റിപ്പോർട്ട് :എൻ.രവി
ചെമ്പഴന്തി(തിരുവനന്തപുരം): ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ സ്വാതന്ത്ര്യത്തിന്റെ അർത്ഥം വിശദീകരിച്ച ആദ്യത്തെ സംരംഭമാണെന്ന് ‘വീണ്ടും വീണ്ടും ഗുരുവിനെ കണ്ടെത്തണം’ എന്ന വിഷയത്തിൽ ചെമ്പഴന്തി ഗുരുകുലം കൺവൻഷനിൽ പ്രഭാഷണം നടത്തിയ സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.
ഗുരുവിന്റെ പാത പിന്തുടർന്നാണ് മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹം നടത്തിയത്. സ്വന്തം കടലിലെ വെള്ളമെടുത്ത് വറ്റിച്ച് ഉപ്പുണ്ടാക്കാമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചപ്പോൾ അതാണ് സ്വാതന്ത്ര്യം എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അർത്ഥം ഗാന്ധിജി വിശദീകരിച്ചത് അങ്ങനെയാണ് .ഗുരു സ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുകയും ദൈവത്തെ ആർജിക്കേണ്ടതു എങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ലോകത്ത് എല്ലായിടത്തും പോരാട്ടം നടന്നിട്ടുള്ളത്. ബ്രിട്ടീഷ് അധിനിവേശത്തിൻ്റെയും ,ഹിന്ദു സവർണമേധാവിത്വത്തിൻ്റയും കാലത്ത് അധ:സ്ഥിത ജനതയ്ക്ക് സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ചു കൊടുക്കുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത് .അതൊരു പ്രഖ്യാപനമായിരുന്നു. അടിച്ചമർത്തപ്പെട്ട ജനത സ്വതന്ത്രരായി എന്ന് ഗുരു അതിലൂടെ പ്രഖ്യാപിച്ചു .കലുഷിതമായ ആരാധനാസമ്പ്രദായങ്ങളുടെയും ചാതുർവർണ്യ വ്യവസ്ഥകളുടെയും ഇടയിൽ അവർണ്ണരായ മനുഷ്യർക്ക് ദൈവത്തെ എങ്ങനെ മനസ്സിലാക്കാമെന്ന പാഠമാണത്. അവർക്ക് ആരാധിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത് .ഇതാണ് ആത്മീയമായ വിപ്ലവം. ആത്മീയതയുടെ പ്രവർത്തനമാണത്. അത് പരിവർത്തനമാണ്. നിലവിലുള്ള സാഹചര്യത്തെ അത് മാറ്റി മറിക്കുകയാണ്. നിശ്ചലമായ ഒരു സാഹചര്യത്തെ അട്ടിമറിച്ച് ഒഴുക്കുള്ളതാക്കുന്നു. എല്ലാവർക്കും ശ്വസിക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിലൂടെയാണ് എഴുതാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം കണ്ടുപിടിക്കേണ്ടത്. ചിന്തിക്കുന്നത് ഒരു അനുഭവവും ദിശാബോധവും പരിവർത്തനവുമാകണം.ഐസക്ക് ന്യൂട്ടൻ്റെ മുന്നിൽ ആപ്പിൾ വീണപ്പോൾ അദ്ദേഹം ചിന്തിച്ചു. ഭൂഗുരുത്വാകർഷണ സിദ്ധാന്തം ഉണ്ടായത് അങ്ങനെയാണ്. ലോകം എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന ചോദ്യം ന്യൂട്ടൻ്റെ മനസിലുണ്ടായി. അദ്ദേഹം അത് ആരാഞ്ഞു. അത് പുതിയ കണ്ടെത്തലാവുകയാണ് – ഹരികുമാർ പറഞ്ഞു.
ഗുരുവിൻ്റെ ക്ളീൻ സ്ളേറ്റ്
ഇങ്ങനെയാണ് ഗുരുവും ചിന്തിച്ചത്. ചിന്തയെ കണ്ടുപിടിക്കുന്ന ചിന്തയാണിത്. ആയുസ്സും വപുസ്സും സമൂഹത്തിനു നൽകിയ ഇതുപോലൊരു സന്യാസി വേറെയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറയുന്നതിന്റെ അർത്ഥം പലർക്കുമറിയില്ല. ഒരു ദൈവം എന്ന് ഗുരു പറയുന്നത് ഗുരുവിനെ ഉദ്ദേശിച്ചാണെന്ന് ചിന്തിച്ചവരുണ്ട്. അത് തെറ്റാണ് .ഗുരു കാണുന്ന ദൈവം അതല്ല .ആ ദൈവം ആത്മീയമാണ്. അത് ഭൗതികവസ്തുക്കളുടെ രൂപത്തിലല്ല നിലനിൽക്കുന്നത്. അത് കണ്ണുകൾ കൊണ്ട് കാണാവുന്നതല്ല. കണ്ണുകൾ കൊണ്ടും മറ്റിന്ദ്രിയങ്ങൾ കൊണ്ടും അറിയുന്നതെല്ലാം അവിടെ തീരുന്നു. അതൊന്നും ശേഷിക്കുന്നില്ല. ദൈവത്തെ അറിയാൻ വേറെ വഴി തേടണം. ജീവിതത്തിൽ ഓർമ്മിക്കാവുന്നതെല്ലാം ഡിലീറ്റായി പോവുകയാണ് .ഉപയോഗശൂന്യമാണത്. അതെല്ലാം ആത്യന്തികമായി ഒരു ശൂന്യതയിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് .ഈ ഐന്ദ്രിയ യാഥാർത്ഥ്യങ്ങൾ നമ്മുടെ കൂടെയില്ല. ഇല്ലാത്ത യാഥാർത്ഥ്യങ്ങൾ ഉണ്ടെന്ന് സങ്കൽപ്പിക്കുകയാണ്. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് ശത്രുതയുണ്ടാക്കുകയാണ്. ശത്രുത ഒരു മതിൽക്കെട്ടാണ് .പിന്നെ അപ്പുറത്തേക്ക് നോക്കാനാവില്ല. അതിലൂടെ നമ്മുടെ മനസ്സിൽ ഇരുട്ട് കയറുകയാണ് .മനസിൽ ഇരുട്ട് കയറാൻ അനുവദിക്കരുത് .നമുക്ക് വെയിലിൽ തുമ്പികൾ പാറിപ്പറക്കുന്നത് പോലെ ജീവിക്കാനാവണം. പുതിയ ഒരു ലോകമാണത്. ഇതാണ് ഗുരു സൃഷ്ടിച്ച ക്ലീൻ സ്ലേറ്റ് .ഏതു മതത്തിലായാലും മനുഷ്യൻ നന്നായാൽ മതി. നിങ്ങൾക്ക് വേണ്ടത് ചിറകുകളാണ്. ചിറകുകൾ ഉപയോഗിച്ച് പരമാവധി പറക്കുക .ദൈവം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്; നിങ്ങൾ സ്വാതന്ത്ര്യം കൊണ്ട് എന്ത് ചെയ്തു എന്നറിയാൻ -ഹരികുമാർ പറഞ്ഞു.
സൂര്യനോട് നന്ദി കാണിക്കൂ
സൂര്യനെ കാണാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിയുന്നില്ല. അതിൻ്റെ മൂല്യം അറിയുന്നില്ല. സൂര്യൻ്റെ സേവനം സൗജന്യമാണ് .പണിമുടക്കാതെ പ്രവർത്തിക്കുന്ന സൂര്യനോട് നന്ദി കാണിക്കേണ്ടതല്ലേ? എന്നാൽ നാം നന്ദി കാണിക്കുന്നില്ല .എന്നും രാവിലെ എഴുന്നേറ്റ് സൂര്യനെ വന്ദിക്കൂ.അത് നമ്മുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. നിത്യേന സൂര്യനമസ്കാരം നടത്തുകയാണെങ്കിൽ അത് ശരീരത്തിന്റെ മുഴുവൻ കോശങ്ങൾക്കുമുള്ള പിന്തുണയായിത്തീരും .ഓരോ കോശത്തിലുമിരുന്ന് സൂര്യൻ ചിരിക്കുകയാണ് .എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണം ഒരുക്കിക്കൊടുക്കുന്ന സൂര്യനെ നമസ്കരിക്കണം. മനുഷ്യനേക്കാൾ മറ്റു ജീവജാലങ്ങളാണ് പ്രഭാതത്തിൽ സൂര്യനെ വരവേൽക്കാൻ തിടുക്കം കൂട്ടുന്നത്. പക്ഷികൾ ,പൂക്കൾ, പ്രകൃതി എല്ലാം നേരം പുലരാൻ വേണ്ടി അക്ഷമരാവുന്നു. സന്ധ്യ അവരെ ദുഃഖിപ്പിക്കുന്നു. പ്രഭാതം അവരുടെ സർവസ്വവുമാണ്. പൂക്കൾ വിടരുന്ന പ്രക്രിയ നമുക്ക് കാണാനാവില്ലല്ലോ .അത് കണ്ണുകൾ കൊണ്ട് കാണാനാവാത്ത ലോകമാണ്. ലോകത്തിൻ്റെ അദൃശ്യമായ ഒരു തലമുണ്ട് .അതാണ് ദൈവം. നാളെ എന്ന ദിനത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല .നാളെ സൂര്യനുദിക്കും ,അസ്തമിക്കും .നാളെ അജ്ഞാതമാണ്. ദൈവത്തിൻ്റെ മേഖലയാണത്. Invisible part of the world.അത് നമ്മൾ ജീവിതത്തിനൊപ്പം കൊണ്ടുനടക്കുകയാണ്. അതാണ് ആധിയുണ്ടാക്കുന്നത് .ഇങ്ങനെ കോശങ്ങളെ സമ്മർദ്ദത്തിലാക്കുന്നത് അസുഖമുണ്ടാക്കുന്നു .അതുകൊണ്ട് തെളിഞ്ഞ മാനസികാവസ്ഥയിലേക്ക് വരണം. ഭൂതകാലത്തിന്റെ ഭ്രാന്താലയത്തിൽ നിന്ന് മോചനം നേടി പുതിയ കാലത്തിൻ്റെ അറിവുകളിലേക്ക്, ആവശ്യങ്ങളിലേക്ക് സംക്രമിച്ച് ഗുരുവിനെ വീണ്ടും വീണ്ടും കണ്ടെത്തി പ്രയോഗിക പാഠങ്ങൾ കൈക്കൊള്ളണം -ഹരികുമാർ പറഞ്ഞു.
അക്ഷരജാലകത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ:എം.കെ.ഹരികുമാറിനെ ചെമ്പഴന്തി ഗുരുകുലം
ആദരിച്ചു
ത്രിദിന കൺവൻഷൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഹരികുമാറിനെ പൊന്നാടയണിയിക്കുന്നു. കടകംപിള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ,ശാരദാനന്ദസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.
ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കിയ മറ്റൊരു സാഹിത്യപംക്തി ഇന്ന് മലയാളത്തിൽ നിലവിലില്ലെന്ന് ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. ഇപ്പോൾ ‘മെട്രോവാർത്ത’യിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന ‘അക്ഷരജാലകം’ വായനക്കാരുടെ വലിയൊരു കൂട്ടത്തെ സൃഷ്ടിച്ചിരിക്കയാണ്. സാഹിത്യം ,സമൂഹം ,തത്ത്വചിന്ത ,ചരിത്രം ,സൗന്ദര്യശാസ്ത്രം ,ആത്മീയത, കല, സിനിമ തുടങ്ങി മിക്കവാറും എല്ലാ വ്യവഹാര മേഖലകളെയും ആഴത്തിൽ വിലയിരുത്തുന്ന ജനപ്രിയ പംക്തിയാണത്. അതോടൊപ്പം ഒരു നിയോഗമെന്ന നിലയിൽ തെറ്റായ പ്രവണതകളെ വിമർശിക്കാനും തയ്യാറാവുന്നു .എല്ലാ നവപ്രവണതകളെയും ഉൾക്കൊണ്ടും
നവീനമായി ചിന്തിച്ചുമാണ് ഹരികുമാർ ഈ പംക്തിയെ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിലനിർത്തിയിരിക്കുന്നത്. ആളുകൾ ആവേശപൂർവ്വം വായിക്കുന്ന ഇത്തരമൊരു പംക്തീകാരനെ സമൂഹം ആദരിക്കേണ്ടതാണ്. എം.കെ ഹരികുമാർ ശ്രീനാരായണ ഗുരുവിനെക്കുറിച്ചെഴുതിയ ‘ശ്രീനാരായണായ’ ഒരു ദാർശനിക നോവൽ എന്ന നിലയിൽ മലയാളത്തിൽ ഒറ്റപ്പെട്ട് നിൽക്കുകയാണ്. ഗുരുവിനെക്കുറിച്ചെഴുതപ്പെട്ട കൃതികളിൽ സവിശേഷ ശ്രദ്ധ പതിയേണ്ട നോവലാണിത്. കലയും ദർശനവും ഗുരുവും ഒത്തുചേരുന്ന അപൂർവ്വ ലാവണ്യമാണ് ഇവിടെ കാണുന്നത് – ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.