ഓർമ്മച്ചെപ്പ്/രമ്യ അജിത്ത്

നഷ്ടബാല്യത്തിൻ നറുമുത്തുകളൊളിപ്പിക്കും ചിപ്പിയായിന്നു ഞാൻ
കാര്‍കൊണ്ടല്‍ തോരണ ചാര്‍ത്തിന്‍ താഴെ
കളഹംസങ്ങളേറും കല്‍പടവുകളില്‍
ചെറു മീന്‍ തുള്ളാട്ടം കാണാന്‍
ചേമ്പില മറക്കുടക്കീഴിലെന്‍ സഖിയുമായി
പോയ നാളോര്‍മയില്‍ !!!!!!!

പാടും പുഴയുടെയോളങ്ങളിലുലയും
കളിത്തോണിയകലുന്നൂ മറുകര തേടി .

മാരിവില്‍ തൊടുത്ത വര്‍ണ്ണ ശരങ്ങളേറ്റു
മനം മായാത്ത മായിക ലോകത്തില്‍ വീണു !!

കുളിര്‍ മഴയില്‍ തത്തിച്ചാടുമെന്നോടൊത്തു
തലയാട്ടും നീലാംമ്പലിന്‍ ചാരുത ,
കണ്ടു ഞാനന്നു ചിരിച്ചു .

കാറ്റിന്‍ കിന്നാരം കേ ള്‍ക്കാന്‍ കൊതിച്ചൂ
തല താഴ്ത്തിയ വല്ലീകുമാരിയറിഞ്ഞില്ലവള്‍-
തന്‍ മണിക്കിരീട മുത്തുകള്‍ പൊഴിയുന്നതും !!!!!!!!!!!!!
പടരും സുഗന്ധത്തിന്‍ പിന്നാലെ ചെന്നോരെന്‍
മെയ്യില്‍ വീണവയൊക്കെയും വാരി ഞാനോടി .

കാലത്തില്‍ കാല്‍ വഴുതി വീഴുമ്പോഴും ,
ഹൃദയത്തിന്‍ ചില്ലു പെട്ടിയിലവയിന്നും
ചിതറാതെയുടയാതെ സൂക്ഷിക്കുന്നൂ ….

You can share this post!