ഒരു മതം /എം.കെ.ഹരികുമാർ 

fbt

മതം ഒരു അടയാളമായി മാറിക്കൊണ്ടിരിക്കുകയാണിന്ന്.  ഒരാളുടെ ശരീരത്തിൻ്റെ ,സമൂഹത്തിൻ്റെ  കൊടിയാണിത്. ശരീരത്തിലാണ് മതം . എല്ലാ മതങ്ങളും ശാരീരകവുമാണ്. ഏത് മതാനുയായിയെയും ശരീരം നോക്കി തിരിച്ചറിയാം .

ശരീരത്തിൽ പല തരത്തിലുള്ള വസ്തുക്കൾ ആലങ്കാരികമായി പിടിപ്പിച്ചിട്ടുണ്ടാവും. ശരീരം എന്നാൽ  വസ്ത്രവും കൂടിയതാണ്. ആ വസ്ത്രം ഇന്ന് മതപരവുമാണ് ,മിക്കപ്പോഴും .മതപരമായ ജീവിതമേ നമുക്കുള്ളു. ഓരോരുത്തരും അവരവരുടെ മതത്തിൽ സുരക്ഷിതരാണ് എന്ന് വിശ്വസിക്കുന്നു. ഇന്ന് മതരഹിതനാവാൻ പ്രയാസമാണ്. ഭരണകൂടങ്ങളും നിയമവ്യവസ്ഥയുമെല്ലാം വ്യക്തിയെ മതവത്ക്കരിക്കാനാണ് തുനിയുന്നത്. ഈ മതവൽക്കരണം മനുഷ്യമനസ്സിനെ പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തുകയാണ് .ജീവിതത്തെ ഒരു കൂട്ടമായി ഓരോ വ്യക്തിയും തെറ്റിദ്ധരിക്കുന്നു. എ എന്ന വ്യക്തി ഒറ്റയ്ക്കല്ലെന്നു കരുതാൻ കാരണം അയാൾ ഒരു മതമാണെന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്. അയാളുടെ മതത്തെ വിമർശിക്കുകയോ നിരാകരിക്കുകയോ  ചെയ്താൽ അയാൾ എതിർക്കും; ചിലപ്പോൾ അത് ഒരു കലാപമായി മാറിയേക്കാം. അതിൻ്റെയർത്ഥം വ്യക്തിയുടെ ബോധമായി മതം മാറുന്നു എന്നാണ്. കേവലമായ വിശ്വാസമോ ജീവിതരീതിയോ എന്നതിലുപരി  ജീവിതത്തേക്കാൾ വലിയ ഏതോ പ്രതിഛായയാണത്.

പെരുമാറ്റരീതികളുടെ വിശുദ്ധമായ നിയമാവലിയും കർമ്മശ്രംഖലകളുമായി മതം വ്യക്തിയെ പുനർനിർവ്വചിക്കുകയാണ് ചെയ്യുന്നത്.  മതത്തിൻ്റെ ചത്വരമാണ് ഓരോ വ്യക്തിയും .ഇങ്ങനെ വിവിധ തരം മതങ്ങൾ ലോകത്ത് നിലനിൽക്കുകയും വ്യത്യസ്ത മനുഷ്യപ്പെരുമാറ്റ നിയമവ്യവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ട് ലോകം വിശ്വാസത്തിൽ ഒരു ഏകധ്രുവത്തിലെത്തുക അസാധ്യമായി ത്തീർന്നിരിക്കുന്നു. വ്യക്തികൾക്ക് വേറെ ഒരു മാർഗ്ഗം പരീക്ഷിക്കാനില്ല . കാരണം ,മതം ഒരു വ്യവസ്ഥയും വ്യവഹാരവുമായി തുടരുകയാണ് .അതിൻ്റെ ആചാര്യന്മാരും പൗരോഹിത്യവർഗ്ഗവും വ്യക്തിയിൽ ആധിപത്യം പുലർത്തുകയാണ്. പക്ഷേ ,മതത്തെ നിരോധിക്കണമെന്ന് ഗുരു പറഞ്ഞിട്ടില്ല .ലോകത്ത് എത്ര ലക്ഷം മതങ്ങളുണ്ടായാലും നിങ്ങൾ നന്നായോ എന്നാണ് ഗുരു തിരക്കിയത്.   മതങ്ങൾ പ്രത്യക്ഷതയിലുണ്ടെങ്കിലും അവയ്ക്ക് എന്തുകൊണ്ട് മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരായി ,കർത്തവ്യബോധമുള്ള, നന്മയുള്ള ,ദയയുള്ള, നന്ദിയുള്ള ജീവികളായി വളർത്താൻ മനുഷ്യർക്ക് കഴിഞ്ഞില്ലെന്ന് ഗുരു ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങൾ ഏതു മതത്തിൽ ജീവിച്ചാലും മനുഷ്യനായി ജീവിക്കേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ച് ഗുരു  ഊന്നിപ്പറഞ്ഞത് .

അയിത്തത്തിനു ബദൽ

മനുഷ്യനാണ് ഇവിടെ വളർച്ച പ്രാപിക്കേണ്ടത്, മതങ്ങളല്ല. മതങ്ങളുടെ പേരിൽ ലോകത്തിൽ ഏറ്റവും വലിയ കെട്ടിടങ്ങളുണ്ടായാൽ മനുഷ്യൻ്റെ ധാർമ്മികമായ അവബോധമൂല്യം ഉയരണമെന്നില്ല.എന്നാൽ 

മതത്തിൻ്റെ അടിമയാകാതിരിക്കാൻ പ്രയാസമാണ്. മതങ്ങൾ തമ്മിലുള്ള സംവാദം എത്രയോ ദരിദ്രമായിക്കഴിഞ്ഞു. ഒരു മതത്തിൻ്റെയുള്ളിൽ മാത്രമാണ് ആളുകൾ ഒത്തുകൂടുന്നത്. ഒരു മതത്തിനുള്ളിൽ തന്നെ പരസ്പരസംവാദമില്ല.മതത്തിനുള്ളിലെ കലഹങ്ങൾ അവസാനിക്കുന്നേയില്ല.

മതപരമായ അയിത്തം ഇപ്പോഴും അവസാനിക്കുന്നില്ല. രണ്ടു മതത്തിൽപ്പെട്ട കമിതാക്കൾക്ക് യഥേഷ്ടം വിവാഹം കഴിക്കാൻ കഴിയാത്തവിധം മതങ്ങൾ പുതിയ അധികാര വ്യവസ്ഥയായിരിക്കുകയാണ്. മതങ്ങൾക്കാണ് മനുഷ്യത്വം വേണ്ടത്. മതസംവാദങ്ങൾ, മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾ വലിയൊരു സാംസ്കാരികചർച്ചയായി മാറേണ്ടതുണ്ട്. രണ്ടു സമുദായത്തിൽപ്പെട്ടവർ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്നത് പ്രേമത്തിൻ്റെ വിജയമാണ്, മതങ്ങളുടെ വിജയമല്ല. മതങ്ങൾ പരസ്പരം ആ ആശയം മുന്നോട്ട് വയ്ക്കണം. എന്നാൽ വൈരുദ്ധ്യമെന്നു പറയട്ടെ, മതം വിട്ടുള്ള  വിവാഹത്തെ മതങ്ങൾ തന്നെ എതിർക്കുകയാണിപ്പോൾ. മതങ്ങളുടെ അയിത്തത്തെ ഒഴിവാക്കാനാണ് ഗുരു ഒരു മതം എന്ന ആശയം പരിചയപ്പെടുത്തിയത്. ഇത് ഗുരുവിൻ്റെ വിവിധ കൃതികളിലും ഭാഷണങ്ങളിലും വ്യാപിച്ചു നില്ക്കുന്ന പ്രപഞ്ചജീവിത രമണീയതയാണ്.

അവിടെയാണ് ഗുരുവിൻ്റെ ഒരു മതം എന്ന ആശയം പരിശോധിക്കേണ്ടത്.  ഗുരു ഒരു പുതിയ മതം സ്ഥാപിക്കണമെന്ന് പറഞ്ഞില്ല. ഗുരുവിൻ്റെ ചിന്തകളിൽ ഒരു പുതിയ മതത്തിൻ്റെ ആശയങ്ങളുണ്ട് .പക്ഷേ, അതിനിയും ഇവിടെ ആരായപ്പെട്ടിട്ടില്ല. ഗുരു തൻ്റെ മതം എന്ന അർത്ഥത്തിലല്ല ഒരു മതം എന്നു പറയുന്നത്. ലോകജീവിതത്തിൽ ഒരു കള്ളിയിലൊതുങ്ങാതെ യഥാർത്ഥമായ മതാനുഭവത്തെ സാക്ഷാത്ക്കരിക്കാനാകുമോ എന്ന  വിപ്ലവകരമായ ആലോചനയാണ് ഗുരുവിൻ്റേത് .ചട്ടക്കൂടുകളില്ലാത്ത ,സ്വാതന്ത്ര്യത്തിൻ്റെ മതമാണത്. 

നിർവൃതൻ്റെ മതം

“ജ്ഞാതാജ്ഞാതസമ: സ്വാന്യ –

ഭേദശൂന്യ :കുതോ ഭിദാ

ഇത്യാദി വാദോപരതിർ

യസ്യ തസ്യൈവ നിർവൃതി: “

എന്നു ഗുരു ‘നിർവൃതിപഞ്ചക’ത്തിൽ  എഴുതുന്നുണ്ട്.

അറിഞ്ഞതിനെയും അറിയാത്തതിനെയും ഒരുപോലെ കാണണം. വ്യക്തികൾക്കിടയിലെ ഭേദചിന്തയെ ഉപേക്ഷിക്കണം. വ്യക്തികൾ തമ്മിലുള്ള ഭേദചിന്ത പലതരം നശീകരണ വാസനകളെ ഉദ്ദീപിപ്പിക്കും. ഇന്നത്തെ സമൂഹത്തിൽ അത് വളരെ പ്രകടമാണ്. ഇങ്ങനെ ചെറുതും വലുതുമായ ഭേദങ്ങളെ, സ്പർദ്ധകളെ, വിഭാഗീയതകളെ അന്യഭാവനകളെ, മറികടക്കുന്നവനിൽ ഗുരു ഒരു വിശ്വമാനവനെ കാണുന്നു.

അവനാണ് നിർവൃതൻ

ഈ നിർവൃതന് ഒരു ജാതിയേ ഉള്ളൂ; അത് ലോകത്തെ മുഴുവൻ ഐക്യത്തോടെയും ഹൃദയത്തോടെയും സമീപിക്കുന്നവൻ്റെ സ്നേഹഭാവനയുടെ ജാതിയാണ്. 

ആ ജാതിയിൽ വിശ്വസിക്കുന്നവനു എന്തുകൊണ്ട് ഒരു  മതത്തിൽ ഒരുമിച്ച് കഴിഞ്ഞുകൂടാ?

പേർഷ്യൻ കവി ജലാലുദ്ദീൻ റൂമി എഴുതി:

“In the waters of purity 

I melted like salt 

Neither blasphemy, nor faith,nor conviction nor doubt remained. 

In the centre of my heart a star has appeared

And all the seven heavens have become lost in it ” .

നിർവൃതനെ ഇതിൽ കാണാം .അവൻ ശുദ്ധിയിൽ അലിഞ്ഞ് മാനുഷികമായ പരിമിതികളെ അതിലംഘിക്കുന്നു. ഹൃദയാന്തർ ഭാഗത്തെ നക്ഷത്രം ഏഴു സ്വർഗ്ഗക്കളെക്കാൾ മഹത്തരമാകുന്നത് അസ്തിത്വത്തിൻ്റെ ലക്ഷ്യം സ്വയം കണ്ടെത്തുന്നതിനാലാണ്. പൂർണതയെക്കുറിച്ച് ആലോചിക്കുന്നവർക്കു മാത്രമേ ഇങ്ങനെ എഴുതാനൊക്കൂ .

അറിഞ്ഞതും അറിയാത്തതും ഒരുപോലെയാകുന്നത് ,ഭേദചിന്തകളുടഅവസാനമാണ്. അവിടെയാണ് ഗുരുവിൻ്റെ മതം അന്വേഷിക്കേണ്ടത്.  ഈ മതം എല്ലാ ബഹുസ്വരങ്ങളെയും ഉദ്ഗ്രഥിക്കുകയാണ് അല്ലെങ്കിൽ ഒരു ചരടിൽ കോർക്കുകയാണ് .സകലമതങ്ങളും ചിന്തകളും ആശയസംഹിതകളും വ്യത്യസ്തമായ മാർഗ്ഗങ്ങളിൽ കൂടി മുന്നോട്ടു പോകുമ്പോഴും അടുത്തടുത്ത് ഇരിക്കാൻ സഹായിക്കുന്നത് ഗുരുവിൻ്റെ മതമാണ്. ആ മതം ആന്തരികമായ രമ്യതയാണ്, ഒരു പുഞ്ചിരിയാണ് ,പ്രകൃതിയാണ് ,സുഗന്ധമാണ് ,ആരാമമാണ് ,ഇളംകാറ്റാണ് ,ഹൃദയശുദ്ധിയോടെയുള്ള പ്രാർത്ഥനയാണ് .ഏറ്റവും സംസ്കാരചിത്തനായ മനുഷ്യൻ്റെ മനസ്സിൽ ഈ നവമതം ഒരു പുതിയ ഉണർവ്വായി പ്രവർത്തിക്കും.  എല്ലാം മതാനുയായികൾക്കും പരസ്പരകലഹമില്ലാതെ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാവുന്ന ഒരു ആത്മീയ ഇടമാണ് ഗുരുവിൻ്റെ ‘ഒരു മതം’.

ഹൃദയശുദ്ധിയുടെ ആകാശം നിർമ്മിക്കാം 

ആശങ്കകളോ ,പൂർവജന്മങ്ങളുടെ ഭാരമോ ,പശ്ചാത്താപമോ ,പാപമോ ,ഇല്ലാതെ ഹൃദയശുദ്ധിയുടെ ആകാശം നാം നിർമ്മിക്കേണ്ടിയിരിക്കുന്നു. മാനവസൗഹൃദവും പ്രകൃതിയോടുള്ള രമ്യതയും ഇതരജീവികളോടുള്ള അനുതാപവുമാണ് നമ്മുടെ ഈ  മതത്തിൻ്റെ കാതൽ .മതം , ഒരിക്കലും വിലകൂടിയ വസ്ത്രംപോലെയാകരുത് .അത് ഭൗതികമായ നേട്ടമല്ല, ആത്മീയമായ പ്രഭാവമാണ്. സകലഭൗതിക സ്വത്തുക്കൾക്കും അഹന്തകൾക്കും  മുകളിലുള്ള നൈർമല്യമാണത്. തെറ്റായ വിദ്യാഭ്യാസമൂല്യങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന നമ്മൾ ഇനി എന്ന് പ്രാചീനമായ, ശുദ്ധമായ നന്മകളിലേക്ക് മടങ്ങിപ്പോകും? പ്രകൃതിയിലേക്ക് മടങ്ങിപ്പോകുന്നതുപോലെ അനിവാര്യമാണത്. ഗുരുവിൻ്റെ  മതം ഒരാത്മനിർവൃതിയായി പരിലസിക്കുകയാണ്. നമ്മുടെ വിചാരപരമായ വ്യർത്ഥതകളെ തുടച്ചുനീക്കി ,അവിടേക്ക് മൈത്രിയുടെ സംഗീതമാവേശിക്കുകയാണ് .

“കോ നാമ ദേശ: കാ ജാതി:

പ്രവൃത്തി: കാ കിയദ് വയ:

ഇത്യാദി വാദോപരതിർ 

യസ്യ തസ്യൈവ നിർവൃതി “

(നിർവൃതിപഞ്ചകം )

ഇങ്ങനെ പറയുന്നത് മഹത്വത്തിൻ്റെ  പാരമ്യമായി കാണണം. പേരിലും നാട്ടിലും ജാതിയിലും തൊഴിലിലും വയസിലും എത്തിരിക്കുന്നുവെന്നു  ചോദിക്കുന്നവൻ മതത്തിലും എന്തിരിക്കുന്നുവെന്ന് ചോദിക്കുമെന്നാണ് ഈ ശ്ളോകത്തിൽ നിന്നു നാം മനസിലാക്കേണ്ടത്. കാരണം, തൊഴിലും ജാതിയും നമ്മെ ഒരു ചതുരക്കള്ളിയിലാക്കുകയാണെങ്കിൽ, നമ്മുടെ അന്തർലീനമായ ബൃഹദാ കാരത്തിന് അതുൾക്കൊള്ളാനാവുകയില്ല. മനസ്സിൽ പേറുന്ന നിസ്സാരതകളെ , ഉപയോഗശൂന്യമായവയെ വഴിമധ്യേ ഉപേക്ഷിക്കണം. അർത്ഥപൂർണ്ണമായതിനെ പകരം  കൂടെ കൂട്ടണം. ഒരു ജാതിയിൽ എത്താമെങ്കിൽ ഒരു മതത്തിലും എത്താം .

പഞ്ചായത്ത് ഓഫീസിൽ നമ്മെ  തിരിച്ചറിയാൻ സഹായിക്കുന്ന രേഖയല്ല ഗുരുവിൻ്റെ മതം .അത് എല്ലാ കവികളും കലാകാരന്മാരും ലക്ഷ്യമാക്കിയ സാർവദേശീയമായ സൗഹൃദമാണ്. സൗഹൃദത്തിനു ഒരു ആത്മീയതയുണ്ട് .അതാണ് ഒരു മതത്തിലൂടെ  സാക്ഷാത്ക്കരിക്കപ്പെടുന്നത് .

ഒരു മതമെന്നാൽ ഹിന്ദുമതമാണെന്നോ , ക്രിസ്തുമതമാണെന്നോ  തെറ്റിദ്ധരിക്കരുത്. കൺമുന്നിലുള്ള സാമ്പ്രദായികമതമല്ലത്. അതിന്നപ്പുറമുള്ള മനുഷ്യൻ്റെ മേഖലയാണത്. മനുഷ്യൻ്റെ മേഖല നിശ്ചയിക്കുന്നത്  വിദ്യാഭ്യാസമോ ,രാജ്യമോ, മതമോ അല്ല. വിദ്യാഭ്യാസം എങ്ങനെ അവിദ്യാഭ്യാസമായി എന്നു ബോധ്യപ്പെടാൻ സഹായിക്കുന്നതാണ് ഗുരുവിൻ്റെ മേലുദ്ധരിച്ച ശ്ലോകം .

തൊഴിലും പദവിയും സമ്പത്തും അഹന്തയുമാണ്, വിദ്യാഭ്യാസത്തിലൂടെ നമ്മൾ മഹത്തായ ആദർശങ്ങൾ, ജീവിതലക്ഷ്യങ്ങൾ എന്നീ നിലകളിൽ വിപണനം ചെയ്തുപോരുന്നത്. ഈ അപകടകരമായ മൂല്യങ്ങൾ വഹിക്കാത്തത് ഇന്നത്തെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസമല്ല. അതിനെ ലാഭമില്ലാതായി വിലയിരുത്തും. അന്യൻ്റെ സമ്പത്ത് അപഹരിക്കുന്നതാണ് മിടുക്ക് എന്ന്  പ്രചരിപ്പിക്കുന്നവരുണ്ട്. അസൂയയും ആർത്തിയുമാണ് ഇന്ന് വിദ്യാഭ്യാസ മൂല്യങ്ങളായി കച്ചവടം ചെയ്യുന്നത്. പ്രകൃതിക്ക് നിരക്കാത്ത മത്സരവും ഉത്ക്കണ്ഠകളുമാണ് വിദ്യാലയങ്ങളിൽ നിറയുന്നത്. ശാന്തത എവിടെയുമില്ല. വിദ്യാഭ്യാസം അധികാരത്തിനും പണത്തിനും വേണ്ടി മാത്രമാകുന്നതോടെ അതിനുള്ളിലെ സഹജമായ അനുതാപവും സ്നേഹഭാവവുമെല്ലാം അസ്തമിക്കുന്നു .ഇത് എത്ര ആപൽക്കരമാണ്. വിദ്യാഭ്യാസം ഭാവിയെയാണ് നശിപ്പിക്കുന്നത്. അതുകൊണ്ടാണ് ഗുരു നിർവൃതൻ എന്ന മഹത്തായ ആശയത്തെ അവതരിപ്പിക്കുന്നത്.

മൈത്രിയുടെ ഇടം

നിർവൃതന് യഥാസ്ഥിതിക വിദ്യാഭ്യാസത്തിൻ്റെ പിന്തിരിപ്പൻ വാദങ്ങളോട് യോജിക്കാനാവില്ല .ജാതി, തൊഴിൽ ,പണം, അധികാരം തുടങ്ങിയ മൂല്യങ്ങളിൽ ആർത്തിയോടെ പിടിമുറുക്കിയശേഷം മനുഷ്യനെ വെറുക്കുന്നവരെ  നിർവൃതൻ പ്രോത്സാഹിപ്പിക്കില്ല. വെറുപ്പ്  വിദ്യാഭ്യാസത്തിലൂടെ തടസ്സമില്ലാതെ കടന്നുവരുന്നതു കൊണ്ടാണ് സമൂഹം നിസ്സാര കാര്യങ്ങളിൽ കലഹിക്കുന്നത് .അന്ധത എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു. അവിടെയാണ് ഗുരു ഉദ്ബോധിപ്പിക്കുന്നത് ,എല്ലാം മലിനചിന്തകളെയും തരണം ചെയ്യുന്ന ഒരു മതമാണ് വേണ്ടതെന്ന് . ഗുരുവിൻ്റെ മതം ദൈവാരാധനയോ , പൂജാവിധികളോ , സ്വർണാഭരണശേഖരമോ, ഭണ്ഡാരമോ,  ആഴ്ചതോറുമുള്ള പ്രാർത്ഥനയോ, പ്രാർത്ഥനാലയങ്ങളോ ,ദൈവത്തിൻ്റെ  മാധ്യസ്ഥമോ ഒന്നുമല്ല; അത് മനുഷ്യഹൃദയത്തിൻ്റെ ലാവണ്യം  പ്രകടമാക്കുന്ന മൈത്രിയാണ്.

ദൈവമില്ലാത്ത മതങ്ങൾക്കും ദൈവമുള്ള മതങ്ങൾക്കും ഇടയിലാണ് ഗുരുവിൻ്റെ മതം. അതൊരു സ്ഥാപനമല്ല; സ്ഥാപനരഹിതമായ മൈത്രിയുടെ സംവാദവും അവബോധവുമാണ്. മനുഷ്യൻ സവിശേഷമായി ജീവിച്ചിരിക്കുന്നു എന്ന  തത്വത്തിൽ അധിഷ്ഠിതമാണ് ഈ ചിന്ത .സവിശേഷമായ ആ ജീവിതം സ്വന്തം അസ്തിത്വത്തിൻ്റെ അർത്ഥം ആരായുന്നു .

അവൻ്റെ സങ്കീർണമായ മാനസികപ്രശ്നങ്ങളും ക്ഷുദ്രമായ അഹന്തയും മാറിപ്പോകേണ്ടതാണ്. അതിനു പ്രപഞ്ചജീവിതത്തിൽ മനുഷ്യൻ ആർജിക്കേണ്ട ഒരവബോധമുണ്ട്. വിനീതമായി ,അവൻ മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും  ഇടപെടണം. അവൻ്റെ അന്തരംഗത്തിൽനിന്ന് ഭാവിയിലേക്ക് വ്യാപിക്കുന്ന സുന്ദരമായ സമാധാനചിന്തകളുണ്ടാകണം. അവൻ തനിച്ചല്ല :അതുകൊണ്ട് അവൻ ഇതരമനുഷ്യരുടെ ലോകങ്ങളുമായി ബന്ധിക്കപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. സാർവദേശീയ, സർവ്വചരാചരക്ഷേമത്തിൻ്റെ മതമാണത്. അവിടെ മരണാനന്തര ജീവിതത്തേക്കാൾ പ്രധാനമായ സംഗതി ഈ ലോകത്ത് ലോകോപകാരപ്രദമായി ജീവിക്കുക എന്നാണ് .ലോകോപകാരപ്രദമായ ജീവിതമാണ് ഗുരുവിൻ്റെ മതം . അതിനു ക്ഷേത്രമോ, ദൈവമോ ,ആരാധനയോ  വേണമെന്നില്ല. ഇതെല്ലാം മനസ്സിൽ പരിപാവനമായി ഉണ്ടായിരിക്കണം. 

ഗുരു തൻ്റെ മതത്തെ സേവനതത്ത്വമായി ഇങ്ങനെ  സംഗ്രഹിക്കുന്നു:

“ഈശൻ ജഗത്തിലെല്ലാമാ

വസിക്കുന്നതുകൊണ്ട് നീ

ചരിക്ക മുക്തനായാശി

ക്കരുതാരുടെയും ധനം”

“ആസുരം ലോകമൊന്നുണ്ട്,

കുരിരുട്ടാലതാവൃതം 

മോഹമാർന്നാത്മഹന്താക്കൾ

പോകുന്നു മൃതരായതിൽ ” 

എല്ലായിടത്തും ദൈവമുണ്ടല്ലോ . അതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാം, നമ്മളിലും ദൈവമുണ്ടല്ലോ. എന്നാൽ അതിൻ്റെ പേരിൽ മറ്റുള്ളവരുടെ ധനം ആഗ്രഹിക്കരുത്.അത് നാശമാണ്. ഈ ലോകത്തിൽ തന്നെയാണ് ആസുരലോകമുള്ളത്. അത്  അജ്ഞാനമാകുന്ന അന്ധകാരത്താൽ  ആവൃതമാണ്. അജ്ഞാനം ഭയവും വെറുപ്പുമാണ്; തിന്മയാണത്.  അവിടേക്ക് ആകർഷിക്കപ്പെടുന്നവൻ ചീത്തയായിപ്പോകും .എന്നാൽ അത്യാർത്തിയുള്ളവർ അതിൽ പോയി നശിക്കുന്നു. ഈ ജ്ഞാനമാണ് ഗുരു മതത്തിൻ്റെ കാതൽ. 

You can share this post!