
രാജ്ഞിയും ബന്ധുജനങ്ങളും പിണങ്ങിപ്പോയ രാജാവ് അസ്വസ്ഥനായി കഴിയുകയായിരുന്നു. ഒരു നാൾ അലഞ്ഞു നടന്ന ഒരു വിദൂഷകനെ കണ്ട രാജാവ് അവനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രാജാവിൻ്റെ സങ്കടങ്ങൾ കേട്ട വിദൂഷകൾ കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും രാജാവിനെ സന്തോഷിപ്പിച്ചു. ദിവസങ്ങൾ കടന്നുപോകവേ താൻ കൊട്ടാരത്തിലെ ഒരംഗമാണെന്ന് വിദൂഷകൻ കരുതി. ഒരു നാൾ രാജ്ഞിമാരും ബന്ധുക്കളും തിരികെ വന്നപ്പോൾ രാജാവ് വിദൂഷകനോട് പോയ്ക്കോളാൻ പറഞ്ഞു.. പാവം വിദൂഷകന് അപ്പോഴാണ് മനസ്സിലായത് , താൻ കഥകൾ പറയാൻ മാത്രമുള്ള ഒരാളായിരുന്നെന്ന് . കൊട്ടാരക്കെട്ടുകളിറങ്ങി മൺപാതയിലൂടെ നടന്നപ്പോൾ അവിടെയൊരു വൃദ്ധൻ ചുരുണ്ടു കൂടി കിടപ്പുണ്ട്. അയാളവനോട് പറഞ്ഞു ...., നീ വരുന്നതിനു മുൻപേ ഞാനായിരുന്നു കൊട്ടാരം വിദൂഷകൻ . എൻ്റെ കഥകൾ മതിയായപ്പോൾ എനിക്കിറങ്ങി പോകേണ്ടിവന്നു. രാജാവ് മാത്രമാണ് സത്യം . കഥകൾ കഥകൾ മാത്രമാണ്. ഇനിയും വരും വിദൂഷകർ. ചരിത്രം രാജാക്കന്മാർക്കു മാത്രമാണ്.
ഒരു വിദൂഷകൻ കുറേ കഥകൾ മാത്രമാണ്. അയാൾ തൂവിയ കണ്ണീരു മാത്രമാണ് പറഞ്ഞ കഥകൾ മുഴുവനും- വിദൂഷകനെ മറന്നേക്ക്. അയാളുടെ കഥകളേയും മറന്നേക്ക് …. രാജ്ഞി വന്ന് വിളിക്കുമ്പോൾ രാജാവിന് ഉറങ്ങാൻ പോകണം.