നല്ലൊരു അധ്യാപകനാവണം… എന്താണ് വഴി?
സർട്ടിഫിക്കററുണ്ട്, അനുഭവസമ്പത്തുണ്ട്, ടീച്ചിംഗ് ടെക്നിക്സ് ഒക്കെ അറിയാം. എന്നിട്ടും പരാജയപ്പെട്ടു പോകുന്നുവല്ലോ.
എവിടെയോ തെറ്റ് പിണഞ്ഞിട്ടുണ്ട്.
നല്ല അധ്യാപകനാവാൻ മറ്റ് വഴിയൊന്നും കാണാത്തതിനാൽ മാഷ് തിരിഞ്ഞു നടക്കാൻ തുടങ്ങി.
തെറ്റ് തിരുത്തി തിരിച്ചു വരണം.
ട്രെയിനിങ് ക്ലാസിൽ ഒന്നുകൂടി പോയി ഇരുന്നു. പഠിച്ച മുഴുവൻ പാഠങ്ങളും ഒന്നുകൂടി പഠിച്ചു. പത്ത്, ഒമ്പത്,എട്ട്, ഏഴ്….
നടന്ന്, ഒന്നാം ക്ലാസിൽ പോയി ഇരിപ്പുറപ്പിച്ചു.
അമ്മയുടെ കൈക്കുഞ്ഞായും തറയിൽ ഇഴഞ്ഞും പഠിച്ചു. ഗർഭപാത്രത്തിലേക്ക് വിനയ വിധേയനായി കടന്നുകൂടി.
മാഷ് പ്രാർത്ഥിക്കുന്നു. രണ്ട് കോശങ്ങളുടെ സംയോഗനിമിഷത്തിലെത്തി മാഷ് പ്രാർത്ഥന തുടർന്നുകൊണ്ടിരിക്കുന്നു.
നല്ലൊരു അധ്യാപകനാവാൻ മാഷെ ഇനി ആര് സഹായിക്കും?