റിപ്പാർട്ട് :എൻ. രവി
പല്ലന: ബ്രിട്ടീഷ് സർവ്വാധിപത്യത്തിന്റെയും ഹിന്ദു സവർണമേധാവിത്വത്തിൻ്റെയും ഇടയിൽപ്പെട്ട് സമ്മർദ്ദമനുഭവിച്ച കവിയായിരുന്നു കുമാരനാശാൻ .എല്ലാത്തിലും വിശ്വാസം നഷ്ടപ്പെട്ട ആശാൻ കലാസൗന്ദരത്തിൽ അഭയം തേടുകയായിരുന്നു – സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ്റെയും പല്ലന കുമാരകോടി കുമാരനാശാൻ സ്മാരകസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പല്ലന സമിതിമന്ദിരത്തിൽ ചേർന്ന ആശാൻ 150 വർഷം സെമിനാറും കാവ്യാർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പൂവ് സങ്കലിതമായ വീഴ്ച
കൊൽക്കത്തയിൽ പഠിക്കാൻ പോയ ആശാൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അടുത്തുനിന്ന് കണ്ടു .കേരളത്തിൻ്റെ പുരാതനമായ ഹിന്ദു സവർണ മേധാവിത്വം അധ:സ്ഥിതരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത കാലമായിരുന്നു അത്. ഈ രണ്ടു കാർ മേഘങ്ങൾ ആശാനെ നിരാശാവാദത്തിലേക്ക് തള്ളിവിടുകയായിരുന്നു .കൊൽക്കൊത്തയിൽ നിന്നെത്തിയ ആശാൻ തന്റെ പഴയ ഭക്തികവനങ്ങൾ ഉപേക്ഷിച്ചു നിശ്ശബ്ദതയിലാണ്ടു. ജീവിതത്തിൽ ഒരു വിശ്വാസത്തിന് വേണ്ടി അലഞ്ഞു. ശ്രീനാരായണഗുരുവുമായുള്ള ബന്ധമാണ് ആ ചിന്തകൾക്ക് ലക്ഷ്യബോധമുണ്ടാക്കിയത്. എങ്കിലും മനസ്സിലെ തകർച്ച ‘വീണപൂവ്’ എന്ന കവിതയിലൂടെ പുറത്തു വരികതന്നെ ചെയ്തു. വീണത് പൂവ് തന്നെയാണ്. ‘വീണപൂവ്’ ആശാൻ്റെ കാമുകിയെക്കുറിച്ചുള്ള കാവ്യമാണെന്ന് ചില പ്രൊഫസർമാർ എഴുതിയത് തെറ്റാണ്. കാരണം ,പ്രേമിച്ച പെണ്ണിനെ വീണു കിടക്കുന്ന പൂവായി ആരും കാണുകയില്ല. പ്രത്യേകിച്ച്, പ്രണയത്തിന് വലിയ സ്ഥാനം കൊടുത്ത ഒരു കവി.തന്നെ ബാധിച്ച സാമൂഹ്യവും രാഷ്ട്രീയവുമായ ആകുലതകളിൽ നിന്ന് രക്ഷനേടാനാണ് ആശാൻ ‘വീണപൂവ്’ എഴുതിയത്.ആ പൂവിന്റെ വീഴ്ചയെ ഒറ്റ പ്രതീകത്തിൽ ഒതുക്കാനാവില്ല. അത് ആന്തരികമായ വീഴ്ചയാണ് .പ്രതീക്ഷകളുടെ വീഴ്ചയാണ് .ജാതീയമായി അടിച്ചമർത്തപ്പെട്ടതിൻ്റെ ഫലമായി ഉണ്ടായ സംഘർഷങ്ങളുടെയും വിഷാദബോധത്തിൻ്റെയും സങ്കലിതമാ യ വീഴ്ചയാണത് – ഹരികുമാർ പറഞ്ഞു.
സ്നേഹം എന്ന മോക്ഷമാർഗം
അനീതിക്കു മുന്നിൽ കീഴടങ്ങാത്ത മനുഷ്യത്വം എന്ന വികാരമാണ് ആശാനെ പ്രചോദിപ്പിച്ചത്. എന്നാൽ ഗുരുവിൻ്റെ ധർമ്മത്തിൽ നിന്ന് പ്രചോദനം നേടിയ ആശാൻ സ്വാതന്ത്ര്യത്തെയും സേവനത്തെയും സ്നേഹത്തെയും വലിയ മൂല്യങ്ങളായി ഉൾക്കൊള്ളുകയും അപഗ്രഥിക്കുകയും ചെയ്തു .ആശാൻ്റെ കവിതകളിൽ സന്യാസവും സേവനബോധവും നിറഞ്ഞു നിൽക്കുകയാണ്. ഒരാൾ പ്രേമിക്കുന്നതുപോലും ജീവിതത്തെക്കാൾ വലിയ ഒരു സംഭവമാവുകയാണ്. ‘നളിനി’യിലും ‘ലീല’യിലും ഈ ആധിപിടിച്ച പ്രണയം കാണാം .ജീവിതത്തിൻ്റെ അർത്ഥമന്വേഷിച്ച് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയാണ്. സ്നേഹം ഒരു മോക്ഷമാർഗമാവുകയാണ്. ജീവിതമല്ല ,സ്നേഹം മാത്രം ആഘോഷിക്കുകയാണ്. ‘വീണപൂവി’ൽ വെളിച്ചത്തിനുവേണ്ടി നാലുവശത്തേക്കും ഉഴറുന്ന ഒരു കവിയെ കാണാം .ഉപനിഷത്തും ബുദ്ധമതവുമെല്ലാം ഇതിൻ്റെ ഫലമായി കടന്നുവരുന്നതാണ് – ഹരികുമാർ ചൂണ്ടിക്കാട്ടി.
ഉപഗുപ്തനു അനുകമ്പയില്ല
കുമാരനാശാൻ്റെ കവിതകളിൽ ബുദ്ധഭിക്ഷുവും ഉപഗുപ്തനും വരുന്നതുകൊണ്ട് അദ്ദേഹം ബുദ്ധമത വിശ്വാസിയാണെന്ന് അർത്ഥമില്ല. ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള ഒരു സംഭാഷണത്തിൽ ബുദ്ധസന്യാസിമാരിൽ ചിലർ മദ്യപിക്കുന്നവരാണെന്ന് അയ്യപ്പൻ കുറ്റപ്പെടുത്തുന്നുണ്ട്. ആശാൻ ബുദ്ധഭിക്ഷുവിനെയും ഉപഗുപ്തനെയും തിരഞ്ഞെടുക്കാൻ കാരണം കേരളീയ അധ:സ്ഥിത ജനതയ്ക്ക് ഹിന്ദുമതത്തിലെ പ്രബല വിഭാഗത്തിൽനിന്ന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളാണ്. ചണ്ഡാലഭിക്ഷുകിയിൽ ‘വിലക്കപ്പെട്ട’ വെള്ളം ചോദിക്കുന്നത് ഇതിനു തെളിവാണ്. എന്തുകൊണ്ട് പൊതുസമൂഹത്തിലെ ഒരു പ്രമാണിയെ അതിനായി തിരഞ്ഞെടുത്തില്ല?. ബുദ്ധഭിക്ഷുവിനെ തിരഞ്ഞെടുത്തു. യഥാർത്ഥമായ കേരളീയതയെ വിവരിക്കാൻ ആശാൻ തൻ്റേതായ ഒരു പശ്ചാത്തലം കണ്ടുപിടിച്ചതാണ്.
ഒരു ബുദ്ധഭിക്ഷുവിനു വെള്ളം കൊടുക്കാൻ താരതമ്യേന എളുപ്പമാണ്.
വെള്ളത്തിന്മേൽ വീണു കിടക്കുന്ന ജാതിബോധം ഇപ്പോഴും മാറിയിട്ടില്ല. വെള്ളം ആരിൽ നിന്നു സ്വീകരിക്കുമെന്നതാണ് പ്രശ്നം. ആശാൻ മതബോധത്തെയും അതിൻ്റെ ആധിപത്യത്തെയും ചെറുക്കുന്നതാണ് പിന്നീടുള്ള കവിതകളിൽ കാണുന്നത്. വിലക്കുകളിൽ നിന്ന് സ്വതന്ത്രനാകാനാണിത്.’ചണ്ഡാലഭിക്ഷുകി’യിൽ വെള്ളത്തെ ഒരു സാമൂഹ്യസമസ്യയാക്കിക്കൊണ്ട് ജാതി മേധാവിത്വത്തെ വെല്ലുവിളിക്കുകയാണ്. ‘ദുരവസ്ഥ’യിൽ മതകലഹങ്ങൾ എങ്ങനെ വ്യക്തികളെ നിരാലംബരാക്കുന്നുവെന്ന് ചിത്രീകരിക്കുന്നു. ‘ചിന്താവിഷ്ടയായ സീത’യിൽ ശ്രീരാമനെ വിമർശിച്ചുകൊണ്ട് പുരുഷാധിപത്യത്തിന്റെയും മതാധിപത്യത്തിന്റെയും കാലത്ത് സ്വാതന്ത്ര്യം സ്ത്രീകൾക്ക് കിട്ടാക്കനിയാണെന്ന് പ്രഖ്യാപിക്കുന്നു.
‘കരുണ’യിൽ നിസ്വാർത്ഥമായി പ്രണയിച്ച വാസവദത്തയെ ഉപഗുപ്തൻ കാണാൻ പോലും തയ്യാറായില്ല. ഒടുവിൽ അവൾ ശിക്ഷിക്കപ്പെട്ട് , ചുടുകാട്ടിൽ കരചരണങ്ങളറ്റു കിടക്കുമ്പോൾ ഉപഗുപ്തൻ കാണാൻ സാഹസപ്പെടുന്നു!. ഇവിടെ ആശാൻ ഒരു ഗറില്ലായുദ്ധം നടത്തുന്നതായാണ് ഞാൻ കാണുന്നത്. ഒരു ബുദ്ധസന്യാസി എന്തുകൊണ്ട് സ്നേഹത്തിൻ്റെ പേരിൽ പോലും ഒരു സ്ത്രീയെ കാണാൻ കൂട്ടാക്കുന്നില്ല?.തെറ്റ് ചെയ്തവരെ സമീപിക്കാൻ പോലും ഒരു മാർഗമില്ലേ ? ഏറ്റവും അപമാനിതയായി, കരചരണങ്ങളറ്റ് ചുടുകാട്ടിൽ ശിക്ഷിക്കപ്പെട്ട് കിടക്കുമ്പോൾ അവളെ കാണാൻ പോയത് ശരിയായില്ല .ആ സന്ദർഭം തിരഞ്ഞെടുത്തതിൽ നിന്ന് ഉപഗുപ്തൻ്റെ മനസിൽ അനുകമ്പയില്ലെന്ന് തെളിയിക്കപ്പെടുകയാണ്. എന്നാൽ വാസവദത്തയെ പരിചരിച്ച തോഴി മനുഷ്യത്വത്തിന്റെ പ്രതീകമാണ്. അവൾ യാതൊന്നും പ്രതീക്ഷിക്കാതെയാണ് സ്നേഹിക്കുന്നത്. ആശാൻ പരോക്ഷമായി നടത്തുന്ന വിമർശനമാണിത്. മതത്തിൻ്റെ ഭാഗമായ വ്യക്തികൾ മനുഷ്യവ്യക്തിയെ സേവിക്കുന്നില്ലെന്നും സ്നേഹിക്കുന്നില്ലെന്നും സ്വതന്ത്രയാക്കുന്നില്ലെന്നും സ്ഥാപിക്കപ്പെടുന്നു -ഹരികുമാർ പറഞ്ഞു.
ആശാനെ അലട്ടിയത്
ഫ്രഞ്ച് സൈദ്ധാന്തികനായ ദറിദയുടെ ഹോണ്ടോളജി (Hauntology) എന്ന ഒരു സംജ്ഞയുണ്ട്. ഭൂതകാലത്ത് നിന്ന് നമ്മെ അലട്ടിക്കൊണ്ട് കയറിവരുന്ന പ്രേതമാണത് .അത് സംസ്കാരത്തിലും ഭാഷയിലുമെല്ലാമുണ്ട് .അത് കലാകാരനെ അലട്ടുകയാണ്. തന്നെ ബാധിച്ചത് ഏതു പ്രേതമാണെന്ന് പോലും തിരിച്ചറിയാൻ നിവൃത്തിയില്ല .കുമാരനാശാനും ഈ അലട്ടലുണ്ടായിരുന്നു .പത്തൊൻപതാം നൂറ്റാണ്ടിൽ മനുഷ്യത്വം മരവിച്ചു നിന്ന നാളുകളിൽ പതിതവർഗം നടത്തിയ പോരാട്ടങ്ങളും അവർ ഏറ്റുവാങ്ങിയ പീഡനങ്ങളും അലട്ടലായി ആശാനെ ചുറ്റിവരിഞ്ഞിരുന്നു .അവിടെ നിന്നു ഉയർന്നു വന്നതാണ് ആശാൻ്റെ പ്രതിഭ .മങ്ങാത്ത മാനുഷിക ഭാവനയാണത്. അവിടെ മനുഷ്യൻ്റെ പ്രാചീനമായ സ്നേഹം വിജയിക്കുന്നു. തങ്ങളുടെ പ്രഭാതം വളരെ ദൂരെയാണെന്ന നിരാശയിൽ നിന്ന് ഉയർന്നു പറക്കുകയാണ് കവിത.ഇന്നാണ് ആശാൻ എഴുതുന്നതെങ്കിൽ വേറൊരു തരം കവിതയാകും പിറക്കുക. കാരണം, സാഹചര്യം മാറിയല്ലോ – ഹരികുമാർ പറഞ്ഞു.
പ്രസംഗം ഉപസംഹരിച്ചു കൊണ്ട് ഹരികുമാർ ഇങ്ങനെ പറഞ്ഞു: മലയാളകവിതയുടെ നിത്യസ്മൃതിയായ ,പല്ലനയാറിന്റെ തീരത്തുള്ള ഈ കേന്ദ്രത്തിലേക്ക് ഞാൻ വന്നത് പ്രസംഗിക്കാൻ മാത്രമല്ല ;ഇതൊരു തീർത്ഥാടനമാണെനിക്ക് .ജാതി, മതവിഭാഗീയതകൾക്കിടയിൽ നിന്ന് രക്ഷപ്പെട്ട് പ്രാണവായുവിനു വേണ്ടി വരേണ്ടത് ഇവിടേക്കാണ്. അതാഗ്രഹിക്കുന്നവരെല്ലാം ഇവിടെ വരണം. ഇവിടെ സ്നേഹത്തിൻ്റെയും സമഭാവനയുടെയും ഇടമാണ്. ഇവിടെ വന്നപ്പോൾ ചെയർമാൻ രാമപുരം ചന്ദ്രബാബു ഈ പ്രദേശത്തിൻ്റെ മനോഹാരിത കാണിച്ചു തന്നു ;ഫോട്ടോയെടുത്തു. ആശാൻ സമാധിയിൽ ഞങ്ങൾ ഒരുമിച്ച് പൂക്കളർപ്പിക്കുകയും ചെയ്തു .എന്നെ ഇവിടേക്ക് ക്ഷണിച്ച കഥാകൃത്തും നോവലിസ്റ്റും കായിക്കര എ.എം.എ ഗവേണിംഗ് ബോഡി അംഗവുമായ രാമചന്ദ്രൻ കരവാരം ഒരു പ്രചോദനമാണ്.
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. .ആശാൻ സ്മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു വിശിഷ്ടാതിഥിയായി. കായിക്കര എ എം എ ട്രഷറർ ഡോ. ബി .ഭവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി, കവി ശാന്തൻ ,ഡോ.എം.ആർ .രവീന്ദ്രൻ ,രാമചന്ദ്രൻ കരവാരം, കരുവാറ്റ പങ്കജാക്ഷൻ, ജയിൻ വക്കം, റെജി കായിക്കര, എന്നിവർ പ്രസംഗിച്ചു. പല്ലന സ്മാരകം സെക്രട്ടറി തിലകരാജൻ സ്വാഗതവും കായിക്കര എ എം എ സെക്രട്ടറി വി ലൈജു നന്ദിയും പറഞ്ഞു.