് .അത് ഒരു വീഴ്ചയല്ലേ?’ചിന്താവിഷ്ടയായ സീത’യിൽ അവഗണിക്കപ്പെട്ട സീതയെ ആദരവോടെ കാണുകയാണ്. ഫെമിനിസമൊക്കെ വരുന്നതിനു മുന്നേ ആശാൻ പുരുഷൻ്റെ അധികാരത്തിന്റെയും പദവിയുടെയും പേരിൽ ഒതുക്കപ്പെടുന്ന സ്ത്രീയെക്കുറിച്ച് ധീരമായി എഴുതി .ഭാഷയിൽ പോലും സ്ത്രീ ഇല്ലല്ലോ .പല വാക്കുകൾക്കും പുരുഷ ഭാവമേയുള്ളൂ .സീതയ്ക്ക് ഇനിയും വേണ്ടത്ര ആദരവ് കിട്ടിയിട്ടില്ല. ആശാൻ്റെ സീത അതുകൊണ്ടുതന്നെ ഒരു വിപ്ലവമായി പടരുകയാണ്- ഹരികുമാർ പറഞ്ഞു .
ആശാൻ കവിത മനുഷ്യൻ്റെ പവിത്രമായ മൂല്യങ്ങൾക്ക് പിന്നാലെയാണ് നീങ്ങുന്നത്. സ്നേഹവും ദയയും നമ്മളിലുണ്ടെങ്കിൽ നമ്മെ മുറിവുകൾ ഏശുകയില്ലെന്ന ബുദ്ധദർശനമാണ് ആശാൻ്റെ കവിതകളിലുള്ളത്. ബുദ്ധശരീരം അങ്ങനെയാണ്. ആ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ സ്നേഹവും ദയയുമുണ്ട് .അതുകൊണ്ട് ആ ശരീരത്തെ മുറിവുകൾ ബാധിക്കില്ല. ആശാൻ കവിതകൾ ബുദ്ധശരീരമാണ്. ഒരു സന്യാസി എങ്ങനെയാകരുതെന്ന പാഠമാണ് ‘കരുണ’ പഠിപ്പിക്കുന്നത്. വാസവദത്ത എന്ന സമ്പന്നയായ സ്ത്രീ തൻ്റെ അതിരുവിട്ട ജീവിതത്തിനിടയിലാണ് ഉപഗുപ്തനെക്കുറിച്ച് കേൾക്കുന്നത്. അവൾക്ക് സുന്ദരനായ ഉപഗുപ്തനെ കാണണമെന്നു തോന്നുന്നു. എന്നാൽ ഉപഗുപ്തൻ കാണാൻ കൂട്ടാക്കുന്നില്ല. അദ്ദേഹം പറയുന്നത് സമയമായില്ലെന്നാണ്. ഒരു വ്യക്തിയെ കാണുന്നതിന് എന്തിനാണ് പ്രത്യേക സമയം? മനുഷ്യസ്നേഹമല്ലേ നമ്മുടെ അടയാളം? എന്നാൽ തെറ്റ് ചെയ്ത വാസവദത്തയുടെ കരചരണങ്ങൾ അറുത്തുമാറ്റി ചുടലക്കാട്ടിൽ കിടത്തിയപ്പോൾ കൂടെ തോഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ .ആ സമയത്ത് ആവശ്യപ്പെടാതെ തന്നെ ഉപഗുസ്തൻ അങ്ങോട്ട് ചെല്ലുകയാണ് .ഒരു സ്ത്രീ ഏറ്റവും അപമാനിതയായി കഴിയുന്ന വേളയിൽ അവളെ കാണാൻ പോകുന്നത്, പ്രത്യേകിച്ചും ഈ ഉപഗുപ്തൻ, മര്യാദകേടാണ്.വാസവദത്ത ആരെയും കാണാനാഗ്രഹിക്കാത്ത സമയമാണത്. അവിടെ ചെന്ന ഉപഗുപ്തൻ വാസവദത്തയ്ക്ക് മോക്ഷം നൽകിയെന്നു പറയുന്നതിൽ ഗുപ്തമായ വിമർശനമാണ് അടങ്ങിയിരിക്കുന്നത്. കരചരണങ്ങളറ്റ അവൾക്ക് എന്ത് മോക്ഷമാണ് വേണ്ടത്?ഭൗതികജീവിതത്തിൽ സർവ്വവും നഷ്ടപ്പെട്ട അവൾ വേദന അനുഭവിക്കുകയാണ്. അവൾക്ക് ‘മോക്ഷം’ കൊടുക്കാൻ വേണ്ടി ഉപഗുപ്തൻ പോകരുതായിരുന്നു .ഈ ലോകജീവിതത്തിലെ ശിക്ഷകൾക്ക് ബദൽ തേടി മരണാനന്തര ജീവിതത്തിൽ അലയുന്നത് വ്യർത്ഥതയാണ്. ഇതുപോലുള്ള സന്യാസമല്ല ശ്രീനാരായണഗുരു പഠിപ്പിച്ചത്. ലോകക്ഷേമത്തെ മുൻനിർത്തി ഭിന്നതയില്ലാതെ പെരുമാറുകയാണ് ഗുരുവിൻ്റെ സന്യാസസങ്കല്പത്തിലുള്ളത്. ഭാഗവതത്തിൽ പറയുന്നുണ്ട് ,അഭിന്നേ ന ചക്ഷുഷ: .ഭിന്നതയില്ലാതെ നോക്കുക.ഉപഗുപ്തൻ ഭിന്നതയോടെ നോക്കിയതുകൊണ്ടാണ് വാസവദത്തയെ ഒന്നു കാണാൻ പോലും തയ്യാറാവാതിരുന്നത് -ഹരികുമാർ പറഞ്ഞു.
ജീവിതാനന്തരം കിട്ടുമെന്നു പറയുന്ന സ്വർഗത്തിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടാണ് ദസ്തയെവ്സ്കിയുടെ ‘കരമസോവ് സഹോദരന്മാരി’ലെ ഐവാൻ സംസാരിക്കുന്നത്. കുട്ടികളെക്കുറിച്ചുള്ള ഒരു നിരീക്ഷണം ചിന്തിപ്പിക്കും. ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ശിക്ഷിക്കപ്പെടുന്നത് എന്തിനാണെന്ന് ഐവാൻ ചോദിക്കുന്നു. കുട്ടികളെ പീഡിപ്പിക്കാനുള്ള കാരണം മാതാപിതാക്കൾ ചെയ്ത തെറ്റാണെങ്കിൽ ,ആ തെറ്റിൻ്റെ ഫലം ഏറ്റെടുക്കാൻ എന്ത് ബാധ്യതയാണ് കുട്ടികൾക്കുള്ളത്? അതുകൊണ്ട് ഈ ലോകത്തിൽ ചെയ്യാത്ത തെറ്റുകളുടെ പേരിൽ ഒരാൾ ശിക്ഷ അനുഭവിക്കുകയാണെങ്കിൽ അതിന് ഒരു യുക്തിയുമില്ല .ഇവിടെ വേറൊരു യുക്തി പൊന്തിവരുന്നു. ഈ ലോകത്ത് എല്ലാ പീഡനങ്ങളും അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് അയാൾക്ക് സ്വർഗ്ഗത്തിന്റെ ആവശ്യം? സ്വർഗം ഇതിനെ ഇല്ലാതാക്കുന്നതെങ്ങനെയാണ് ?
അതുകൊണ്ട് വാസവദത്ത അനുഭവിച്ച പീഡനങ്ങൾ കേവലം ഒരു ഉപഗുപ്തനു ‘മോക്ഷം’ നല്കി ഇല്ലാതാക്കാനാവില്ല -ഹരികുമാർ പറഞ്ഞു.
എച്ച്.എം.ഡി.പി സഭാ പ്രസിഡണ്ട് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.സുൽകുമാർ ആശാൻ അനുസ്മരണ പ്രഭാഷണം ചെയ്തു. എഴുത്തുകാരൻ കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം ചെയ്തു. മാല്യങ്കര എസ്.എൻ.എം. കോളേജ് പ്രിൻസിപ്പൽ ഡോ.ജിത ടി. എച്ച് പ്രഭാഷണം ചെയ്തു. എസ്.എൻ.എം. ഐ.എം.ടി.മാനേജർ പി.എൻ.ശ്രീകുമാർ സ്വാഗതവും എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ആത്മാറാം നന്ദിയും പറഞ്ഞു.