”ഒരു ജനത മുഴുവൻ കണ്ണുനീർ ചൊരിഞ്ഞ ഒരു ദുരന്ത ചിത്രമുണ്ട് ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ. കളി പാരമ്പര്യവും, മുൻതൂക്കവും, ഒത്തിണങ്ങിയ കളിക്കാരുടെ കൂട്ടവും, മുൻ വിജയങ്ങളുടെ ആവേശകരമായ ട്രാക്ക് റെക്കോർഡുകളും എല്ലാറ്റിനുമുപരി ആതിഥേയ ഗ്രൗണ്ടിലെ കലാശ പോരാട്ടവും ഒക്കെ അനുകൂലമായിട്ടും ഒരു കാർണവലിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം.”
ബ്രസീലിയൻ ജനതയ്ക്ക് ഫുട്ബോൾ ജീവവായുവാണ്. അത്രമേൽ അത് അവരുടെ സമൂഹത്തിൽ ഇഴുകിചേർന്നിരിക്കുന്നു. 1894 ൽ ബ്രിട്ടീഷുകാർ ബ്രസീലിലേക്ക് കാൽപന്തുകളി കൊണ്ടു വരുമ്പോൾ അത് അവരുടെ പ്രധാന ജീവിത വ്യാപാരങ്ങളിൽ ഒന്നാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ഇന്ന് സുവ്യക്തമായ പാതയിലൂടെ സഞ്ചരിച്ച് ലോക രാജ്യങ്ങൾക്ക് മുന്നിൽ വ്യതിരിക്തമായ ഒരു സാംസ്കാരിക മുഖം നൽകാൻ ബ്രസീലിയൻ ഫുട്ബോളിനായിട്ടുണ്ട്. ഒരു ജനത മുഴുവൻ കണ്ണുനീർ ചൊരിഞ്ഞ ഒരു ദുരന്ത ചിത്രമുണ്ട് ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ. കളി പാരമ്പര്യവും, മുൻതൂക്കവും, ഒത്തിണങ്ങിയ കളിക്കാരുടെ കൂട്ടവും, മുൻ വിജയങ്ങളുടെ ആവേശകരമായ ട്രാക്ക് റെക്കോർഡുകളും എല്ലാറ്റിനുമുപരി ആതിഥേയ ഗ്രൗണ്ടിലെ കലാശ പോരാട്ടവും ഒക്കെ അനുകൂലമായിട്ടും ഒരു കാർണവലിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം. ലോക കപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഒരു ദുരന്ത പരിസമാപ്തിയായി മാത്രമേ ഇന്നും ഓർക്കാനാവൂ.
പുതുതായി നിർമ്മിച്ച റയോ ഡി ജെയിനെറോയിലെ മരക്കാന സ്റ്റേഡിയത്തിലെ 199584 കാണികൾ അവശ്വസനീയമായി മിഴിച്ചിരുന്ന നിമിഷം. 1950 ജൂലെ 16 ന് ലോകകപ്പ് അവസാന മത്സരത്തിൽ റഫറി ജോർജ്ജ് റീഡർ അവസാനി വിസിൽ മുഴക്കിയപ്പോൾ ഒരു നാടു മുഴുവൻ വിങ്ങുന്ന ഹൃദയത്തോടെയാണ് സ്റ്റേഡിയത്തിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോഴും ഈ ദുരന്തത്തിന്റെ ബാക്കിപത്രം ബ്രസീലിയൻ ഫുട്ബോളിനെ ഒരു കറുത്ത അദ്ധ്യായമായി അലട്ടികൊണ്ടേയിരിക്കുന്നു.
1938 ലെ ഫ്രാൻസ് ലോകകപ്പ് മത്സരങ്ങൾക്കു ശേഷം ലോക മഹായുദ്ധ സാഹചര്യങ്ങളിൽ നടക്കാതെ പോയ 1942 ലെയും 1946 ലെയും മത്സരങ്ങൾക്കുശേഷം 1950 ൽ ബ്രസീലിനാണ് ലോകകപ്പ് ആതിഥേയത്വം ഫിഫ നൽകിയത്. രണ്ടു ലക്ഷം കാണികളെ ഉൾകൊള്ളാവുന്ന ഒരു സ്റ്റേഡിയം പുതുതായി നിർമ്മിച്ചാണ് ബ്രസീൽ ലോകകപ്പിനെ വരവേറ്റത്. പതിനാറു ടീമുകളുടെ എൻട്രി ലഭിച്ചതിൽ പതിമൂന്നു ടീമുകളാണ് ഫൈനൽ റൗണ്ട് മത്സരത്തിനെത്തി ചേർന്നത്. ആദ്യത്തെ രണ്ടു ഗ്രൂപ്പകളിൽ നാലു വീതം ടീമുകളും, മൂന്നാമത്തെ ഗ്രൂപ്പിൽ മൂന്നു ടീമുകളും, നാലാമത്തെ ഗ്രൂപ്പിൽ രണ്ടു ടീമുകളും പരസ്പരം മത്സരിച്ച് ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമിനെ ഫൈനൽ റൗണ്ടിലേക്കു തെരഞ്ഞെടുക്കുന്ന രീതിയാണ് മത്സരത്തിനുണ്ടായിരുന്നത്. സെമി ഫൈനലോ, ഫൈനലോ ഇല്ലാതെ ഫൈനൽ റൗണ്ടിൽ പരസ്പരം മത്സരിച്ച് കൂടുതൽ പോയിന്റുകൾ നേടുന്ന ടീമിന് ട്രോഫി നൽകാനായിരുന്നു തീരുമാനം.
ഫൈനൽ റൗണ്ടിലെത്തിയ ബ്രസീൽ ആദ്യ രണ്ടു മത്സരങ്ങളിൽ വലിയ മാർജിനിലാണ് ജയിച്ചു വന്നത്. 7-1 #് സ്വീഡനെയും, 6-1 ന് സ്പെയിനിനേയും തകർത്ത ആത്മ വിശ്വാസത്തിലായിരുന്നു ബ്രസീൽ. സ്പെയിനോട് സമനിലയും (2-2), സ്വീഡനോട് (3-2) ജയവുമായിരുന്നു ഉറുഗ്വേയുടെ കൈമുതൽ. അവസാന മത്സരത്തിനു മുമ്പ് ബ്രസീൽ ഒരു പോയിന്റ് മുന്നിലായിരുന്നു. ഒരു സമനിലവഴങ്ങിയാൽ പോലും യൂൾ റിമെ കപ്പിന് അവകാശിയാകാൻ ബ്രസീലിനു കഴിയുമായിരുന്നു. ട്രാക്ക്റെക്കോർഡും ടീമിന്റെ ഒത്തിണക്കവും എല്ലാം ബ്രസീലിന് അനുകൂലഘടകമായിരുന്നു. ബ്രസീലിന്റെ വിജയത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. അഡ്മിൽ, ജയർ, ചീക്കോ, സിസഞ്ഞോ, ഫ്രിയാക്ക് എന്നിവരായിരുന്നു ടീമിന്റെ കരുത്ത്.
പരിചയസമ്പന്നനായ ഒബ്തുലിയോ വറേലയുടെ നേതൃത്വത്തിലുള്ള ഉറുഗ്വേൻ ടീമിൽ ഗിഗ്ഗിയ വിക്ടർ അൻഡ്രാഡെ, സ്കിഫിയാനോ എന്നിവർ ഉണ്ടായിരുന്നെങ്കിലും അത്യാക്രമണകാരികളായ ഫോർവേഡുകളുടെ സാന്നിദ്ധ്യം ബ്രസീലിന് വിജയ സാധ്യത പ്രവചിക്കുവാൻ കാരണമായി.
1950 ജൂലൈ 16 ലെ ഓ മുണ്ട എന്ന ബ്രസീലിയൻ പത്രം ഇതാ ലോക ചാമ്പ്യൻമാർ എന്ന അടികുറിപ്പോടെ ബ്രസീൽ ടീമിന്റെ പടമാണ് പ്രസിദ്ധീകരിച്ചതു. കിക്കോഫിന് മുമ്പ് റിയോ ഡി ജെയിനെറോ മേയർ ഡി മൊറൈസ് ഉച്ചഭാഷിണിയിലൂടെ ബ്രസീൽ ടീമിനെ അഭിസംബോധന ചെയ്തത് മണിക്കൂറുകൾക്കകം ലോക ചാമ്പ്യൻമാരെന്ന് എന്റെ നാട്ടുകാരാൽ വാഴ്ത്തപ്പെടേണ്ടവരേ…ഈ ഭൂഖണ്ഡത്തിൽ ആർക്കും കീഴടങ്ങാത്തവരേ…..വിജയികളെന് ന് ഞാൻ ഇപ്പോൾ തന്നെ അനുമോദിക്കുന്നു എന്നായിരുന്നു ഫിഫ പ്രസിഡണ്ട് യൂൾ റിമെ ബ്രസീലിനെ അനുമോദിക്കാൻ അവരുടെ സംസാരഭാഷയായ പോർച്ചുഗീസിൽ അഭിനന്ദന സന്ദേശം എഴുതി വച്ചിരുന്നു. ബ്രസീലിനായി ഒരു വിജയഗാനവും തയ്യാറാക്കപ്പെട്ടിരുന്നു.
ബ്രസീലിയൻ സ്ട്രൈക്കർമാരുടെ ആക്രമണത്വരയാണ് കളിയുടെ ആരംഭത്തിൽ ദർശിച്ചതു. അതേ സമയം ഉറുഗ്വേൻ ടീം പതറാതെ പ്രതിരോധിച്ചു. ഒന്നാം പകുതി ഗോൾ രഹിത സമനിലയായിരുന്നു. രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ ബ്രസീലിന്റെ ഫിയാക്ക ഉറുഗ്വേൻ ഗോൾവലയം ചലിപ്പിച്ചു. അക്രമണത്തിൽ നിന്നു പൈന്തിരായാതിരുന്ന ബ്രസീൽ ടീമിലെ ബിഗോഡയുടെ പിഴവുകൊണ്ട് ലഭിച്ച പന്തുമായി ഗിഗ്ഗിയ നൽകിയ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ സ്കിഫിയാനോവ് ഉറുഗ്വേക്കു വേണ്ടി ഗോൾ മടക്കി. കളി അവസാനിക്കാൻ പതിനൊന്നുമിനിട്ടു മാത്രം ബാക്കിയുള്ളപ്പോൾ ഗിഗ്ഗിയ വീണ്ടും പന്തുമായി മുന്നേറി ബ്രസീൽ ഗോൾകീപ്പർ മൊയ്തർ ബർബോസയെ മറികടന്ന് ഗോൾവലയം ചലിപ്പിച്ചു. ലീഡ് നേടിയ ഉറുഗ്വേൻ ടീം ഒന്നടക്കം പ്രതിരോധത്തിലേക്കു വലിഞ്ഞ് കോട്ട തീർത്തു. അവസാന വിസിൽ മുഴക്കത്തെ തുടർന്ന് മാർക്കാനയിൽ നിശ്ശബ്ദത തളം കെട്ടി.
പ്രശസ്ത എഴുത്തുകാരനായ നെൽസൺ റോഡ്രിഗ്സ് ഈ തോൽവിയെ വിശേഷിപ്പിച്ചതു ബ്രസീലിന്റെ ഹിരോഷിമ എന്നാണ്. ഒരു ചടങ്ങ് നടത്താനുള്ള അന്തരീക്ഷമായിരുന്നില്ല മാരക്കാനയിൽ. പ്രഭാഷണങ്ങലുടെയോ ആഘോഷങ്ങളുടെയോ അകമ്പടിയില്ലാതെ ഫിഫ പ്രസിഡണ്ട് കപ്പ് ഒരു വിധം ഉറുഗ്വേ നായകനു കൈമാറി. ഈ മത്സരത്തിനുശേഷം ദുരന്ത കളിയിലെ വെള്ള ജഴ്സി ബ്രസീൽ ഉപേക്ഷിച്ചു മഞ്ഞ കുപ്പായത്തിലേക്കുമാറി. ഒരു ഡിസൈനിങ്ങ് മത്സരത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ടത് ആൽദിർ ഗാർഷ്യ ഷലി എന്ന പത്തൊമ്പതുകാരൻ ഡിസൈൻ ചെയ്ത മഞ്ഞ കുപ്പായമായിരുന്നു. ഇന്നും നേരിയ മാറ്റങ്ങളോടെ ആ മഞ്ഞ കുപ്പായമാണ് ബ്രസീൽ ജഴ്സി. 1989 മാരക്കാനയിൽ കോപ അമേരിക്കൻ ഫൈനലിൽ ബ്രസീൽ ഉറുഗ്വേയെ തോൽപ്പിച്ചെങ്കിലും അത് 1950 ലെ തോൽവിയുടെ വേദന കുറയ്ക്കാൻ പര്യാപ്തമായിരുന്നില്ല. മാറക്കാന പിന്നീട് പലപ്പോഴും ആഹ്ലാദം കൊണ്ടു വന്നു. പല നല്ല ചരിത്രനിമിഷങ്ങൾക്കും സാക്ഷിയായി. 1969 നവംബർ 19 ന് കറുത്ത മുത്ത് പേലെയുടെ ആയിരാമത്തെ ഗോളിന് സാക്ഷ്യം വഹിച്ചതു മാരക്കാന സ്റ്റേഡിയമായിരുന്നു. പക്ഷേ 1950 ലെ പരാജയം ഈ സ്റ്റേജിയത്തിന്റെയും ബ്രസീലിയൻ ഫുട്ബോളിന്റെയും ജീവിത ജാതകത്തിൽ ഇന്നും തെളിഞ്ഞു കിടക്കുന്നു. മായാത്ത മുറിവുകളുമായി.