ഓർമ്മകൾക്ക് വേറെന്തോ പരിണാമം/എം.കെ.ഹരികുമാർ 

റഷ്യൻ -ഫ്രഞ്ച് കലാകാരനായ മാർക് ഷഗാൽ (Marc Chaggal,1887-1985)  കലയുടെ മേഖലയിൽ ഒരു പ്രവാചകനാണ് .നമ്മുടെ കാഴ്ചയെ അദ്ദേഹം അപാരവും വിമോചനപരവുമാക്കി. ക്യൂബിസം ,ഫോവിസം, സറിയലിസം ,സിംബോളിസം   തുടങ്ങിയ ആധുനിക കലാവീക്ഷണങ്ങളെ സംയോജിപ്പിച്ച് തന്റേതായൊരു ശൈലിയും അവബോധവും വർണ്ണബോധവും  സൃഷ്ടിച്ച കലാകാരനാണ് അദ്ദേഹം.

ലോകത്തിൻ്റെ ഒരു കണ്ടുപിടിത്തമാണ് ഷഗാൽ ;അല്ലെങ്കിൽ ലോകത്തെ കണ്ടുപിടിക്കാൻ വേണ്ടി ഷഗാൽ സ്വയം കണ്ടുപിടിച്ചു. ലോകത്ത്  ആവിർഭവിക്കാത്ത ,ഭാവന ചെയ്യാത്ത ആത്മസമീക്ഷകൾ അദ്ദേഹം ആവിഷ്കരിച്ചു. കലാകാരനായാലും എഴുത്തുകാരനായാലും ഷഗാലിനെപോലെ സ്വന്തം മാധ്യമത്തിൽ പര്യവേക്ഷണം ചെയ്യേണ്ടതാണ് .പലരും ഉപയോഗിച്ചതിൻ്റെ ഫലമായി അർത്ഥവും പുതുമയും നഷ്ടപ്പെട്ട ശൈലി പിന്നെയും ആവർത്തിക്കേണ്ടതില്ല. അത് വായനക്കാരനെ മടിപ്പിക്കും. അനുവാചകന്റെ ശ്രദ്ധയെ അറസ്റ്റ് ചെയ്തു വയ്ക്കേണ്ട കുബുദ്ധി ഇവിടെ ആവശ്യമില്ല. വായനക്കാരൻ സ്വാതന്ത്രജീവിയാണ് ;ആയിരിക്കണം.ഷഗാൽ കാൻവാസിൽ അവതരിപ്പിച്ച പുതുലോകം അദ്ദേഹത്തിന്റെ മനസ്സിൻ്റെ വിശുദ്ധിയും ശിശുസഹജമായ നിഷ്കളങ്കതയുമാണ് പുറത്തുകൊണ്ടുവരുന്നത്. ഒരു വസ്തുതയെ കളങ്കമില്ലാതെ നോക്കാൻ ഇന്നാർക്കും തന്നെ കഴിയുന്നില്ല.ഓരോരുത്തരും അവനവൻ്റെ കളങ്കമാണ്;കളങ്കമായി പ്രതിനിധാനം ചെയ്യാൻ വേണ്ടി സത്യത്തെ ബലികഴിക്കുകയാണ്. ഈ ബലികഴിക്കൽ നേരത്തെതന്നെ പ്രോഗ്രാം ചെയ്തിരിക്കുന്നതുകൊണ്ട് ഒരാളും അത് ബോധത്തിൽ തിരിച്ചറിയുന്നില്ല.

ഷഗാൽ ഇങ്ങനെ പറഞ്ഞു: “ലോകത്ത് അത്ഭുതം എന്ന വികാരത്തെ ഉണർത്തുകയാണ് കലാകാരന്റെ ജോലി. ഇക്കാര്യത്തിൽ അവൻ ജാഗ്രത പാലിക്കുന്നതോടൊപ്പം  പ്രചോദനത്തിന്റെ രീതികൾ മാറ്റിക്കൊണ്ടിരിക്കും “. ഷഗാലിൻ്റെ The Poet (1912) എന്ന ചിത്രം ഇത് വ്യക്തമാക്കുകയാണ്. ചിത്രകലയിൽ ആധുനികതയുടെയും നവീനനിറബോധത്തിൻ്റെയും ക്രാഫ്റ്റിൻ്റെയും രൂപബോധത്തിന്റെയും ഏറ്റവും മികച്ച വിളവെടുപ്പാണിത്. ഒരു കലാകാരൻ തൻ്റെ മാധ്യമത്തിൽ എങ്ങനെ സ്വയം നവീകരിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത് .ഇവിടെ നിറങ്ങൾ ധ്യാനവും മൗനവും ശീലിച്ചിരിക്കുന്നു. ശൂന്യസ്ഥലങ്ങൾ പരിവ്റാചക സ്വഭാവമുള്ള ആത്മായനങ്ങളുടെ നിറ രൂപങ്ങളായി മാറുന്നു. ഒരു പുതിയ ഭാഷയാണിത്. 

റേമണ്ട് കാർവർ (Raymond Carver) എഴുതിയ Cathedral എന്ന കഥ പോലെ നമ്മെയാകെ പിടിച്ചു കുലുക്കുന്ന ഒരു ഇടപെടൽ ഇപ്പോൾ ഇല്ലല്ലോ .അന്ധനായ ഒരാൾ പറയുന്നതിന്റെ പേരിൽ ഭദ്രാസനപ്പള്ളിയുടെ ചിത്രം വരയ്ക്കുന്ന  ഒരുവനെ മുൻനിർത്തി കാർവർ മനുഷ്യൻ്റെ അഹന്തയെ തുറന്നുകാണിക്കുന്നു. വി.പി. ശിവകുമാറിൻ്റെ പന്ത്രണ്ടാം മണിക്കൂർ ,മസാലദോശ തുടങ്ങിയ കഥകൾ ഇതേപോലെ നടുക്കമുണ്ടാക്കിയെന്ന് പറയാൻ മടിക്കുന്നില്ല. 

മാർകേസ് മലയാളത്തിൽ എഴുതിയാൽ സംഭവിക്കുന്നത് 

കൊളംബിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഗാർസിയ മാർകേസ് (1927-2014) മലയാളത്തിലാണ് എഴുതിയിരുന്നതെങ്കിൽ അദ്ദേഹം  വലിയ നിരാശയിൽ അകപ്പെടുമായിരുന്നു .മാത്രമല്ല ,എഴുത്ത് നിർത്തുകയും ചെയ്യുമായിരുന്നു. കാരണം ,നമ്മുടേത് ഒരു യാഥാസ്ഥിതിക പരിഷത്ത് അക്കാദമിക് സവർണ വായനാസമൂഹമാണല്ലോ. രാഷ്ട്രീയ പാർട്ടികളുടെയോ ,മതങ്ങളുടെയോ വക്താവാകാതെ ഇവിടെ എഴുതി ജീവിക്കാൻ പ്രയാസമായിരിക്കെ ,മാർകേസ് 

സ്വന്തം നാടിൻ്റെ അതിശയകരമായ ഭൂതകാലത്തെ ക്രൂരമായി ചികഞ്ഞ്  പുറത്തെടുക്കുമ്പോൾ അതിനെയെങ്ങനെ നമ്മുടെ യുജിസി യാഥാസ്ഥിതികരും വരേണ്യ സാഹിത്യ സമൂഹവും അംഗീകരിക്കും ?

Love in the time of Cholera എന്ന പേരു തന്നെ അപമാനകരമായി പലരും വിലയിരുത്തുമായിരുന്നു. One hundred years of solitude വായിച്ചാൽ മനസിലാകുന്നില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു. The autumn of the Patriarch എഴുതിയതിന്റെ പേരിൽ പ്രസാധകരിൽ നിന്നു അകറ്റി നിർത്തപ്പെടുമായിരുന്നു. കാരണം ,മാർകേസിൻ്റെ യാഥാർത്ഥ്യബോധം ,ചരിത്രബോധം എന്നിവയുടെ സങ്കലനമായ സാഹിത്യസൗന്ദര്യബോധം മനസ്സിലാക്കുന്ന അപൂർവ്വം വായനക്കാരെ കിട്ടുമെങ്കിലും സാഹിത്യപൗരോഹിത്യം അദ്ദേഹത്തെ കൈനഖങ്ങൾ കൊണ്ട് പരുക്കേല്പിക്കുമായിരുന്നു.

‘കരീബിയൻ ജനതയുടെ ജീവിതത്തിൽ അത്യാഹിതങ്ങളും ദുരന്തങ്ങളും സാധാരണ സംഭവങ്ങളായിരുന്നു. അടിമകൾ കൊണ്ടുവന്ന മിത്തുകളും ഇന്ത്യൻ കടങ്കഥകളും ആൻഡുലേഷ്യൻ  (തെക്കൻ സ്പെയിൻ)ഭാവനയും  ചേർന്നപ്പോൾ വസ്തുക്കളെ നോക്കുന്നതിൻ്റെ രീതി തന്നെ മാറി. എല്ലാത്തിലും അതിശയിപ്പിക്കുന്ന എന്തോ ഉണ്ട് (A bit of the marvellous in everything) എന്ന രീതിയിൽ ജീവിതത്തോടുള്ള സമീപനം മാറി. ഏതൊരു സംഭവത്തിലും ഒരു അതിഭൗതിക മാനം ഉണ്ടായിരിക്കും; യുക്തിയുടെ നിയമങ്ങളെ നിരാകരിക്കുന്ന ഒരു യാഥാർത്ഥ്യം സ്വപ്നത്തിൽ കണ്ടെത്തുന്നതുപോലെയുള്ളത്’ – മാർകേസ് ഒരിക്കൽ പറഞ്ഞു. 

ഒരു കഥാകൃത്ത് ഇന്ത്യയെ കണ്ടെത്തുന്നു

പുരോഗമന സാഹിത്യകാരന്മാരെയും സാമ്പ്രദായിക കഥാകൃത്തുക്കളെയും നിരായുധരാക്കിയ കഥയാണ് ‘എച്ചിൽ ‘(പ്രസാധകൻ ,ജൂലൈ) അജേഷ് വേലായുധൻ എന്ന യുവകഥാകൃത്തിൻ്റെ ഈ രചന  യാഥാർത്ഥ്യത്തിൻ്റെ തന്നെ മറ്റൊരു കാടു കാണിച്ചുതരുന്നു. എല്ലാ ചെത്തിത്തേച്ച വർത്തമാനങ്ങളെയും കുപ്പിയിലാക്കിയ കഥയാണിത് .വലിയ അവകാശവാദങ്ങളോ ,നാട്യങ്ങളോ  ഇല്ലാതെ തുടങ്ങുന്ന ഈ കഥ ഹൈടെക് കേരളത്തിനകത്തു ജീവിക്കുന്ന മനുഷ്യരുടെ ദൈന്യതയും പ്രതിസന്ധിയും കാണിച്ചുതരുന്നു.

കപടമായ ഒരാത്മീയ പ്രതിസന്ധിയും ഈ കഥ കൊണ്ടുവരുന്നില്ല. ആദിവാസി ഊരിൽ വല്ല വിധേനയും  ജീവിച്ചു പോന്ന ഒരു അച്ഛനെയും അമ്മയെയും മകനെയും നഗരത്തിൽ നിന്നെത്തിയ പരിസ്ഥിതി സ്‌നേഹികളും സാമൂഹ്യ ഉദ്ധാരകന്മാരും  നഗരത്തിലേക്ക് കൊണ്ടുവന്ന്  വാടകയ്ക്ക് പാർപ്പിക്കുന്നതും  അവരുടെ ജീവിതം അതോടെ നാലുപാടും ചിതറുന്നതുമാണ് വിഷയം.ഈ കഥയെഴുതാൻ നല്ല ധൈര്യം വേണം. സംഘടനകളിൽ അംഗത്വമെടുത്തും ക്യാമ്പുകളിൽ പ്രസംഗിക്കാൻ പോയും അവാർഡ് വാങ്ങിയും നടക്കുന്ന ഒരവസരവാദിക്കും ഇത്രത്തോളം അതിസമർത്ഥമായി ഒരു കഥ എഴുതാനാവില്ല. ദളിത് ജീവിതത്തെക്കുറിച്ച് പത്രങ്ങളിൽ എഴുതി മേനി നടിക്കുന്ന എല്ലാ തട്ടിപ്പുകാരും ഈ കഥ വായിച്ച് തങ്ങളുടെ അന്തസ്സാര ശൂന്യതയുടെയും കാപട്യത്തിൻ്റെയും ആഴം  ബോധ്യപ്പെടുന്നത് നല്ലതായിരിക്കും.

വാടകയ്ക്ക് താമസിക്കുന്ന കണാരൻ, മാതു എന്നീ മാതാപിതാക്കളും അവരുടെ മകൻ മണികണ്ഠനും  ഇതൊന്നുമറിയുന്നില്ല. മണികണ്ഠന് തരപ്പെടുത്തിയ ജോലി പെൺവാണിഭവും കഞ്ചാവ് വില്പനയും. കണാരന് അടുത്തുള്ള ഒരു ഹോട്ടലിൽ ജോലി കിട്ടിയെങ്കിലും അയാൾക്കത് ദുസ്സഹമാവുകയായിരുന്നു. അത് കഥാകൃത്ത് വ്യവരിക്കുന്നത് ഇങ്ങനെയാണ്:

”ഹോട്ടലിൽ നിന്ന് കഴിക്കാനെന്തെങ്കിലും മാതുവിന് കൊണ്ടുവന്ന് കൊടുക്കാൻ വൈശാഖ് മുതലാളി സമ്മതിച്ചേക്കുമോന്നോർത്തുകൊണ്ട്, ഷർട്ടും മുണ്ടും കൈകൊണ്ടൊന്ന് തട്ടിക്കുടഞ്ഞ്, കണാരൻ റോഡിലേക്കിറങ്ങി നടന്നു. ഏറെക്കുറെ തേഞ്ഞു തീരാറായ വലതുകാൽ മുട്ടിനു പുറമേ ദേഹമാസകലം അയാൾക്ക് വേദന തോന്നി .രണ്ടു ഭാഗങ്ങളും നീരുവച്ച് പിണ്ടി പോലായിരിക്കുന്നു .നഗരസഭ  പ്രതിനിധികൾ പരിസ്ഥിതി ദിനത്തിൽ നട്ടുപോയ മുരടിച്ച തൈകൾ തഴുകികൊണ്ട് അയാൾ നടന്നു.എഴുന്നേറ്റപ്പോൾ മുതൽ തുടങ്ങിയ വയറ്റിലെ ഉരുണ്ടു കയറ്റത്തിനൊപ്പം തലകറക്കവും കൊണ്ടാണ് അയാൾ ഹോട്ടലിൽ ചെന്നു കയറിത് .സമയം വൈകിയതിനു തനിക്ക് മനസ്സിലാവാത്ത എന്തോ ചേർത്തുള്ള വൈശാഖിൻ്റെ (ഹോട്ടൽ മുതലാളി) തെറി കേട്ടിട്ട് ,പാകമാവാത്ത ,ആരോ ഉപേക്ഷിച്ചു പോയ ഒരു പാന്റും വലിച്ചു കയറ്റി അയാൾ പണി തുടങ്ങി. തറയെല്ലാം തുടച്ചു കഴിഞ്ഞപ്പോൾ ബോർഡുമായി കണാരൻ റോഡിലേക്കിറങ്ങി. കത്തുന്ന സൂര്യനെ തലയുയർത്തി അയാൾ നോക്കി. കൈയിൽ പിടിച്ചിരിക്കുന്ന ബോർഡ് വീശിക്കാണിക്കുന്നതിലൂടെ എന്ത് ജോലിയാണ് താൻ ഇവിടെ ചെയ്യുന്നതെന്ന് അയാൾക്കറിയില്ലായിരുന്നു. റോഡിനറ്റത്ത് ഒരു പൊട്ടുപോലെ കാണപ്പെടുന്ന വാഹനങ്ങൾ തന്റെ യടുത്തെത്താൻ എത്ര സമയം വേണമെന്നോ ,ഹോട്ടലിലേക്ക് കയറുന്ന വാഹനങ്ങൾ എങ്ങനെയൊക്കെയാണ് അവിടെ തിരിയുന്നതെന്നോ കണാരന്  യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല”.

ഇതാണ് കേരളത്തിന്റെ ,ഇന്ത്യയുടെ ആത്മാവ്. അത് അജേഷ് എന്ന് കഥാകാരന് മനസ്സിലായി. എന്തുകൊണ്ട്? ഈ കഥാകൃത്തിന് ഔദ്യോഗിക എസ്റ്റാബ്ളിഷ്മെൻറുകൾ ഇട്ടുകൊടുക്കുന്ന ആശയങ്ങളുടെ അപ്പക്കഷണങ്ങൾ കൊണ്ട് തൃപ്തിപ്പെടാൻ മനസ്സില്ല .

അദ്ദേഹത്തിനു കൂടുതൽ ആത്മാർത്ഥതയുണ്ട് ;സത്യസന്ധതയുണ്ട്.

ഭയാനകസത്യവുമായി ജീവിക്കുമ്പോൾ 

മരണശേഷം ബോധം  നിലനിൽക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ജോർജ് സോണ്ടേഴ്സ് (George Saunders) പറഞ്ഞത് ഇതാണ് :ഉണ്ട്, ഞാൻ വിശ്വസിക്കുന്നു .ഒരു പ്രത്യേക വ്യക്തിയുടെ കാര്യമല്ല പറയുന്നത്. അങ്ങനെയൊരു ബോധം എത്ര നേരം നിൽക്കുമെന്ന് എനിക്ക് പറയാനൊക്കില്ല.

എബ്രഹാം ലിങ്കന്റെ മകൻ മരിച്ചതിനു ശേഷമുള്ള അവസ്ഥയെ ചിത്രീകരിച്ച Lincoln in the Bardo എന്ന നോവലെഴുതിയ സോണ്ടേഴ്സ് നോവലിൻ്റെ കലയെ വികസിപ്പിക്കുകയാണ് ചെയ്തത്. മരണത്തിനും പുനർജന്മത്തിനും ഇടയിലുള്ള ഒരിടം നോവലിൻ്റെ കഥയ്ക്കു വേണ്ടി അദ്ദേഹം കണ്ടു പിടിച്ചു. അതിൽ മാനവസമൂഹത്തെ വേദനിപ്പിക്കുന്ന ഒരു ഘടകം ശക്തമായി നിൽക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ നിരാശ മരണത്തെക്കുറിച്ചുള്ള അറിവാണ് .

അദ്ദേഹം ഇങ്ങനെ പറഞ്ഞു:’നമ്മുടെ ജീവിതം എപ്പോഴും സുന്ദരമായിരിക്കുമെന്നു കരുതുന്നത് മൗഢ്യമാണ്. അപ്പോൾ ഒരു ധാർമിക പ്രശ്നമുണ്ട്. എന്തിന് നമ്മൾ ആ ഭയാനക സത്യവുമായി ജീവിക്കുന്നു? ഒരു പ്രഭാതത്തിൽ നമ്മൾ നടക്കാനിറങ്ങുന്നത് എന്തുകൊണ്ടാണ് ? നമ്മുടെ കാലിനു പൊട്ടലില്ലാത്തതു കൊണ്ട് .ദൈവം ഓരോ നിമിഷത്തെയും സൃഷ്ടിച്ചിരിക്കുന്നത് എല്ലാം ചേർത്താണ് ;അതിൽ ഭീതിയും സൗന്ദര്യവുമുണ്ട്’.

എഴുത്തുകാരിയുടെ ജീവിതം

മാധവിക്കുട്ടി പറഞ്ഞു ,എഴുത്തുകാരി എന്ന നിലയിൽ തൻ്റെ ജീവിതം  അങ്ങേയറ്റം ക്ളേശകരവും സംഘർഷാത്മകവുമായിരുന്നുവെന്ന്.

‘ഞാനൊരു ഗായികയാണെങ്കിൽ പാടാൻ എനിക്ക് നിങ്ങളുടെ ഓർക്കസ്ട്ര വേണം’ – അവർ പറഞ്ഞു. എഴുതാൻ ഒറ്റയ്ക്കിരിക്കാം .എന്നാൽ എഴുതിക്കഴിഞ്ഞാൽ പിടിച്ചു നിൽക്കാൻ പ്രയാസമാണ്. ആരും സ്നേഹം വാഗ്ദാനം ചെയ്യുന്നില്ല. നിരുത്സാഹപ്പെടുത്തുകയും അവഗണിക്കുകയുമാണ് ചെയ്യുന്നത്. 

ഇതിനു സമാനമായാണ് A house for Mr Biswas എന്ന നോവലിൻ്റെ രചയിതാവും ഇന്ത്യൻ വംശജനും നോബൽ സമ്മാന ജേതാവുമായ വി.എസ് .നെയ്പോൾ (V.S.Naipaul) പറയുന്നത്:

“ഒരെഴുത്തുകാരൻ്റെ ജീവിതം നിറയെ തടസ്സങ്ങളും കുഴപ്പങ്ങളും നിരാശകളും അതുപോലെയുള്ള കാര്യങ്ങളുമാണുള്ളത്. എന്നാൽ ഒന്നുകൊണ്ടും അവൻ തകരാൻ പാടില്ല” .

വിമർശനത്തിന്റെ അനിവാര്യത

സി.കെ. ആനന്ദൻപിള്ളയുടെ പത്രാധിപത്യത്തിലുള്ള ‘സാഹിത്യവിമർശം'(ജൂലൈ ,സെപ്റ്റംബർ)പുതിയ ലക്കം വിചിന്തനവും  വിമർശനവും വിലയിരുത്തലുമായി കടന്നു വരികയാണ് .ഇത്തരം എതിർപ്പുകൾക്ക് പ്രസക്തിയുണ്ട്. എതിരഭിപ്രായങ്ങൾ ഇല്ലെങ്കിൽ, വ്യക്തി ഒച്ചിനെ പോലെ ഇഴയും; അടിമയെ പോലെ നിസ്സഹായനാവും. .കാലഘട്ടത്തിൻ്റെ അന്തർഗതമാണ് ഈ മാസികയിലൂടെ അപ്രിയവാക്യങ്ങളായി പുറത്തു വരുന്നത്. 

യേശു കാശ്മീരിൽ ജനിച്ചു എന്നത് ചരിത്രപരമായി തെറ്റാണ് (റഷീദ് പാനൂർ) ,ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിൽ പള്ളിയറയുടെ പൊള്ള മലയാളം (പി.ഐ. ശങ്കരനാരായണൻ ) ചവറുകൾ പുരസ്ക്കരിക്കപ്പെടുമ്പോൾ (കാവാലം ബാലചന്ദ്രൻ) ബെന്യാമിൻ നോവലിലെ അമേധ്യവർഷങ്ങൾ (എം. പി .ബലറാം )തുടങ്ങിയ ലേഖനങ്ങൾ വായനക്കാർ കൗതുകത്തോടെ കൈയിലെടുക്കുമെന്ന് തീർച്ച. രാമചന്ദ്രനുള്ള മറുപടിയിൽ (മറുപടി മുട്ടിയ മനുഷ്യൻ്റെ ദുരവസ്ഥ)വി. ദത്തൻ ഇങ്ങനെയെഴുതുന്നു :”അഞ്ജനമെന്ന തെനിക്കറിയാം;മഞ്ഞളുപോലെ വെളുത്തിരിക്കും’ എന്ന് പറഞ്ഞതുപോലെ ,രാമചന്ദ്രന് ആത്മീയതയോ ഭൗതികതയോ എന്താണെന്ന് അറിഞ്ഞുകൂടാ. അത്തരം കവിതകൾ ഏതൊക്കെയാണെന്ന് അറിഞ്ഞുകൂടാ. കവിതയും കവിയും എന്താണെന്നറിഞ്ഞുകൂടാ. കുമാരനാശാൻ്റെ കവിതകൾ ഏതിനത്തിൽപ്പെടുമെന്ന് അറിഞ്ഞുകൂടാ എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് “.

മലയാളകവിതയിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് പറയുന്ന പി. ശിവപ്രസാദിൻ്റെ ലേഖനത്തിൽ (സമീപകാലകവിതയുടെ ദുർദ്ദിനങ്ങൾ )ഷീജ വക്കം എന്ന ഒരേയൊരു കവി മാത്രമാണ് ഇപ്പോൾ നേരാംവണ്ണം എഴുതുന്നത് എന്ന മട്ടിൽ നീണ്ട രണ്ട് ഖണ്ഡികകൾ എഴുതി വച്ചത് അപക്വവും നിരുത്തരവാദപരമായി തോന്നി. കവിതയെക്കുറിച്ച് ലേഖകൻ പറഞ്ഞതൊക്കെ കളവാണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ ‘ഒരേയൊരു’ കവിയെ ഉയർത്തിക്കാണിക്കുന്ന നടപടി .

ഭാവുകത്വം ഇനിയില്ല 

‘ഭാവുകത്വം ഇനിയില്ല’ എന്ന പേരിൽ ഞാൻ ഒരു ലേഖനം എഴുതിയത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. എൻ്റെ ‘മറവിയുടെ നിർമ്മാണം’ (എസ്.പി.സി.എസ്) എന്ന പുസ്തകത്തിൽ ഇത് ചേർത്തിട്ടുണ്ട്. ഭാവുകത്വം അസ്തമിച്ച കാലത്തെ  കവിതകൾ എങ്ങനെയായിരിക്കും? ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് അതാണ്. ഈ കവിതകൾ നമുക്ക് ഉപഭോക്തൃ വസ്തുക്കളായ പ്ളാസ്റ്റിക് ഉല്പന്നങ്ങൾ   പോലെയാണ്. ഉപയോഗിച്ച ശേഷം വലിച്ചെറിയാം. പി.കുഞ്ഞിരാമൻ നായരുടെ ‘കളിയച്ഛൻ’ വായിച്ചു വലിച്ചെറിയാനുള്ളതല്ല ;അത് നമ്മളിലേക്ക് തന്നെ പിന്നെയും പിന്നെയും തിരിച്ചുവരും. അങ്ങനെ തിരിച്ചു വരുന്നതിന് നമ്മളിൽ ഉണ്ടായിരിക്കേണ്ട മാനസികാവസ്ഥയാണ് ഭാവുകത്വം .ഈ ഭാവുകത്വം നഷ്ടപ്പെട്ടാൽ എല്ലാം ഉപേക്ഷിക്കാനേ  തോന്നൂ. കവികൾ തന്നെ അവരുടെ രചനകൾ പ്രസിദ്ധീകരിച്ച ശേഷം  വലിച്ചെറിയുന്നു .’ഭാവുകത്വം  ഇനിയില്ല’ (2012) എന്ന ലേഖനത്തിലെ ഒരു ഭാഗം ഉദ്ധരിക്കുകയാണ്:

” ഇൻ്റർനെറ്റ് കമ്മ്യൂണിറ്റി സൈറ്റായ ഫേസ്ബുക്കിലെ വീഡിയോകളും ഫോട്ടോകളും കമൻറുകളും കവിതകളും കഥകളും ഭാവുകത്വത്തിൻ്റെ മരണത്തെ വീണ്ടും  വീണ്ടും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ, ഒരാൾ നാല്പതടി ഉയരത്തിൽ നിന്ന് ഒരു പുഴക്കടവിലെ കരിങ്കൽപ്പടവുകളിലേക്ക് ചാടി തലയിടിച്ച്‌ ആത്മഹത്യ ചെയ്യുന്ന ദൃശ്യമുണ്ടായിരുന്നു. മറ്റൊന്ന്, കൂടിന്റെ വാതിൽ തുറന്നിട്ട് സിംഹത്തിനു തീറ്റ കൊടുക്കുന്ന ഒരാളെ ആ സിംഹം  കടിച്ചു കുടഞ്ഞ് ബോധരഹിതനാക്കുന്ന ദൃശ്യമാണ് .ഈ രണ്ടു ദൃശ്യങ്ങളും  ഇതിനുമുമ്പ് നമുക്ക് കാണാൻ കഴിയാത്തതാണ്. ഇത്തരം ക്രൂരവിനോദത്തിൻ്റെ ദൃശ്യങ്ങൾ ആളുകൾ മൊബൈൽ ക്യാമറയിലും മറ്റും എടുത്ത് ലോകത്തെ കാണിക്കുകയാണ് .അത് ആസ്വദിക്കുകയാവാം.  നിർവികാരമായി നോക്കി കടന്നുപോവുകയാവാം. അവിടെയും ഭാവുകത്വമില്ല. എല്ലാവർക്കുമായി വയ്ക്കുന്ന ദൃശ്യവാങ്മയ ഉൽപ്പന്നങ്ങളാണ് എല്ലാം. അവയ്ക്ക് വലിയ ഭാവിയൊന്നും കാണില്ലായിരിക്കും. അവയെല്ലാം ചേർത്തുണ്ടാക്കുന്ന അനുഭവമാണ് പ്രധാനം .ഇരുപത്തിനാലു മണിക്കൂറും കമൻറുകൾ വന്നുകൊണ്ടിരിക്കുകയാണ് .പാമ്പ് ഒരാളെ കൊത്തുന്നതോ ,സിംഹം കടിച്ചു കീറുന്നതോ ആയ വീഡിയോ ദൃശ്യങ്ങൾ വന്നു പോകുന്നതിനിടയിൽ  ചിലർ കവിതകളും പോസ്റ്റ് ചെയ്യുന്നു. അതായത്, കവിതയ്ക്ക് മാത്രമായി  പ്രത്യേക ഇടമില്ല എന്നർത്ഥം . വായനക്കാരുടെ മനസ്സിലും അങ്ങനെയൊരു ഇടമില്ല. സവിശേഷമായ വൈകാരികാനുഭൂതി നൽകിയ മാത്യൂ അർനോൾഡ് ,വേർഡ്സ്വർത്ത്  തുടങ്ങിയവരുടെ ധ്രുവങ്ങൾ ഇപ്പോഴില്ല. കാവ്യാനുഭവം വ്യക്തിഗതമാണിന്ന്. പ്രേക്ഷകനെ കവിത എന്ന വികാരത്തിലേക്കല്ല, ഉൽപ്പന്നത്തിലേക്കാണ് ഇപ്പോൾ അടുപ്പിക്കുന്നത്. അതുകൊണ്ടാണ്  പുതിയ കവിതകളൊന്നുമില്ലേ എന്ന് ആളുകൾ ചോദിക്കുന്നത് ;കവിത വായിക്കാനല്ല ,ഉല്പന്നം ഉണ്ടോ എന്നറിയാനാണ്. 

പോൾ വിറിലിയോ പറയുന്നു 

The art of the motor തുടങ്ങിയ പുസ്തകങ്ങൾ എഴുതിയ ഫ്രഞ്ച് ചിന്തകനായ പോൾ വിറിലിയോ (Paul Virilio) സമകാലികലോകത്ത് സ്പീഡ്, നഗരവൽക്കരണം ,മിലിട്ടറി, ഓർമ്മ, വാസ്തുശില്പം ,സാങ്കേതികത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതുന്ന അസാധാരണ പ്രതിഭയാണ്. ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ലോകത്തെ വ്യാഖ്യാനിക്കുകയാണ് അദ്ദേഹം ചെയ്യുന്നത് .ഇന്ന് ഓർമ്മ എന്ന് ആശയത്തിന് രൂപാന്തരം സംഭവിച്ചിരിക്കുന്നു. പോൾ വിറിലിയോയുമായി Marianne Brausch നടത്തിയ സംഭാഷണങ്ങളുടെ പുസ്തകം A winter’s journey നമ്മെ തീക്ഷ്ണമായ ചിന്തകളിലേക്ക് കൊണ്ടുപോവുകയാണ് .

ഈ പുസ്തകത്തിൽ നാല് സുപ്രധാന അഭിമുഖങ്ങളാണ് ചേർത്തിരിക്കുന്നത്. ഓർമ്മയെ യാന്ത്രികമായി ചൂഷണം ചെയ്യുന്ന ലോകമാണിതെന്ന് വിറിലിയോ വിശദീകരിക്കുന്നു. ഓർമ്മ, ജീവിതം എന്നിങ്ങനെ രണ്ടുതരം അനുഭവങ്ങളാണ് ഇന്നുള്ളത്. മനുഷ്യൻ്റെ ഓർമ്മയും യന്ത്രത്തിന്റെ ഓർമ്മയും എന്നിങ്ങനെ രണ്ടുതരമുണ്ട്.വിറിലിയോ മനുഷ്യൻ്റെ  ഓർമ്മയെ സമീപിക്കുന്നത് ഇങ്ങനെയാണ്. വർത്തമാനത്തിന്റെ ഓർമ്മയെയാണ് ഇവിടെ അദ്ദേഹം ഓർമ്മയെന്ന് വിവക്ഷിക്കുന്നത്.

ഇന്നു കാണുന്ന ത്വരിതപ്പെടുത്തൽ, വേഗം വർദ്ധിപ്പിക്കൽ(Acceleration) ചരിത്രത്തിൻ്റേതല്ല ,യാഥാർത്ഥ്യത്തിൻ്റേതാണ് .പ്രതീതിയാഥാർഥ്യം അഥവാ സൈബർ യാഥാർത്ഥ്യം എന്നു പറയുന്നത് യാഥാർത്ഥ്യത്തിന്റെ  ത്വരിതപ്പെടുത്തലാണ്. ഗ്ലോബലൈസേഷൻ എന്ന വാക്കിലും വേഗം വർദ്ധിപ്പിക്കുക എന്ന ആശയമാണുള്ളത് .ഈ രീതിയിൽ ഓർമ്മയാണ് വിപുലീകരിക്കപ്പെടുന്നത്. 

ഇന്ന് ഓർമ്മകൾ യാന്ത്രികമായിരിക്കുന്നു .അത് ഇപ്പോൾ  ഇലക്ട്രോണിക്കാണ് .ഓർമ്മകളുടെ വികാസം എങ്ങോട്ടാണ്? ഓരോ  നിമിഷത്തിലും എല്ലാം അറിയുക എന്നാണോ? എല്ലാ നിമിഷത്തിലും എല്ലാം അറിയാൻ ആഗ്രഹിക്കുക എന്നാണോ ?

ചരിത്രം ലോകത്തിന്റെ ഓർമ്മയായിരുന്നു .അതിവേഗം സംഭവിക്കുന്ന യാഥാർത്ഥ്യം മറ്റൊരു ഓർമ്മയാണ് തേടുന്നത്. ഒരു യഥാർത്ഥ ഓർമ്മ കമ്പ്യൂട്ടറിൻ്റെ  ഡിസ്കിൽ കാണാത്ത ഒന്നാണ് .പുസ്തകത്തിൽ നിന്ന്, സിനിമയിൽ നിന്ന് ഭിന്നമായ ഓർമ്മ. ത്വരിതപ്പെടുന്ന  വർത്തമാനകാലത്തിന്റെ ഈ ജീവിക്കുന്ന ഓർമ്മ എന്തായി തീരുമെന്ന് പറയാനാവില്ല. ഈ ഓർമ്മകള കണ്ടുപിടിക്കുകയും നിർമ്മിക്കുകയും ചെയ്യേണ്ടതുണ്ട്.

വിറിലിയോ തേടുന്നത് മനുഷ്യന്റെ ഓർമ്മയാണ് .അത് ഈ സാങ്കേതിക യുഗത്തിൽ വേറെ എന്തോ ആയി പരിണമിച്ചിരിക്കുകയാണ്. നിമിഷംതോറും പ്രവഹിക്കുന്ന ഇൻറർനെറ്റ്, സമൂഹമാധ്യമ സൈറ്റുകളിലെ കലാവസ്തുക്കൾ മനുഷ്യൻ്റെ ഓർമ്മയെ കൃത്രിമമായി  ഉണ്ടാക്കാവുന്നതോ യാന്ത്രികമായി സമീപിക്കാവുന്നതോ  ആക്കിയിരിക്കുന്നു.ഒരു ചിത്രമോ സന്ദേശമോ വ്യാജവാർത്തയോ സെൽഫിയോ നമ്മുടെ ഓർമ്മകളായല്ല ജീവിക്കുന്നത്; മാഞ്ഞുപോകുന്ന കലാ വസ്തുക്കളായാണ്. അത് നമ്മുടെ ഓർമ്മയാണെന്ന് സങ്കൽപ്പിക്കുകയാണ് നാം ചെയ്യുന്നത്.

അതിനോട് ആത്മബന്ധമില്ല; അതുകൊണ്ട് തന്നെ അത് സ്വയം വഞ്ചിക്കുന്നതുമാണ് .സ്നേഹിക്കുന്നു എന്ന് പറയുന്നത് തന്നെ അതിനെ നിരാകരിക്കാനും വഞ്ചിക്കാനുമാണ്. 

കാരണം, ഒരു യാന്ത്രിക സംവിധാനത്തിൻ്റെ ചട്ടക്കൂടിൽ അതിൻ്റെ  സൗകര്യം ഉപയോഗിച്ചാണ് നാം ഒരു ഓർമ്മയെ  നിർമ്മിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ യഥേഷ്ടം ഉപയോഗിക്കാനും കഴിയും. സ്വാഭാവികമായി തന്നെ അത് ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. 

മറ്റൊരു അർത്ഥത്തിൽ ,മനുഷ്യന്റെ യഥാർത്ഥ ഓർമ്മ മരിക്കുകയും ചെയ്യുന്നു.

കവിത ഒരു അനുഷ്ഠാനം 

സമകാല കവിതയെക്കുറിച്ച് വലിയ ആശയ്ക്ക് അടിസ്ഥാനമുണ്ടെന്നു  തോന്നുന്നില്ല. സൂത്രവാക്യങ്ങളായാണ് അതിൻ്റെ നിലനില്പ്. മാധവൻ അയ്യപ്പത്ത് ,പി.ടി. നരേന്ദ്രമേനോൻ, ആർ .രാമചന്ദ്രൻ തുടങ്ങിയ വലിയ കവികളോടല്ല ,സൂത്രവാക്യങ്ങളെഴുതിയകുഞ്ഞുണ്ണിയോടാണ് പുതിയ കവികൾക്ക് അടുപ്പം .ചങ്ങമ്പുഴയ്ക്ക്  ശേഷം വന്ന പ്രമുഖകവി എ .അയ്യപ്പനാണ്. മാധവൻ അയ്യപ്പത്ത് ,ചാത്തനത്ത് അച്യുതനുണ്ണി ,എ. അയ്യപ്പൻ എന്നിവരിൽ ഞാൻ പുതിയ കവിതയുടെ സ്പന്ദനം കണ്ടു. 

ഇന്ന് കവികൾ തങ്ങളുടെ പേരിനോടൊപ്പം അച്ചടിക്കാനുള്ള നാലുവരി എന്ന നിലയിലാണ് കവിതയെ കാണുന്നത് .തനിക്ക് എഴുതാൻ കഴിയുന്ന മികച്ച രചന എന്ന നിലയിൽ ആരും കവിതയെ സമീപിക്കുന്നില്ല.

തൻ്റെ പേരിനു വേണ്ടി ഒരു പ്രതിനിധാനം .എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കുക എന്നതിൽ കവിഞ്ഞ് ലക്ഷൃബോധമില്ല. ആരെയും സ്പർശിക്കാത്ത വിധമാണ് അത് നിർമ്മിക്കുന്നത്. ശൈലിയോ ഭാഷയോ ഇല്ല. കവിത ഒരു അനുഷ്ഠാനമാണിന്ന്.  പുതിയ ഉള്ളടക്കമില്ല; പഴയതിൻ്റെ അനുകരണവും ആവർത്തനവും മാത്രം .കവിതയിൽ നിന്ന് ഗാഢമായ സൗന്ദര്യം ഉരുത്തിരിയുന്നില്ല .

ദാലി വസ്തുക്കളോടു അതിക്രമം പ്രവർത്തിച്ചു

യുക്തി ഭക്ഷിച്ചു കഴിഞ്ഞ വായനക്കാരന് ഒരു ഷോക്ക് ചികിത്സ  കൊടുക്കാൻ ശ്രമമുണ്ടാവണം. കലാസ്വാദകരെ ഈ ഷോക്കിനു വിധേയമാക്കിയ ചിത്രകാരനാണ് സാൽവദോർ ദാലി .അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കാണുന്നതോടെ വീര്യമുള്ള ലഹരി വസ്തു ഉപയോഗിച്ചിട്ടെന്ന പോലെ നമുക്ക് സ്ഥലകാല വിഭ്രാന്തിയുണ്ടാകും. അദ്ദേഹം എല്ലാ വസ്തുക്കളോടും അതിക്രമം പ്രവർത്തിച്ചു. അദ്ദേഹത്തിനു സ്വന്തം ശരീരവും മനസ്സും അതിനുള്ള ഉപകരണങ്ങളായിരുന്നു. വസ്തുവിൻ്റെ  യഥാർത്ഥ്യത്തെ അപനിർമ്മിച്ച ദാലി ഭാവനയിലൂടെ അതിനു പുതിയ വികാരങ്ങൾ നല്കി.

എന്തുകൊണ്ടാണ് ദാലി  അപരിചിതമായ രൂപങ്ങൾ വരച്ചത് ? കലാകാരന് കൺമുന്നിൽ കാണുന്ന വസ്തുക്കൾ മാത്രമല്ല , അബോധത്തിൽ കാണുന്നതും  ഉപയോഗിക്കാമെന്നു ദാലി വാദിച്ചു. അതാണ് സർറിയലിസമായി വികസിച്ചത് .ഒരു വസ്തുവിനെ ഭാവന ചെയ്യാൻ ഒരു പരിധിയുമില്ല .അത് നമ്മുടെ അബോധത്തിൽ നിന്നാണ്  വരുന്നത്. ദാലി പറഞ്ഞു :”സറിയലിസം നശീകരണവാസന പ്രകടിപ്പിക്കുന്നു. എന്നാൽ അത് നശിപ്പിക്കുന്നത് നമ്മുടെ വീക്ഷണത്തെ പരിമിതപ്പെടുത്തുന്ന ചങ്ങലകളെയാണ് “. ഒരു രീതിയിൽ ഒരു വസ്തുവിനെ നോക്കിക്കൊണ്ടിരിക്കുന്നത് കുറ്റകരമാണ് .എന്തെന്നാൽ അത് വികസത്തിനെതിരാണ്. മറ്റൊരു കോണും നോട്ടവും ഉണ്ടാവാൻ നാം നിയുക്തരാണ്. ദാലിയുടെ The persistance of memory (1931)എന്ന ചിത്രം ഇതിൻ്റെ ഏറ്റവും വലിയ തെളിവാണ്. ചെറുകഥയിലും പുതിയ കോണും നോട്ടവും വേണം. 

ഇന്നത്തെ കഥാകാരന്മാർക്ക് നഷ്ടപ്പെടുന്നത്

ഒരു കഥയെഴുതാൻ ഒരു  നിമിഷത്തിന്റെ പ്രചോദനം മതി. കുറെ സംഭവങ്ങൾ കമ്പാർട്ടുമെന്റുകളായി കൂട്ടിക്കെട്ടി വലിക്കേണ്ടതില്ല. ആഴമുള്ളതും ഹൃദയത്തെ സ്പർശിക്കുന്നതുമായ ആ ഒരു നിമിഷത്തെ കണ്ടെത്തുന്നതിൽ മിക്ക  കഥാകൃത്തുക്കളും പരാജയപ്പെടുന്നു. ഒരു ചെറിയ പ്രതീക്ഷയായി തുടങ്ങുന്ന വിവരണം പെട്ടെന്ന് തന്നെ വഴിമുട്ടി തകരുന്നു. പിന്നീട് വേറൊരു വഴിക്ക് നീങ്ങുന്നു. അവിടെയും വഴിമുട്ടുന്നു.  ഒടുവിൽ എവിടെയെങ്കിലും വച്ച് എല്ലാം ഉപേക്ഷിച്ച് കഥാകൃത്ത് രക്ഷപ്പെടുന്നു. ഓടിച്ചു കൊണ്ടുവന്ന വണ്ടിക്ക് അപകടം സംഭവിക്കുമ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടുന്നതുപോലെയാണ് ഇപ്പോൾ മലയാളകഥകൾ വായിക്കപ്പെടുമ്പോൾ പൊതുവേ തോന്നുന്നത്. 

ഒരു നിമിഷത്തിൽ എങ്ങനെയാണ് ജീവിതം ഇറങ്ങി വന്ന് ബുദ്ധനെ പോലെ ധ്യാനലീനനായിരിക്കുന്നതെന്ന് കണ്ടെത്തുന്നതിലാണ് കഥാകാരന്റെ പ്രതിഭ നിലനിൽക്കുന്നത്. യു.പി. ജയരാജിൻ്റെ ‘മഞ്ഞ് ‘വായിച്ചാൽ അത് ബോധ്യമാകും. കാക്കനാടൻ്റെ ‘ആൾവാർ തിരുനഗറിലെ പന്നികൾ ‘ വായിച്ചാലും ഇത് മനസ്സിലാവും. എന്തുകൊണ്ട് ഇന്നത്തെ കഥയെഴുത്തുകാർക്ക് ഇത് നഷ്ടപ്പെട്ടു? പുതിയ കഥാകൃത്തുക്കൾ കഥ എന്ന മാധ്യമത്തെ വേണ്ടതു പോലെ വില വയ്ക്കുന്നില്ല .അവർക്ക് എങ്ങനെയെങ്കിലും ഒരു കഥയെഴുതിയാൽ മതി. ഒരു തലക്കെട്ട് ഇടുന്നതോടെ അവർ അടുത്ത  കഥയിലേക്ക് ഊളിയിടുകയായി.

കഥയെഴുതാനുള്ള വേദന എന്താണെന്ന് കേട്ടു കേൾവി പോലുമില്ല. ഫ്രഞ്ച് എഴുത്തുകാരൻ ബൽസാക്ക് (Balzac) പറഞ്ഞു,കഥയെഴുതുന്നയാൾ തന്നെത്തന്നെ കഥയിലേക്ക് എടുത്തെറിയണമെന്ന്. അപ്പോഴാണ് താൻ എന്താണ് എഴുതുന്നതെന്ന്, ആരോടാണ് സംസാരിക്കുന്നതെന്ന് മനസിലാവുന്നത്. എഴുത്തുകാരൻ ഏകാന്തതയിൽ സംസാരിക്കുന്നു. ആരാണത് കേൾക്കുന്നത്? ഏകാന്തതയിലിരിക്കുന്ന മറ്റൊരാൾ .ഈ പാരസ്പര്യം പ്രധാനമാണ് .

പി.ജെ.ജെ ആൻ്റണിയുടെ കഥയിൽ കുത്തിനിറച്ച വിഭവങ്ങൾ 

എന്നാൽ ബൽസാക്ക് പറഞ്ഞത് ആ വഴിക്ക് പോയി. പി.ജെ.ജെ .ആൻറണിയുടെ ‘അൽഗോരിതവും കെ.വി. പത്രോസും'(മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 18 ) നിരാശപ്പെടുത്തി .ഈ കഥ വേണ്ടത്ര പ്രചോദനമില്ലാതെയാണ് എഴുതിയത്. ആത്മീയമായ വേദനയനുഭവിച്ചിട്ടില്ല.

ഇതിൽ ഏകാഗ്രതയില്ല. അനാവശ്യമായ വിഷയങ്ങൾ കഥയിലേക്ക് കുത്തിനിറച്ചിരിക്കയാണ്.  വായനക്കാരനെ പല വഴികളിലൂടെ നടത്തി വെള്ളം തരാം, ഭക്ഷണം തരാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു ദണ്ഡിപ്പിക്കുകയാണ് കഥാകൃത്ത്. 

ഒന്നും കിട്ടുന്നില്ല.’അൽഗോരിതം ‘ എന്നു പേരിടാൻ വേണ്ടി എഴുതിയതാണോ എന്നു സംശയമുണ്ട്. 

എന്താണ് ഈ കഥയിലെ അൽഗോരിതം? ടെക്കികളുടെ സംഘത്തിൽപ്പെട്ട ഒരാൾ ആശുപത്രിയിൽ മരിക്കുന്നു. സുഹൃത്തുക്കളും ഒരു നഴ്സും അതിനു സാക്ഷ്യം വഹിക്കുന്നു .അതിനപ്പുറം  ഇവിടെ എന്താണുള്ളത്? ടെക്കി ആശുപത്രിയിൽ മരിച്ചു കിടക്കുകയാണ്. അയാളെപ്പറ്റി കഥാകൃത്തിനു കൂടുതലൊന്നും പറയാനില്ല .ജീവിതത്തിന്റെ അൽഗോരിതം നിലച്ചു എന്ന് പറയാനാണെങ്കിൽ വിവരണം ഇതു മതിയാവില്ല .

കഥ തുടങ്ങിയ ശേഷം കഥാകൃത്തിനു  മുന്നോട്ടു നീങ്ങാനാകുന്നില്ല. പൊടുന്നനെ അൽഗോരിതം വിദഗ്ധനായ ഒരാളെ കാണാനായി പുറപ്പെടുന്നു .ഒരു പ്രയോജനവുമില്ല. അങ്ങനെ നിൽക്കുമ്പോഴാണ് കഥയിലേക്ക് വിപ്ലവകാരിയായ കെ .വി. പത്രോസിനെ വലിച്ചു കൊണ്ടുവരുന്നത്; ഒരാവശ്യവുമില്ല. എന്താണ് ഈ കഥയിൽ പത്രോസിനുള്ള പ്രസക്തി?

ദഹിക്കാത്ത വസ്തുക്കളായി ഈ കാര്യങ്ങൾ കഥയുടെ ഉദരത്തിൽ കിടക്കുകയാണ് .കഥയ്ക്കാവശ്യമില്ലാത്തതെല്ലാം ഇതിൽ ചർച്ച ചെയ്യുകയാണ്. സൂക്ഷ്മ ഭാവങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്നില്ല. 

കഥ ,വീണ്ടും പറയുകയാണ്, ഒരു ധ്യാനത്തിലേക്കാണ് നമ്മെ കൊണ്ടുപോകേണ്ടത്. അത് ഒരു കലാസൃഷ്ടിയാണ്. അതിൽ സൗന്ദര്യത്തിനാണ് പ്രഥമ പരിഗണന . ഒരു കഥയ്ക്കകത്ത് അതിനോടു ബന്ധമില്ലാത്ത കാര്യങ്ങൾ വച്ചു കെട്ടുന്നത് വായനക്കാരന് ഭാരമാണ്.

ജീവിതത്തിൻറെ അർത്ഥം

ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടോ എന്നന്വേഷിക്കുന്ന സിനിമയാണ് ,റഷ്യൻ സംവിധായകനായ ആന്ദ്രേ തർക്കോവ്സ്കി (Andrei Tarkovsky) സംവിധാനം ചെയ്ത സ്റ്റാക്കർ (Stalker). ജീവിതത്തിൻ്റെ പ്രതീക്ഷയും ശക്തിയും ഓരോ നിമിഷവും നഷ്ടപ്പെടുകയാണ്.സെൻസിറ്റീവായവർക്ക് അത് വേഗം മനസ്സിലാകും .എന്നാൽ മനുഷ്യൻ ജീവിക്കുന്നത് വല്ലതും പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ്. വിദൂരമായ ഒരു സ്ഥലത്ത് പണികഴിപ്പിച്ചിട്ടുള്ള ഒരു മന്ദിരത്തിൽ ചെന്നാൽ ആഗ്രഹങ്ങൾ സഫലമാക്കി കിട്ടുമെന്ന പ്രതീക്ഷയിൽ, വിശ്വാസത്തിൽ അങ്ങോട്ട് യാത്ര തിരിക്കുന്ന ഒരു എഴുത്തുകാരൻ്റെയും ശാസ്ത്രജ്ഞൻ്റെയും അവരെ സഹായിക്കുന്ന ഗൈഡിൻ്റെയും കഥയാണ് തർക്കോവ്സ്കി പറയുന്നത്.

ഒരിക്കലും അത് സാധ്യമാകുന്നില്ല. വെറുമൊരു വിശ്വാസം മാത്രമാണത്. എന്നാൽ മനുഷ്യൻ അതിനായി ഒരിക്കലും ശ്രമിക്കാതിരിക്കുന്നില്ല. മനുഷ്യന്റെ ഒടുങ്ങാത്ത മോഹങ്ങളും അതിൻ്റെ ഒടുവിലുള്ള നിരാശയും  വെറുപ്പുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 1979 ലാണ് ഈ ചിത്രം പുറത്തുവന്നത്. ഇത് ശരിയായി നിരീക്ഷിച്ചാൽ ഒരു കാഫ്കയെസ്ക്ക് (Kafkaesque) സ്വഭാവമുള്ള കഥയാണെന്ന് കാണാം. അതായത് ,കാഫ്കയുടെ കഥാപാത്രങ്ങളുടെ ലോകത്തിനു സമാനമായത്).കാഫ്കയാണല്ലോ  ഒരിക്കലും ഉത്തരം കിട്ടാത്ത അവിശ്വസനീയമായ അന്വേഷണങ്ങൾ  പരിചയപ്പെടുത്തിയത്. The castle എന്ന നോവൽ ഉദാഹരണം.ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഉത്തരത്തിനായി അലഞ്ഞു യാതനയനുഭവിക്കുന്നതാണ് ജീവിതത്തിന്റെ തനത് സ്വഭാവം .തർക്കോവ്സ്കി കലയെ  ഇങ്ങനെ നിർവ്വചിച്ചു: അത് ഒരു പ്രണയത്തിൻ്റെ തുറന്നുപറച്ചിൽ പോലെയാണ്. പരസ്പര ആശ്രയത്വത്തിന്റെ ബോധമാണത്. അത് കുമ്പസാരമാണ്. ഒരു അബോധ പ്രവൃത്തിയാണ്; ജീവിതത്തിന്റെ അർത്ഥമാണ് അത് പ്രതിഫലിപ്പിക്കുന്നത് -പ്രേമവും ത്യാഗവും.

സുസ്മേഷിൻ്റെ കഥ ജീവിതത്തെ വഴിയിൽ ഉപേക്ഷിച്ചു

സുസ്മേഷ് ചന്ത്രോത്തിൻ്റെ കഥ ‘നീ പ്രതിയോഗി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 4)എന്ന കഥയും വഴി തെറ്റിപ്പോയി. അവിചാരിതമായ   വഴിത്തിരിവുകളും ജീവിതത്തിലെ അജ്ഞാത ശത്രുവിനെക്കുറിച്ചുള്ള ചിന്തകളും പ്രതീക്ഷിച്ചുകൊണ്ടാണ് വായിച്ചത് .എന്നാൽ ഒന്നും സംഭവിച്ചില്ല .കഥ വല്ലാതെ നീണ്ടുപോവുക മാത്രമല്ല, മുഷിപ്പിക്കുകയും ചെയ്തു. കഥ നീട്ടിക്കൊണ്ടു പോകുന്നതിനായി കുറെ വിവരണം എവിടെ നിന്നോ കണ്ടുപിടിച്ചു കൊണ്ടുവരുകയാണ്. എന്നാൽ ഈ വിവരണത്തിനോ കഥാപാത്രങ്ങൾക്കോ ജീവിതവുമായി ബന്ധപ്പെടാനാവുന്നില്ല .ഇതിൽ ജീവിതത്തിൻ്റെ സ്പർശമില്ല. ചന്ത്രോത്ത് പറയുന്ന പലകാര്യങ്ങളും അയഥാർത്ഥമാണ്. എന്താണ് ഈ കഥയിലെ പ്രകോപനത്തിന് അടിസ്ഥാനം? ജീവിതത്തെ ഒരു വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ് കഥാകൃത്ത് ;സങ്കല്പത്തിൽ ചില ചിത്രങ്ങൾ സ്വരൂപിച്ച് അതിൽ അയഥാർത്ഥമായ ജീവിതത്തെ സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നു. ഈ കഥ വായിച്ച എനിക്ക് ഒന്നും കിട്ടിയില്ല.

കഥാപാത്രങ്ങളെ കഥാകൃത്ത് ദൂരെ നിന്നാണ് വീക്ഷിക്കുന്നത് ;ഫോക്കസ് കിട്ടുന്നില്ല .യാതൊരു ബന്ധവുമില്ലാത്ത പോലെയാണ് കഥാകൃത്ത് പെരുമാറുന്നത്. ഉലകനാഥനും പിതാവും തമ്മിലുള്ള ബന്ധത്തെ താൻ ദൂരെ നിന്നു വീക്ഷിക്കുകയാണ് .അവർ തമ്മിലുള്ള പ്രശ്നങ്ങൾ കൊലപാതകത്തോളം എത്തിച്ചേക്കാമെങ്കിലും അതിൽ തനിക്ക് യാതൊരു താൽപര്യവുമില്ല എന്നാണ് കഥാകൃത്ത് ചിന്തിക്കുന്നതെന്ന് തോന്നുന്നു. 

അതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? കഥാപാത്രങ്ങൾ വായനക്കാരൻ്റെ ഫോക്കസിൽ നിന്നും മാറിപ്പോകുന്നു.

1980 -1997 വരെ നൂയോർക്കിലെ സിറാക്യൂസ് (Syracuse) യൂണിവേഴ്സിറ്റിയിലെ ആസ്ഥാന എഴുത്തുകാരനായിരുന്നു തോബിയാസ് വുൾഫ് (Tobias Wolf).വുൾഫിൻ്റെ The Hunters in the Snow (1981) എന്ന കഥ മനഷ്യക്രൂരതയെ  പരിഹസിക്കുകയാണ്.The Hunters in the Snow (1565) എന്ന പേരിൽ മഹാപ്രതിഭയായ പീറ്റർ ബ്രൂഗൽ ദ് എൽഡർ (Peiter Bruegel) വരച്ച ചിത്രമാണ് കഥയ്ക്ക് പ്രചോദനമായതെന്ന് അനുമാനിക്കാം. ഈ ചിത്രത്തിൽ മൂന്നു വേട്ടക്കാരെ കാണാം ;കഥയിലും അതു തന്നെ.

തോബിയാസ് ഇങ്ങനെ പറഞ്ഞു: ”  ഒരു എഴുത്തുകാരനാകണമെങ്കിൽ വസ്തുക്കളെ നിങ്ങൾ അതാതിൻ്റെ നിലയിൽ കാണണം. ഇങ്ങനെ കാണുന്നതിന് നിങ്ങളിൽ  അടിസ്ഥാനപരമായ നിഷ്കളങ്കത ആവശ്യമാണ്”. അതിൻ്റെയർത്ഥം ,കഥാപാത്രങ്ങളെ നാം ബുദ്ധികൊണ്ട് വക്രീകരിക്കരുത് എന്നാണ്. വീണുകിടക്കുന്ന ഇലയെ ഇലയായി കാണുക. അതിനുള്ള  നിഷ്കളങ്കതയാണ് നമുക്ക് വേണ്ടത്.

ജിദ്ദു കൃഷ്ണമൂർത്തി നമ്മുടെ കാണലിന്റെ പക്ഷപാതത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മൾ കാണാൻ ആഗ്രഹിക്കുന്നതേ  കാണാനൊക്കൂ. അദ്ദേഹം എഴുതുന്നു: We never see because we have opinions about we see 

ഉത്തരാധുനികത മരിച്ചു, ഇനിയെങ്കിലും മനസിലാക്കൂ 

ഉത്തരാധുനികത മരിച്ചു എന്ന് അറിയാത്തവർ ഇന്നും നമ്മുടെ സാഹിത്യസ്ഥാപനങ്ങളിലും കലാശാലകളിലുമുണ്ട്. കലാശാലകൾക്ക് വേറെ മാർഗ്ഗമില്ല. രണ്ടായിരാമാണ്ടിനു ശേഷമുള്ള ഡിജിറ്റൽ വിപ്ളവത്തിൻ്റെ ഫിലോസഫി അവർ പഠിച്ചു തുടങ്ങിയിട്ടില്ല .കലാശാലാ അധ്യാപകരും ഗവേഷകരും ഇപ്പോഴും ഉത്തരാധുനികതയും അതിൻ്റെ സ്വത്വ പ്രശ്നങ്ങളുമാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഭൂതകാലം ചർച്ച ചെയ്ത് അത് ഒരു രതിയായി മാറിയിരിക്കുന്നു. ഡിജിറ്റൽ ഓവർലോഡിന്റെയും സമൂഹമാധ്യമങ്ങളുടെയും ടച്ച് സ്ക്രീനിന്റെയും മൊബൈൽ ഫോണിന്റെയും പ്രചാരത്തോടെ ഉത്തരാധുനികത മരിച്ചു; ഇപ്പോൾ ഉത്തര- ഉത്തരാധുനികതയാണുള്ളത് .ഇത് മനസിലാക്കാത്തവർക്ക് ഇന്നത്തെ  വിഷാദത്തിൻ്റെയും അന്താ.ക്ഷോഭത്തിൻ്റെയും വേദാന്തം  പിടികിട്ടുകയില്ല .

ഉത്തരാധുനികത മരിച്ചു എന്ന പ്രാഥമിക സത്യം അറിയുകയാണ് വേണ്ടത്. എന്നോട് ഒരു പ്രമുഖ സംസ്കൃത പണ്ഡിതനും ചിന്തകനുമായ ഒരാൾ കുറേ വർഷങ്ങൾക്കു മുമ്പ് ചോദിച്ചു, കേരളത്തിൽ ഉത്തര-ഉത്തരാധുനികത അനുഭവപ്പെടുന്നില്ലല്ലോ എന്ന്. എൻ്റെ  ഉത്തര- ഉത്തരാധുനികത(2012) എന്ന പുസ്തകത്തെ ചൂണ്ടി ഞാനത് വിശദീകരിച്ചു. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടച്ച് സ്ക്രീൻ ,ലൈവ് സംപ്രേഷണം ,ഫോൺ ഇൻ പ്രോഗ്രാം, കമ്പ്യൂട്ടർ ഗെയിമുകൾ, കമ്പ്യൂട്ടർ സിനിമകൾ ,അവയവമാറ്റ ശസ്ത്രക്രിയകൾ ,ലിംഗമാറ്റ ശസ്ത്രക്രിയകൾ ,ലൈംഗിക ന്യൂനപക്ഷങ്ങൾ, വാട്സപ്പ്, ഇൻസ്റ്റഗ്രാം, ഫേക്ക് ന്യൂസ്, ഫേസ്ബുക്ക്, യൂട്യൂബ്, ആർട്ടിഫിഷ്യൽ ഇൻടെലിജെൻസ്  തുടങ്ങിയ അനുഭവങ്ങൾ നമ്മെ ഉത്തര- ഉത്തരാധുനിക ലോകത്തേക്ക് എത്തിച്ചിരിക്കുകയാണ്.

ഇതെല്ലാം നല്ലതാണെന്നോ, അനിവാര്യമാണെന്നോ പറയുകയല്ല; ഇതെല്ലാം പുതിയ യാഥാർത്ഥ്യങ്ങളാണ്.

ഇപ്പോൾ സാമ്രാജ്യത്വാനന്തര ,ഫെമിനിസ്റ്റ്, പ്രാദേശിക, സ്വത്വ തത്ത്വചിന്തകളൊക്കെ  കാലഹരണപ്പെട്ടിരിക്കുകയാണ്.ഫെമിനിസം അപ്രസക്തമാകുന്നത് ലിംഗമാറ്റ ശസ്ത്രക്രിയകളും സമൂഹമാധ്യമങ്ങളിലെ അശരീര ജീവിതവും ബയോപൊളിറ്റിക്സും വന്നതോടെയാണ്. ജൻഡർ പക്ഷപാതങ്ങൾ ലിംഗമാറ്റ ശസ്ത്രക്രിയകളുടെയും അവയവദാന ശസ്ത്രക്രിയകളുടെയും ഭാവിയെ കേന്ദ്രീകരിക്കുന്ന ലക്ഷ്യങ്ങൾക്ക്  എതിരാണ് .ഒരു സ്ത്രീയോ പുരുഷനോ താൻ  തിരഞ്ഞെടുക്കുന്നതാണ് തൻ്റെ  ലൈംഗികത എന്നു പറയുന്നത് ഒരു വിപ്ലവമാണ്. താൻ ജന്മനാ ഏത് തരം ലിംഗമാണോ അതു തന്നെ ആയിരിക്കുന്നു എന്നു  പറയുന്നതുപോലെയല്ലിത്.

ഏകാഗ്രതയോ ചിന്തയോ ഇല്ലാത്ത കഥ

ഒരു കൊലക്കേസ് പ്രതിയായ വിനു ശിക്ഷ കഴിഞ്ഞിറങ്ങുകയാണ് .അയാൾ നിരപരാധിയാണത്രേ .എന്നാൽ അയാളെ വേട്ടയാടുന്നത് തൻ്റെ പ്രണയിനിയെ അതൊന്നു  ബോധ്യപ്പെടുത്തണമെന്ന കാര്യമാണ്. കാമുകിയുടെ പിതാവിനെയാണല്ലോ കൊന്നത്. ആരാണ് കൊന്നതെന്ന് കഥാകൃത്തിനു അറിയില്ല .ഏതായാലും വിനുവിനെ ആരൊക്കെയോ ചേർന്ന് വെട്ടിക്കൊല്ലുന്നു. ഇതാണ് രമേഷ് രാമചന്ദ്രൻ എഴുതിയ ‘ചോദ്യോത്തരങ്ങൾക്ക് ഇടയിൽ അല്പനേരം'(എഴുത്ത് ,ജൂലൈ) എന്ന കഥയുടെ വിഷയം. ഈ വിഷയത്തിനപ്പുറം കഥാകൃത്ത് ഒന്നും എഴുതുന്നില്ല .എഴുതിയതാകട്ടെ ഒരു പത്രറിപ്പോർട്ട് പോലെ. എന്തിനാണ് ഈ കഥയെഴുതിയത്? കൊലപാതകകൾക്ക്  പലതും തുറന്നു പറയാൻ അവസരം കിട്ടുന്നില്ലെന്ന് സൂചിപ്പിക്കാനായിരുന്നോ ? എങ്കിൽ  അയാളുടെ മനസ്സ് പഠിക്കണം. എന്താണ് കുറ്റം? എന്തുകൊണ്ട് ശിക്ഷിക്കപ്പെട്ടു ? തുടങ്ങിയ കാര്യങ്ങൾ തിരയണം. ശിക്ഷയനുഭവിച്ചപ്പോൾ അയാളിൽ എന്ത് പരിവർത്തനമാണ് സംഭവിച്ചത് എന്ന് അന്വേഷിക്കണമായിരുന്നു. വായനക്കാരനെ കഥയുടെ കേന്ദ്ര ബിന്ദുവിലേക്ക് നയിക്കണം. വായനയിൽ ആത്മീയമായ ഏകാന്തതയനുഭവിക്കാനാകണം.

ഈ കഥയ്ക്ക് അങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നുമില്ല. ഇത്തരം കഥകൾ ആർക്കും എഴുതാം. കാരണം, ഇതുപോലുള്ള സംഭവങ്ങൾ പത്രം വായിക്കുന്ന ഏതൊരാൾക്കും അറിവുള്ളതാണ്. ഒരു കഥാകൃത്ത് എന്തിന് ഈ പ്രശ്നം തിരഞ്ഞെടുത്തു എന്ന് വ്യക്തമാകുന്നില്ല. എന്തെങ്കിലും പുതുതായി പറയാനുണ്ടെങ്കിൽ എഴുതിയാൽ മതി. ജീവിതത്തിൽ ഒരു നല്ല കഥയെഴുതിയാൽ മതി ;ഒരേയൊരു മികച്ച കഥ. അത്  എഴുത്തുകാരനെ എത്ര കാലം വരെയും ജീവിപ്പിക്കും. ഒരു നോവൽ മാത്രം എഴുതിയ മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോ(Juan Rulfo) ഓർമ്മയിൽ വരുകയാണ്. പെഡ്രോ പരാമോ(Pedro Paramo) എന്നാണ് നോവലിൻ്റെ പേര്. എന്തുകൊണ്ട് ഒന്നിൽ നിറുത്തി? എഴുതാനുള്ളതെല്ലാം അതിലുണ്ട്. ഇനി അതിനപ്പുറം ഒന്നുമില്ല.’

മിലാൻ കുന്ദേര നാലു എഴുത്തുകാരെ കണ്ടെത്തുന്നു 

ചെക്ക് നോവലിസ്റ്റും വിമർശകനുമായ മിലാൻ കുന്ദേര(Milan kundera) കണ്ടെത്തുന്ന നാലു പ്രമുഖ യൂറോപ്യൻ നോവലിസ്റ്റുകൾ ഇവരാണ് :ഫ്രാൻസ് കാഫ്ക ,ഹെർമൻ ബ്രോഹ് ,റോബർട്ട് മ്യൂസിൽ ,മരിയാൻ ഗോംബ്രോവിസ് .

മാർസൽ പ്രൂസ്തിനെക്കുറിച്ച് കുറേക്കൂടി ആധികാരികമായ ഒരു പ്രസ്താവമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. പ്രൂസ്ത് Remembrance of Things Past(1922) എഴുതിയതോടെ  നോവലിന്റെ ചരിത്രത്തിൽ അദ്ദേഹത്തെ മറികടക്കാൻ ആരുമില്ലാത്ത അവസ്ഥയായി.

ഈ എഴുത്തുകാരെ അറിയാതെ  ആധുനിക നോവലുകൾ വായിച്ചിട്ട് കാര്യമില്ലത്രേ. ഈ എഴുത്തുകാർ ആധുനിക കാഴ്ചപ്പാടുള്ളവരാണ്. അവർ നോവലിൽ പുതിയ രൂപങ്ങൾ കൊണ്ടുവരുന്നതിൽ അതീവ തൽപ്പരരായിരുന്നു. അതേസമയം  അവർക്ക് വിപ്ലവത്തിലോ, നവതരംഗങ്ങൾ സൃഷ്ടിക്കുക എന്ന ബോധപൂർവമായ പദ്ധതിയിലോ വിശ്വാസമില്ലായിരുന്നു .കലയുടെ ചരിത്രത്തെക്കുറിച്ച്, നോവലിനെക്കുറിച്ച് അവർക്ക് വേറൊരു വീക്ഷണമാണ് ഉണ്ടായിരുന്നത്. വിപ്ലവകരമായ ഒരു വിച്ഛേദം അവർ അഗ്രഹിച്ചില്ല . നോവലിന്റെ ഔപചാരികമായ സാധ്യതകൾ അവസാനിച്ചതായി അവർ കണ്ടില്ല .അവർ ആ സാധ്യതകളെ വിപുലീകരിക്കുകയാണ് ചെയ്തതെന്ന് കുന്ദേര പറയുന്നു. പാരമ്പര്യത്തെ അവർ മുന്നോട്ടുവന്ന്  പുച്ഛിച്ചില്ല .എന്നാൽ അവർ പാരമ്പര്യത്തെ വേറൊരു രീതിയിൽ സമീപിക്കുകയാണ് ചെയ്തത്. പത്തൊൻപതാം നൂറ്റാണ്ടിലെ നോവലിന്റെ മഹത്തായ കലയെ പിന്നീട് വന്ന എഴുത്തുകാർ മറന്നു .എന്നാൽ ഈ എഴുത്തുകാർ നോവലിന്റെ സൗന്ദര്യാത്മകതയെ ഗൗരവമായി കണ്ടു.സെർവാന്തസിലും റാബേലിയ്സിലും മറ്റുമുണ്ടായിരുന്ന  കലാചാരുത നഷ്ടപ്പെടുത്തുകയാണ്  പിന്നീട് വന്നവർ ചെയ്തത്. നോവലിൻ്റെ ധ്യാനതലങ്ങൾ വീണ്ടെടുക്കാൻ ഈ എഴുത്തുകാർ വേണ്ടി വന്നു.

സാർത്രിൻ്റെയോ കമ്യുവിൻ്റെയോ  തത്ത്വശാസ്ത്ര നോവലുകളെക്കുറിച്ചല്ല കുന്ദേര പറയുന്നത്. അത്തരം നോവലുകൾ തത്ത്വചിന്തയെ  സാഹിത്യത്തിലേക്ക് കൊണ്ടുവരികയായിരുന്നല്ലോ. മ്യൂസിൽ, ബ്രോഹ് തുടങ്ങിയവരുടെ പാത വേറെയാണ് .അവർ തത്ത്വചിന്തയ്ക്ക് വേണ്ടിയല്ല നോവൽ എഴുതിയത് .ഒരു പുതിയ മേഖല അവർ കണ്ടെത്തി.  തത്ത്വചിന്തയുടെ മേഖലയിൽ കടന്നുവരാത്ത ദർശനിക പ്രശ്നങ്ങളെയാണ് അവർ സമീപിച്ചത്.

കാവ്യാത്മകവും ബൗദ്ധികവുമായ  ഒരു സമന്വയത്തിലൂടെ ബ്രോഹ് ,മ്യൂസിൽ തുടങ്ങിയവർ നോവലിനു മാത്രം സ്വരൂപിക്കാൻ കഴിയുന്ന സൗന്ദര്യം കണ്ടെടുത്തു.

ഇത് എഴുതാൻ കാരണം വേറൊന്നാണ്. കുന്ദേര തിരഞ്ഞെടുത്ത കാഫ്ക ,ബ്രോഹ് ,മ്യൂസിൽ ,ഗോംബ്രോവിസ് എന്നിവർ തമ്മിൽ ഒരു ആദരവും ഉണ്ടായിരുന്നില്ല .അവർ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുകയോ ,ആശയങ്ങൾ കൈമാറുകയോ  ചെയ്തിട്ടില്ല.കുന്ദേരയുടെ മാത്രം വർഗ്ഗീകരണമാണിത് .കുന്ദേര ഒന്നിച്ചു ചേർത്തു എന്ന് അവർ അറിയാനിടയായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നുമുണ്ട്. ഈ എഴുത്തുകാർക്ക് പരസ്പര ബഹുമാനമില്ലായിരുന്നു. മ്യൂസിലിൻ്റെ  വലിയ വിമർശകനായിരുന്നു ബ്രോഹ് .ബ്രോഹിനെക്കുറിച്ച് മ്യൂസിലിനു നല്ലതൊന്നും പറയാനില്ലായിരുന്നു.ഗോംബ്രോവിസിനു  കാഫ്കയെ ഇഷ്ടമല്ലായിരുന്നു. ഗോംബ്രോവിസ് മ്യൂസിലിനെക്കുറിച്ചോ ,ബ്രോഹിനെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടുമില്ല. കാഫ്ക ,ബ്രോഹ് ,മ്യൂസിൽ എന്നിവർക്ക് ഗോംബ്രോവിസിനെ  അറിയുക പോലുമില്ലായിരുന്നു.

ഇവരെ ചേർത്തുനിർത്താൻ കുന്ദേരയെ പ്രേരിപ്പിക്കുന്നത് സ്വന്തം പാരമ്പര്യത്തെക്കുറിച്ചുള്ള  നിഷ്പക്ഷമായ അന്വേഷണമാണ്. എഴുത്തുകാരൻ നോവലിൽ നടത്തുന്ന Meditative intervention ആണ് കുന്ദേരയെ ആകർഷിക്കുന്നത്.ഇതിനെ  അദ്ദേഹം Novelistic Meditation എന്ന് വിളിക്കുന്നു. 

ജീവിതം ഒരു ഗുസ്തി 

റോമാ ചക്രവർത്തിയായിരുന്ന മാർകസ്  ഒറേലിയസ് രചിച്ച പ്രശസ്തമായ Meditations എന്ന ഗ്രന്ഥം ധാരാളം എഴുത്തുകാരെ ആകർഷിച്ചു .വായനക്കാർ പ്രഥമ പരിഗണന നല്കുന്ന പുസ്തകങ്ങളിലൊന്നാണിത്. ഫ്രാൻസ് കാഫ്കയുടെ കൈയിൽ ഈ പുസ്തകം എപ്പോഴുമുണ്ടായിരുന്നു.

ഒറേലിയസ് ഒരു ജീവിതതത്ത്വചിന്തകനായിരുന്നു. എല്ലാറ്റിനെയും അദ്ദേഹം തത്ത്വചിന്താപരമായി കണ്ടു .

എല്ലാറ്റിലും ഒരു ഫിലോസഫിയുണ്ട്. അത് കാണാൻ കഴിയുന്നിടത്താണ് ജ്ഞാനം.

ജീവിതത്തെ ഗുസ്തിയോടാണ് അദ്ദേഹം ഉപമിക്കുന്നത്. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് തുടർച്ചയായി ഇടി കിട്ടിക്കൊണ്ടിരിക്കുമ്പോഴും സ്വന്തം കാലടികളിൽ തന്നെ ഉറച്ചു നിൽക്കുക എന്ന വെല്ലുവിളിയാണത്. .

ഒരു കഥാകൃത്തിനും ഈ അശയം  വളരെ ഉപകരിക്കും; സ്വന്തം നിലനില്പിനു വേണ്ടിയുള്ള സഹനവും സമരവും .

home

You can share this post!