നഗരഹൃദയത്തിലെ
നമ്പർവൺ ത്രീസ്റ്റാർ ഹോട്ടലിൻ്റെ
ലൊക്കേഷൻ മാപ്പിട്ട്
ബ്ലൂടൂത്തുമോൺ ചെയ്ത്
മഹാകവികളുടെ
ശീതീകരിച്ച വണ്ടികളോടിത്തുടങ്ങി.
റിസപ്ഷനിലെ
സൈൻബോർഡ്നോക്കി
വന്നവർ വന്നവർ
റൂഫ് ഗാർഡൻസിലെ
കോൺഫ്രൻസ് ഹാളിലെത്തി
അവരവരുടെ നെയിംബോർഡൊട്ടിച്ച
സീറ്റുകളിലിരുന്നു.
വെൽക്കം സ്പീച്ചിനും
മോഡറേറ്ററുടെ
ഇൻട്രഡ്ക്ഷൻടോക്കിനും ശേഷം
കവികളോരുരുത്തരായ്
തങ്ങളുടെ ഹാൻഡ്സെറ്റിലെ
സ്ക്രീനിൽ നിന്നും
പോഡിയത്തിലെ
സൗണ്ട് സിസ്റ്റത്തിലേക്ക്
വാങ്മഴ തൂവിത്തുടങ്ങി
മോഡറേറ്ററുടെ ബ്രീഫിംഗിനും
ഇവൻറ് മാനേജ്മെൻ്റ് ടീം
ഒരുക്കിയിരുന്ന
കെൻ്റഗിഫ്രൈഡ് ഫുഡിനും ശേഷം
എല്ലാവരുമരങ്ങൊഴിഞ്ഞു
തുണ്ടുകടലാസ്സിൽ
പെൻസിൽ കൊണ്ടെഴുതിയ
തീ പിടിക്കുന്ന വരികളും കീശയിലിട്ട്
‘ആ ഗതികെട്ടവ’ൻ്റെ പ്രേത്രം
അപ്പോഴുമാ നഗരത്തിലെവിടെയൊക്കയോ
അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നു……
P N രാജേഷ് കുമാർ