കണ്ണീര് സിംഫണികളാകുമ്പോൾ

ഉദാത്തതയിൽ
നിന്ന് കാല്പനികതയുടെ കമനീയതയിലേക്കുള്ള നാദപ്രവാഹം
സംഗീതത്തിന്റെ ഉത്തുംഗശ്രൃംഗങ്ങളെ തഴുകി ചുഴികളിൽ ഊർന്നിറങ്ങി അതി മനോഹര നാദധോരണി പിയാനോയിൽ നിന്ന് കാലങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നു.
കരളിൽ മധുരം കിനിയുമ്പോൾ കണ്ണിൽ കനവു വിടരുമ്പോൾ വിരലുകൾ മീട്ടുന്ന മധുര നാദം, ഹൃദയത്തിലെ പ്രണയഭാഷ്യം, പ്രജ്ഞയിലെ ചിന്തോന്മാദം, വിരിയാൻ വെമ്പും യൗവ്വന പുഷ്പങ്ങൾ, ഉർവ്വരത തുളുമ്പുന്ന ഭാവനാ വിലാസം, മനസ്സിലെ മധുരമയതാളലയ മായാജാലം.
 അനർഗള പ്രവാഹം കാതോരം നീരൊഴുക്കിലെ ശ്രുതിമധുരം
പിയാനോയിൽ നാദമഴ പെയ്തു
വരുമ്പോൾ ലോകം മുഴുവൻ ലഹരി പതയുന്നു. പ്രകൃതി പോലും നിശ്ചലമായതിൽ നിമഗ്നമാകുന്നു.
ശ്രുതി മീട്ടുന്നവന്റെ കൺകൾ
തുളുമ്പുന്നു നോവടരുന്നു ഹൃദയം ദുഃഖത്താൽ തുടിക്കുന്നു.
ഉതിരുന്ന തേൻ തുള്ളികളാ
കാതുകളിൽ നാദമഴയായ്
പെയ്യുകില്ലയെന്ന
നൊമ്പരമേറുമ്പോൾ പിയാനോയിൽ സിംഫണികൾ വീണ്ടും വീണ്ടും ചരിതം കുറിക്കുന്നു. അവ ലോകത്തിന് കാലങ്ങൾക്ക് അതീതമായ് ഭാഷകൾക്കതീതമായ് ദേശങ്ങൾക്ക് അതീതമായ് ഒഴുകി പരക്കുമ്പോൾ ബിഥോവനാ സംഗീതധാരയിൽ മുങ്ങിനിവരുന്നില്ല.
ബിഥോവൻ സംഗീതം ലോകത്തിനു ഉണർത്തുപാട്ടുകളാകുമ്പോൾ
നിരാശയുടെ ജലപ്പക്ഷികളാ മാനസസരസ്സിൽ മുങ്ങാംകുഴിയിട്ട് ഊളിയിറങ്ങും. കൺകളിൽ നിന്ന് നീർ പളുങ്കുകൾ അടന്ന് പിയാനോയിൽ
വീണു ചിന്നിചിതറും.
വിരലുകളിൽ നിന്നും
സാമവേദത്തിന്റെ തേൻ തുള്ളികൾ
 അടരും.

You can share this post!