മുന കൂർത്ത വാക്കുകളിലൊന്ന്
ഏതോ ഹൃദയത്തെ
കുത്തി നോവിച്ചെന്ന്
അഗ്നിത്തിരി കൊണ്ട ഒന്ന്
പൊട്ടിത്തെറിച്ചതിൽ
ചില മനസ്സുകൾ
കബന്ധങ്ങളായി
ചിതറിയെന്ന്
തിരയിളക്കത്തിൽ
പാഞ്ഞുവന്ന
ഒരുകൂട്ടം
പലമാനസ്വപ്നങ്ങളെ
ഒഴുക്കിമുക്കിയെന്ന്
ശ്വാസം മുടക്കിയെന്ന്
കൊടുങ്കാറ്റായി
ഭാവം മാറി
വാക്കിൻ ചുഴലി
തെരുവകളിലൊരു
ജനാവലിയ്ക്കകം
വിപ്ലവച്ചുഴി നിർമ്മിച്ചെന്ന്
ഒറ്റവാക്കിൽനിന്നടർന്ന
ഭീമനൊരു വിടവിൽ
ഭൂഘണ്ഡങ്ങളെ
വേർതിരിച്ചെന്ന്
കവിതയാണു പ്രതി
ആക്രമിക്കപ്പെട്ടേക്കാമെന്നൊരു
വ്യാധിയുടെ ചുറ്റളവിൽ
പുറപ്പെട്ടുപോയ വാക്കുകൾ
മാഞ്ഞേപോയിരിക്കുന്നു.