കാലാന്തരേ…/ഡോ.പി.എൻ. രാജേഷ് കുമാർ

രംഗം ഒന്ന് – പകൽ
…………………………….

നഗരത്തിലെയൊരു
വൻകിട കൃത്രിമബുദ്ധി-
നിർമ്മാണക്കമ്പനി!
അയാൾ കുറേനാളുകളായ്
‘തലച്ചോറു’കൾക്കിടയിലെ
അതിസൂക്ഷ്മവിടവുകളിലേക്ക്
തലനാരിഴകളേക്കാൾ ചെറിയ
ഒപ്റ്റിക്കൽധമനികളിലൂടെ
ബുദ്ധി സന്നിവേശിപ്പിക്കുന്ന
ജോലിയിലാണേർപ്പെട്ടിരുന്നത്!
ലോകത്തിൻ്റെ പുനർനിർമ്മാണത്തിൽ
കലയും സാഹിത്യവും
ശാസ്ത്രവും സിനിമയും
കൃഷിയും ബഹിരാകാശവുമെല്ലാം
അയാളുടെ കരവിരുതിലൊരു
വർണ്ണമയിലായ്
പീലിവിടർത്തിയാടി !
‘ജഗന്മിഥ്യ’ പിടികിട്ടാത്തവർക്കിടയിൽ
അയാൾ മുടിചൂടാമന്നനായ്
നിറഞ്ഞാടി!

രംഗം രണ്ട് – രാത്രി
…………………………….

നഗരാതിർത്തിയോട് ചേർന്നുകിടന്നൊരു
ബഹുനിലമന്ദിര- സമുച്ചയമായിരുന്നു
അയാളുടെ റസിഡൻ്റ്സ് കോളനി!
അവിടെയെത്തിക്കഴിഞ്ഞാൽ
അയാളുടെ രൂപവുംഭാവവും മാറിമറിയും!
ചിലപ്പോൾ സിംഹം, ചിലപ്പോൾ കടുവ
എന്നുവേണ്ട, തക്കത്തിനൊപ്പിച്ച്
കുറുക്കനായും മാനായും
മുയലായുമെല്ലാം
അയാളാ കോൺക്രീറ്റ് വനത്തിൽ
വിലസിനടക്കും!
ഇരപിടിക്കാനും ഇണചേരാനും
വിരുതനായിരുന്ന അയാൾ
അവയ്ക്കൊന്നിനും
കൃത്രിമബുദ്ധി ഉപയോഗിക്കാറേയില്ല !
അതിവിദഗ്ധമായി അപ്രത്യക്ഷനാകാനും
അയാൾക്ക് നല്ല
സാമർത്ഥ്യമുണ്ടായിരുന്നു!
പകൽവെട്ടംപോലെ
രാത്രിയിലയാൾക്ക്
വെളിച്ചമേകിയിരുന്നത്
പണ്ട്,
ന്യൂട്ടൻ്റെ തലയിൽവീണ
പഴംപോലുള്ള എന്തോ ഒന്ന്
രൂപാന്തരംപ്രാപിച്ച
ഒരു കുന്ത്രാണ്ടമായിരുന്നു!

ഡോ.പി.എൻ. രാജേഷ് കുമാർ

You can share this post!