ക്ഷുഭിതകൗമാരങ്ങൾ ഈ ഓണാഘോഷവും പുത്തൻ ചാറ്റ് ഭാഷയിൽ അടിച്ചുപൊളിച്ച് അഥവാ പൊളിച്ചടുക്കി. ആൺ
വേഷഭൂഷാദിളോടെ മുതിർന്ന പെണ്മക്കൾ മുണ്ടും മടക്കിക്കുത്തി സർവ്വസ്വാതന്ത്ര്യ പ്രഖ്യാപനം. ഒരു നാളിൽ മാത്രം കൈത്തറി സെറ്റ്സാരി ചുറ്റി തരുണീമണികൾ കൺകുളിർപ്പിക്കുന്നു., കസവു ഡബിൾമുണ്ടുടുത്ത ആൺപട
നിരത്തുകളിൽ ചുറ്റി നടക്കുന്ന കാഴ്ച. നടത്തത്തിനുമുണ്ടൊരു നടനഭംഗി. നാലു ചുവട് നടക്കാൻ മറന്നു പോകുന്ന ഇന്നത്തെ തലമുറ എന്തിനും മോട്ടോർ ശകടത്തെ ആശ്രയിച്ചു മുന്നേറുമ്പോൾ മാവേലി സ്മരണ പുതുക്കും ഫാൻസി ഡ്രസ്സ് നടത്തം കൗതുകമുണർത്തുന്നു.
സ്വർഗ്ഗ കവാടത്തിലെത്തിയ ഒച്ചിനോട് പീറ്റർ ചോദിച്ചു “എന്താണനിയാ നീയിവിടെ?”
“ഞാൻ അമരത്വം തേടി വന്നതാണ്.”
പീറ്റർ ചിരിച്ചുകൊണ്ട് ആരാഞ്ഞു
” അമരത്വം !! അത് കൊണ്ട് താങ്കൾ എന്തുചെയ്യാൻ?”
ഒച്ച് : ഞാനും ദൈവസൃഷ്ടി . ദൈവദൂതൻ മിഖായേലിനെ പോലെ ഞാനും ദൈവപുത്രൻ.അതായത് ദൈവദൂതൻ.”
പീറ്റർ : “അധികാരമുദ്രകളായ വാളും, മെതിയടിയും, സ്വർണ്ണചിറകുകളും എവിടെ??”
ഒച്ച് : “അതൊക്കെ എന്റെയുള്ളിൽ മയക്കത്തിലാണ്. കാത്തിരിക്കുകയാണ് ആ മഹത് നിമിഷം “
പീറ്റർ: “ഏതു മഹത് നിമിഷം? “
ഒച്ച് : ഇതു തന്നെ.
പറഞ്ഞു തീർന്നതും ഒച്ച് ചിറകുമുളച്ചതുപോലെ ചാടി പ്പറന്നു സ്വർഗത്തിൽ പ്രവേശിച്ചു.
_ (‘അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ‘ – കസാൻ ദ് സാക്കിസ് )
മേദസ്സകറ്റാൻ പുലർകാല നടത്തം നമ്മുടെ റോഡുകളിൽ. കോവിഡ്ഭീതി അകന്ന് നടത്തക്കസർത്തുകൾക്ക് പുനർജ്ജന്മം. ചിലർ പരസ്പരം മിണ്ടിക്കൊണ്ട്.. ചിലർ കൈകൾ നീളെനീളെ വീശിക്കൊണ്ട്. ചില വളയിട്ട കൈകളിൽ തലേന്നത്തെ ഗാർഹിക ജൈവ ഭൗതിക മാലിന്യ സഞ്ചി, ചുളുവിൽ വഴിയിൽ എറിയാൻ.
ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ, ചാടിയ പൊന്നുവയറൊന്നു സുന്ദരമാക്കാൻ…
ഓർമ്മയിൽ നടത്തം കേറി മേയുന്നു.
ചാർളി ചാപ്ലിന്റെ നടത്തം. നിശബ്ദ സിനിമാ കാഴ്ചകൾ. മദ്യപാനിയായപിതാവിന്റെ നടത്തശൈലി കടമെടുത്ത് ചാപ്ലിൻ തിരശീലയിൽ തന്റെ ശരീരഭാഷ പതിപ്പിച്ചു.. ഒരു കൈ താഴ്ത്തി നടത്തം നമ്മുടെ ലാലേട്ടൻ സ്റ്റൈൽ..
നീണ്ട കാലുകൾ ഇല്ലാത്ത ഉരഗങ്ങളും നടത്തപ്രിയർ. വളഞ്ഞു പുളഞ്ഞങ്ങനെ..
ഒച്ചുകളുടെ നടത്തം ചുവരുകളിൽ മേലോട്ടാണ്. ഗുരുത്വകർഷണ നിയമ വിരുദ്ധതയോടെ..
സഹിഷ്ണുത, ക്ഷമ, ആത്മവിശ്വാസം, പ്രതീക്ഷ ഇതെക്കെ പഠിക്കാനാവുന്നു ഒച്ചിന്റെ നടത്തം നിരീക്ഷിക്കുമ്പോൾ..
കാലംപോലെ കാൽചലനവും. ഇരുകാലുകളും ഒരുമിച്ച് ചലിപ്പിച്ചാവില്ല ഓരോ നടത്തവും. മുൻകാലിനു പിന്നിലെ പിൻകാൽ. ഭൂതകാലം ക്ഷണികവേഗത്തിൽ മുന്നോട്ടു മാറി വർത്തമാനത്തിലേക്ക്. പിന്നെ വീണ്ടും പിറകിലേക്ക് ഭൂതകാല സ്ഥാനത്തേക്ക്..
കാലുകൾ കാഴ്ചയിൽ കൗതുകം തന്നെയാണ്. കുഞ്ഞിക്കാലുകളുടെ പിച്ചാ പിച്ചാ ചലനത്തിലൂടെയുള്ള നടത്തം വാത്സല്യപൂർണ്ണം. രോമാവൃതമായ, മുഴച്ച മസിലുകൾ പ്രദർശിപ്പിച്ചുള്ള മുണ്ട് പൊക്കിയുള്ള നടത്തം പ്രബുദ്ധ മലയാളിയുടേത്.. മുണ്ട് മടക്കിക്കുത്തി മാടമ്പി ശൈലിയിലുള്ള നടത്തകാഴ്ചകൾ അരോചകം.
വാഴത്തണ്ടിനോട് ഉപമിച്ച് സ്ത്രൈണചാരുതാ വർണ്ണനകളോടെ പെണ്ണിൻ കാലുകൾ കാവ്യഭാഷയിൽ…
കാലം മാറുന്നു.. കോലവും.
കാലുകളുടെ നഗ്നഭംഗി നവമാധ്യമ പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ച് നിർവൃതി കൊള്ളൂന്നവരുടെ കാലമിത്.
അന്നം പുറത്തും അപ്പിയിടൽ അകത്തുമാക്കിയ നമ്മൾ നടത്തവും അകത്തളത്തിലേക്ക് ചുരുക്കി തുടങ്ങുന്നു. നടത്തക്കസർത്തിനുള്ള ട്രെഡ്മില്ലുകൾ ചൂടപ്പം പോലെ വിപണിയിൽ..
കവി കല്പറ്റ നാരായണൻ “നടത്തം” എന്ന കവിത കുറിച്ചു.
“ഒരു ബിന്ദു നടക്കാനിറങ്ങുമ്പോൾ വര ജനിക്കുന്നു. വര നടക്കാനിറങ്ങുമ്പോൾ അതൊരു ചിത്രപ്രതലവും” – പോൾ ക്ളീമാൻ പറയുന്നു.
ഉളി മുനകളിലൂടെ ശില്പിയും നടക്കുകയാണ്..
കരുതലിൽ, അലങ്കാരങ്ങളിൽ
പാർശ്വവൽക്കരിക്കപ്പെടുന്ന ഏക അവയവം കാലുകൾ. തിന്നുകുടിച്ച് ആർജ്ജിച്ച ഭാരം എന്നും താങ്ങുവാൻ വിധിക്കപ്പെട്ട കാലുകൾ. ചലനങ്ങളിലൂടെ അറിവും, അനുഭവങ്ങളും സമ്മാനിക്കാൻ കാലുകൾ തന്നെ മുന്നിൽ. കാലൊന്നു പണിമുടക്കിയാൽ തീരുന്നു നമ്മൾ സ്വയം ഊതി പെരുപ്പിച്ചതൊക്കെയും. ഒന്ന് മൂത്രം വിടാനാവാതെയുള്ള കിടപ്പ്.. അതാവണം ഏറ്റവും മുന്തിയ ദൈവശിക്ഷ. കാലുകൾ തിരിച്ചറിഞ്ഞുകൊണ്ട് ഇനിയും എത്രയോ ദൂരം നടന്നു തീർക്കേണ്ടതുണ്ട്.
അനുഗ്രഹം തന്നെയാണ് ഓരോ നടത്തവും.. അത് എഴുത്തിലായാലും, വായനയിലായാലും.
ആരോഗ്യകരനടത്തം എന്നും സാധ്യമാവട്ടെ നമുക്ക്.