ഒഴിവാക്കപ്പെടുന്നത്..


ചായക്കോപ്പ വീണുടഞ്ഞ നിലത്ത് വിരിഞ്ഞ പൂവുകളുടെ ചന്തം നോക്കി നിന്നപ്പോഴാണ് അരി തിളച്ചുമറിഞ്ഞ വെൺനുരയും മണവും വന്നുവിളിച്ചത്.
പുലർച്ചെ തന്നെ ജനാലയ്ക്കരികിൽ വന്ന പുള്ളിൻ്റെ പായാരത്തിൽ അടുക്കള തന്നെ മറന്നിരുന്നു.
ഒരു നേരവുമൊരിടത്തുമുറച്ചിരിക്കാത്ത
ചുമരിലെ ഘടികാര സൂചി..
കരിയിലകൾ ചിക്കി ചികയുന്ന കോഴിക്കുഞ്ഞുങ്ങളെപ്പോലെ..
അതികാലത്തുണർന്ന് കുളി കഴിഞ്ഞ്
സ്വപ്നങ്ങൾ കൊണ്ട്സിന്ദൂരരേഖയിൽ
പൊട്ടു ചാർത്തുന്നു.
തനിയാവർത്തനത്തിൻ്റെ വിരസത,
ചിലപ്പോഴൊക്കെ വിരുന്നുകാരായി വന്നു.
ചോറും കറിയും കാപ്പിയുമൊക്കെ
അതി രുചിയാൽ ചമയ്ക്കുന്നു.
എങ്കിലും, ഒരേ കറി കൂട്ടുകളാൽ
പലപ്പോഴും പല രുചിയൊരുക്കുന്നവൾ.
ചില നേരമിങ്ങനെയാണ്, രസക്കൂട്ടുകളൊക്കെ മാറിപ്പോകുന്നു.
തുളുമ്പിയ ചായക്കപ്പ് നിലത്ത് തിളച്ച ചിത്രമൊരുക്കുന്നു; കൈത്തണ്ടയിലും.
കരിഞ്ഞു വറ്റിയ കറി, വിരലുകളിലും വെന്തു നിറയുന്നു..
മുറ്റത്തെ കായ്ക്കാമരത്തിൻ്റെ കടയ്ക്കൽ മഴു വീഴുമ്പൊഴും,
തൊഴുത്തിലെ, കിടാവില്ലാത്ത കറുമ്പിപ്പശുവിനെ വിൽക്കാനാളെ തിരയുമ്പൊഴും,
അടുക്കള മൂലയിലൊറ്റയ്ക്കിരുന്ന് കണ്ണീരു വാർക്കുന്നവൾ…

You can share this post!