കുന്തിരിക്കത്തിന്റെ മണം

എനിക്ക് നന്നായി ഉറക്കം വന്നു തുടങ്ങി . കടുത്തുരുത്തിയിൽ കല്യാണപാർട്ടിക്ക് പോയ അപ്പനും അമ്മയും ഇതുവരെ വന്നിട്ടില്ല . സമയം പതിനൊന്നുമണിയായി . അടുത്തമുറിയിൽ നിന്ന് നേർത്ത കൂർക്കംവലി കേൾക്കാം . കുരിശുവരച്ചു ഭക്ഷണവും കഴിച്ചു കിടക്കേണ്ട താമസം അമ്മാമ്മ ഉറങ്ങും . പതിയെ എഴുനേറ്റു മുറിയുടെ വാതിക്കൽ ചെന്ന് നോക്കി . കുന്തരിക്കത്തിന്റെ മണമാണ് ആ മുറിക്ക് . ഉയർന്ന കട്ടിലിൽ വെള്ളവിരിയിൽ കിടക്കുന്ന അമ്മാമ്മയെ നോക്കിനിന്നു . ഒരു ചെറു ചിരിയോടെ വെളുത്ത ചട്ടയിലും മുണ്ടിലും ഒരു മാലാഖയെപ്പോലെ . തലയിലെ വെള്ളി മുടിയ്ക്കു ചുറ്റും ഒരു പ്രകാശ വലയം മിന്നുന്നുണ്ടോ ? ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന മാതാവിന്റെ തലയിലെപ്പോലെ !!

അമ്മയുടെ അകന്ന ബന്ധത്തിലെയാണ് അമ്മാമ്മ . ഒറ്റത്തടി . സ്വന്തമായുള്ള ഒരു വലിയ എസ്റ്റേറ്റിൽ ആയിരുന്നു താമസം . പ്രായമായപ്പോൾ ആരെങ്കിലും വേണമെന്ന് ഒരാശ . ആരും അടുപ്പിച്ചില്ല . അവസാനം അമ്മയുടെ മനസ്സലിഞ്ഞു . കൊണ്ടുപോന്നു . പലരും തടഞ്ഞായിരുന്നു . സാത്താന്സേവക്കാരിയെന്നെല്ലാം പറഞ്ഞ് . പക്ഷെ നേരിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടുപോയി . വെളുത്തു വിളറിയ രൂപം .തലമുടി മുഴുവൻ നരച്ചെങ്കിലും ശരീരമെല്ലാം ചുളിഞ്ഞെങ്കിലും പ്രൗഢമായ മുഖം .

“എന്താടി കൊച്ചെ ഉറക്കം വരണില്ലേ ? ”

പെട്ടെന്ന് ഞെട്ടിപ്പോയി അമ്മാമ്മ ഉറങ്ങിയെന്നാ കരുതിയെ .

” കേറിവാടി ഇവിടെയിരി ”

അടുത്ത് കട്ടിലിൽ പോയിരുന്നു . കൈയിൽ പിടിച്ചു . തണുത്തു ഐസുകട്ട പോലെ .

” എന്താടി ചിന്തിച്ചു കൂട്ടുന്നെ ? ”

” ഒന്നുല അമ്മാമ്മേ . വെറുതെ ഇങ്ങിനെ ….”

” കൊഞ്ചണ്ട . ഇതിനുമുമ്പും നീ വാതുക്കൽ വന്ന് ഉളിഞ്ഞുനോക്കിയത് ഞാൻ കണ്ടാർന്നു . എന്നാടി കാര്യം? ”

അന്നത്തെ വൈകുംനേരം ഞാനോർത്തു .

അപ്പനുമമ്മയും ഇല്ലാത്തതുകൊണ്ട് സന്ധ്യാപ്രാർത്ഥനയ്ക്ക് ഞങ്ങള് രണ്ടുപേരും മാത്രം . ഞാൻ മെഴുകുതിരിയെല്ലാം കത്തിച്ചു മുട്ടുകുത്തുമ്പളേക്കും ഒരു നിലവിളക്കും എണ്ണയും തിരിയുമായ് അമ്മാമ്മ എത്തി . വന്നപാടെ മാതാവിന്റെ മുൻപിൽ അതു കത്തിച്ചു വയ്ച്ചു. പതിവുപോലെ ഞാൻ ചൊല്ലിത്തുടങ്ങി .

” പിതാവിനും പുത്രനും പ്രരിശുദ്ധ റൂഹായുമായ സത്യേക ദൈവത്തിന്റെ നാമത്തിൽ തനിക്ക് സ്തുതി …….”

“നിർത്തെടി ” പെട്ടന്നാ അമ്മാമ്മ പറഞ്ഞത് എന്നിട്ടു ചൊല്ലി തുടങ്ങി .

“നന്മനിറഞ്ഞ മാതാവേ , ശക്തിസ്വരൂപിണി തൈക്കാട്ടമ്മേ
ഞങ്ങൾ ഞങ്ങളുടെ ശരീരവും ആത്മാവും ചിന്തകളും പ്രവൃത്തികളും ജീവിതവും മരണവും നിന്നിൽ ഭാരമേല്പിക്കുന്നു
തൈക്കാട്ടമ്മേ നസ്രാണികളുടെ രാജ്ഞി ……”

ആദ്യമായി കേൾക്കുന്ന പ്രാർത്ഥന . കൂടെ നിന്നു . ആ സ്തുതിയ്ക്ക് ഒരു പ്രേത്യകത ഉള്ളപോലെ . ചൊല്ലിക്കഴിഞ്ഞിട്ടും കണ്ണുതുറക്കാതെ ചെറുതായി ആടിക്കൊണ്ടു അമ്മാമ്മ നിന്നു .മണിമുഴക്കം പോലെ തലയിലെന്തോ …. അവസാനം രണ്ടുപേരും എഴുനേറ്റപ്പോളാണ് ശ്രദ്ധിച്ചത് വിളക്കല്ലാതെ ബാക്കി മെഴുകുതിരികളെല്ലാം കെട്ടിരിക്കുന്നു . ഒന്നും പറയാതെ കുറച്ചുനേരം നിന്നു .പിന്നെ പതിയെ മുറിയിലേയ്ക്ക് നടന്നു . അപ്പോൾ മുതൽ ചോദിയ്ക്കാൻ ശ്രമിക്കുകയാണ് പുതിയ സന്ധ്യാസ്തുതിയെപ്പറ്റി . അമ്മാമ്മയുടെ പതിവില്ലാത്ത ഗൗരവമായിയുള്ള മുഖം കണ്ടപ്പോൾ എന്തോ മടി .

“അതേ … ”

മടിച്ചു മടിച്ചു ചോദിച്ചു

“ഇന്ന് കൊന്തചൊല്ലിയപ്പോൾ അമ്മാമ്മ എന്തിനാ മാറ്റി ചൊല്ലിയെ ? ”

അമ്മാമ്മ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു . പതിയെ എന്റെ തലയിൽ തഴുകി എന്നിട്ട് ചോദിച്ചു .

“ശോശക്കുട്ടി നിനക്ക് എത്ര വയസ്സായടി ? ”

“പതിനേഴുകഴിഞ്ഞു ”

“നിനക്ക് ആമ്പിളേരുമായി എന്തേലും ചുറ്റിക്കളിയുണ്ടോടി ?”

“പോ അമ്മമ്മേ എനിക്കൊന്നും ഇല്ല …”

എന്റെ രണ്ടുകൈയും പിടിച്ചു വിരലിൽ തിരുമ്മി

” വേറെന്തെങ്കിലും കുസൃതി ” ?

“അയ്യേ പോ അവിടുന്ന് ” ഞാനെഴുനേറ്റു .

“നിക്കടി അവിടെ… എനിക്കറിയാം നമ്മുടെ കുടുംബത്തിന് ചേർന്ന രീതിയിലെ നീ ജീവിക്കു . തൈക്കാട്ടമ്മയുടെ കുടുംമ്പമാ നമ്മുടെ . തൈക്കാട്ടു കന്യമാരുടെ കുടുംബം . നീ വാ ”

അമ്മാമ്മ എന്നെയും കൊണ്ട് മൂലയിൽ വയ്ച്ചിരിക്കുന്ന തടിപ്പെട്ടിയുടെ അരികിലേക്ക് പോയി . മുണ്ടിന്റെ കോന്തലയിൽ ഉടക്കിയിട്ടിരിക്കുന്ന താക്കോൽകൊണ്ട് അത് തുറന്നു . നടുക്ക് വലിയൊരു കള്ളിയും ചുറ്റും ചെറിയകള്ളികളും നിറഞ്ഞ പെട്ടി. വിളക്കുകളും പിച്ചള പാത്രങ്ങളും പട്ടിൽ പൊതിഞ്ഞ ചില പുസ്തകങ്ങളും അങ്ങനെ എന്തെല്ലാമോ നിറഞ്ഞിരിക്കുന്നു . നടുക്കുള്ള വലിയ കള്ളിയിലിരുന്ന പൊതി അമ്മാമ്മ പുറത്തേക്കെടുത്തു . കുന്തരിക്കത്തിന്റെ മണം ശക്തിയായി . തുണിപ്പൊതി രണ്ടു കണ്ണിലും തൊടുപ്പിച്ചു ഒരു പലകയിൽ വയ്ച്ചു .

പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അമ്മാമ്മയുടെ മുറിയിലെ കുന്തിരിക്കത്തിന്റെ മണത്തെപ്പറ്റി . കുന്തരിക്കം പുകക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല . പക്ഷെ അമ്മാമ്മയുമായി ബന്ധപ്പെട്ട എല്ലാത്തിനും ആ മണമായിരുന്നു . തുണിക്കും മുറിക്കും അമ്മാമ്മയ്ക്കു പോലും . ഒരിക്കൽ അപ്പൻ തമാശയ്ക്ക് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് മറുപടിയായി ഒരു സ്തുതി ചൊല്ലി .

“കൃപ നിറഞ്ഞ മറിയമേ നിനക്ക് സമാധാനം .
സ്ത്രീകളിൽ നീ വാഴ്ത്തപ്പെട്ടവൾ ആകുന്നു
ദൈവമായ വിശുദ്ധ കന്യക മാർത്ത മറിയമേ
ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും
പാപികളായ ഞങ്ങൾക്കുവേണ്ടി
അപേക്ഷിച്ചു കൊള്ളണമേ ..ആമേൻ ”

കർത്താവിനെ ഒഴിവാക്കി മാതാവിനെ നേരിട്ടാണല്ലോ അമ്മാമ്മ പിടിക്കുന്നത് എന്നു പറഞ്ഞു ചിരിച്ച് അപ്പൻ പോയി .

പലപ്പോഴും ശ്രദ്ധി്ച്ചിട്ടുണ്ട് അമ്മാമയും കർത്താവും തമ്മിൽ അത്ര രസത്തിലല്ല . മാതാവിനോട് ഒരുമാതിരി ഭ്രാന്തുപിടിച്ച ഭക്തിയും .

പലകയിൽ വയ്ച്ചു തുണിപ്പൊതി അഴിച്ചപ്പോൾ ഇരുണ്ട ഒരു ചെറിയപെട്ടി . കുന്തിരിക്കം കൊണ്ടുണ്ടാക്കിയത് . അമ്മാമ്മ രണ്ടുകൈയും കൊണ്ട് അതിൽപ്പിടിച്ചു എന്തെല്ലാമോ പിറുപിറുത്തു . പിന്നെ പതിയെ അത് തുറന്നു . അതിനകത്തുനിന്ന് തടികൊണ്ടുണ്ടാക്കിയ മാതാവിന്റെ ഒരു രൂപം, ഒരു സ്വർണ്ണ വാൾ , സ്പടിക പാത്രത്തിൽ ഇളം മഞ്ഞനിറത്തിൽ ഉള്ള ഒരു ലേപനക്കുപ്പി എല്ലാം എടുത്തു പുറത്തേയ്ക്കു വയ്ച്ചു . തടിയിൽ മാതാവിനെ വയ്ച്ചിട്ട് പുറകിൽ വിളക്ക് കത്തിച്ചു . മാതാവിന്റെ മുമ്പിൽ വാളും കുന്തരിക്കപ്പെട്ടിയും സ്പടികക്കുപ്പിയും നിരത്തി വയ്ച്ചു . എന്നെ നോക്കി .

ശോശക്കുട്ടി നിനക്കറിയാമോ ഇതാണ് നമ്മുടെ കുടുംബത്തിന്റെ പരദേവത . കൊച്ചിയും വേമ്പനാടും കഴിഞ്ഞു തിരുവിതാംകൂറും പടർന്നു കിടക്കുന്ന നമ്മുടെ കുടുംബത്തിന്റെ എല്ലാ അനുഗ്രഹത്തിനും ഐശ്വര്യത്തിനും കാരണഭൂത …. തൈയ്ക്കാട്ടമ്മ .

അമ്മാമ്മ കഥപറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നു . മിക്കതും കുടുംബത്തിലെ പൂർവികർ ചെയ്ത വീരകൃത്യങ്ങൾ ആയിരിക്കും . പിന്നെ ദൈവഭക്തിയും . മുടിയുടെ ഇടയിലൂടെ പതുക്കെ തഴുകി ചരിത്രം ഓരോന്നായി പറയുമ്പോൾ പലപ്പോഴും ഞാനുറങ്ങിപ്പോകാറുണ്ട് . ഉറങ്ങിയാലും ആ കഥകൾ വിരലുകളുടെ മാസ്മരിക സ്പര്ശനത്തിലൂടെ സ്വപ്നദർശനമായി എന്നിലേക്കിറങ്ങും . ഉറവകൾ ചീറ്റി പനഞ്ഞ് എന്റെ ഓർമ്മകളിൽ അത് നിറഞ്ഞു നിൽക്കും .

ആൻഡ്രു ഫെറട്ട മുതുമുത്തച്ഛൻ പോര്ടുഗീസിൽ നിന്ന് വന്ന് കൊച്ചി രാജാവിനോട് ചേർന്ന് എഴുപത്തൊന്ന് മാടമ്പികളിൽ ഒരേഒരു നസ്രാണി മാടമ്പിയായി ചേർന്നത് തൊട്ടാണ് ഞങ്ങളുടെ കുലം തുടങ്ങുന്നത് .കച്ചവടവും ഭരണവും ഒന്നിച്ചു കൊണ്ടുപോയിരുന്നു ഫെരേട്ടാ മുത്തച്ഛൻ കുടുംബത്തെ ഉയർച്ചയിലേയ്ക്ക് നയിച്ചു . ഒരേ ഒരു കാര്യത്തിൽ മാത്രമേ മുത്തച്ഛന് നിർബന്ധം ഉണ്ടായിരുന്നുള്ളു കെട്ടിക്കേറുന്ന പെണ്ണുങ്ങളെല്ലാം പോര്ടഗീസുകാരികളായിരിക്കണം . കുടുംബത്തിൽ ജനിക്കുന്ന ആണുങ്ങളെല്ലാം അവർ പ്രായപൂർത്തിയാകുന്ന മുറയ്ക്ക് കുരിശ് പിടിപ്പിച്ച് സത്യം ചെയ്യിച്ചിരുന്നു .ഫെറാട്ട മുത്തച്ഛന്റെ പിന് തലമുറക്കാരെല്ലാം ആ ആജ്ഞ പാലിച്ചു . പൂർവ പിതാക്കന്മാരുടെയും ഒടേ തമ്പുരാന്റെയും അനുഗ്രഹത്താൽ സന്തതികളും സമ്പത്തും കുടുംബത്തു കുമിഞ്ഞുകൂടി . ഇരുന്നൂറു വർഷത്തോളം തുടർന്ന ആണുങ്ങളുടെ വാക്കു തെറ്റിച്ചത് കൊച്ചാണ്ടി മുത്തച്ഛനാണ്‌ . കച്ചവടത്തെക്കാൾ അല്പം സാഹിത്യവും കലയുമെല്ലാമായിരുന്നു കൊച്ചാണ്ടിയുടെ ലോകം . ഒരു ശുദ്ധൻ . ആലപ്പുഴയിലെ കായൽ രാജാവായിരുന്ന കൊച്ചു തൊമ്മന്റെ മകൾ അന്നക്കുട്ടി കൊച്ചാണ്ടി മുത്തച്ഛന്റെ മനസ്സിളക്കി . വീട്ടിൽ നടന്ന ഭൂകമ്പത്തെ കൊച്ചാണ്ടിയും അന്നക്കുട്ടിയും നെഞ്ചുവിരിച്ചു നേരിട്ടു . ശരിക്കും പറഞ്ഞാൽ അന്നക്കുട്ടി നേരിട്ടു എന്ന് പറയുന്നതാകും ശരി .
വീട്ടിലെ അപ്പന്റെയും അമ്മയുടെയും അപ്പാപ്പൻമാരുടെയും പുലയാട്ടും ഭീഷിണികളും കേട്ട് കരഞ്ഞു വിളിച്ചു രാത്രിക്ക് രാത്രി വള്ളവും ഊന്തി അന്നക്കുട്ടിയുടെ അടുത്തെത്തുന്ന കൊച്ചാണ്ടിയെ രാവിലെയാകുമ്പളേക്കും ആരെയും എന്തിനേയും നേരിടാൻ പാകമാക്കി അന്നക്കുട്ടി തിരിച്ചയക്കും . വൈകുന്നേരമാകുമ്പോൾ പഴയ കുഴഞ്ഞ കരച്ചിൽ പരുവത്തിൻ അന്നക്കുട്ടിയുടെ അടുത്ത്തിരിച്ചെത്തും . അവസാനം വീട്ടുകാർക്ക് മടുത്തു കല്യാണം നടത്തിക്കൊടുത്തു . അങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ ആദ്യമായി ഒരു മലയാളദേശക്കാരി കെട്ടിക്കേറിവന്നു . അതോടുകൂടി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആൺ മേല്കോയ്മക്കുപകരം അന്നക്കുട്ടിയുടെ ഭരണം നിലവിൽ വന്നു .

” ശോശക്കുട്ടി ” അമ്മാമ്മ ശബ്ദമുയർത്തി വിളിച്ചപ്പോളാണ് ചിന്തകളിൽ നിന്ന് തിരിച്ചെത്തിയത് .

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കൊച്ചാണ്ടി മുത്തച്ഛന്റെ കഥ ? ”

മനസ്സുവായിച്ചതുപോലുണ്ട് .

” കൊച്ചാണ്ടിയും അന്നക്കുട്ടിയതും കെട്ടിയവരെയാ ഞാൻ പറഞ്ഞത് . ബാക്കിയെന്നതാ നടന്നേ എന്ന് മനപ്പൂർവം പറയാത്തതാ . സമയമായില്ല എന്ന് കരുതി . ഇനിയിപ്പോ പറയാം .കെട്ടിക്കയറി അന്നക്കുട്ടി എല്ലാം അടക്കി ഭരണം തുടങ്ങി . അപ്പാപ്പന്മാർക്കും അമ്മാമ്മമാർക്കും വേലക്കാർക്കും അന്നക്കുട്ടി പറയുന്നതിനപ്പുറം ഒന്നുമില്ലാതായി . എങ്കിലും അവരുടെ മനസ്സിൽ പക പുകഞ്ഞുകൊണ്ടിരുന്നു അതു പുറത്തേയ്ക്ക് ചാടാൻ അവസരം നോക്കിയിരുന്നു . വൈകാതെ അവർക്കതു കിട്ടുകയും ചെയ്തു . കെട്ടിയാൽ ഒന്നാം വര്ഷം മുതൽ പെറു തുടങ്ങണം എന്നതായിരുന്നു അലിഖിത നിയമം . അന്നക്കുട്ടിയുടെ ചട്ടയുടെ മുൻപ് ഒരു തരിപോലും പൊങ്ങാത്തതും മാസം അഞ്ചു ദിവസം അടുക്കളേ കേറാത്തതും കുശുകുശുപ്പിനു കാരണമായി . അവസാനമത് നേരിട്ടുള്ള ചോദ്യമായി .

ആദ്യമെല്ലാം മുട്ടായുക്തി പറഞ്ഞൊഴിഞ്ഞങ്കിലും അവസാനമായപ്പോളേക്കും അന്നക്കുട്ടിക്ക് പിടിച്ചുനിക്കാൻ പഴുതില്ലാതായി . താനുണ്ടാക്കിയ ആധിപത്യമെല്ലാം പതിയെ കുറയുന്നതായി അവൾക്കുതോന്നി . കൊച്ചാണ്ടിയാവട്ടെ കവിതയെഴുതിയും ചിത്രംവരച്ചും കറങ്ങിനടന്നു. തന്റെ വിഷമം പറയാൻപോലും ആരുമില്ലാതെ അന്നക്കുട്ടി വലഞ്ഞു . നാട്ടിലെ പള്ളിപ്പെരുനാളിനു പോയ അന്നക്കുട്ടി അപ്പന്റെയും അമ്മയുടെയും മുന്നിൽ എല്ലാം പറഞ്ഞു നിലവിളിച്ചു .

മകളുടെ സങ്കടവരുതിക്ക് കൊച്ചുതൊമ്മൻ വഴികൾ ആലോചിച്ചു . തിരിച്ചു ഭർത്താവിന്റെ വീട്ടിലേയ്ക്കില്ല എന്നുപറഞ്ഞിരിക്കുന്ന അവളുടെ തീരുമാനം മാറ്റുക ദുഷ്കരമാണെന്നു സ്വാനുഭവത്തിൽ നിന്ന് കൊച്ചുതൊമ്മനറിയാം . കാര്യങ്ങൾ അന്വേഷിച്ചതിൽ നിന്ന് രണ്ടുപേർക്കും കുഴപ്പങ്ങളില്ല എന്ന് മനസ്സിലായി . ഇനിയുള്ള സംശയം ദോഷങ്ങൾ ഉണ്ടോ എന്നതാണ് . നാട്ടിലെ പ്രമുഖ കണിയാന്മാർ കവിടിക്കിഴിയുമായി കേറിയിറങ്ങാൻ തുടങ്ങി . ഒരു ദോഷവും കാണാൻ കഴിഞ്ഞില്ല . ഇല്ല എന്നല്ല കാഴ്ചമറച്ചു എന്തോ ഒന്ന്…. . എല്ലാവരും തോറ്റു പിന്മാറിയപ്പോളാണ് ആരോപറഞ്ഞ് ഒരു ഉപാസന മൂർത്തിയെപ്പറ്റി കേട്ടത് .ഉദയംപേരൂരിനടുത്തു വേമ്പനാട്ടുകായലിലെ ഒരുതുറയിൽ മീൻ പിടിക്കുന്ന ചെറുമന്മാർ തറകെട്ടി പ്രതിഷ്ടിച്ചിരിക്കുവാനത്രെ . മൂത്ത ചെറുമന്റെ കെട്ടിയോൾ സ്വപ്നദർശനം കിട്ടി കായലിൽ ചാടി മുങ്ങിയെടുത്തതാണ് . തൈത്തറമുത്തി എന്നവർ വിളിക്കുന്ന ശക്തിസ്വരൂപിണി . കോഴിവെട്ടും ആടുവെട്ടുമെല്ലാം ഉണ്ടെന്നാണ് കേൾവി . വിളിച്ചാൽ വിളിപ്പുറത്താണ് മൂർത്തി .

കേട്ടപാടെ കൈക്കാരെയും കൂട്ടി വള്ളത്തില് ഉദയംപേരൂരിലേയ്ക്ക് കൊച്ചുതൊമ്മൻ യാത്രതിരിച്ചു . തേടിച്ചെന്നപ്പോൾ വേമ്പനാട്ടുകായലിൽ നിറയെ തെങ്ങു നിറഞ്ഞയൊരു തുരുത്താണ് . തൈക്കാട് എന്നാണ് അറിയപ്പെട്ടിരുന്നത് . നേരെ ചെന്ന് മൂത്ത ചെറുമനോട് കാര്യം പറഞ്ഞു .നസ്രാണികളെ വിശ്വസിക്കാത്ത ചെറുമൻ തറകാണിക്കാൻ തയ്യാറായില്ല . ചുറ്റും നിരന്നിരുന്ന ചെറുമന്മാരുടെ കറുത്ത തിളങ്ങുന്ന ശരീരപുഷ്ടി കണ്ട് ഒരു കൈയേറ്റത്തിന് തൊമ്മൻ തുനിഞ്ഞില്ല . നിറഞ്ഞ ഒരു പണ
സഞ്ചി കൈയിൽ ചെന്നപ്പോൾ അവർ വഴിക്കു വന്നു .

അവർ നയിച്ച വഴിയിലൂടെ നടന്ന് തുരുത്തിന്റെ നടുക്കായെത്തി . അവിടെ ഒരു തറയിൽ പൊങ്ങിനിൽക്കുന്ന ശൂലങ്ങളും അതിൽ ചുറ്റിയ ചുമന്ന പട്ടുകളും കണ്ടു . അതിന്റെ നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ദാരുവിഗ്രഹം . തൈത്തറമുത്തി . പഴക്കമുള്ള ഒരു സ്ത്രീ ശിൽപം .കൈയിലൊരു കുഞ്ഞും . മുഖത്തെ ചൈതന്യം കാരണം പഴുത്ത ഇരുമ്പു പോലെ തോന്നി . കണ്ണുകളിൽ നിന്ന് തീ പാറുന്നപോലെ . കൊച്ചു തൊമ്മൻ തൊഴുതു മുട്ടുകുത്തി , സങ്കടം ബോധിപ്പിച്ചു . തൊട്ടപ്പുറത്തെ പച്ചമടല് ഒരു വലിയ ശബ്ദത്തോടെ പൊട്ടി താഴെ വീണു .

“മുത്തി കേട്ടിരിക്കുന്നു . ”

മുമ്പിലുരുന്ന ചിരട്ടയിൽ കള്ളു നീട്ടിക്കൊണ്ടു ചെറുമൻ പറഞ്ഞു . കള്ളുകുടിച്ചുകൊണ്ടു തൊമ്മൻ നിന്നു പരുങ്ങി.

” ഇത്രെട വന്നിട്ട് മുത്തിയെക്കണ്ടു തൃപ്തിയായി . തറയിലെ തെങ്ങിൻ കള്ളും കായലിലെ കരിമീനും ദേശത്തു പ്രസിദ്ധം .”

കാര്യം മനസ്സിലായ ചെറുമന്മാർ സൽക്കാരത്തിലേക്ക് കടന്നു . കാലിയായ കള്ളിൻകുടങ്ങളും മീന്മുള്ളുകളും കൊണ്ട് തെങ്ങിൻതടം നിറഞ്ഞു .

രാവേറെച്ചെല്ലുംതോറും ഓരോരുത്തരായി ചെരിഞ്ഞുതുടങ്ങി . നേരം വെളുത്തു എരണ്ടക്കുട്ടം തെക്കുള്ള പാടങ്ങളിലെ ഞണ്ടും പരലും കൊത്താനായി പറക്കുമ്പോൾ താഴെ തുരുത്തിലെ ദാരുണ ദ്രശ്യം പതുക്കെ തെളിഞ്ഞു വന്നു . മൂത്തവനുൾപ്പടെ തറയിൽ ഉണ്ടായിരുന്ന എല്ലാ ചെറുമന്മാരെയും വെട്ടി തുണ്ടമാക്കി ഇട്ടിരിക്കുന്നു . കൈക്കാരെയും കൊച്ചുതോമയായെയും കാണാനില്ല കൂടെ തറയിൽ പ്രതിഷ്ഠിച്ചിരുന്ന മുത്തിയെയും .

അന്ന് അവിടെനിന്നും കൊച്ചുതൊമ്മൻ കൊണ്ടുപോന്ന തൈത്തറ മുത്തിയാണ് പിന്നെ തെക്കേടത്തമ്മ എന്നപേരിൽ നമ്മുടെ കുടുംബദേവതയായത് . അവിടുത്തെ അനുഗ്രഹം കൊണ്ട് കുടുംബ പാരമ്പര്യം പിന്നെയും പുഷ്പ്പിക്കുകയും കൊച്ചാണ്ടിഅപ്പുപ്പനും അന്നകുട്ടിയുടെയും ജീവിതം സന്താന സമ്പത് സമൃദ്ധികൊണ്ട് മേൽഗതി പ്രാപിക്കയുകയും ആ അനുഗ്രഹം വരും തലമുറകളിലൂടെ നമ്മളിൽ വരെ എത്തിനിൽക്കുകയും ചെയ്യുന്നു . തെക്കേടത്തമ്മയുടെ പേരിൽ വേറെ പള്ളികൾ പൊങ്ങി വന്നെങ്കിലും മൂലബിംബം നമ്മുടെ കൈയിൽ എന്നും സുരക്ഷിതം .

അമ്മാമ്മ പറഞ്ഞുനിർത്തി മുമ്പിലിരുന്നു സ്പടിക കുപ്പിയുടെ അടപ്പുതുറന്നു . രൂക്ഷമായ മൂറിന്റെ സുഗന്ധം പുറത്തേയ്ക്ക് വന്നു . അല്പം വിളക്കിലെ എണ്ണയിലേക്കൊഴിച്ചു . തിരികൾ ആളി . സംഭവബഹുലമായൊരു ഭൂതകാലം ഉള്ളിലൊളിപ്പിച്ചു തെക്കേടത്തമ്മയുടെ വിഗ്രഹം തിളങ്ങി . തെക്കേടത്തമ്മയോ അതോ തൈത്തറമുത്തിയോ ?? മുമ്പിൽ ഇരുന്ന സ്വർണ്ണ കഠാരയിലും കുന്തിരിക്ക പെട്ടിയും മൂറിന്റെ കുപ്പിയിലും ചൂണ്ടി അമ്മാമ്മ തുടർന്നു .

” ശോശക്കുട്ടി നീ ഇതിൽ ഏതെങ്കിലും എടുത്തേ ….”

ഞാനേതോ സ്വപ്നലോകത്തെപ്പോലെ മന്ദിച്ചിരുന്നു . കുന്തിരിക്കത്തിന്റെയും വിളക്കിൽനിന്നുയരുന്ന മൂറിന്റെയും ഗന്ധം എന്റെ തലയിൽ ലഹരിപോലെ പ്രവർത്തിച്ചു തുടങ്ങി . ഏതോ ലോകത്തു ഒഴുകി നീങ്ങുന്നപോലെ .

മുൻപിൽ ഒഴുകുന്ന ഛായാപടങ്ങൾ. പ്രസവശേഷം മയങ്ങുന്ന മാതാവിനെയും ഉണ്ണിയേയും കാണാൻ ഒട്ടകപ്പുറത്ത് വരുന്ന മൂന്നുരാജാക്കൾ . വഴികാട്ടിയായി ജ്വലിച്ചുനിൽക്കുന്ന നക്ഷത്രം . തുറക്കുന്ന സമ്മാനപ്പെട്ടികളിൽ സ്വർണവും കുന്തരിക്കവും മൂറും …അധികാരത്തിന്റെ സ്വർണ്ണവും ദൈവീകതയുടെ കുന്തരിക്കവും സമർപ്പണത്തിന്റെ മൂറും …വിറച്ച കൈകൾ തൊട്ടത് മൂറിന്റെ കുപ്പിയിൽ . അമ്മാമ്മ കുപ്പിതുറന്ന് അതിലെ ലേപനം പതിയേ എന്റെ തലയിൽ ഒഴിച്ചു.

“കൃപ നിറഞ്ഞ മറിയമേ നിനക്ക് സമാധാനം .
സ്ത്രീകളിൽ നീ വാഴ്ത്തപ്പെട്ടവൾ ആകുന്നു
ദൈവമായ വിശുദ്ധ കന്യക മാർത്ത മറിയമേ
ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും
പാപികളായ ഞങ്ങൾക്കുവേണ്ടി
ഞങ്ങൾ ഞങ്ങളുടെ ശരീരവും ആത്മാവും ചിന്തകളും പ്രവൃത്തികളും ജീവിതവും മരണവും നിന്നിൽ ഭാരമേല്പിക്കുന്നു
തൈക്കാട്ടമ്മേ നസ്രാണികളുടെ രാജ്ഞി ……”

അമ്മാമ്മയുടെ സ്വരം ഉയർന്നു തുടങ്ങി . തലയിലൂടെ താഴേയ്ക്ക് ഒഴുകുന്ന മൂറിന്റെ ലേപനം ഓരോ രോമകൂപങ്ങളിലും നിറയുന്നു . പരിശുദ്ധമാക്കുന്നു .

” കെട്ടുകൾ പൊട്ടട്ടെ … ഒഴുകട്ടെ ചോര … പരിശുദ്ധ സമർപ്പണം…..”

അമ്മാമ്മയുടെ വിരലുകൾ തലയിലൂടെഴയുന്നു .

പിന്നെയും മാറുന്ന ചിത്രങ്ങൾ . കൊച്ചുതോമായുടെ ഉയർന്നു താഴുന്ന വാളിൽ പിളരുന്ന മൂത്ത ചെറുമന്റെ തല . പിഴുതെടുക്കാൻ ശ്രമിക്കെ കത്തിജ്വലിക്കുന്ന തെക്കേടത്തമ്മയുടെ വിഗ്രഹം . കാലിൽ വീണു ക്ഷമ ചോദിച്ചു കൂടെകൊണ്ടുപോരാൻ അനുവാദം ചോദിച്ചപ്പോൾ പകരം ആവശ്യപ്പെട്ട സമർപ്പണം . കുടുംബ കന്യകൾ … ഓരോ തലമുറയിലും വിഗ്രഹം കാക്കാൻ , പുതിയ തലമുറയിലേക്ക് പകരം ഉഴിഞ്ഞു വയ്ക്കുന്ന ജന്മം . കെട്ടുകൾ പൊട്ടിച്ചു രക്തമൊഴുക്കി പരിശുദ്ധമായ സമർപ്പണം ….

താഴേക്ക് പിന്നെയും നുരഞ്ഞിറങ്ങുന്ന ലേപനം വസ്ത്രത്തിലെ നൂലുകളഴിച്ചു തുടങ്ങി . ഓരോന്നായി എല്ലാ ബന്ധത്തിൽനിന്നും മുക്തയായി ഞാൻ അന്തരീക്ഷത്തിലേക്ക് ഒരു പഞ്ഞിപോലെ ഉയർന്നു തുടങ്ങി . താഴെ പതിയെ പറന്നു പൊങ്ങിപ്പോകുന്ന പ്രാവുകൾ അപ്പനും അമ്മയുമാണെന്ന് മനസ്സിലായി . തകർന്നുകിടക്കുന്ന കാറിന്റെ ഡോറിലൂടെ ഒഴുകിയ രക്തം കട്ടപിടിച്ചുതുടങ്ങി . പിന്നെയും മാറുന്ന ചിത്രങ്ങൾ … താഴെ മുറിയിൽ കമന്നു കിടക്കുന്ന അമ്മാമ്മ കഴുത്തിലൂടെ തറച്ച സ്വർണ്ണ കഠാര മറുവശം വന്നിരിക്കുന്നു . ഒഴുകിയ രക്തത്താൽ ചുറ്റപ്പെട്ടു തൈക്കേടത്തമ്മ . കെട്ടുകൾ പൊട്ടിച്ചു രക്തമൊഴുക്കി പരിശുദ്ധമായ സമർപ്പണം ….

ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു . അമ്മാമ്മയുടെ ശരീരം കറുത്തിരിണ്ടിരിക്കുന്നു . ദുർഗന്ധവും . പെട്ടിതപ്പി ചട്ടയും മുണ്ടും എടുത്തിട്ടു പുറത്തേയ്ക്കിറങ്ങി . കുന്തിരിക്കത്തിന്റെ ഗന്ധം … സ്വയം മണത്തുനോക്കി . എന്നിൽ നിന്ന് തന്നെ . പതിയെ പുറത്തേക്കിറങ്ങുമ്പോൾ ഒരു ദിവസംകൊണ്ടു കാടുപിടിച്ച പുൽത്തകിടിയും പുന്തോട്ടവും കണ്ടു നടന്നപ്പോൾ അങ്ങ് ദൂരെ വേമ്പനാട്ടുകായലിലെ ഒരു തുരുത്തിൽ കണ്ടൽ കാടുകൾക്കിടയിലിരുന്ന ഒരു മൂങ്ങ കൂടെയുള്ള മറ്റു മൂങ്ങകളോട് ഒരു പ്രതികാരത്തിന്റെ കഥ പറയുകയായിരുന്നു .

You can share this post!