
ഓടിയൊളിക്കാൻ
ആദ്യം തോന്നി.
ഉള്ളിലൊരു
തേളുകുത്തിയതിനാലാണ്
നോട്ടം പിഴച്ചുപോയത്.
പറ്റമായ് വന്ന്
ഒറ്റയായപ്പോൾ
ഒറ്റു കാരൻ വന്ന്
ചിന്തക്ക്
ചിന്തേരിട്ടുമിനുക്കി!

2
പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരി പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജലകളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവൾ
കവിതയായൊഴുകിപ്പോയി…
3
വേനൽ
പഴുത്ത് പാകമായി…
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽ വീണു.
അതോടെ
ചിരി
ഒരു കലാപമായി
ചുണ്ടുപിളർത്തി
കരയാൻ തുടങ്ങി.
അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്