ഒഴുകുന്ന നദി പോലെയാണ് നീ….
കിട്ടുന്നതൊക്കെ സ്വന്തമാക്കും
വെളിച്ചമേകുന്ന പ്രതീക്ഷയുടെ സൂര്യൻ
തഴുകിയെത്തും സാന്ത്വനത്തിന് കാറ്റ്
ചേർത്ത് പിടിക്കുന്ന കരുതലിൻ കരകൾ
വർണ്ണങ്ങൾ നിറയ്ക്കും പ്രണയത്തിന് നിലാവ്
എല്ലാമെല്ലാം നിന്റെ അവകാശമാകും
ഒരാൾക്കും സ്വന്തമാകാതെ നിന്റെ –
പ്രയാണം തുടർന്ന് കൊണ്ടേയിരിക്കും!
ഒരു തടാകം പോലെയാണ് ഞാൻ!
സ്നേഹത്തിന്റെ ഒരു കൊച്ചു കാറ്റു മതി
പ്രണയത്തിന്റെ ഒരായിരമോളങ്ങൾ സൃഷ്ടിക്കും
ആവേശത്തിന് തിരയിളക്കത്തിൽ പെട്ടുപോകും
ഒരു പൊട്ടു നിലവിൽ പോലും കുളിരുകോരും
പ്രതീക്ഷയുടെ ഗോപുരങ്ങൾ പോലെ
ചുറ്റും തലപൊക്കി നിൽക്കുന്ന
മലനിരകളിലേക്കു കണ്ണുംനട്ട് ഇങ്ങനെ കിടക്കും !!
ഒഴുകുന്ന നീയും തളക്കപ്പെട്ട ഞാനും
എന്നിട്ടും…കര പിടിച്ചൊഴുകുന്നു നമ്മൾ !!
ഗീത രാജൻ