കുഞ്ഞേ  മടങ്ങുക

കുഞ്ഞേ
പൊന്നു മകനേ
നീ അവസാനമായ്
ഉറക്കത്തിൽ കണ്ട
സ്വപ്നമെന്താവാം?
മാലാഖമാരോ
കളിപ്പാട്ടങ്ങളോ
ആകാനിടയില്ല
നീ കാണുന്നത്
നക്ഷത്രമായിത്തീർന്ന
അച്ഛനെയായിരുന്നിരിക്കണം

അമ്മയെന്നു വിളിക്കാർ
അർഹതയില്ലാത്തവൾ
കാമമോഹിത മൃഗത്തോടൊപ്പം
ഇരുട്ട് മുറ്റിയ  വീട്ടിൽ
തനിച്ചാക്കിയ രണ്ടു
പിഞ്ചു ശ്വാസങ്ങൾ
എന്തായിരിക്കാം
അവസാനമായ്
പരസ്പരം പറഞ്ഞിരിക്കുക?
കുഞ്ഞനിയന്
താക്കീതു നൽകിയോ
കിടക്കയിൽ ചീച്ചി വയ്ക്കരുതെന്ന്?
ദൈവത്തോട് പറഞ്ഞോ
തന്നെ ഉണർത്തണമെന്ന്?

ഉറക്കച്ചടവിൽ
മിഴിയാത്ത
കൺപോളകൾ
ബലമായി
തുറപ്പിച്ച
ആ മനുഷ്യമൃഗം
എൺപത്
പൂർണ്ണചന്ദ്രൻമാരെ
മാത്രം കണ്ട
ഇത്തിരിപ്പോന്ന
കുഞ്ഞുടൽ
നോവുന്നത്
കണ്ടില്ലയെന്നോ?
കാമത്തിൽ അലകൾ
ആഞ്ഞടിച്ച് മറഞ്ഞ
കാഴ്ച്ച നശിച്ച
ഭൂതത്താനെ
പാപിയായ നങ്ങേലി
തടഞ്ഞില്ലെന്നോ?

നിന്റെ ചോര
കുഞ്ഞു വിരലുകളാൽ
തുടച്ചെടുത്ത
ഉടപ്പിറപ്പൊഴികെ
എല്ലാരും നിന്നെ
കൈവിടുകയായിരുന്നല്ലോ
ദൈവം സ്വയവും
അവന്ന് പകരം
അവൻ ഭൂമിയിലയച്ചവളും
പിന്നെ നിഗൂഢമാം വിധിയും:

കുഞ്ഞേ നീ മിണ്ടുക
കുഞ്ഞുങ്ങളില്ലാതെ
പ്രാർത്ഥിക്കുന്നനേകം
ഗർഭപാത്രങ്ങൾക്കു വേണ്ടി

അച്ഛനില്ലെന്നുള്ള നിന്റെ
വേദനയുള്ള മൗനം
വെടിയുക
ആയിരം അമ്മമാർ
കാത്തിരിക്കുന്നു
നിനക്കായ്
കണ്ണിൽ നിന്നുതിരുന്ന
നറുതെച്ചിപ്പൂക്കളാൽ
അർച്ചന ചെയ്തു
പ്രാർത്ഥിച്ചിരിക്കുന്നു

കുഞ്ഞേ
വേഗം മടങ്ങി വരിക
ഗർഭപാത്രത്തിനകത്തോ
പുറത്തോ
നിന്നെ ചുമക്കുവാൻ
നിന്നെ ലാളിക്കുവാൻ
അമ്മമാരുണ്ടിവിടെ
അച്ഛൻമാരുണ്ടിവിടെ.

You can share this post!