കാട്ടാറ്/കെ.കെ. ഗണപതി നമ്പൂതിരിപ്പാട്

കെ.കെ. ഗണപതി നമ്പൂതിരിപ്പാട്

ഈ കവിത എന്റെ അച്ഛൻ കെ.കെ. ഗണപതി നമ്പൂതിരിപ്പാട് 1131 ൽ എഴുതി വച്ചതായിട്ടാണ് കണ്ടത്. അച്ഛൻ 1923 ൽ കണ്ണൂർ ജില്ലയിലെ ചെറുതാഴം കൂലയിൽ കാരക്കാട്ടില്ലത്ത് പരേതരായ ശങ്കരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റേയും ഏഴു മക്കളിൽ ആറാമത്തെ മകനായി ജനിച്ചു. 2012 ഏപ്രിലിൽ അന്തരിച്ചു. അച്ഛൻ ചെറുപ്പത്തിൽ തന്നെ ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതവും വേദവും അഭ്യസിച്ചു. പിന്നീട് സ്വപ്രയത്നത്താൽ കാളിദാസ കൃതികളും ഭാഗവതം, രാമായണം തുടങ്ങിയ കൃതികളും ആഴത്തിൽ പഠിച്ചു.

ഉദ്ദേശം 1935 മുതൽ അച്ഛൻ എഴുതിത്തുടങ്ങിയിരുന്നു. അധികവും വൃത്തനിബദ്ധമായ കവിതകളാണ്. ഞങ്ങൾ മക്കളുടെ സാഹിത്യാഭിരുചിയില്ലായ്മയും , അജ്ഞതയും കാരണം അച്ഛന്റെ എഴുത്തിനെ ഗൗനിച്ചില്ല. അച്ഛൻ മരിച്ച് 3 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഇരുമ്പുപെട്ടിയിലെ പഴയ നോട്ട് ബുക്കുകളിൽ സ്വന്തം കൈപ്പടയിൽ എഴുതി വച്ച പത്തിൽ പരം കൃതികൾ ഞാൻ കണ്ടെടുത്തത്. 1990 കളിൽ അച്ഛൻ എന്നോടു പറഞ്ഞ വാക്കുകൾ ഞാനോർത്തു. ” എന്റെ മരണ ശേഷമാണെങ്കിലും ഇതിൽ ചിലതെങ്കിലും നീ പ്രസിദ്ധീകരിക്കണം ” എന്ന്. പലരുടേയും സഹായത്തോടെ ഞാൻ ‘മേഘസന്ദേശം വൃത്താനു വൃത്ത തർജമയും ചിന്താവിഷ്ടനായ രാമൻ എന്ന ഖണ്ഡകാവ്യവും 2017 ൽ ഡി.സി. ബുക്സിനെക്കൊണ്ട് പ്രസിദ്ധീകരണം നടത്തി.

2019 ൽ സംസ്കൃത കാവ്യങ്ങളും ഭാഷാന്തരീകരണവും എന്ന പഠന ഗ്രന്ഥവും ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു. ഇതേ വർഷം ധ്രുവചരിതം മണിപ്രവാളം എന്ന ഖണ്ഡകാവ്യം കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ചു. ഇപ്പോൾ രണ്ട് മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധം ചെയ്യാൻ ശ്രമിക്കുന്നു. മേഘസന്ദേശം വായിച്ച സാനുമാസ്റ്റർ പറഞ്ഞത് മേഘസന്ദേശം നമ്പൂതിരിപ്പാടിന് ഒരു ഉപാസനയായിരുന്നു എന്നാണ്. കാളിദാസ ഹൃദയം അതിന്റെ വശ്യതയോടു കൂടി ഈ പരിഭാഷയിൽ സ്പന്ദിക്കുന്നു. എറ്റവും വിശിഷ്ടമായ പരിഭാഷയാതെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല, എന്നും. പ്രഫസർ കെ.പി.കേശവൻ ” മന്ദാക്രാന്തയിൽത്തന്നെയുള്ള ഈ വിവർത്തനം കാളിദാസ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്നു ” എന്നാണ് പറഞ്ഞത്.

അടുത്ത് പ്രസിദ്ധീകരിക്കാനിരിക്കുന്ന കവനകലാ സഞ്ചിക യെന്ന കവിതാ സമാഹാരത്തിലെ ഒരു കവിതയാണ് ഇവിടെ കൊടുക്കുന്നത്.. ഉദ്ദേശം 65 വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട ഈ കവിതയിൽ കാലപ്പഴക്കമുള്ള രചനാ രീതിയേ കാണൂ.
അച്ഛന് ഇതൊന്നും കാണാനുള്ള യോഗമില്ലാതെ പോയി ….ഒരു കടമയെന്നോണമല്ല അല്പം കുറ്റബോധത്തോടെ, അച്ഛൻ എഴുതി വച്ച ബാക്കിയെല്ലാ കൃതികളും പുറത്തിറക്കാൻ ബദ്ധശ്രദ്ധനാണിന്ന് ഞാൻ …
ശ്രുതി ഗീത
ഒരു പ്രതികാരം ( വടക്കൻ പാട്ടിൽ നിന്ന്)
കവനകലാ സഞ്ചിക
സാഹിത്യ മുകുളങ്ങൾ
ബദരിനാഥ സുപ്രഭാതം
എന്നീ കൃതികൾ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നു.
ഗ്രന്ഥകാരന്റെ മകൻ
കെ.എൻ. പുരുഷോത്തമൻ
തൃപ്പൂണിത്തുറ
8547000026

          കാട്ടാറ്
 1. ഗ്രീഷ്മത്തിലെശ്ശോഷണമൊക്കെ വിട്ടീ-
  വർഷർത്തുവിൽ ഭീമ ബലിഷ്ഠയായി
  അതീവ പോഷിച്ചിത വീണ്ടുമിപ്പോൾ
  കാട്ടാറു കാപട്യമൊടും ചിരിപ്പൂ !
 2. ജലാംശമൊട്ടൊട്ടു ലഭിക്കുമെന്നോ –
  ർത്തനേക വൃക്ഷങ്ങളിതിൻ കരയ്ക്കായ്
  പൂജിച്ചു നിൽക്കെക്കയോടിളക്കി-
  ക്രൂരസ്വഭാവം തെളിയിച്ചിട്ടുന്നൂ .
 3. കളിച്ചിടാം നിന്നിലിതല്‌പ സൗഖ്യ-
  മെന്നോർത്തു വന്നിങ്ങു ജലത്തിലേക്കായ്
  ഇറങ്ങിടുമ്പോൾ ചുഴിയിൽപ്പെടുത്തീ –
  ട്ടഹോ! ഹനിപ്പൂ കളഭങ്ങളേയും .
 4. ആറേ ! യനഛംബു നിറഞ്ഞു , മേതു –
  മാഴത്തെയാർക്കും വിഗണയ്യ്യമായും
  അഹങ്കരിച്ചീവിധ യാത്രയെത്ര –
  നാളെയ്ക്ക്? വീണ്ടും വരുമുറ്റ കാർശ്യം.
 5. ഉയർച്ചയും താഴ്ചയുമിജ്ജഗത്തിൻ
  ജനിത്രി നൽകും ദ്വിവിധത്വമത്രേ;
  അതിങ്കലീമട്ടതി ഗർവ്വഭാവം
  നടിപ്പതെന്തിന്നിഹ , നിമ്നഗേ നീ ?
 6. അനേക നീർച്ചാലുകൾ നിന്നെയിപ്പോൾ
  പുണർന്നു മോദത്തെ വളർപ്പതെല്ലാം
  ക്ഷണം നിലയ്ക്കും തമമേനിയപ്പോൾ
  ചടച്ചു പോം നിൻ ഗതിയെന്തു പിന്നേ?
 7. പരോപകാര പ്രതികൂലയായ് നീ –
  യഗമ്യയാ, യിപ്പൊഴുതെത്ര ഘോരം
  തടം തകർത്താശു സമുദ്രമോടു
  ചേരാൻ കൊതിച്ചങ്ങു ഗമിച്ചിടുന്നൂ .
 8. ഋതുക്കൾ മാറിത്തപനൻ വടക്കായ്
  വരട്ടെ, യപ്പോൾ തവഗർവ്വു കാണാം
  സുവിസ്തൃതം നിൻ പുളിനം നിതംബേ
  കളിച്ചിടും വന്യമൃഗങ്ങൾ പോലും .
 9. രാഗം കലർന്നു പതിയോടു ചേരാൻ
  ഗമിച്ചിടുമ്പോൾ നുരയാൽ ചിരിച്ചഹോ!
  പ്രഗത്ഭയായ് സർവ്വമസാരമെന്നു –
  ഭാവിച്ചു ചെയ് വൂ, മദന്യത്തൂർമ്മിയാൽ .
 10. സവക്രയാനം ശിലയാം ഹൃദന്തം
  സ്വ സേവകന്മാരൊടു വഞ്ചനാത്വം
  കുലീന, പക്ഷേയഭിസാരികാത്വ –
  മീമട്ടിനാൽ നിത്യമധ:പ്പതിപ്പൂ !
കെ.എൻ. പുരുഷോത്തമൻ

You can share this post!