ഒരു റെയിൽ വേ കാരിയേജിൽ

ശരത്കാലത്ത്,
നീല പട്ടുമെത്തകൾ വിതാനിച്ച
പിങ്ക് ചായം തേച്ച ,
കൊച്ചു റെയിൽ മുറിയിൽ നാം യാത്ര ചെയ്യും.

നമ്മുടെ യാത്ര വളരെയേറെ സുഖകരമായിരിക്കും
ഓരോ മാർദ്ദവമേറിയ ശരീരഭാഗത്തും
ഒരു  കുടന്ന ഭ്രാന്തൻ ഉമ്മകൾ നമ്മെ കാത്തുകിടക്കും

 

കണ്ണാടിച്ചില്ലിലൂടെ മുഖം നീട്ടുന്ന നിശയുടെ നിഴലുകൾ,
ഇരുട്ടിൽ ഓരിയിടുന്ന സത്വങ്ങൾ,
പിശാചുക്കളെയും കാട്ടുചെന്നായ്ക്കളെയും കാണാതിരിക്കാൻ
നീ കണ്ണുകളടച്ചു പിടിക്കും

പെട്ടെന്ന്,
നിന്റെ കവിളണിയിൽ
എന്തോ പോറിയതായി നിനക്കു തോന്നും.
ഒരു കുഞ്ഞു ചുംബനം
നിന്റെ കഴുത്തിനെ ചുറ്റി
താഴേക്കിറങ്ങുന്നു,
വികൃതിയായ  ഒരു ചിലന്തിയെപ്പോലെ.
ഇപ്പോൾ,
മുഖം താഴ്ത്തി , നീ എന്നോട്  മന്ത്രിക്കും:

“അതിനെ കണ്ടുപിടിക്കു”.

ശേഷം,
നാം ഏറെ സമയമെടുക്കും,
ഒരുപാട്  ദൂരം സഞ്ചരിക്കുന്ന
ആ ജീവിയെ കണ്ടെത്താൻ.

ആർതർ റിംബോ

You can share this post!