കലണ്ടറും ഘടികാരവുമില്ലാത്ത ജീവിതം/പി.കെ. ഗോപി

മഹാദുഃഖം സഹിച്ച
മാതാക്കൾ നൊന്തുപെറ്റ
സന്താനങ്ങൾ
ചരിത്രത്തിലില്ലായിരുന്നെങ്കിൽ
ധമനികളിലൊഴുകിയ
രക്തത്തിന്
ശൂന്യത എന്ന ഒറ്റപ്പദമേ
വശമാകുമായിരുന്നുള്ളൂ

കണ്ണീരിൻ്റെ പുഴകൾ
ഭൂമിയിലില്ലായിരുന്നെങ്കിൽ
പച്ചപ്പിൻ്റെ നാമ്പുകളൊന്നുപോലും
കാണാതെ വരണ്ട മണ്ണ്
കരിഞ്ഞു പോയേനെ .

നിശ്ശബ്ദതയുടെ
ശിക്ഷകളില്ലായിരുന്നെങ്കിൽ
ആരവങ്ങളുടെ
പെരുങ്കോട്ടകളിൽ
തലതല്ലിച്ചതഞ്ഞ്
ആസുരമാനസന്മാരുടെ
ആട്ടും തുപ്പുമേറ്റ്
ഇഴഞ്ഞു നടന്നേനെ.

ആകാശം ദയാപൂർവ്വം
ആരൂഢം
വിട്ടു തന്നില്ലായിരുന്നെങ്കിൽ
തടവറക്കല്ലിൽ തലതല്ലി
സ്വയം കുരുതികഴിച്ച്
ആരുമറിയാതെ
അപ്രത്യക്ഷമായേനെ .

പട്ടിണിയുടെ
ഭൂപ്രദേശത്തിന്
സ്വന്തം ശരീരമെന്നു
പേരില്ലായിരുന്നെങ്കിൽ
ഗോതമ്പുമണിയുടെയോ
പച്ചവെള്ളത്തിൻ്റെയോ
മൂല്യം അളക്കാൻ
കഴിയാത്ത
പെരുമ്പാമ്പായി
മാളത്തിൽത്തന്നെ
ചുരുണ്ടുകിടന്നേനെ.

വെടിയൊച്ചയുടെ
നടുക്കമില്ലായിരുന്നെങ്കിൽ
കൂർക്കംവലിയുടെ
വിരസതാളത്തിൽ
സ്വയം വിരിച്ച വലയ്ക്കുള്ളിൽ,
കൂടുകെട്ടാത്ത പക്ഷിയെപ്പോലെ
ഉറങ്ങിപ്പോയേനെ.

തീക്കനൽ കോരി
മടിയിൽവച്ചു തന്ന
സമയപാലകൻ്റെ
ബുദ്ധിയിലാണ്
കൊലനിലങ്ങളും
വിളനിലങ്ങളും
സൃഷ്ടിക്കപ്പെട്ടതെന്നു
തിരിച്ചറിഞ്ഞതുമുതൽ
കലണ്ടറും ഘടികാരവും
നോക്കാതെ ജീവിക്കാൻ
പഠിച്ചുവെന്നേ
ഇപ്പോൾ പറയാനാവൂ

You can share this post!