കഞ്ചാവ് മണക്കുന്ന കാസോൾ/ഹുസൈർ മുഹമ്മത്



കുളു താഴ്വരയിലൂടെയായിരുന്നു യാത്ര. ഏറെ നേരം ബിയാസ് നദിയുടെ തീരത്തോട് ചേർന്ന് ഹൈവേയിലൂടെ ആയിരുന്നു വാഹനം ഓടിക്കൊണ്ടിരുന്നത്.

ആപ്പിൾ, പിയർ, പ്ലം, ചെറി തുടങ്ങി ഒട്ടനവധി ഫലവൃക്ഷങ്ങൾ തളിർത്തു നിൽക്കുന്ന ഈ താഴ്വാര വാലി ഓഫ് ഗോഡ്സ് എന്നാണ് അറിയപ്പെടുന്നത്. ഏറെ പഴക്കം ചെന്ന ഈ ചെറുപട്ടണത്തെ യൂനസ്കോ പൈതൃകം നഗരമെന്ന അംഗീകാരം നൽകി ആദരിച്ചിട്ടുണ്ട്.

ഇവിടെനിന്ന് ഗുന്ദറിൽ എത്തിയിട്ട് വേണം കാസോളിലേക്ക് തിരിയാൻ .
കഞ്ചാവും ചരസും സുലഭമായി ലഭിക്കുന്ന ഗ്രാമമാണ് ഹിമാലയൻ മലനിരകൾക്കിടയിലെ കാസോൾ . കമ്യൂണിസ്റ്റ് പച്ച പടർന്നു നിൽക്കുന്നതുപോലെയാണ് വഴിയോരങ്ങളിലും വീട്ടുവളപ്പിലും കഞ്ചാവു ചെടികൾ വളർന്നു നിൽക്കുന്നത്. ലഹരി വിരിയുന്ന ഈ ഗ്രാമത്തിലേക്ക് വിദേശികൾ പ്രത്യേകിച്ച് ഇസ്രായേലികൾ കൂട്ടമായി എത്തുന്നതുകൊണ്ടാകാം ഇന്ത്യയിലെ ഇസ്രായേൽ ഗ്രാമം എന്ന് കാസോൾ അറിയപ്പെടുന്നത്. ഹിപ്പികളുടെ നാട് എന്ന ഓമനപ്പേരും ഉണ്ട്.

ഗുന്ദറിൽ നിന്ന് മുപ്പത്തിയഞ്ച് കിലോമിറ്റർ ദൂരമേയുള്ളുവെങ്കിലും കാസോളിലെത്താൻ ചിലപ്പോൾ മണിക്കുറുകളെടുക്കും. ഇടുങ്ങിയതും അതോടൊപ്പം ഏറ്റവും അപകടകരവുമായ മലമ്പാതയാണിത്.
പാർവ്വതി നദിയുടെ ഓരത്തു കൂടിയാണീ റോഡ്.

ഈ നദിയുടെ ശാന്തതയും രൗർദ്രതയും ഒരുപോലെ ആസ്വദിക്കാനാകും ഈ യാത്രയിൽ. ചുറ്റും ചുവന്ന മലകൾ.
മാൻ തലായ് ഗ്ലേഷറിൽ നിന്നാണ് പാർവ്വതി നദിയുടെ ഉത്ഭവം.

ഈ നദിയുടെ കരയിലാണ് കാസോൾ .
ടൂറിസ്റ്റുകളിൽ വിദേശികളാണധികവും.
തെരുവിൽ നല്ല തിരക്ക്. ചെറിയ ചെറിയ നിരവധി കടകൾ. അവയിലൊക്കെ അവിടെ മാത്രം കിട്ടുന്ന മൗലികമായ ഉൽപ്പന്നങ്ങൾ. എല്ലാം വിദേശ സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ളത്.

വിദേശരാജ്യങ്ങളിലെ തെരുവുകളെ ഓർമ്മപ്പെടുത്തുന്ന മനോഹര കഫെകൾക്കു ചുറ്റും വിദേശ ടൂറിസ്റ്റുകൾ എന്തിനെയൊക്കെയോ പരതി നടക്കുന്നതുപോലെ തോന്നിച്ചു. ചില ഒറ്റയാൻമാർ, പിന്നെ സ്ത്രീകളൊക്കെയുള്ള സംഘങ്ങളും.

പ്രസിദ്ധമായ അവിടുത്തെ ജർമ്മൻ ബേക്കറിയുടെ ഇടതു വശത്തുകൂടിയുള്ള ചെമ്മൺ പാതയിലൂടെ ഞാൻ നടന്നു. ആ പാത ചെന്നെത്തിയത് വലിയൊരു ഇരുമ്പ് പാലത്തിന് അടുത്താണ് . താഴെ പാർവതി നദി ഒഴുകുന്നു. പാലത്തിന് നടുവിൽ നിന്നും നദിയെ ഏറെനേരം നോക്കി കണ്ടു. ശാന്തമായാണതൊഴുകുന്നത്. തൊട്ടുചേർന്നു മലനിരകളാണ്. അകലെ ഹിമ ശ്രംഗങ്ങളും കാണാം. ആകാശത്തിലെ നീലിമ പാർവതി നദിയിലും ലയിച്ചു ചേർന്നിരിക്കുന്നു.

പാലത്തിൻറെ അങ്ങേക്കരയിൽ ഞാൻ കുറച്ചു നേരം നിന്നു .എങ്ങോട്ടാണ് പോകേണ്ടത്. താഴെ നദിയോട് ചേർന്ന് ഒരു ചുടുവെള്ളത്തടാകമുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ അവിടേക്കുള്ള വഴി മുഴുവനും ഒലിച്ചു പോയിരിക്കുകയാണ്. ഇപ്പോഴുള്ള വഴിയിലൂടെ നടന്നെത്തുക എളുപ്പമല്ലാത്തതുകൊണ്ടാകാം ആരും അവിടേക്ക് പോകുന്നതു കണ്ടില്ല.

പല ഗ്രാമങ്ങളിലേക്കു തിരിയുന്നതും പാർവതി നദിയുടെ ഈ കരയിൽ നിന്നാണ്. ചലാൽ ഗ്രാമം തൊട്ടടുത്ത് തന്നെയാണ്. ഒറ്റയടിപ്പാതയിലൂടെ കുറേ മുന്നോട്ടു നടന്നു. കുതിരകളുടെ ഒരു കൂട്ടം എന്നെ കടന്നുപോയി. ഞാൻ ഓരത്തേക്കു മാറി നിന്നു. ഏതെങ്കിലും ഒന്ന് കയ്യോ കാലോ ഉയർത്തി തൊഴിച്ചാൽ ഞാൻ താഴെ നദിയിലെക്ക് തെറിച്ചു വീഴും. അവയ്ക്ക് പിറകെ വലിയ ചുള്ളിക്കമ്പുകളുടെ ഭാരവും പേറി ഗ്രാമീണ സ്ത്രീകൾ നടന്നു പോകുന്നു.

തിരികെ വീണ്ടും ഞാൻ പാലത്തിനടുത്ത് എത്തി . ഇടുങ്ങിയ മറ്റൊരു വഴി വലതുഭാഗത്തുണ്ട്. അതിലൂടെ 100 മീറ്ററോളം നടന്നു കാണും . ഒരു ചെറുപ്പക്കാരൻ എതിരെ വരുന്നത് കണ്ടു. ഒരാൾക്ക് മാത്രം നടന്നു പോകാനുള്ള സൗകര്യമേ ആ പാതക്കുള്ളു. അയാൾക്ക് നടന്നു പോകാൻ ഞാൻ മലയുടെ ചരിവിലേക്ക് ഒതുങ്ങി നിന്നു.

തൊട്ടടുത്തെത്തിയപ്പോൾ അയാൾ എന്നോട് ചിരിച്ചു. പരിചയപ്പെട്ടപ്പോൾ മലയാളിയാണ്.
നാല് കിലോമീറ്റർ ദൂരമുള്ള മലമുകളിലെ ചോയി ഗ്രാമം കണ്ടാണയാൾ വരുന്നത്. കഴിഞ്ഞ പ്രളയത്തിൽ 30 മനുഷ്യജീവനെ പാർവതി നദി കൊണ്ടുപോയത് അവിടെ നിന്നാണ്. ഈ ചെറു വഴി മലയെ ചുറ്റി മുകളിലെത്താൻ മണിക്കൂറുകൾ എടുക്കും.
യാത്ര ദുഷ്കരവുമാണ്.

ഞാൻ അയാളോടൊത്ത് തിരികെ നടന്നു. ഇരുമ്പ് പാലത്തിനടുത്തുള്ള കരിങ്കൽ തിണ്ണയിൽ ഞങ്ങളിരുന്നു. ദിലീപ് എന്നായിരുന്നു അയാളുടെ പേര്. കൊല്ലം സ്വദേശി. പഠനം ഡൽഹിയിൽ തന്നെയായിരുന്നു. ഇപ്പോൾ അവിടെ തന്നെ ഒരു യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി ചെയ്യുന്നു. ഒരാഴ്ചയായി കാസോളിലെത്തിയിട്ട്.
അയാൾക്ക് കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ലത്രേ കാസോളിലെ ഗ്രാമങ്ങൾ.

ഇവിടെ നിന്നു നാല് കിലോമീറ്റർ പോയാൽ പ്രസിദ്ധമായ മണിക്കിരണിലെത്തും .അവിടെ നിന്നു ബർഷേനി, തോഷ്, കുട്ല എന്നീ ഗ്രാമങ്ങളിൽ പോയിട്ടാണ് തിരിച്ചെത്തിയിരിക്കുന്നത്. വീണ്ടും ബർഷേനിയിൽ എത്തി കീർഗംഗയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

ഒറ്റയ്ക്കുള്ള യാത്ര അയാൾ ആസ്വദിക്കുകയാണ്. ഓരോ ദിവസവും മനസ്സു പറയുന്നതുപോലെ യാത്ര ചെയ്യുക. ഏതെങ്കിലും ടെന്റുകളിലോ ഹോംസ്റ്റേകളിലോ അന്തിയുറങ്ങുക. ലക്ഷ്യമില്ലാതെ ഹിമാലയൻ താഴ്വരകളിലൂടെ നടക്കുക. എനിക്കയാളോട് വല്ലാത്തൊരു ഇഷ്ടം തോന്നി.

ഞാൻ ഇന്ന് തന്നെ തിരിച്ചുപോകും എന്ന് പറഞ്ഞപ്പോൾ അയാൾക്ക് അത്ഭുതം. മലാന ഗ്രാമമെങ്കിലും കണ്ടിട്ടേ തിരിച്ചു പോകാവൂ എന്നയാൾ എന്നോട് പറഞ്ഞു.

ഒരു പ്രത്യേക ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ഗ്രാമമാണത്. മറ്റുള്ളവരിൽ നിന്ന് വിഭിന്നമായ സംസ്കാരവും നിയമ രീതികളുമാണ് ഇപ്പോഴുമവർ പിന്തുടരുന്നത്. പുറത്തുനിന്നുള്ളവരെ ഈ അടുത്ത കാലം വരെ അവർ ഗ്രാമത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. ഇപ്പോൾ ടൂറിസത്തിൽ നിന്നുള്ള വരുമാനം ലഭിച്ചു തുടങ്ങിയപ്പോഴാണ് അവരുടെ മനസ്സു മാറി അതിനു അനുവാദം നൽകിയിട്ടുള്ളത്. എങ്കിലും സന്ദർശകരെ സമീപിക്കുന്നത് ഒരു പ്രത്യേക മുൻവിധിയോടുകൂടിയാണിപ്പോഴും .

മലാനയിലാണ് ഏറ്റവും കൂടുതൽ കഞ്ചാവ് കൃഷിയുള്ളത്. ലഹരി തന്നെയാണ് പ്രധാന വരുമാന മാർഗ്ഗം. വിദേശികൾക്ക് വിൽക്കാനാണ് അവർക്ക് താല്പര്യം. ആ പ്രത്യേക ലഹരി തേടി തന്നെയാണ് വിദേശികൾ മലാനയിൽ എത്തുന്നതും.

അവിടെനിന്ന് ലഭിച്ച ചരസ്സ് എക്സ്പീരിയൻസ് ചെയ്ത വിശേഷവും സംസാരത്തിനിടയ്ക്ക് ദിലീപ് സൂചിപ്പിച്ചു . വിദേശികൾ ഉപയോഗിക്കുന്ന ഒറിജിനൽ മലാന ക്രീം തന്നെ ലഭിക്കാൻ കുറച്ചു പണിപ്പെട്ട കാര്യം അയാൾ ഒരു ചെറിയ ചിരിയോടെയാണ് പറഞ്ഞത്.

പാർവതി നദിയുടെ പശ്ചാത്തലത്തിൽ നിന്ന് കുറച്ച് ഫോട്ടോകൾ എടുത്ത് ഞങ്ങൾ പിരിഞ്ഞു. ചലാലിലേക്കുള്ള വഴിയിലൂടെ അയാൾ മുന്നോട്ടു പോകുന്നത് നോക്കി ഞാൻ നിന്നു.

തിരിച്ചു മാർക്കറ്റിൽ എത്തി ടാക്സിക്കാരുടെ ഒരു ഓഫീസിനു മുൻപിൽ നിൽക്കുമ്പോൾ ഒരു കൗമാരക്കാരൻ വന്ന് ചോദിച്ചു.

“എവിടേക്കാണ് പോകേണ്ടത് സാർ, ഒറ്റയ്ക്കാണോ?.”

എവിടേക്കാണെങ്കിലും ഗൈഡായി വരാൻ തയ്യാറാണ്. അവൻ എന്നോട് മണി കിരണിലെ ഗുരുദ്വാരയെകുറിച്ചും അവിടുത്തെ ഹോട്ട് വാട്ടർ തടാകത്തെക്കുറിച്ചും പറഞ്ഞു.

ഒന്നും കേൾക്കാത്തത് പോലെ ഞാൻ മുന്നോട്ട് നടന്നു. കൂടെ തന്നെയുണ്ട് അവൻ. കണ്ടിട്ട് കുഴപ്പക്കാരനൊന്നുമല്ലന്ന് തോന്നി. നല്ല കഫെ ഏതാണെന്ന് ചോദിച്ചപ്പോൾ അവനൊന്ന് ചൂണ്ടിക്കാണിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും പിന്നെ മറ്റൊരു ഭാഷയിലും കഫേയുടെ പേര് എഴുതിവെച്ചിട്ടുണ്ട്. അത് ഇസ്രായേലി ഭാഷയാകാം എന്നു ഞാൻ ഊഹിച്ചു. എൻറെ കൂടെ അവനും കഫേയിലേക്ക് കയറി. മെനുവിൽ ഒരു ഐറ്റം എന്നെ കാണിച്ച് അവനത് ഓർഡർ ചെയ്തു . ചായ വേണമെന്ന് പറഞ്ഞപ്പോൾ അവൻ തലകുലുക്കി , പക്ഷേ ഓർഡർ ചെയ്തത് മറ്റെന്തോ ആയിരുന്നു.

കാസോളിൽ ഇസ്രയേലി വിഭവങ്ങളാണ് എക്സ്പീരിയൻസ് ചെയ്യേണ്ടതെന്ന ഒരു ഉപദേശം അവൻ എനിക്ക് തന്നു.
കൊണ്ടുവെച്ച പലഹാരത്തിന് അസാധ്യ രുചിയായിരുന്നു. പാനീയത്തിന് ചായിലയുടെ രുചിക്കൊപ്പം മറ്റെന്തിന്റെയോ ചവർപ്പും എരിവുമൊക്കെ ഉണ്ടായിരുന്നു.

അതിനിടെ മണികിരണിലെ ഹോംസ്റ്റേ ബുക്ക് ചെയ്യുന്ന കാര്യം അവൻ ഓർമ്മപ്പെടുത്തി. ഇപ്പോൾ ബുക്ക് ചെയ്യണം. വഴിയിലൊന്നും റേഞ്ച് കിട്ടില്ല . അവിടെ ചെന്നാൽ സ്റ്റേ കിട്ടിയില്ലെങ്കിൽ ബുദ്ധിമുട്ടാവും.

തൊട്ടടുത്ത ഇരിപ്പിടങ്ങളിലൊക്കെ വിദേശികൾ തന്നെ. അവരൊക്കെ അവരുടേതായ ലോകത്താണ്. പുറമെയുള്ള ബഹളങ്ങളും കാഴ്ചകളൊന്നും അവരെ അലോസരപ്പെടുത്തുന്നതേയില്ല.

കഫേയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ എങ്ങനെ അവനെ ഒഴിവാക്കണം എന്ന ചിന്തയിലായിരുന്നു ഞാൻ. കുറച്ചകലെ സഹയാത്രികർ എന്നെ കാത്തു നിൽക്കുന്നത് ഞാൻ അവനെ കാണിച്ചു. അപ്പോഴവൻ്റെ മുഖത്തെ ചിരി മാഞ്ഞു .

അവൻ എന്നെ കെട്ടിടത്തിന്റെ ഒരു മൂലയിലേക്ക് മാറ്റി നിർത്തി. പോക്കറ്റിൽ നിന്ന് ഒരു പൊതി അഴിച്ചു . കറുത്ത നിറത്തിലുള്ള ഗുളികകൾ പോലെ ഒന്നായിരുന്നു അതിൽ. പെട്ടെന്ന് എനിക്ക് കത്തി. ചരസ് . ഞാൻ കൗതുകത്തോടെ അതിൽ തന്നെ നോക്കി നിന്നു. മറ്റൊരു പൊതിയിലുണ്ടായിരുന്ന ഗുളികകൾ അല്പം ചുവപ്പു കലർന്നതായിരുന്നു. അത് വിദേശികൾക്കുള്ളതാണന്നവൻ പറഞ്ഞു.

മറ്റൊന്നും പറയാതെ പോക്കറ്റിൽ നിന്ന് നൂറു രൂപയുടെ നോട്ടെടുത്ത് ഞാനവൻ്റെ പോക്കറ്റിൽ തിരുകി മുന്നോട്ട് നടന്നു. അവനെ തിരിഞ്ഞൊന്നു നോക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

വെയിലിന്റെ ചെറു ചൂട് കുറഞ്ഞിരിക്കുന്നു. പതുക്കെ പതുക്കെ തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറാൻ തുടങ്ങുന്നു. അകലെ മലമുകളിൽ നിന്ന് മഞ്ഞ് താഴേക്ക് ഒഴുകിയെത്തുന്നതുപോലെ.

കാസോളിലെ നൈറ്റ് ലൈഫ് പ്രസിദ്ധമാണ്.
കഫെകളിൽ നിന്ന് ഒഴുകുന്ന വർണ്ണ വെളിച്ചവും സംഗീതവും രാവുകളെ ചന്തമുള്ളതാക്കും. മഞ്ഞിനും തണുപ്പിനുപ്പുറത്തേക്ക് ലഹരികൾ നിറഞ്ഞൊഴുകും ഈ രാവുകളിലപ്പോൾ.

അതൊക്കെ കാണാൻ ഈ രാത്രി കൂടി കസോളിൽ നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഗ്രൂപ്പ് യാത്രയ്ക്ക് പല പരിമിതികളും ഉണ്ടല്ലോ. മനസ്സില്ലാ മനസ്സോടെ ഞാൻ വാഹനത്തിൽ കയറി.

You can share this post!